Wednesday 28 July 2021 01:02 PM IST

‘കൈത്തറിക്കൊപ്പം മറ്റെന്താണ് ബിസിനസ്’: നോ പറഞ്ഞതിന് കഞ്ചാവു കേസിൽ പ്രതിയാക്കി: ചതിക്കുഴികൾ താണ്ടിയ അഗ്നിശോഭ

Rakhy Raz

Sub Editor

shobha

അലമാരയിൽ നിരയൊത്ത് പുസ്തകങ്ങ ൃൾ, മുറിയിലെ ഓരോ കോണുകളിലും ഭംഗിയുള്ള കുപ്പികളിൽ നിന്നു തിരിനീട്ടി പുഞ്ചിരിക്കുന്ന ചെടികൾ, വസ്ത്രങ്ങൾ അടുക്കി വച്ചിരിക്കുന്ന അലമാരകൾ... സുന്ദരിയായ ഒരു പെൺകുട്ടിയുടെ സ്നേഹം നിറഞ്ഞ മനസ്സു പോലെ ഓരോ കോണും പൊടിതുടച്ച് ഭംഗിയാക്കി വച്ചിരിക്കുന്ന ഇടം.

അവിടേക്കാണ് കനത്ത കാലടികൾ അവളെയും കൊണ്ടു നിർദയം കടന്നു കയറിയത്. പുസ്തകങ്ങളും വസ്ത്രങ്ങളും നിമിഷനേരം കൊണ്ട് തറയിലേക്കു ചിതറി, മേശവലിപ്പുകൾ പ്രളയം കയറിയിറങ്ങിയതുപോലെ അലങ്കോലമായി, ചെടിച്ചട്ടികൾ ചവിട്ടേറ്റ് പൊട്ടി. വീടിന്റെ ഓരോ കോണും തിരിച്ചറിയാൻ കഴിയാത്ത വിധം തലകീഴ്മറിഞ്ഞു.

ഒരൊറ്റ നിമിഷം കൊണ്ട് ജീവിതത്തെ അടിവേരോളം ഉഴുതുമറിക്കുന്നതാണ് പൊലീസ് റെയ്ഡ് എന്നു തിരിച്ചറിയുമ്പോഴേക്കും ശോഭയുടെ സമനില തെറ്റിയിരുന്നു. മരിക്കണം എന്നു തോന്നിയ ആ നിമിഷത്തിൽ നിന്നു ‘നിരപരാധിത്വം തെളിയിച്ചു കൊണ്ടു ജീവിക്കണം’ എന്ന തീരുമാനം എടുത്തിടത്താണ് തിരുവനന്തപുരംകാരി ശോഭ വിശ്വനാഥിന്‍റെ ജീവിതം അഗ്നിശോഭ ആർജിക്കുന്നത്. ഓരോ പെൺകുട്ടിയും പഠിച്ചെടുക്കേണ്ട ജീവിതപാഠമാണ് ഇന്നു ശോഭ.

തന്റെ സന്തോഷം സമൂഹത്തിന്റേത് കൂടിയാകുമ്പോഴേ പൂർണമാകുന്നുള്ളൂ എന്നു വിശ്വസിക്കുന്ന, സാമൂഹിക സംരംഭകയായ ശോഭയെ എന്തിന് ഏറ്റവും നാണംകെട്ട കേസുകളിലൊന്നായ നാർക്കോട്ടിക്സ് കേസിൽ കുടുക്കിയതെന്ന് കൂടി അറിയുമ്പോഴാണ് നടുക്കം സിരകളെ തൊടുന്നത്. പ്രണയാഭ്യർഥനയോട് അങ്ങേയറ്റം മാന്യമായി ഒരു ‘നോ’ പറഞ്ഞതിനാണ് ശോഭയുടെ ജീവിതം ചതിയിലൂടെ തകർത്തെറിയാനുള്ള ശ്രമം നടന്നത്.

‘‘നോക്കൂ... ഓരോ പെൺകുട്ടിയും ശക്തിയാർജിക്കുന്നത് ആത്മാഭിമാനത്തിനു മേൽ കോരിയിടുന്ന കനലേറ്റ് പൊള്ളിയിട്ടാകും. അത്തരം ഒരു ജീവിതത്തിലൂടെ മുൻപേ കടന്നു പോയവളാണ് ഞാൻ. അതുകൊണ്ടു മാത്രമാണ് ഈ കടുത്ത ചതിയെ അതിജീവിക്കാൻ ധൈര്യം വന്നത്.’’ േശാഭ പറയുന്നു.

