Friday 24 April 2020 03:49 PM IST

രുചികരമായ കറിക്കൊപ്പം പുത്തൻ അറിവുകളും; പാചകവും പഠനവും ഒരുമിച്ച്, അടുക്കളയിൽ നിന്നൊരു പിഎസ്‌സി കോച്ചിങ്!

Priyadharsini Priya

Senior Content Editor, Vanitha Online

asha221

സോഷ്യൽ മീഡിയയിൽ തരംഗമായ വിഡിയോകളിൽ അടുക്കളയിലെ ചേനയും ചേമ്പും നാരങ്ങയും വരെ കഥാപാത്രങ്ങൾ. സംഗതി പാചകം ആണെന്ന് കരുതിയെങ്കിൽ തെറ്റി. ഒന്നിൽ നിന്ന് ഒരായിരം കാര്യങ്ങൾ പറഞ്ഞുതരുകയാണ് ആഷ ബിനീഷ് എന്ന അധ്യാപിക. 'കോമ്പിറ്റേറ്റിവ് ക്രാക്കർ' എന്ന യൂട്യൂബ് ചാനൽ വഴിയാണ് രസികൻ പഠനം. ലോക് ഡൗണിൽ പിഎസ്സി പഠനം വഴിമുട്ടി വീട്ടിൽ ഇരിക്കുന്നവർക്ക് ആശ്വാസമാവുകയാണ് ആഷയുടെ ഓൺലൈൻ പഠന ക്ലാസുകൾ. മടുപ്പിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി അടുക്കളയാണ് ആഷയുടെ ക്ലാസ് റൂം. ചക്കയും മാങ്ങയും നാരങ്ങാ ഞെക്കിയുമൊക്കെയാണ് പഠന വിഷയങ്ങൾ. രുചികരമായ കറി ഉണ്ടാക്കുന്നതിനൊപ്പം ഫിസിക്‌സും കെമിസ്ട്രിയും ഗണിതവുമൊക്കെ ആഷ പഠിപ്പിച്ചു തരും. ലോക് ഡൗൺ കാലത്തെ വ്ലോഗിങ് വിശേഷങ്ങൾ വനിത ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ആഷ ബിനീഷ്. 

ടൈംപാസ് സീരിയസ് ആയപ്പോൾ! 

നാലു വർഷമായി ഞാൻ യൂട്യൂബ് ചാനൽ തുടങ്ങിയിട്ട്. അക്കാലത്ത് മലയാളത്തിൽ യൂട്യൂബേഴ്‌സ് ആയിട്ടുള്ള പെൺകുട്ടികൾ വളരെ കുറവായിരുന്നു. ഞാൻ കംപ്യൂട്ടർ സയൻസ് ബിടെക് ഗ്രാജുവേറ്റ് ആണ്. ജോലി ചെയ്തിരുന്നതും സോഫ്റ്റ്‌വെയർ ഇൻഡസ്ട്രിയിൽ തന്നെയായിരുന്നു. മോൻ ഉണ്ടായപ്പോൾ ജോലി രാജിവച്ച് വീട്ടിൽ തന്നെ ഇരിപ്പായി. അപ്പോഴാണ് വ്ലോഗിങ് എന്ന ആശയം മനസ്സിലേക്ക് വന്നത്. ഇതാണെങ്കിൽ വീട്ടിൽ തന്നെ ഇരുന്ന് ചെയ്താൽ മതിയല്ലോ. 

അന്ന് ഓൺലൈനിൽ എജ്യൂക്കേഷൻ രംഗത്ത് കോമ്പറ്റീഷനും കുറവായിരുന്നു. ഇതൊരു ഓപ്പൺ പ്ലാറ്റ്ഫോം ആയതുകൊണ്ട് മറ്റുള്ളവരുമായി സംവദിക്കാൻ എളുപ്പമായിരുന്നു. വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാൻ പറ്റുമല്ലോ എന്നതാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. 

എന്റെ നാട് പന്തളം ആണ്. ഞാൻ ഇപ്പോൾ കാക്കനാട് താമസം. ഓൺലൈൻ ക്ലാസുകൾക്ക് പുറമേ വീടിനടുത്ത് 2 കോച്ചിങ് സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. ഓരോ ബാച്ചിലും 30 പേർക്ക് വീതം ക്ലാസുകൾ നൽകാറുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും അയ്യായിരത്തോളം പേർക്ക് ക്ലാസ് നൽകുന്നുണ്ട്. 

