Tuesday 23 October 2018 12:18 PM IST

8000 വനിതകൾ, ഒറ്റ കമ്പനി, സംസാരമില്ല, ബഹളമില്ല; കിറ്റക്‌സ് ഗാർമെൻറ്സിന്റെ വിജയരഹസ്യം ഇതാണ്!

Roopa Thayabji

Sub Editor

kit

വർഷങ്ങൾക്കു മുന്പ്. കൃത്യമായി പറഞ്ഞാൽ 1992ലാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്കടുത്ത് കിഴക്കന്പലത്ത് ഒരു വലിയ സ്വ പ്നത്തിനു പുതിയ നൂലിഴകൾ തുന്നിച്ചേർക്കാൻ തുടങ്ങിയത്. ആ സ്വപ്നത്തിനു നിറപ്പൊലിമ കൂട്ടി ഓരോ പുതിയ തൊഴിലാളി വന്നുചേർന്നപ്പോഴും വർഷങ്ങൾക്കിപ്പുറം തെക്കേ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം സ്ത്രീതൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമായി അതു വളരുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

kit 3 22 ദേശക്കാർ – വിനയ സണ്ണി (കേരളം), സോബിയ (തമിഴ്നാട്), പ്രകൃതി (ആന്ധ്രപ്രദേശ്), ലിജി (കർണാടക), മധുസ്മിത (ഒഡിഷ), യാദേം (ആസാം), ദിസ്മ (ഝാർഖണ്ഡ്), ബെനഡിക്ട ടിർകി (യുപി), സുജാത (മിസോറാം), മേനൊക (മണിപ്പൂർ), അനാമിക (മേഘാലയ), മംമ്ത (നാഗാലാൻഡ്), ഹംതി (ത്രിപുര), സോഹാജിനി (പശ്ചിമ ബംഗാൾ), ബസന്തി (ബിഹാർ), കൽപന (മധ്യപ്രദേശ്), അർച്ചില (ഗുജറാത്), റിംഗൽ (സിക്കിം), സ്ഗ്രിപി (തെലങ്കാന), ജ്യോതി (പഞ്ചാബ്), ഗായത്രി (ഛത്തീസ്ഗഡ്), ഹൽദ (രാജസ്ഥാൻ)

ഇന്ത്യയൊട്ടാകെ 22 സംസ്ഥാനങ്ങളിൽ നിന്നുള്ള 8000 സ്ത്രീകൾ ഒരേ മനസ്സോടെ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ പേര് കിഴക്കന്പലം ടെക്സ്റ്റൈൽസ് എന്നാണ്. അതിന്റെ ചുരുക്കെഴുത്താണ് മലയാളിക്ക് ഏറെ പരിചിതം, കിറ്റക്സ് ഗാർമെന്റ്സ്. പ്രവർത്തനമാരംഭിച്ച് 25 വർഷം പിന്നിടുന്പോൾ അമേരിക്ക ഉൾപ്പടെയുള്ള ആഗോളവിപണിയിൽ കുഞ്ഞുടുപ്പുകളുടെ വിൽപനയിൽ രണ്ടാം സ്ഥാനത്താണ് കിറ്റക്സിന്റെ സ്ഥാനം.

കിഴക്കന്പലമെന്ന കൊച്ചുഗ്രാമത്തിൽ ജനിച്ച് അമേരിക്ക വരെ വളർന്ന കന്പനിയുടെ വിജയത്തിനു പിന്നിൽ നിരവധി സ്ത്രീകളുടെ പരിശ്രമമുണ്ടെന്ന് കിറ്റക്സിന്റെ അമരക്കാരായ ബോബി എം. ജേക്കബും സാബു എം. ജേക്കബും പറയുന്നു. ‘‘ഒരേ ജോലി പതിവായി ശ്രദ്ധയോടെ ചെയ്യാനുള്ള കഴിവ് സ്ത്രീകൾക്കുണ്ട്. വളരെയധികം ക്ഷമയും ശ്രദ്ധയും വേണ്ട ജോലിയാണ് സ്റ്റിച്ചിങ്. 8000 സ്ത്രീകൾ ഒന്നിച്ചു ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കലപില സംസാരമാകും കൂടുതൽ മുഴങ്ങുക എന്നാകും കരുതുക. പക്ഷേ, കന്പനിക്കുള്ളിൽ കയറിയാൽ തങ്ങളുടെ ടാർഗറ്റ് കൃത്യമായി പൂർത്തിയാക്കുന്ന പെൺകൂട്ടമാണ് കാണുക. അത്രമാത്രം കരുതലോടെ, അമ്മയുടെ സ്നേഹത്തോടെയാണ് ഓരോ കുഞ്ഞുടുപ്പും അവർ തുന്നിയെടുക്കുന്നത്. അതാണ് ഞങ്ങളുടെ വിജയവും.’’

