Thursday 02 April 2020 05:09 PM IST

'വീടിന് പുറത്തിറക്കരുത്, അടച്ചിടണം, പുറത്തിറങ്ങി ഞങ്ങളെ ഉപദ്രവിക്കരുത്'; കുത്തുവാക്കുകൾ മാത്രം കേട്ട ആ നാളുകൾ! കണ്ണീർ നനവോടെ പ്യാരി പ്രിയ പറയുന്നു

Binsha Muhammed

prarii1

അനാവശ്യ ഭീതിയുടേയും അജ്ഞതയുടേയും കോവിഡ് കാലം കൂടിയാണ് കണ്‍മുന്നില്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. പേടിയല്ല ജാഗ്രതയാണ് വേണ്ടതെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിടുന്നവര്‍ സഹജീവികളുടെ കാര്യം വരുമ്പോള്‍ ഇതെല്ലാം സൗകര്യപൂര്‍വം മറക്കുന്ന കാഴ്ചയാണ്. സാമൂഹികമായി അകലം പാലിച്ച് മനസ്സടുപ്പം ഉറപ്പിക്കുന്ന ഒരു ജനത ഒരുവശത്ത്, മറുവശത്ത് കൊറോണയുടെ പേരില്‍ ലോക്ഡൗണ്‍ കാലത്ത് ഭ്രഷ്ട് കല്‍പ്പിക്കുന്ന അജ്ഞര്‍ മറുവശത്ത്. 

കരുതലും കാവലുമായി നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും നഴ്‌സുമാരും വരെ ഒറ്റപ്പെടുത്തലിന്റെ കഥകള്‍ പങ്കുവയ്ക്കുമ്പോള്‍ അറിയാതെ എങ്കിലും കണ്ണുകള്‍ നിറയും. കോവിഡ് പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മാലാഖമാരെ വീട്ടില്‍ നിന്നിറക്കി വിട്ട സംഭവം പല ഉദാഹരണങ്ങളില്‍ ഒന്നു മാത്രം. കോവിഡ് കാലത്ത് ഓടിയൊളിക്കാതെ പലരേയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ച എയര്‍ ഹോസ്റ്റസുമാരുടെ അനുഭവവും വ്യത്യസ്തമല്ല. 

അടിയന്തര സാഹചര്യത്തില്‍ സന്നദ്ധരായി ഇറങ്ങി എന്ന പരിഗണന പോലും നല്‍കാതെ നേര്‍ക്കു വന്നുപതിക്കുന്ന തുറിച്ചു നോട്ടങ്ങളും വിലക്കുകളും കുത്തുവാക്കുകളും ഏറെയുണ്ട് അവര്‍ക്ക് പറയാന്‍. നിസ്വാര്‍ത്ഥ പ്രവര്‍ത്തിയുടെ പേരില്‍ പ്രധാനമന്ത്രി പോലും അഭിനന്ദിച്ച തങ്ങളെ കൊറോണയുടെ പേരില്‍ ഇനിയും ഇരുട്ടത്തു നിര്‍ത്തരുത് എന്ന് പറയുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ ഹോസ്റ്റസ് പ്യാരി പ്രിയ അശോകന്‍. അയല്‍പക്കക്കാരില്‍ നിന്നു പോലും നേരിടേണ്ടി വന്ന അവഗണനയുടെ കഥ പ്യാരി പ്രിയ വനിത ഓണ്‍ലൈനോട് പങ്കുവയ്ക്കുകയാണ്.

നിസ്വാര്‍ത്ഥം... നാടിനായി

സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്താനാകാതെ അന്യനാടുകളില്‍ കുടുങ്ങി കിടന്ന ആയിരങ്ങള്‍. ലോകോത്തര എയര്‍ ലൈന്‍ കമ്പനികള്‍ പോലും സര്‍വീസ് റദ്ദാക്കിയ സമയം. ആ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ സഹായഹസ്തവുമായി എത്തിയത്. ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു ദിവസങ്ങള്‍ മുമ്പു വരേയും എന്റെ കമ്പനി സര്‍വീസ് നടത്തി. യാതൊരു വൈമനസ്യവും ഇല്ലാതെ ഞങ്ങളെപോലുള്ള നിരവധി ഉദ്യോഗസ്ഥര്‍ ആ രക്ഷാദൗത്യത്തില്‍ ഭാഗമായി. പ്രധാനമന്ത്രി പോലും ഞങ്ങളെ പോലുള്ള ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. പക്ഷേ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. പലരുടേയും ഭാവം മാറി.