2021 ജനുവരിയിൽ വീവേഴ്സ് വില്ലേജ് എന്ന ശോഭയുടെ വസ്ത്രശാലയിൽ നിന്നു കഞ്ചാവ് പിടിച്ചെടുത്തതായിരുന്നു േകസിനും റെയ്ഡിനും അറസ്റ്റിനും ആ സ്പദമായ സംഭവം. ആറു മാസത്തെ പോരാട്ടത്തിനു ശേഷം യഥാർഥ പ്രതികളെ കണ്ടെത്തി. ശോഭയുടെ കേസ് റദ്ദാക്കി ഉത്തരവായി.

ചിറകു നിവർത്തി പറന്നുയർന്നവൾ

‘‘സമൂഹത്തിനു േവണ്ടി എന്തെങ്കിലും നന്മ ചെയ്യണം എന്ന ആഗ്രഹം കുട്ടിക്കാലത്തേ ഉണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയും കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥരും ചേട്ടൻ ബിസിനസിലും ചേച്ചി ഡിഫൻസിലുമാണ്. എംബിഎ കഴിഞ്ഞ് ഒരു വർഷം ഡിസൈൻ കമ്പനിയി ൽ ജോലി നോക്കിയ ശേഷമായിരുന്നു വിവാഹം.

വിവാഹത്തിെന്‍റ ആദ്യദിനം മുതല്‍ തന്നെ എെന്‍റ സ്വപ്നങ്ങളുടെ മേൽ ഇടിത്തീ വീണ പോലെ തോന്നിത്തുടങ്ങി. കഷ്ടപ്പാടുകൾ എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ജീവിതം മറ്റൊരു വഴിയിലൂടെയായി. വിഷമങ്ങള്‍ കൂടുമ്പോള്‍ കുളിമുറിക്കകത്ത് അടച്ചിരുന്ന് കരഞ്ഞുറങ്ങിയ രാത്രികൾ. സ്നേഹിക്കാൻ ട്വിങ്കിൾ എന്ന പട്ടിക്കുട്ടി മാത്രം. നാലുവർഷം കടന്നു പോയതെങ്ങെനയെന്ന് ഇപ്പോഴും അറിയില്ല. ക്ഷമിച്ചും സഹിച്ചും പലതും അനുഭവിച്ചും. പല തവണ ആശുപത്രിയിലായിട്ടുണ്ട്. േകസ് െകാടുക്കാന്‍ പൊലീസ് സ്റ്റേഷന്റെ മുന്നിൽ വരെ പോയിട്ട് തിരികെ പോന്നിട്ടുണ്ട്. ആ വിഷമതകളിൽ നിന്നു രക്ഷപെടാനാണ് ഞാെനാരു ബിസിനസ് സംരംഭം തുടങ്ങിയത്. ആത്മീയതയിലും സാന്ത്വനം കണ്ടെത്തിത്തുടങ്ങിയിരുന്നു. ജോലിയില്ലാതെ വീട്ടിലിരിക്കുന്ന സ്ത്രീകളെ പരിശീലിപ്പിച്ച്, അവർ ചെയ്ത ഇക്കോ ഫ്രണ്ട്‌ലി പ്രൊഡക്റ്റ്സുമായി ബിസിനസ് ആരംഭിച്ചു. നല്ല ഓർഡർ കിട്ടിയതിൽ നിന്നുള്ള ലാഭമെടുത്ത് ആദ്യ പ്രദർശനം സംഘടിപ്പിച്ചു. സുഹൃത്തും ഡിസൈനറുമായ ശ്രീരമ്യ സമ്പത്തിനോടൊപ്പം ചേര്‍ന്നായിരുന്നു അത്. പ്രദർശനം വൻ വിജയമായിരുന്നു.