60 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കിറ്റക്സ് ക്യാംപസിൽ 20 ലക്ഷം സ്ക്വയർ ഫീറ്റിലാണ് കന്പനി കെട്ടിടമുള്ളത്. പൂർണമായും ശീതീകരിച്ച ആദ്യത്തെ ഗാർമെന്റ് ഫാക്ടറിയാണ് ഇവിടുത്തേത്. രാവിലെ എട്ടുമണിക്ക് ആദ്യത്തെ സൈറൺ മുഴങ്ങുമ്പോഴേക്കും പല നിറങ്ങളിലുള്ള യൂണിഫോമിട്ട് 8000 പെൺമണികളും തങ്ങളുടെ സീറ്റിലെത്തിയിട്ടുണ്ടാകും. വൈകിട്ട് അഞ്ചുമണിയായാൽ സ്വിച്ചിട്ടതു പോലെ ജോലികൾ പൂർത്തിയാക്കി ഹോസ്റ്റൽ മുറിയിലേക്ക്. ഉച്ചഭക്ഷണത്തിനായി കാന്റീനിലേക്ക് പോകുന്നതും ഹോസ്റ്റലിലേക്കുള്ള പോക്കും വരവും ‘വനിത’യ്ക്കു വേണ്ടി ഫോട്ടോയെടുക്കാൻ തയാറായി 8000 പേരും മുറ്റത്തെത്തിയതും വരിയായിത്തന്നെ.

നഴ്സാകാനെത്തിയ മഞ്ജു


1993ൽ കമ്പനി രജിസ്റ്റർ ചെയ്ത കാലത്ത് വനിതാ തൊഴിലാളികളെ ആവശ്യമുണ്ടെന്നു കാണിച്ച് ഒരു പത്രപ്പരസ്യം വന്നു. ഒരു വർഷം ജോലി ചെയ്ത് നഴ്സിങ്ങിനു ചേരാനുള്ള പൈസ സന്പാദിക്കാനാണ് തൊടുപുഴക്കാരിയായ മഞ്ജുവും കൂട്ടുകാരിയും ഇന്റർവ്യൂവിനു വന്നത്. ബാക്കി കഥ മഞ്ജു പറയും, ‘‘ആകെ നാൽപതു പേരെ സെലക്ട് ചെയ്ത ബാച്ചിൽ ട്രെയിനിയായിട്ടാണ് ചേർന്നത്. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും എനിക്കു തിരികെ പോകാൻ മടിയായി. പിന്നെ കുറച്ചുകാലം ടെയ്‌ലറായി. വിവാഹം കഴിക്കുന്നതു വരെ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്ക് പ്രമോഷൻ കിട്ടി സൂപ്പർവൈസറായി. പിന്നെ സെക്‌ഷൻ ഇൻചാർജ്. ഇപ്പോൾ ജോലി ചെയ്യുന്നത് പ്രൊഡക്‌ഷൻ മാനേജരായാണ്, ഒന്നേകാൽ ലക്ഷം രൂപ ശന്പളമുണ്ട്. മക്കൾ രണ്ടുപേരും മിടുക്കികളായി പഠിക്കുന്നു. നാട്ടിലെ വീടിനു പുറമേ കിഴക്കന്പലത്തു സ്ഥലം വാങ്ങിയിട്ടുമുണ്ട്.’’ ചിരിച്ചുകൊണ്ട് മഞ്ജു സീറ്റിലേക്ക് മടങ്ങി