ഞങ്ങൾ 27 ഓളം അധ്യാപകർ ചേർന്നാണ് കുട്ടികൾക്ക് ക്ലാസ് നൽകുന്നത്. അതിനായി മൊബൈൽ അപ്ലിക്കേഷനും ഉണ്ട്. യഥാർത്ഥത്തിൽ ഒരു ടൈംപാസ് എന്ന നിലയിലായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങിയത്. പിന്നെ അത് സീരിയസ് ആയി എടുത്തു. അതിനേക്കാൾ ഉപരിയായി എനിക്ക് സോഫ്റ്റ്‌വെയർ ഫീൽഡിനേക്കാൾ പഠിപ്പിക്കാൻ ആയിരുന്നു കൂടുതലിഷ്ടം. എന്റെ അച്ഛൻ ഒരു അധ്യാപകൻ ആയിരുന്നു. 

asha44566fg

പ്രിയപ്പെട്ട 'ടെക്കി' ടീച്ചർ 

ഞാൻ യൂട്യൂബിൽ ക്ലാസ് എടുക്കുമ്പോൾ വിദ്യാർത്ഥികളിൽ നിന്ന് നല്ല റസ്പോൺസ് ആണ് കിട്ടി തുടങ്ങിയത്. ലോക് ഡൗൺ സ്പെഷൽ ആയി ഞാൻ ചെയ്ത വിഡിയോസ് ആണ് ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധേയമായത്. നമ്മുടെ കോഴ്സുകൾ വാങ്ങിച്ച കുട്ടികൾക്ക് പോലും ഒട്ടും ആത്മവിശ്വാസം ഇല്ലാതിരിക്കുന്ന സമയമാണ് ഇത്. ഇനി എന്താകും? എക്സാമിന് വിളിക്കുമോ? എന്നിങ്ങനെ ഭാവിയെ കുറിച്ച് ഒട്ടനവധി ആശങ്കകളാണ് ഭൂരിഭാഗം പേർക്കും. രണ്ടാമത്തെ വിഷയം പലരുടെയും കുട്ടികൾ വീട്ടിലുണ്ട് എന്നതാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പഠിക്കാൻ സമയമില്ലെന്ന പരാതിയാണ്. എന്നാൽ ഏതൊരു സാഹചര്യത്തിലും പഠിക്കാൻ അവസരം ഉണ്ടെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ഈ ലോക് ഡൗൺ വിഡിയോകളിലൂടെ. 

അടുക്കളയിൽ ഓരോ സാധനങ്ങൾ കാണുമ്പോൾ പഠിക്കേണ്ട അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ആണ് ഓർമയിൽ വരുക. ഉദാഹരണത്തിന് ചക്ക മുറിക്കുമ്പോൾ ചക്കയെ പറ്റി നമുക്ക് നിരവധി കാര്യങ്ങൾ പഠിപ്പിക്കാം. ഇങ്ങനെ ഓരോ പ്രവർത്തിയിലൂടെയും അറിവുകൾ സിമ്പിളായി പറഞ്ഞുകൊടുക്കാം. അത് വിദ്യാർത്ഥികളുടെ മനസ്സിലേക്ക് പെട്ടെന്ന് എത്തുന്നുണ്ട്. മറക്കുകയുമില്ല. ലോക് ഡൗൺ ക്ലാസുകൾക്ക് നല്ല പ്രതികരണമാണ് വിദ്യാർഥികളിൽ നിന്ന് ലഭിക്കുന്നത്. കുറേപേർ വിളിച്ച് അഭിനന്ദിച്ചു. പഠിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞിരുന്നവർക്ക് അത് ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുത്തു എന്നതാണ് ഞാൻ പോസിറ്റീവായി കാണുന്നത്. യൂട്യൂബ് ചാനൽ ജനകീയമായതിൽ ഏറെ അഭിമാനമുണ്ട്. 

ഞാനേറ്റവും ഇഷ്ടത്തോടെ ചെയ്യുന്ന ജോലിയാണ് അധ്യാപനം. ടിപ്പിക്കൽ രീതിയിലല്ലാതെ ക്ലാസ് എടുക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. വിദ്യാർഥികളുമായി നേരിട്ട് സംവദിക്കാറുണ്ട്. എല്ലാ സംശയങ്ങളും അപ്പപ്പോൾ തന്നെ ക്ലിയർ ചെയ്തു കൊടുക്കാറുണ്ട്. ലോക് ഡോൺ ആരംഭിച്ചപ്പോൾ, ക്ലാസ് റൂമിൽ നിന്ന് പഠിപ്പിച്ചുകൊണ്ടിരുന്ന ഞങ്ങൾക്ക് എങ്ങനെ വീട്ടിൽ നിന്ന് ക്ലാസെടുക്കാൻ പറ്റും എന്ന സംശയം ഉണ്ടായിരുന്നു. അത് എത്രത്തോളം വിജയിക്കും എന്ന ആശങ്കയും. എന്നാൽ ഇപ്പോൾ വരുന്ന റിസൾട്ട് കാണുമ്പോൾ വലിയ സന്തോഷമാണ്. 