കുടുംബത്തിലെ ദുരന്തങ്ങളും വിഷമങ്ങളും സഹിക്കാൻ വയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മറ്റുള്ളവർ രക്ഷിച്ചു. ബോധം തെളിഞ്ഞപ്പോൾ ആറ്റുകാലമ്മയുെട മുഖമാണ് മനസ്സിൽ തെളിഞ്ഞത്. അന്നു ഞാൻ തീരുമാനിച്ചു, ‘ഇനി ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും അരുത്.’ തുടര്‍ന്ന് ആദ്യമായി ഭര്‍ത്താവിനെതിരെ കേസ് കൊടുത്തു. ഉപദ്രവങ്ങളില്‍ നിന്നു സംരക്ഷണം ലഭിക്കുന്നതിനായി പ്രൊട്ടക്‌ഷൻ ഓർഡർ വാങ്ങി. അതോെട ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് ഡിവോഴ്സ് നോട്ടീസ് അയച്ചു.

നാട്ടില്‍ നിന്നാല്‍ മാനസികനില തെറ്റും എന്നു തോന്നിയ ആ ദിവസങ്ങളില്‍ ഒറ്റയ്ക്ക് ഗോവയിലേക്ക് യാത്ര പോ യി. ചെറുപ്രായത്തിലേ വ്യഭിചാരത്തിലേക്ക് എത്തിക്കപ്പെടുന്ന പെൺകുട്ടികളെ രക്ഷിക്കുകയും അവർക്ക് ജീവിത മാർഗം ഒരുക്കിക്കൊടുക്കുകയും െചയ്യുന്ന ‘എൽഷദായ്’ എന്ന സാമൂഹികസംഘടനയോടൊത്തു പ്രവർത്തിച്ചു.

നാട്ടില്‍ മടങ്ങിയെത്തിയ േശഷം പയ്യെപ്പയ്യെയാണ് ചുവടുകള്‍ വച്ചത്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സ്വപ്ന സംരംഭം തുടങ്ങി. പിന്നീടു ഭർത്താവിന്റെ ഫ്ലാറ്റിൽ നിന്നിറങ്ങി. ഈ ഇറങ്ങിപ്പോക്ക് നടത്താനുള്ള ധൈര്യം പെൺകുട്ടികൾക്ക് വൈകിയാണ് ഉദിക്കുന്നത് എന്നതാണ് സമൂഹത്തിലെ വലിയ പ്രശ്നം.

വീട്ടിൽ വന്നു നിൽക്കുന്ന പെൺകുട്ടികളെ സമൂഹം കാണുന്നത് സഹതാപത്തോടെയായിരിക്കും. മാതാപിതാക്കളെ സമൂഹം അനാവശ്യമായി കുറ്റപ്പെടുത്തും. ഇത് ഒഴിവാക്കാന്‍ ആദ്യം കുറച്ചു നാൾ വീട്ടിൽ നിന്നെങ്കിലും പിന്നീട് ഞാൻ ഒറ്റയ്ക്ക് വീടെടുത്താണ് താമസിച്ചത്. അവിടെ ഞാനും എന്റെ ട്വിങ്കിളും മാത്രം.

shibha-1

കരുണയിൽ വഴുതി വീണവൾ

എന്നെക്കൊണ്ട് കൈത്തറിയിൽ എന്തു ചെയ്യാനാകും എ ന്നായിരുന്നു ചിന്ത. കൈത്തറി മേഖലയിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ആ മേഖല നാശോന്മുഖമായി വരുകയുമാണ്. ആഘോഷ അവസരങ്ങളിലല്ലാതെയും കൈത്തറി ആളുകൾ ഉപയോഗിച്ചു തുടങ്ങിയാലേ അവിടെ നിലനില്‍പ്പും പുരോഗമനവും സാധ്യമാകൂ. ഈ ചിന്തയില്‍ നിന്നാണ് ഡിസൈനർ വെയർ എന്ന ആശയം പ്രാവർത്തികമാക്കുന്നത്. വേസ്റ്റ് മെറ്റീരിയലുകൾ പോലും ഉപയോഗപ്രദമാക്കാൻ ശ്രമിച്ച് പാവകൾ പോലുള്ള ഉൽപന്നമുണ്ടാക്കി. മഹിളാമന്ദിർ പോലുള്ള സ്ഥാപനങ്ങളിലെ അഗതികളും ജീവിതത്തിൽ പലവിധ അക്രമത്തിനും അവഗണനകൾക്കും ഇരയായ സ്ത്രീകളും പെൺകുട്ടികളും ഒക്കെ ഇതില്‍ പങ്കാളികളായി. ജീവിക്കാൻ വഴിമുട്ടിയ ആദിവാസി വനിതകളുടെ കലയും ഉപയോഗപ്പെടുത്തി. രാജ്യാന്തര ഓർഡറുകൾ വരെ ഞങ്ങൾക്ക് കിട്ടിത്തുടങ്ങി.