ഞങ്ങളാണ് സീനിയേഴ്സ്

1995ൽ കമ്പനി കമ്മിഷൻ ചെയ്ത കാലം മുതൽ മഞ്ജുവിനൊപ്പം ജോലി ചെയ്യുന്ന മൂന്നു സ്ത്രീകൾ ഇപ്പോഴും ഇവിടെയുണ്ട്, ടിജിയും മേരി വർഗീസും അനിത ബി. നായരും. കിറ്റക്സിന്റെ കോളജിൽ നിന്ന് ഫാഷൻ ടെക്നോളജി പാസായിട്ടാണ് ടിജി ഇവിടെ ചേർന്നത്. ഇപ്പോൾ ഇൻഡസ്ട്രിയൽ എൻജിനിയറായി ജോലി ചെയ്യുന്നു. ഉൽപന്നങ്ങളെ പറ്റി ടിജി പറയുന്നതിങ്ങനെ, ‘‘കിറ്റക്സ് എന്നു കേൾക്കുമ്പോൾ ലുങ്കിയും ബെഡ്ഷീറ്റും വിപണിയിലെത്തിക്കുന്ന കമ്പനിയെ ന്നാണ് പലരുടെയും ധാരണ. എന്നാൽ കുട്ടികളുടെ വസ്ത്രനി ർമാണ രംഗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനവും ലോകത്ത് മൂന്നാം സ്ഥാനവുമാണ് കിറ്റക്സിന്. നവജാതശിശുക്കൾക്കു മുതൽ രണ്ടുവയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് വ സ്ത്രങ്ങൾ തുന്നുന്നത്. തുണി നെയ്തെടുക്കുന്നതും ഇവിടെ തന്നെ. മൃദുവായ തുണിയാകണമെന്നു മാത്രമല്ല, നല്ല ബലവുമുണ്ടാകണം. കുഞ്ഞുങ്ങൾ ഉടുപ്പുകൾ കടിക്കുമ്പോൾ ഉമിനീരിൽ കലർന്ന് വയറ്റിലെത്താവുന്ന രാസപദാർഥങ്ങളൊന്നും പാടില്ല. അതിനാൽ ഉപയോഗിക്കുന്ന നിറങ്ങളെല്ലാം ഓർഗാനിക്കാണ്. അമേരിക്കയിലെ 28,000 സ്റ്റോറുകളിലേക്കായി പ്രതിദിനം ആറര ലക്ഷം ഉടുപ്പുകളാണ് കയറ്റിയയക്കുന്നത്. ലിറ്റിൽ സ്റ്റാർ എന്ന പേരിൽ കിറ്റക്സിന്റെ സ്വന്തം ബ്രാൻഡും അമേരിക്കയിൽ വിൽക്കുന്നു.’’
ഡിഗ്രി കഴിഞ്ഞ് മറ്റൊരു സ്ഥാപനത്തിൽ കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് മേരി വർഗീസ് കിറ്റക്സിലെത്തിയത്. സൂപ്പർവൈസർ ട്രെയിനിയായി ചേർന്ന മേരി ഇപ്പോൾ സെക്‌ഷൻ ഇൻ ചാർജാണ്. ‘‘സൗത്ത് പറവൂരിലാണ് എന്റെ നാട്. കല്യാണം കഴിഞ്ഞു മൂന്നുമാസത്തിനു ശേഷം ഒരപകടത്തിൽ പെട്ട് ഭർത്താവിന്റെ ഇടതുകൈ നഷ്ടമായി. ആശുപത്രിയിൽ നിന്നെത്തി അൽപമൊന്നു ആശ്വാസമായ ഘട്ടത്തിൽ വീട്ടിൽ സ്കൂബി ഡേ ബാഗിന്റെ യൂണിറ്റ് കന്പനി തന്നെ തുടങ്ങിത്തന്നു. ഇപ്പോൾ 50 പേർ അവിടെ ജോലി ചെയ്യുന്നു. ജീവനക്കാരുടെ കുടുംബങ്ങളെ ഇത്രമാത്രം ചേർത്തുനിർത്തുന്ന മറ്റൊരിടം ഉണ്ടാകില്ല.’’

