Monday 03 August 2020 03:21 PM IST : By സ്വന്തം ലേഖകൻ

പൃഥ്വിരാജിന്റെ വയറിനുള്ളിൽ രണ്ട് നാണയങ്ങൾ, മരണ കാരണം നാണയം വിഴുങ്ങിയതല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്! സംഭവത്തിൽ വഴിത്തിരിവ്

prithviraj-boy

ആലുവയിൽ, മൂന്ന് വയസ്സുകാരൻ നാണയം വിഴുങ്ങിയതിനെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം ഉയർന്ന സംഭവത്തിൽ വഴിത്തിരിവ്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ കുഞ്ഞിന്റെ മരണ കാരണം നാണയം വിഴുങ്ങിയതല്ല എന്ന പ്രാഥമിക നിഗമനത്തിലെത്തിയതാണ് പുതിയ റിപ്പോർ‌ട്ട്.

ഇതു സംബന്ധിച്ച് കൃത്യമായ തീരുമാനത്തിലെത്താൻ രാസപരിശോധനാ ഫലം വേണ്ടി വരുമെന്നതിനാൽ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കളമശേരി മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ ശരീരത്തിൽനിന്ന് അമ്പതു പൈസയുടെയും ഒരു രൂപയുടെയും രണ്ട് നാണയങ്ങൾ കണ്ടെത്തി. എന്നാൽ ഇവ ശ്വാസകോശത്തിൽ കടക്കാതെ ആമാശയവും ചെറുകുടലും വൻകുടലും കടന്ന് വൻകുടലിന്റെ അവസാന അറ്റത്ത് എത്തിയിരുന്നു. അൽപ സമയം കൂടി കഴിഞ്ഞിരുന്നെങ്കിൽ ഇത് മലാശയത്തിലേക്ക് എത്തി പുറത്തു പോകുമായിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാണയങ്ങൾ കടന്നുപോയ ആമാശയത്തിനോ കുടലുകൾക്കോ മുറിവുണ്ടായിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണ കാരണം നാണയം വിഴുങ്ങിയതല്ല എന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തിയിരിക്കുന്നത്. മരണകാരണം കണ്ടെത്താനാണ് ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്കായി കാക്കനാട്ടെ കെമിക്കൽ ലാബിൽ എത്തിച്ചത്.

പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇന്നു രാവിലെ പത്തിനായിരുന്നു പോസ്റ്റ്മോർട്ടം. കൊല്ലം പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടിലുള്ള, അമ്മ നന്ദിനിയുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോയി. വൈകിട്ടാണ് സംസ്കാരം.

ആലുവ പടിഞ്ഞാറേകടുങ്ങല്ലൂർ വളഞ്ഞമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏകമകനാണ് മരിച്ച പൃഥിരാജ്.