ടെന്‍ഷന്‍ മാറ്റി നിര്‍ത്തി മനസ്സ് ശാന്തമാക്കിയും കൊഴുപ്പില്ലാത്ത ആരോഗ്യകരമായ ഭക്ഷണം കഴിച്ചും പൊന്നുപോലെ നോക്കിയാല്‍ ഹൃദയം എന്നും ഹാപ്പിയായി കൂടെ നില്‍ക്കും. കൂടുതല്‍ കഷ്ടപ്പെടുത്തിയാല്‍ ചങ്ങാതി നമ്മളെയും കഷ്ടപ്പെടുത്തും. നിനച്ചിരിക്കാതെയാണ് ഇന്ന് ഹൃദയാഘാതങ്ങളുണ്ടാകുന്നത്. ഹൃദയത്തിനുണ്ടാകാവുന്ന അപകടങ്ങള്‍ കുറയ്ക്കാനും ഹൃദയാഘാതത്തെ അകറ്റി നിര്‍ത്താനും നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

സ്‌ക്രീന്‍ ടൈം സ്വയം തീരുമാനിക്കാം. അതില്‍ക്കൂടുതല്‍ നേരം ടിവിയുടെയോ കംപ്യൂട്ടറിന്റെയോ മുന്നിലോ മൊബൈല്‍ ഫോണിലോ സമയം കളയരുത്. ദിവസവും രണ്ട് മണിക്കൂര്‍ ഒരേ ഇരിപ്പിലിരുന്ന് ടിവി കാണുന്നത് ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത കൂട്ടും.മൊബൈലിന്റെ റിങ്‌ടോണ്‍ മതി ഒരാളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ദിവസേന ഇത്ര മണിക്കൂര്‍ എന്ന് തീരുമാനിച്ചുറപ്പിക്കുക. ആഴ്ചയിലൊരിക്കല്‍ ഇവയെല്ലാം സ്വിച്ച് ഓഫ് ചെയ്തു വച്ച് കുറച്ചേറെ നേരം ഇരിക്കാനും സമയം നീക്കിവയ്ക്കുക.

ADVERTISEMENT

പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കൂടുതലായി ഉള്‍പ്പെടുത്തിയ ഭക്ഷണരീതിയാണ് നല്ലത്. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ സഹായിക്കുന്ന ഡാഷ് ഡയറ്റ് പോലുള്ളവ ശീലിച്ചു നോക്കാം. കൊഴുപ്പില്ലാത്ത ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കാം. വല്ലപ്പോഴും കഴിക്കാമെന്നല്ലാതെ ദിവസേന ചിക്കനും ബീഫും ജങ്ക് ഫൂഡും കഴിക്കുന്നത് അപകടം വരുത്തുമെന്ന് പ്രത്യേകം പറയേണ്ടതില്ല. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിവുള്ള പൊട്ടാസ്യം ധാരാളമടങ്ങിയ ഉരുളക്കിഴങ്ങും ഒപ്പം ഗ്രീന്‍പീസും ചേര്‍ത്ത് കറിയായോ മെഴുക്കുപുരട്ടിയായോ കഴിക്കാം. കൂടുതല്‍ എണ്ണയൊഴിച്ച് ഫ്രൈ ആക്കാതെ വേവിച്ച് കഴിക്കുന്നതാണ് കൂടുതല്‍ ഗുണകരം.

കൂര്‍ക്കംവലിയുണ്ടെങ്കില്‍ വൈകിക്കാതെ ഡോക്ടറെക്കണ്ട് കൃത്യമായ കാരണം അറിയുകയും പരിഹാരം തേടുകയും ചെയ്യുക. തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന രക്തക്കുഴലിലെ എന്തെങ്കിലും തടസ്സത്തിന്റെ ലക്ഷണമാകാം ഒരുപക്ഷെ കൂര്‍ക്കംവലി. ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവരില്‍ കൂര്‍ക്കംവലി കാണാറുണ്ട്. വയസ്സായവര്‍ക്ക് 7-9 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. സ്ലീപ് ആപ്നിയ പോലെ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവരില്‍ ഉറക്കത്തിനിടയില്‍ പലതവണ ശ്വാസോച്ഛ്വാസം നിന്നു പോകാന്‍ സാധ്യതയുണ്ട്. ഇത്തരം ഉറക്കപ്രശ്‌നങ്ങളുണ്ടെങ്കില്‍ എത്രയും വേഗം ചികിത്സ തേടണം.