kit 6 ടിജി, മേരി വർഗീസ്, മഞ്ജു, അനിത

പ്ലസ്ടു കഴിഞ്ഞു ഹെൽപറായി ജോയിൻ ചെയ്ത അനിത പിന്നീട് സൂപ്പർവൈസർ ട്രെയിനിയായും സൂപ്പർവൈസറായും ജോലി ചെയ്ത ശേഷം ഇപ്പോൾ സെക്‌ഷൻ ഇൻ ചാർജാണ്. ബിസിനസ് മാന്ദ്യത്തിലായ കാലത്തും കുഞ്ഞുടുപ്പുകളുടെ ബിസിനസ് മുകളിലേക്കു തന്നെയാണെന്ന് അനിത പറയുന്നു, എത്ര പ്രയാസമുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആരും വിട്ടുവീഴ്ച ചെയ്യാറില്ലല്ലോ.

ആദ്യം പരിശീലനം, പിന്നെ ജോലി

ഏതു ക്ലാസിൽ വച്ച് പഠിത്തം നിർത്തിയ ആളായാലും കിറ്റക്സിലെത്തിയാൽ പരിശീലനം പൂർത്തിയാക്കി ജോലിക്ക് കയറാമെന്നതാണ് പ്രത്യേകതയെന്ന് ട്രെയിനിങ് സൂപ്പർവൈസറായ ബിന്ദു പറയുന്നു. ‘‘45 ദിവസത്തെ ട്രെയിനിങ്ങിൽ തയ്യലും ഭാഷയും കംപ്യൂട്ടറുമൊക്കെ പഠിപ്പിക്കും. കേന്ദ്രസർക്കാരിന്റെ ഗ്രാമീണ തൊഴിൽ പരിശീലന പദ്ധതിയായ ദീൻ ദയാൽ ഉ പാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന വഴി ട്രെയിനിങ് നൽകുന്ന സെന്ററും ഇവിടെയുണ്ട്. 500ൽ അധികം പേർ ഇവിടെ ട്രെയിനിങ് പൂർത്തിയാക്കി.
ഇവിടെ വന്നു ജോലി ചെയ്ത് നാട്ടിൽ വീടുവച്ച അന്യ ദേശക്കാരുണ്ട്. അവരുടെ നേട്ടം കണ്ടാണ് പരിചയക്കാരും ബന്ധുക്കളുമൊക്കെ വരിക. എല്ലാ തിങ്കളാഴ്ചയും നൂറോളം പേരെങ്കി ലും കന്പനിയിൽ ചേരാനെത്തും. പരസ്യമൊന്നുമില്ലാതെ ആളുകൾ ജോലിക്കെത്തുന്ന ഏക സ്ഥാപനവും ഇതാകും.’’

ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജനയുടെ ഓഡിറ്റർമാർ കഴിഞ്ഞ ദിവസം ഇവിടെയെത്തി സ്ഥിതിഗതികൾ വിലയിരുത്തി മടങ്ങിയതേയുള്ളൂ.

