Saturday 27 June 2020 02:32 PM IST

പിഎച്ച്ഡി ഓപൺ ഡിഫൻസ് ഓൺലൈനിലൂടെ; ചരിത്രം കുറിച്ച് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല!

Roopa Thayabji

Sub Editor

thirus-ggmknkn

തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പിഎച്ച്ഡിയിലും ചരിത്രം കുറിക്കുന്നു. ലോക് ഡൗണിനെ തുടർന്ന് കോളജ് അവധിയായ സാഹചര്യത്തിൽ പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിന്റെ വാചാപരീക്ഷ (ഓപൺ ഡിഫൻസ്) ഓൺലൈനിലൂടെ നടത്തിയാണ് മലയാള സർവകലാശാല ചരിത്രത്തിലേക്ക് കാൽവച്ചത്.

മാധ്യമപഠന വിഭാഗത്തിലെ കൃപ കെ.പിയുടെ ‘ജനപ്രിയ ചലച്ചിത്രങ്ങളിലെ പെണ്ണിടം: സ്ത്രീ ചലച്ചിത്രാനുഭവത്തെ ആസ്പദമാക്കിയുള്ള പഠനം’ എന്ന ഗവേഷണ പ്രബന്ധമാണ് ഓൺലൈനിലൂടെ ഓപൺ ഡിഫൻസ് നടത്തിയത്. രാവിലെ 10.30 ന് തിരൂരിൽ സർവകലാശാല സെമിനാർ ഹാളിൽ നിന്ന് ആരംഭിച്ച ഓപൺ ഡിഫൻസിൽ കൃപയോടൊപ്പം റിസർച്ച് ഗൈഡും മലയാള സർവകലാശാലയിലെ മാധ്യമപഠന വിഭാഗം മേധാവിയുമായ ഡോ.ആർ. രാജീവ് മോഹനും ഉണ്ടായിരുന്നു. അക്കാദമിക് കൗൺസിൽ അംഗങ്ങളായ ഡോ.എം. ശ്രീനാഥൻ, ഡോ.ടി. അനിതകുമാരി എന്നിവരും മറ്റ് അധ്യാപകരും  ഓപ്പൺ ഡിഫൻസിൽ പങ്കെടുത്തു. 

മാധ്യമപഠന വിഭാഗത്തിലെ രണ്ടാമത്തെ ഗവേഷണ പ്രബന്ധത്തിന്റെ ഓപൺ ഡിഫൻസ് ഉച്ച കഴിഞ്ഞ് ഗൂഗിൾ മീറ്റ് വഴി നടന്നു. ഓൺലൈൻ വഴി നടത്തിയ ഓപൺ ഡിഫൻസിൽ തത്സമയം തന്നെ മൂന്ന് അധ്യാപകരുടെ മൂല്യനിർണയ റിപ്പോർട്ടും അവതരിപ്പിച്ചു. ഓപൺ ഡിഫൻസ് തത്സമയം വീക്ഷിച്ചത് നൂറിലേറെ അധ്യാപകരും വിദ്യാർഥികളുമാണ്. കേരളത്തിൽ നേരത്തെ കണ്ണൂർ സർവകലാശാലയിലും കാലിക്കറ്റ് സർവകലാശാലയിലും കേരള സർവകലാശാലയിലും ഓൺലൈനിൽ ഓപ്പൺ ഡിഫൻസ് നടത്തിയിരുന്നു.

Tags:
  • Spotlight