ഈ സമയത്താണ് ബിസിനസുകാരനായ ഹരീഷ് ഹരിദാസിനെ പൊതു സുഹൃത്തുക്കൾ വഴി പരിചയപ്പെടുന്നത്. അപ്പോഴേക്കും എന്റെ ഡിവോഴ്സ് കേസ് ഏറെ മുന്നോട്ട് പോയിരുന്നു. ഹരീഷും ഡിവോഴ്സിന്റെ വഴിയിലാണ് എന്നാണു പറഞ്ഞത്. എന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹം അദ്ദേഹം ആദ്യം എന്റെ സഹോദരനെ അറിയിച്ചു. വിവാഹത്തിന്റെ ഗുണദോഷങ്ങളെല്ലാം നന്നായി അ നുഭവിച്ച എനിക്ക് വീണ്ടും ഒരു വിവാഹത്തെക്കുറിച്ച് ഒരുപാട് ആലോചിക്കണമായിരുന്നു. ഏറെ നാളെടുത്ത് അയാളെ മനസ്സിലാക്കിയ േശഷം ‘വിവാഹം കഴിക്കാൻ താൽപര്യമില്ല’ എന്ന കാര്യം തുറന്നു പറഞ്ഞു.

പക്ഷേ, അയാൾ വീണ്ടും എന്റെ ചേട്ടനെ സമീപിച്ചു. സ്വന്തം വീട്ടുകാരെക്കൊണ്ട് വിളിപ്പിച്ചു. ഫോണിലൂെടയും വാട്സാപ്പിലൂടെയും നിരന്തരം ബന്ധപ്പെടാന്‍ തുടങ്ങി. ഞാൻ എല്ലാവരോടും എന്റെ തീരുമാനം ശക്തമായിത്തന്നെ പറഞ്ഞു. വീണ്ടും വളരെ മാന്യമായി ‘എനിക്ക് വിവാഹത്തിന് താൽപര്യമില്ല’ എന്ന് ആ വ്യക്തിയെ അറിയിച്ച് വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു.

അങ്ങനെയിരിക്കെ ഷോപ്പിൽ വച്ച് എന്റെ മൊബൈൽഫോൺ കളവ് പോയി. ആ സമയം ഞാനും വിവേക് രാജ് എന്ന ജീവനക്കാരനും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവനോട് ചോദിച്ചെങ്കിലും ‘എടുത്തില്ല’ എന്നായിരുന്നു മറുപടി. വിവേകിന് ഹരീഷുമായി അടുപ്പമുണ്ടെന്ന് അറിയാമായിരുന്നു. മറ്റു ചില സംശയങ്ങളുമുണ്ടായിരുന്നു. അതോെട അയാളെ പിരിച്ചു വിട്ടു. ഫോൺ മിസ്സിങ്ങിനെക്കുറിച്ച് സൈബർ സെല്ലിൽ പരാതിയും കൊടുത്തു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിദേശത്തു വരെയുള്ള പല സുഹൃത്തുക്കൾക്കും എന്നെക്കുറിച്ച് മോശപ്പെടുത്തി പറഞ്ഞ് ഫോൺ കോൾ വന്നു തുടങ്ങി. ഫോണ്‍ ആരുെട കയ്യിലാണ് എത്തിയിരിക്കുന്നതെന്ന് ഇതോെട എനിക്ക് ഉറപ്പായി.

shobha-2

ചതിയാൽ ഉരുകി വീണവൾ

2021 ജനുവരി 21 ന് വെള്ളാറിലുള്ള വീവേഴ്സ് വില്ലേജിന്റെ ശാഖയിൽ നിൽക്കുമ്പോഴാണ് വഴുതക്കാട്ടെ സ്ഥാപനത്തിൽ നാർക്കോട്ടിക്സ് പരിേശാധനാ ഉദ്യോഗസ്ഥര്‍ എത്തിയതായി കെട്ടിട ഉടമ വിളിച്ചു പറയുന്നത്. വെള്ളാറിലും ഉടനടി അവര്‍ എത്തി. എന്റെ ഫോൺ വാങ്ങിയെടുത്ത ശേഷം അറസ്റ്റ് ചെയ്ത് അവരുടെ വണ്ടിയിൽ കയറാൻ പറഞ്ഞു. ഞാൻ വിസമ്മതിച്ചപ്പോൾ അവരിൽ രണ്ടുപേർ എന്റെ കാറിൽ എന്നെയും കൊണ്ട് വഴുതക്കാട്ടെത്തി.