പൊലീസിൽ ജോലി കിട്ടിയ മായ

ഗാർമെന്റ്സ് സെക്‌ഷനിലെ ക്വാളിറ്റി സൂപ്പർവൈസറായ ഉത്തർ പ്രദേശുകാരി മായാ യാദവിനു ഇവിടത്തെ ജോലി ‘വലരെ ഇസ്ടമായി’ എന്നു പറഞ്ഞൊപ്പിക്കാനറിയാം. പക്ഷേ, അങ്ങനെ നിസ്സാരമായി പറയാവുന്നതല്ല ആ ഇഷ്ടമെന്നതിനു മറ്റൊരു തെളിവു കൂടിയുണ്ട്. യുപി പൊലീസിൽ വനിതാ പൊലീസ് കോൺസ്റ്റബിളായി കിട്ടിയ ജോലി വേണ്ടെന്നു വച്ചിട്ടാണ് മായ ഇവിടെ നിൽക്കുന്നത്. ‘‘2011ൽ ഇവിടെ ജോലിക്കു വരുമ്പോൾ ഞാൻ പ്ലസ്ടു പാസായിട്ടേയുള്ളൂ. രണ്ടുവർഷം കഴിഞ്ഞാണ് യുപി പൊലീസിൽ സെലക്‌ഷൻ കിട്ടിയത്. പക്ഷേ, ഇതാണു നല്ലതെന്നു തോന്നി. ഇപ്പോൾ ഞാൻ സൂപ്പർവൈസറാണ്.’’ ഇത്ര ചെറിയ വിദ്യാഭ്യാസമുള്ള വർക്കും ഇത്ര നല്ല ശമ്പളമുള്ള ജോലി വേറെ എവിടെ ലഭിക്കുമെന്നു ചോദിക്കുന്നു മായയുടെ കൂട്ടുകാരികളായ മാളുവും രമ്യയും ശാന്തിയും.

kit 5 മായാ യാദവും കൂട്ടുകാരികളും

രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെയാണ് ജോലി സമയം. ഉച്ചയ്ക്ക് ഒരു മണിക്കൂർ ഉച്ചഭക്ഷണസമയം. 8100 രൂപയാണ് ട്രെയിനിക്ക് നൽകുന്ന തുടക്ക ശന്പളം. വേജ് ബോർഡ് ശുപാർശ ചെയ്ത വേതനമാണിത്. ഒപ്പം പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങളും. ഭക്ഷണവും താമസവും സൗജന്യമാണ്. ഒരു വർഷത്തിനിടെ നാലുഘട്ടങ്ങളിലായി ട്രെയിനിങ് പൂർത്തിയാകും. ഈ നാലുഘട്ടങ്ങളിലും ശമ്പള വർധനയുണ്ട്, വിശേഷാവസരങ്ങളിൽ ബോണസും. ഞായറാഴ്ചയ്ക്കും പൊതുഅവധി ദിവസങ്ങൾക്കും പുറമേ ഓണത്തിനും ക്രിസ്മസിനും ഈസ്റ്ററിനും എട്ടു ദിവസം വീതം അവധിയുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന കമ്പനിയുടെ കലാകായിക മത്സരങ്ങൾക്കായുള്ള ഒരുക്കത്തിലാണ് പുഷ്പ കർക്കേട്ടയും റെയ്മുനിയും കുമാരി പ്രിയങ്കയും. മുമ്പ് ഓണത്തിനു മാത്രമാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കൂടുതലായി എത്തിയതോടെ ബിഹുവും ദീപാവലിയും നവരാത്രിയും ബൈശാഖിയുമെല്ലാം ഇവർ ആഘോഷിച്ചുതുടങ്ങി.

ആശ ചേച്ചിയുടെ അടുക്കള


ഒരു ദിവസം നാലു നേരവുമായി 33,000 മുതൽ 36,000 പേർ വരെ ഭക്ഷണം കഴിക്കുന്ന കാന്റീനിന്റെ ചുമതലക്കാരിയായ ആശ എന്നു വിളിപ്പേരുള്ള തൃപ്പൂണിത്തുറക്കാരി രാജലക്ഷ്മി യും 23 വർഷമായി ഇവിടെ ജോലി ചെയ്യുന്നതാണ്. അടുക്കള വിശേഷങ്ങൾ പറയാനെത്തിയ ആശയെ പൊതിഞ്ഞുനിൽക്കുകയാണ് ഒറീസക്കാരായ സപ്നാറാണി നായികും ജെർണാ പാനിയും ആസാമുകാരിയായ അമിനാ റൂത്യയും സുനിത കുജൂറും. ഉച്ചയ്ക്കു വിളമ്പിയ സബ്ജിയുടെ സന്തോഷമാണ് അവരുടെ മുഖത്തെന്ന് ആശ ചേച്ചി പറയുന്നു. ‘‘രാവിലെ ദോ ശ, ഇഡ്ഡലി, ചപ്പാത്തി, പൂരി, അപ്പം എന്നിങ്ങനെ വിഭവങ്ങൾ മാറിമാറി വരും. ഉച്ചയ്ക്ക് എല്ലാ ദിവസവും ചിക്കൻ ഉണ്ടാകും. തെക്കേ ഇന്ത്യക്കാർക്കായി തോരൻ, സാമ്പാർ, മെഴുക്കുപുരട്ടി, അച്ചാർ എന്നിവയും വടക്കേ ഇന്ത്യക്കാർക്കായി ചപ്പാത്തിയും സബ്ജിയും ദാൽ കറിയും. വൈകിട്ട് ചായയും ചെറുകടിയും. അത്താഴത്തിനു ചോറിനൊപ്പം മീൻ. ആരോഗ്യക്കുറവും രക്തക്കുറവുമൊക്കെ ഉള്ളവർക്ക് പ്രത്യേകം പാലും മുട്ടയുമൊക്കെ നൽകും.