pyaari655

സര്‍ക്കാരും ആരോഗ്യ വകുപ്പും നിര്‍ദ്ദേശിച്ച എല്ലാ മുന്‍കരുതലുകളും പാലിച്ച് തന്നെയായിരുന്നു ഞങ്ങളുടെ യാത്ര. വിമാനത്താവളത്തില്‍ തെര്‍മല്‍ ചെക്കിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയരായി. നിര്‍ദ്ദേശ പ്രകാരം കരിപ്പൂര്‍ വിമാനത്താവള ബേസ്പരിധിയിലുള്ള പന്ന്യങ്കരയിലെ വീട്ടില്‍ ക്വാറന്റിനില്‍ പോകുകയും ചെയ്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരവും അറിയിച്ചു. അവരുടെ നിര്‍ദേശ പ്രകാരം മുറിക്കു പുറത്തു പോലും ഇറങ്ങിയിരുന്നില്ല. പക്ഷേ, അപ്പോഴേക്കും അയല്‍പക്കക്കാരില്‍ പലരുടേയും ഭാവം മാറി തുടങ്ങുകയായിരുന്നു.

കൊറോണ പടര്‍ത്തുന്നത് ഞങ്ങളല്ല

വീടിന് പുറത്തിറക്കരുത്, അടച്ചിടണം. പുറത്തിറങ്ങി ഞങ്ങളെ ഉപദ്രവിക്കരുത് എന്ന മട്ടിലായിരുന്നു നാട്ടില്‍ പലരുടേയും സംസാരം. 5 വര്‍ഷമായി കോഴിക്കോട് ജോലി നോക്കുകയാണ്. കുടുംബത്തോടൊപ്പമാണ് താമസം. അമ്മയോടായിരുന്നു കൂടുതല്‍ പേരുടേയും ഉപദേശം. മകളെ നോക്കണം, സൂക്ഷിക്കണം എന്നു തുടങ്ങി ഉപദേശങ്ങള്‍ വേറെ. ഞങ്ങളാണ് കൊറോണ പടര്‍ത്തുന്നത് എന്ന മട്ടിലായിരുന്നു പലരുടേയും സംസാരം. 

സത്യം പറഞ്ഞാല്‍ ആ പറഞ്ഞതിനെയൊന്നും ഉപദേശങ്ങളായി എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. വല്ലാത്തൊരു തരം ടോര്‍ച്ചര്‍ ആയിരുന്നു അത്. സഹികെട്ടപ്പോള്‍ ആരോഗ്യ വകുപ്പിലും അതു വഴി പൊലീസിനോടും പരാതി പറഞ്ഞു,  അവര്‍ മാനസികമായി പിന്തുണ നല്‍കി. ഇതു പോലുള്ള നിരവധി അനുഭവങ്ങള്‍ അവരും പങ്കുവച്ചു. എന്തായാലും നമുക്ക് ചുറ്റുമുള്ളവരുടെ മനസിലിരിപ്പ് തിരിച്ചറിയാനുള്ള അവസരമായി ഈ കൊറോണക്കാലം. ഒറ്റപ്പെടുത്തുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും ഒരപേക്ഷയുണ്ട്, ഞങ്ങള്‍ക്കും കുടുംബമുണ്ട്. നാടും വീടും അതിര്‍ത്തി വിട്ട് പറക്കേണ്ടി വരുന്നത് നാടിനും വീടിനും വേണ്ടിയാണ്. പിന്തുണച്ചില്ലെങ്കിലും ഉപദ്രവിക്കരുത്. കൊറോണക്കാലം കഴിഞ്ഞും ഞങ്ങള്‍ വരും നിങ്ങളുടെ മുന്നിലേക്ക് സേവനത്തിനായി. 

prayyii66
Tags:
  • Spotlight
  • Inspirational Story