വഴിനീളെ ‘കൈത്തറിക്കൊപ്പം മറ്റെന്താണ് ബിസിനസ്’ എന്ന വിധത്തിൽ മാനസികമായി തളർത്തുന്ന ചോദ്യങ്ങൾ തുരുതുരെ ചോദിച്ചു കൊണ്ടിരുന്നു. വഴുതക്കാട് ഷോറൂമിലെത്തുമ്പോൾ മുറ്റത്തും വഴിയിലും ജനക്കൂട്ടം. ഷോറൂമിൽ നിന്നു കഞ്ചാവ് കണ്ടെടുത്തു എന്നു ഞാൻ മ നസ്സിലാക്കുന്നത് അപ്പോഴാണ്. ‘ഇത് കെണിയാണ്, ഞാ ൻ തെറ്റു ചെയ്തിട്ടില്ല...’ എന്ന പറച്ചിലുകൾ അവർ നിസ്സാരമാക്കി.

ഷോറൂമിലിരുന്ന് പൊട്ടിക്കരഞ്ഞ എന്നെയും കൊണ്ട് അവർ എന്റെ ഫ്ലാറ്റിലേക്ക് പോയി. അവിടെയും റെയ്ഡ്. അയൽവാസികളുടെ മുന്നിൽ നാണം കെടുത്തി. അവിടെ സെക്യൂരിറ്റി ഉള്ളതിനാൽ ഒന്നും കൊണ്ടു വയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഷോറൂമിൽ നിന്നു കണ്ടെടുത്ത കഞ്ചാവ് നാനൂറ് ഗ്രാമിനടുത്തേയുള്ളൂ എന്നതിനാൽ മാത്രം എന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

എന്റെ ചേട്ടനും കുറച്ച് സുഹൃത്തുക്കളും ഈ ബഹളത്തിൽ എനിക്കു കവചമായി നിന്നു. അന്ന് രാത്രി എന്നെ സുഹൃത്ത് പ്രിയ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഞാൻ എന്തെങ്കിലും ചെയ്തു കളയുമോ എന്നു പേടിച്ച്. അവളുടെ കൂടെ കിടത്തിയാണ് ഉറക്കിയത്. അന്നു രാത്രി ഞാൻ വീണ്ടും എല്ലാം അവസാനിപ്പിക്കുന്നതിെനക്കുറിച്ചു ചിന്തിച്ചു. പെട്ടെന്ന് ആ ചിന്തയില്‍ നിന്നു പുറത്തു വന്നു. മാത്രമല്ല, ‘സത്യം തെളിയിക്കും വരെ ഇനി മരണം സംഭവിക്കരുത്’ എന്നും ഞാൻ ആഗ്രഹിച്ചു.

പിറ്റേന്ന് രാവിലെ ഷോപ്പിലേക്ക് പോകാന്‍ ഞാന്‍ ഒരുങ്ങി. സ്ഥിരമായി സാരിയാണ് എന്‍റെ വേഷം. മിനിറ്റുകൾക്കുള്ളിൽ ഭംഗിയായി സാരിയുടുക്കാനുമറിയാം. പക്ഷേ അന്ന് എത്ര ശ്രമിച്ചിട്ടും സാരിയുടുക്കാൻ സാധിക്കുന്നില്ല. ഏറെനേരം അങ്ങനെ നിന്നു. പിന്നെ, ഓർത്തു ഇന്ന് സാരിയുടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനി ഞാനില്ല എന്നാണർഥം. ഒടുവിൽ വളരെ പ്രയാസപ്പെട്ട് സാരിയുടുത്തു ഷോപ്പിലേക്ക് പോയി.

അഗ്നിയായി പുനർജനിച്ചവൾ

ആദ്യം ചെയ്തത് സിസിടിവി പരിേശാധിക്കലായിരുന്നു. ജനുവരി പതിനെട്ടാം തീയതി കുറച്ച് സമയത്തേക്ക് സിസി ടിവി വർക്ക് ചെയ്തിട്ടില്ല എന്നു കണ്ടെത്തി.