kit 4 അടുക്കള വിശേഷങ്ങളുമായി ആശ

ഇത്രയും പേർക്ക് ഒന്നിച്ചു ഭക്ഷണം തയാറാക്കണമെന്നതിനാൽ ഉള്ളിയും ഉരുളക്കിഴങ്ങും തൊലി കളയാനും അരിയാനും ചോറും കറികളും വയ്ക്കാനും പാത്രം കഴുകാനുമൊക്കെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത മെഷീനുകളാണുള്ളത്. അടുക്കളയിൽ ആകെയുള്ള ഇന്ത്യൻ നിർമിത യന്ത്രം ചപ്പാത്തി മെഷീനാണ്. ഒരു ദിവസത്തേക്ക് ചപ്പാത്തി തയാറാക്കാനായി രണ്ടായിരം കിലോയോളം ഗോതമ്പുപൊടി വേണമെന്നു പറയുന്പോൾ ബാക്കിയുള്ളവ ഊഹിക്കാമല്ലോ.’’

മെഗാ തിരുവാതിരയിലൂടെ ഗിന്നസിലും

ഈ വർഷമാദ്യം തൃപ്പൂണിത്തുറയിലെ പാർവണേന്ദു സ്കൂൾ ഓഫ് ഡാൻസുമായി ചേർന്ന് മെഗാ തിരുവാതിര കളിച്ച് ഗിന്നസ് റെക്കോഡിലുമെത്തി ഇവിടത്തെ പെൺകൊടിമാർ. പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സാരിയുടുപ്പിച്ചും തിരുവാതിര പഠിപ്പിച്ചും ഓടിനടന്ന കാര്യം പറയുമ്പോൾ അനിതയ്ക്ക് ചിരിയാണ്. ‘‘6000 പേരെയാണ് തിരുവാതിര കളിപ്പിച്ചത്. മലയാളത്തിന്റെ ലാസ്യഭാവങ്ങൾ അത്രകണ്ട് അവർക്ക് വഴങ്ങുകയുമില്ല. എല്ലാ ദിവസവും വൈകിട്ട് ഗ്രൗണ്ടിൽ വലിയ വൃത്തം വരച്ചിട്ടാണ് പഠിപ്പിച്ചത്. നാൽപതുപേർ വീതമുള്ള ഗ്രൂപ്പുകളാക്കി ആദ്യം ഗ്രൂപ് ലീഡർമാരെ പഠിപ്പിച്ചു. ഒന്നരമാസം പരിശീലിച്ചിട്ടാണ് റെക്കോഡിനു വേണ്ടി കളിച്ചത്.

kit 2 റെക്കോർഡ് തിരുവാതിര

മറ്റു സംസ്ഥാനക്കാരെ സാരി ഉടുപ്പിക്കുന്നതായിരുന്നു അതിലും രസം. എല്ലാവർക്കും ഒരേ തരത്തിലുള്ള ബ്ലൗസ് ഇവിടെവച്ചു തന്നെ അളവെടുത്ത് തയ്പ്പിച്ചു. സാരി അഴിഞ്ഞുപോകാതിരിക്കാൻ പുറത്തുകൂടി ചരടുകൊണ്ട് കെട്ടണമെന്നു പറഞ്ഞിരുന്നു. പക്ഷേ, അസമിൽ നിന്നുള്ള കുട്ടികൾ സാരി ക്കും മുന്താണിക്കും മുകളിലൂടെ അരപ്പട്ട കെട്ടും പോലെ ച രട് കെട്ടിവച്ചാണ് വന്നത്.’’