ADVERTISEMENT

ഒറ്റയ്ക്ക് കഴിയുന്നവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മനസ്സിനിണങ്ങിയ കൂട്ടുകാരുമായോ ബന്ധുക്കളോടോ ആശയവിനിമയം നടത്തി 'കണക്റ്റഡ്' ആയിരിക്കുക. സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കുക. അതിനു വഴിയില്ലെങ്കില്‍ വീട്ടില്‍ ഒരു പെറ്റിനെ വളര്‍ത്തി അവയോട് സംസാരിച്ചും കളിച്ചും സന്തോഷമായി സമയം ചെലവിടാം. മനസ്സിന് ആശ്വാസം കിട്ടും. അതുമല്ലെങ്കില്‍ ഡയറി എഴുതുന്നത് ശീലമാക്കി മനസ്സിന്റെ ഭാരം ഇറക്കിവച്ചോളൂ.

വിഷമങ്ങള്‍ മനസ്സിലിട്ടു കൊണ്ടു നടക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമാകും. ക്രിയേറ്റിവ് ആയ കാര്യങ്ങള്‍ ചെയ്ത് മനസ്സിനെ സന്തോഷമാക്കി വയ്ക്കുക. വയസ്സ് ഒന്നിനും ഒരു തടസ്സമല്ല എന്ന ആറ്റിറ്റിയൂഡ് വ്യക്തിയെ വളരെയേറെ പൊസിറ്റീവ് ആക്കും. പണ്ട് ചെയ്തിരുന്ന കാര്യങ്ങളെല്ലാം വയസ്സാകുന്നു എന്നതിന്റെ പേരില്‍ മാറ്റിവയ്‌ക്കേണ്ടതില്ല.

ADVERTISEMENT

രക്തസമ്മര്‍ദ്ദം വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധിക്കുകയും എപ്പോഴും നിയന്ത്രണത്തിലാക്കി വയ്ക്കുകയും ചെയ്യുക. കൂടുന്നുണ്ടെങ്കില്‍ ജീവിതശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയാറാകുക. പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കണം. ശരീരഭാരം അമിതമാകുന്നത് ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടും. അതുകൊണ്ട് ശരീരഭാരവും നിയന്ത്രണത്തിലായിരിക്കട്ടെ. ദിവസേന മുടങ്ങാതെ വ്യായാമം ചെയ്യണം. ഹൃദയത്തിന്റെ ആരോഗ്യത്തിനും ശരീരത്തിലെ രക്തപ്രവാഹം ശരിയായ രീതിയിലാകാനും വ്യായാമം സഹായിക്കും. ശരീരഭാരവും നിയന്ത്രണത്തില്‍ വരും. നടത്തമോ യോഗയോ ധ്യാനമോ ശീലിച്ചാലും മതി.

ശരീരത്തിന് ദോഷകരമായ പുകവലി, മദ്യപാനശീലങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ മടിക്കേണ്ട. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടുന്നതാണ് പുകവലി. മദ്യപാനം മൂലം ശരീരഭാരവും രക്തസമ്മര്‍ദ്ദവും കൂടാന്‍ ഇടയാകുന്നു.

മനസ്സിനെ കൂള്‍ ആക്കുന്ന, ഇഷ്ടമുള്ള പാട്ടുകള്‍ ശാന്തമായിരുന്ന് ആസ്വദിച്ചു കേള്‍ക്കാന്‍ ദിവസവും അരമണിക്കൂറെങ്കിലും സമയം കണ്ടെത്തുക. മറ്റു ചിന്തകളില്ലാതെയും ഫോണ്‍ മാറ്റിവച്ചും ശാന്തമായ മനസ്സോടെ വേണം ഈ സമയം ചെലവിടാന്‍. മനസ്സ് ശാന്തമാകുന്നതോടെ രക്തക്കുഴലുകളിലെ മുറുക്കവും ടെന്‍ഷനും ഇല്ലാതാകും. ഹൃദയമിടിപ്പ് ക്രമത്തിലാകും. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാകുകയും ചെയ്യും.

ADVERTISEMENT