ലോക് ഡൗൺ കൊണ്ട് എങ്ങനെ വേണമെങ്കിലും കുട്ടികളെ പഠിപ്പിക്കാം എന്ന ആത്മവിശ്വാസം ഉണ്ടായി. ബ്യൂട്ടി, കുക്കറി അങ്ങനെ മറ്റെല്ലാ ഫീൽഡിലും പുത്തൻ മാറ്റങ്ങൾ കൊണ്ടുവരാം. പക്ഷേ, ഒരു എജ്യൂക്കേഷൻ ചാനലിനെ സംബന്ധിച്ചിടത്തോളം ലിമിറ്റേഷൻസ് ഉണ്ടായിരുന്നു. അതെല്ലാം മാറ്റിയെടുക്കാൻ ഈ ലോക് ഡൗൺ സഹായിച്ചു. വലിയ തിരിച്ചറിവായിരുന്നു ഞങ്ങൾക്കത്. പതിവ് രീതിയായ കൺവെൻഷണൽ മെത്തേഡിൽ നിന്ന് മാറി ചിന്തിച്ചു. ഇനി തൊട്ട് സാധാരണക്കാരുടെ മനസ്സിലേക്ക് പെട്ടെന്ന് അറിവുകൾ എത്തിക്കുന്ന ക്ലാസുകൾ ആയിരിക്കും ഞങ്ങളുടേത്.

എല്ലാം ഒരു കുടക്കീഴിൽ... 

ഓൺലൈൻ ക്ലാസുകൾ കൂടുതലും പ്രിഫർ ചെയ്യുന്നത് ജോലി ചെയ്യുന്ന ആളുകൾ തന്നെയാണ്. ജോലിയില്ലാതെ വീട്ടിലിരിക്കുന്നവരും വിദേശത്തുള്ളവരും കോഴ്സിന് പങ്കെടുക്കുന്നുണ്ട്. പിഎസ്‌സി പരീക്ഷ എഴുതാനായി വിദേശത്തുള്ളവർ നാട്ടിൽ എത്താറുണ്ട്. വളരെ സീരിയസ് ആയാണ് അവർ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുന്നത്. ബിഎഡ് കഴിഞ്ഞവർക്കായി കെ-ടെറ്റ്, സെറ്റ്, നെറ്റ് തുടങ്ങിയവയുടെ പരിശീലനകോഴ്സുകളും ഞങ്ങൾ ചെയ്യുന്നുണ്ട്. പിഎസ്‌സി കറന്റ് അഫയേഴ്സ്, യുപിഎസ്സി ക്ലാസുകൾ നമ്മളിപ്പോൾ കൊടുത്തു തുടങ്ങി. CSAT ന്റെ പ്രിലിമിനറി ക്ലാസ്സുകളും കൊടുക്കുന്നുണ്ട്. 

ഏതു മേഖലയിൽ പഠിക്കുന്ന വിദ്യാർത്ഥി ആണെങ്കിലും എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരണം എന്നാണ് ആഗ്രഹം. സിവിൽ സർവീസ് പരീക്ഷകൾക്കും കോച്ചിങ് ക്ലാസുകൾ കൊടുക്കുന്നുണ്ട്. ഇവിടെ തിരുവനന്തപുരം തൊട്ട് കാസർഗോഡ് വരെ മണിക്കൂറിനു ക്ലാസ്സ് എടുത്തിട്ട് പോകുന്ന അധ്യാപകർ മുതൽ പെർമനന്റ് സ്റ്റാഫുകൾ വരെയുണ്ട്. മികച്ച അധ്യാപകരെ കൊടുക്കുക എന്നതാണ് ലക്ഷ്യം. 

ഓൺലൈൻ കോച്ചിങ്ങിലൂടെ നിരവധിപേർക്ക് ജോലി കിട്ടിയിട്ടുണ്ട്. ഇപ്പോൾ വന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടങ്ങിയ റാങ്ക് ലിസ്റ്റുകളിൽ ഇവിടെ പഠിച്ച കുട്ടികൾ ഇടം നേടിയിട്ടുണ്ട്. 33 ഉൾപ്പെടെയുള്ള റാങ്കുകൾ ഞങ്ങൾക്ക് ആയിരുന്നു.

ഓരോ കോഴ്സിനും ഈടാക്കുന്ന ഫീസും വ്യത്യസ്തമാണ്. ഓൺലൈനിൽ 500 രൂപ തൊട്ട് തുടങ്ങുന്ന കോഴ്സുകൾ ഉണ്ട്. സിവിൽ സർവീസ് പോലുള്ള വലിയ കോഴ്സുകൾക്ക് 12000 രൂപ ഫീസായി ഈടാക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി എൽഡിസി കോച്ചിങ് കൊടുക്കുന്നുണ്ട്. അതിന് ഒരു വർഷത്തെ ഫീസ് 5500 രൂപ മാത്രമാണ്. ഇതിനൊപ്പം യൂട്യൂബിലെ ക്ലാസുകൾ എല്ലാം ഫ്രീയായി ആണ് നൽകുന്നത്. 

എല്ലാത്തിനും എനിക്ക് സപ്പോർട്ട് ആയി ഭർത്താവ് ബിനീഷ് കുമാർ ഒപ്പമുണ്ട്. അദ്ദേഹം കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു. ഇപ്പോൾ ജോലി റിസൈൻ ചെയ്തു എനിക്കൊപ്പം ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്നു. ഞങ്ങൾക്ക് ഒരു മകനുണ്ട്, നിരഞ്ജൻ ആറു വയസ്സ് ആകുന്നു.

asha44566f555
Tags:
  • Spotlight
  • Inspirational Story