കൗൺസലിങ്ങും സെക്യൂരിറ്റി സംവിധാനവും

കട്ടിങ് മെഷീന്റെയും തയ്യൽ മെഷീന്റെയും എംബ്രോയിഡറി മെഷീന്റെയുമൊക്കെ ശബ്ദം മാത്രം മുഴങ്ങുന്ന യൂണിറ്റിനു ള്ളിൽ ഇടയ്ക്ക് ചില ചെറിയ ഭൂകന്പങ്ങളുണ്ടാകുമെന്ന് സിസ്റ്റർ ലിറ്റിയും ക്രിസ്റ്റിയും പറയുന്നു. ‘‘ഹോം സിക്ക്നെസ് കൂടുതലുള്ള കുട്ടികൾ ഇടയ്ക്ക് പ്രശ്നമുണ്ടാക്കും. മറ്റു സംസ്ഥാനങ്ങളിലെ കുട്ടികൾക്കിടയിൽ ഈ പ്രശ്നം രൂക്ഷമായതോടെയാണ് കൗൺസലിങ് ആരംഭിച്ചത്. വയറുവേദന എന്നൊക്കെ പറഞ്ഞാണ് മിക്കവരും മിണ്ടാതെ നടക്കുന്നത്. അടുത്തുവിളിച്ച് ചോദിക്കുന്പോഴാണ് നാട്ടിലെ കാര്യങ്ങൾ പറയുക. അമ്മയെയും സഹോദരങ്ങളെയും കാണാതെ മാറി നിൽക്കുന്നതിന്റെ വിഷമമാണ് മിക്കവർക്കും. കൈയിൽ യാതൊരു സന്പാദ്യവുമില്ലാതെ വരുന്ന കുട്ടികളെ സേവിങ്സ് ഉണ്ടാക്കാൻ പഠിപ്പിക്കുന്നതു മുതൽ പ്രശ്നങ്ങൾ ഉറക്കെ പറയാനും പരിഹാരം തേടാനും വരെ പടിപ്പിക്കും. പ്രാർഥനയ്ക്കു പ്രത്യേക സമയമുണ്ട്. പുറത്ത് പള്ളിയിലോ അന്പലത്തിലോ പോകണമെന്നുള്ളവരെ കന്പനിയിൽ നിന്ന് വണ്ടിയിൽ കൊണ്ടുപോകും.’’ ഹോസ്റ്റലിലെ കുട്ടികളുടെ പൂർണമായ ഉത്തരവാദിത്തമുള്ള പെൺകുട്ടികളുടെ സെക്യൂരിറ്റി സിസ്റ്റവും ഇവിടത്തെ പ്രത്യേകതയാണെന്ന് ഹോസ്റ്റൽ ഇൻചാർജ് ഗീത പറയുന്നു. ‘‘പുറത്തു നിന്ന് കുട്ടികളെ കാണാൻ വരുന്നവരുടെ രജിസ്റ്റർ, ലീവ്, അസുഖം വന്നു ആശുപത്രിയി ലാക്കിയാൽ കൂട്ടിരിപ്പ് തുടങ്ങിയവയെല്ലാം ഞങ്ങളുടെ ഉത്തരവാദിത്തമാണ്.’’

