Friday 10 February 2023 12:15 PM IST

വരകളുടെയും നിറങ്ങളുടെയും കൈപിടിച്ച് ഡിപ്രഷൻ മറികടന്നു; പാര്‍വതി ചിത്രകാരിയായി...

Silpa B. Raj

parvathi-paperboat-art-cover പാർവതി രാമചന്ദ്രൻ വരച്ച ചിത്രങ്ങൾ,പാർവതി രാമചന്ദ്രൻ

ചിത്രങ്ങൾ ചൈതന്യം പകരുന്ന വീട്. വീട്ടില്‍ എല്ലാവരും ചിത്രകല ഇഷ്ടപ്പെട്ടപ്പോഴും, ഇളയകുട്ടിയായ പാര്‍വതിക്കു പ്രണയം നൃത്തത്തോടായിരുന്നു. പക്ഷേ, പാര്‍വതി നര്‍ത്തകിയായല്ല, ചിത്രകാരിയായാണ് ഇന്നറിയപ്പെടുന്നത്. അച്ഛന്റെ ആഗ്രഹം പോലെ ചിത്രകാരിയായി പാർവതി മാറിയതിനു പിന്നിൽ ഒരു അതിജീവനത്തിന്റെ കഥയുണ്ട്. ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങരയിലെ ചൈതന്യം എന്ന വീട്ടിലിരുന്ന് ഇഷ്ടങ്ങള്‍ മാറി മറിഞ്ഞ ആ കഥ പാര്‍വതി രാമചന്ദ്രന്‍ പറയുന്നു.

‘‘പപ്പയും ചേട്ടനും ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. അതു കണ്ടു നില്‍ക്കുമെന്നല്ലാതെ വരയ്ക്കാന്‍ എനിക്കു താല്‍പര്യമില്ലായിരുന്നു. കുട്ടിക്കാലത്ത് അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ചില മത്സരങ്ങള്‍ക്കു പോയിട്ടുണ്ട്. പപ്പ ആയിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട്. ഫൊട്ടോഗ്രഫറായിരുന്നു പപ്പ. ചിത്രങ്ങള്‍ എങ്ങനെ വരയ്ക്കണമെന്നൊക്കെ പറഞ്ഞുതരാന്‍ പപ്പ ശ്രമിച്ചിരുന്നെങ്കിലും ഞാനതിലൊന്നും വലിയ ശ്രദ്ധ കാണിച്ചിരുന്നില്ല. പെട്ടെന്നൊരു ദിവസം പപ്പ ഞങ്ങളെ തനിച്ചാക്കി പോകും വരെ.’’

parvathi-paperboat-art-family പാർവതിയുടെ അച്ഛൻ രാമചന്ദ്രൻ (ആൽബം), പാർവതി, വിഷ്ണു, അമ്മ രാജേശ്വരി

2017ല്‍ പിജി പഠനത്തിനായി പാര്‍വതി തയാറെടുക്കുമ്പോഴായിരുന്നു അച്ഛന്‍ രാമചന്ദ്രന്റെ മരണം. അച്ഛന്റെ നിഴല്‍ പോലെ നടന്ന പാര്‍വതിക്ക് അതു കടുത്ത ഷോക്കായി. അതുപതിയെ ഡിപ്രഷനു വഴി മാറി. ‘‘ചേട്ടന് തിരുവനന്തപുരത്താണു ജോലി. വീട്ടില്‍ ഞാനും അമ്മയും മാത്രം. ഒന്നിലും മനസ്സുറയ്ക്കുന്നില്ല. ആരോടും സംസാരിക്കാനും തോന്നുന്നില്ല. എപ്പോളും ഒരു കരച്ചില്‍ നെഞ്ചിനുള്ളില്‍ വിലങ്ങിക്കിടക്കും പോലെ.’’

അങ്ങനെയൊരു ദിവസം അച്ഛന്‍ വരച്ച ചിത്രങ്ങള്‍ നോക്കി നില്‍ക്കുകയായിരുന്നു പാര്‍വതി. മനസ്സിലിരുന്ന് ആരോ വരയ്ക്കാന്‍ പറയും പോലെ തോന്നിയപ്പോള്‍ മുന്നിലിരുന്ന നോട്ട്ബുക്കില്‍ എന്തോ കോറി വരച്ചു. പിന്നെയും പിന്നെയും വരച്ചുകൊണ്ടേയിരുന്നു. ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സമാധാനം തന്നെ ചുറ്റിപ്പിടിക്കും പോലെ പാര്‍വതിക്കു തോന്നി. ചിത്രങ്ങള്‍ കണ്ട് അമ്മ രാജേശ്വരി പ്രോത്സാഹിപ്പിച്ചപ്പോള്‍ കൂടുതല്‍ ഉത്സാഹമായി.

parvathi-paperboat-art-works2

‘‘ഞാന്‍ വരയ്ക്കുന്നതു കണ്ടപ്പോള്‍ അമ്മയ്ക്ക് ഒരുപാടു സന്തോഷമായി. പപ്പയ്ക്കും സന്തോഷമായേനെ എന്ന ചിന്തയില്‍ വീണ്ടും വരയ്ക്കാന്‍ തുടങ്ങി. ചേട്ടന്‍ കുറവുകള്‍ പറഞ്ഞു തന്നു. അങ്ങനെ ഡിപ്രഷന്‍ എന്ന കൂട്ടില്‍ നിന്നു മെല്ലേ ഞാന്‍ പുറത്തു കടന്നു. ആദ്യം ഡൂഡില്‍ ആര്‍ട്ടായിരുന്നു പരീക്ഷിച്ചത്.’’