ഉഷ എന്ന ജോലിക്കാരി സിസിടിവി ഓഫ് ചെയ്യുകയും പിന്നീട് ഓൺ ചെയ്യുന്നതുമായ ദൃശ്യം അതിൽ പതിഞ്ഞിരുന്നു. മുൻപ് ഷോറൂമിൽ ജോലി ചെയ്തിരുന്ന അവര്‍ വീണ്ടും താണുകേണ് അപേക്ഷിച്ച് ജോലിക്ക് കയറിയത് തന്നെ ചില പ്ലാനുകളോെടയായിരുന്നുവെന്ന് അതോെട ബോധ്യമായി.

സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയെങ്കിലും രണ്ടു മാസത്തോളം നടപടി ഒന്നും ഉണ്ടായില്ല. ഞാന്‍ മുഖ്യമന്ത്രിക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നൽകി. അതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി അമ്മിണിക്കുട്ടനായിരുന്നു ചുമതല.

ആറു മാസത്തിനുള്ളിൽ ക്രൈംബ്രാഞ്ച് വിവേക് രാജിനെ അറസ്റ്റ് ചെയ്തു. ഹരീഷിന്റെ നിർദേശപ്രകാരമാണ് കഞ്ചാവ് ഒളിപ്പിച്ചു വച്ചതെന്ന് അയാൾ പൊലീസിനോടു പറഞ്ഞു. തെളിവെടുപ്പിന് എത്തിച്ചപ്പോൾ ടോയ്‌ലറ്റിലെ ഫ്ലഷി ൽ നിന്നു വേറെ പാക്കറ്റുകളും അയാൾ പൊലീസിന് എടുത്തു കൊടുത്തു. സത്യം തെളിഞ്ഞതോടെ എനിക്കെതിരേയുള്ള കേസ് ക്രൈംബ്രാഞ്ച് റദ്ദാക്കി.

ഞാന്‍ കുറ്റവിമുക്തയായി. ഇനി ഞാന്‍ െതറ്റുകാരിയല്ല, എനിക്കെതിരെ േകസില്ല. എല്ലാം നല്ലതാണ്. പക്ഷേ, ഒരു കുറ്റവും ചെയ്യാത്ത എന്നെ പരിചയക്കാരുടെയും ബന്ധുക്കളുടെയും ഉപഭോക്താക്കളുടെയും അയല്‍ക്കാരുടെയും മുന്നിൽ നാണം കെടുത്തിയതിന് ആര് സമാധാനം പറയും.

ഒരു വിവാഹഭ്യർഥനയോട് ‘നോ’ പറഞ്ഞതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നതിന് ആരാണ് പരിഹാരം കണ്ടെത്തുക.

എെന്ന വിശ്വസിക്കാനും കൂടെ നിൽക്കാനും ധാരാളം പേരുണ്ടായി. സാധാരണ ജീവിതവും ജോലിയുമായി കഴിഞ്ഞു കൂടുന്ന ഒരു പെൺകുട്ടിക്കെതിരെയാണ് ഈ ചതി ഉ ണ്ടാകുന്നതെങ്കിൽ അവള്‍ എങ്ങനെ സഹിക്കും.

ആളുകളെ നാണം കെടുത്താൻ കള്ളക്കേസ് ആയുധമാക്കുന്ന കാലത്ത് കേസന്വേഷണത്തില്‍ സമഗ്രമായ മാ റ്റം ഇനിയെങ്കിലും വരണമെന്നാണ് എനിക്കു പറയാനുള്ളത്. ആരോപണങ്ങളും കള്ളക്കേസുകളും സ്വഭാവഹത്യയും അടക്കമുള്ള ചതിപ്രയോഗങ്ങളെ പുല്ല് പോലെ തള്ളിക്കളയാൻ പെൺകുട്ടികൾക്കും കഴിയണം.’’

തീച്ചൂടുള്ള ഒരു തുള്ളി കണ്ണൂനീർ ശോഭയുടെ കവിളിലൂടെ ഒഴുകുന്നുണ്ട്. ആത്മവിശ്വാസത്തിന്റെ നനവിൽ കണ്ണുകൾ തിളങ്ങുന്നുമുണ്ട്.

രാഖി റാസ്

ഫോട്ടോ: ദിനൂപ് രാജ്