സ്ത്രീകളുടെ കഥകൾ മാത്രം പറയുന്നതു കൊണ്ട് കിറ്റക്സിൽ സ്ത്രീതൊഴിലാളികൾ മാത്രമേയുള്ളൂവെന്നു കരുതരുത്. ആകെയുള്ള തൊഴിലാളികളിൽ 85 ശതമാനം മാത്രമാണ് സ്ത്രീകൾ. ഇവർക്കൊപ്പം പുരുഷന്മാരുടെ വലിയ നിര തന്നെയുണ്ടെന്ന് കന്പനിയിലെ ആദ്യകാല ഉദ്യോഗസ്ഥനും ഇപ്പോൾ പ്രൊഡക്ഷൻ മാനേജരുമായ ക്ലമന്റ് വി.ജെ പറയുന്നു. ‘‘ഇത്രയധികം പുരുഷന്മാരുടെ പിന്തുണയുണ്ടെങ്കിലും കിറ്റക്സിന്റെ ഈ തിളക്കത്തിനു പിന്നിൽ സ്ത്രീകളാണെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല.’’ ക്ലമന്റിന്റെ വാക്കുകൾ സത്യമാണെന്നു വിളിച്ചുപറയുന്ന തരത്തിൽ പല നിറങ്ങളുള്ള വർണച്ചിറകുകളോടെ ആ 8000 പെൺകുട്ടികൾ അവിടെ ഫോട്ടോയ്ക്ക് നിരന്നുനിന്നു.

വിജയത്തിൽ നാടിനൊപ്പം

ബിസിനസ് വളരുന്നതിനൊപ്പം തന്റെ ഗ്രാമത്തിന്റെ വളർച്ചയും സ്വപ്നം കണ്ടിരുന്നു കിറ്റക്സ് ഗാർമെന്റ്സ് ഉടമകളായ സാബു ജേക്കബും ബോബി ജേക്കബും. അതിന്റെ ഭാഗമായി കിഴക്കമ്പലം പഞ്ചായത്തിനെ ഏറ്റെടുത്ത് പുരോഗമനപരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ് കിറ്റക്സ്. ഒരു കിലോ അരിക്ക് പത്തു രൂപ, അര ലിറ്റർ പാലിന് പത്തു രൂപ, മുട്ട മൂന്നു രൂപ, ഒരു കിലോ വെളിച്ചെണ്ണ 90 രൂപ, ഒരു കിലോ പാമോയിൽ 40 രൂപ, ചെറുപയര്‍, വന്‍പയര്‍, പരിപ്പ്, കടല എന്നിവയടങ്ങിയ രണ്ടു കിലോയുടെ ദാല്‍കിറ്റ് 90 രൂപ, പഞ്ചസാര കിലോ 15 രൂപ, അപ്പപൊടിക്കും പുട്ടുപൊടിക്കും കിലോയ്ക്ക് 25 രൂപ, ഏത്തപ്പഴം കിലോ 25 രൂപ എന്നിങ്ങനെ ട്വന്റി 20 പദ്ധതി സ്റ്റാളുകളിലൂടെ നിത്യോപയോഗ സാധനങ്ങളെല്ലാം ആവശ്യക്കാർക്ക് ലഭ്യമാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളെ പിന്തള്ളി നാട്ടുകാരുടെ കൂട്ടായ്മയായ ട്വന്റി 20 ഭരണം പിടിച്ചെടുത്തതും ഈ സേവന പ്രവർത്തനങ്ങൾക്കുള്ള ജനപിന്തുണയോടെയായിരുന്നു. 2020 ആകുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തായി കിഴക്കമ്പലത്തെ ഉയർത്തുകയാണ് ട്വന്റി 20 പദ്ധതിയുടെ ലക്ഷ്യം.

1992ൽ രജിസ്റ്റർ ചെയ്ത കിറ്റക്സ് ഗാർമെന്റ്സ് 2000 വരെ പല പ്രോഡക്ടുകളും വിപണിയിലെത്തിച്ചെങ്കിലും കുട്ടികളുടെ വസ്ത്ര കയറ്റുമതിയിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ. ആഗോളപ്രമുഖരായ മദർകെയർ, കാർട്ടേർസ്, ചിൽഡ്രൻസ് പ്ലേസ്, ഗർബർ, ടോയ്സറാസ്, ആമസോൺ, വാൾമാർട്ട്, ടാർഗറ്റ്, ബൈബൈ ബേബി, റോസ് സ്റ്റോർസ് തുടങ്ങിയ കമ്പനികൾ കിറ്റക്സിന്റെ ഇടപാടുകാരാണ്.