പലതരം ചിത്രങ്ങള്‍ കണ്ടും രീതികള്‍ മനസ്സിലാക്കിയും പരീക്ഷിച്ചു നോക്കിയും ആരുടെയും ശിക്ഷണമില്ലാതെ തന്നെ പാര്‍വതിയിലെ ചിത്രകാരി വളര്‍ന്നു. കൂട്ടുകാര്‍ക്കൊക്കെ ചിത്രങ്ങള്‍ ഫ്രീയായി വരച്ചു നല്‍കി. ആദ്യത്തെ പ്രതിഫലം ഒരു സുഹൃത്തിന്റെ ആവശ്യപ്രകാരം വരച്ച പോട്രേറ്റിനാണ് ലഭിച്ചത്. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് വഴിത്തിരിവായത്. അവ കണ്ട് ആവശ്യക്കാര്‍ കൂടിയപ്പോള്‍ തന്റെ വഴി ചിത്രകല തന്നെ എന്നു പാര്‍വതി തിരിച്ചറിഞ്ഞു.

‘‘പപ്പ പോയതിനു ശേഷം പിജിക്ക് ചേര്‍ന്നില്ല. ഈ അവസ്ഥയില്‍ അമ്മയെ തനിച്ചാക്കുന്നത് ശരിയാവില്ല എന്നു തോന്നി. മാത്രമല്ല, ചേട്ടന്‍ വിഷ്ണു തിരുവനന്തപുരത്തായതിനാല്‍ പപ്പയുടെ സ്റ്റു‍ഡിയോ അനാഥമാകും. എനിക്കത് ആലോചിക്കാന്‍ കൂടി കഴിയില്ലായിരുന്നു. അങ്ങനെ ഞാന്‍ സ്റ്റു‍ഡിയോയുടെ മേല്‍നോട്ടം ഏറ്റെടുത്തു.’’

ഡൂഡില്‍ ആര്‍ട്ടില്‍ തുടങ്ങി ഗ്രാഫൈറ്റ് ഡ്രോയിങ്ങും ചാര്‍ക്കോള്‍ ആര്‍ട്ടും കളര്‍ പെന്‍സില്‍ ആര്‍ട്ടും ഡിജിറ്റല്‍ പെയിന്റിങ്ങും ഫാബ്രിക് പെയിന്റിങ്ങും പേപ്പര്‍ ആര്‍ട്ടും ക്രാഫ്റ്റും മോള്‍ഡിങ്ങുമൊക്കെയായി മ്യൂറല്‍ പെയിന്റിങ്ങില്‍ വരെ എത്തി നില്‍ക്കുന്നു പാര്‍വതി. ലൈവ് പിക്ചര്‍ വരയ്ക്കാനും സാന്‍ഡ് ആര്‍ട്ടും ഓയില്‍ പെയിന്റിങ്ങും സ്വന്തമായി പഠിക്കാനുമുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

parvathi-paperboat-art-works

‘‘സെലിബ്രിറ്റീസിന്റെ ചിത്രങ്ങള്‍ അവര്‍ക്ക് അയച്ചു കൊടുക്കാറുണ്ട്. പലരും സോഷ്യല്‍ മീഡിയയില്‍‍ ഷെയര്‍ ചെയ്യാറുമുണ്ട്. ഗ്രാഫൈറ്റ് ഡ്രോയിങ്ങിനോടാണ് ആളുകള്‍ക്ക് കൂടുതല്‍ താല്‍പര്യം. ഇനി വലിയ തോതില്‍ വോള്‍ ആര്‍ട്ട് ചെയ്തു തുടങ്ങണമെന്നുണ്ട്.’’ ചിത്രകാരി മാത്രമല്ല, നല്ലൊരു മെഹന്ദി ഡിസൈനര്‍ കൂടിയാണ് പാര്‍വതി. ‘‘ജീവിതത്തില്‍ പ്രതിസന്ധികള്‍ വരും. അതിനെ അതിജീവിക്കാനുള്ള വഴികളും ഒപ്പമുണ്ടാകും. അത് കണ്ടെത്തണം എന്നു മാത്രം. ഡിപ്രഷനിലായ സമയത്താണ് എനിക്കും ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയുമെന്നു തിരിച്ചറിഞ്ഞത്. ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്ന കഴിവ് പാഷനായി മാറുകയും പിന്നീടത് പ്രഫഷനാവുകയുമായിരുന്നു. നല്ല വരുമാനം ഇതില്‍ നിന്നു കിട്ടുന്നുണ്ട്.’’ തിരുവനന്തപുരത്ത് തന്റെ ആദ്യ ചിത്രപ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് പാര്‍വതി ഇപ്പോള്‍.