Monday 14 December 2020 04:54 PM IST

22 കൊല്ലം മുമ്പത്തെ വനിത കവർ ചിത്രം! അന്നത്തെ 23കാരി അമ്മയും ഒരു വയസുകാരി മകളും പോർട്ട് ബ്ലെയറിലുണ്ട്

Binsha Muhammed

niharika-mom-vanitha

ചിത്രങ്ങള്‍ കാലത്തെ ‘ഫ്രീസ് ചെയ്യും’ എന്ന് പറഞ്ഞത് എത്ര ശരിയാണ്. ആൽബങ്ങൾക്കുള്ളിൽ ചിതലരിക്കാതെ ഇരിക്കുന്ന ചിത്രങ്ങളിലേക്ക് കണ്ണോടിക്കേണ്ട താമസം, കാലം നമ്മളെ പിന്നോട്ട് കൊണ്ടു പോകും. മലയാളിയെ വായനയുടെ ഗൃഹാതുരത്വത്തിലേക്ക് കൈപിടിച്ചു നടത്തിയ വനിത മാഗസിനുമുണ്ട്, ഓർമ്മകളുടെ ആൽബങ്ങളിൽ ഒരുപിടി ചിത്രങ്ങൾ. ടെക്നോളജിയുടെ സ്പന്ദനങ്ങള്‍ ഉൾക്കൊണ്ട് പുതിയ കാലത്ത് വനിത രൂപവും ഭാവവും മാറുമ്പോഴും ചിതലും പൊടിയും തൊടാതെ ആ പഴയ ചിത്രങ്ങൾ പലപ്പോഴും നമ്മുടെ സ്മരണയുടെ  മച്ചകങ്ങളിലേക്ക് ചേക്കേറും. സുദീർഘമായ വായനാനുഭവം പേറുന്ന വനിതയുടെ പോയ കാല എഡിഷനുകൾ നിധി പോലെ സൂക്ഷിക്കുന്നവർക്കും നൊസ്റ്റാൾജിക് കഥകൾ പറയാനേറെയുണ്ട്. അത്രമാത്രം മലയാളിക്ക് ഓർമകളുടെ ചിറകുകൾ നൽകിയിരിക്കുന്നു ഈ മാഗസിൻ.

22 കൊല്ലം മുമ്പ് വനിതയുടെ കവർ ചിത്രമായ ഒരമ്മയും മകളും. നിഷ്ക്കളങ്കമായി പുഞ്ചിരി തൂകുന്ന അവരുടെ ചിത്രമാണ് ഓർമ്മകളെ പിന്നിലേക്ക് കൊണ്ടു പോയത്. 1998 നവംബർ രണ്ടാം ലക്കമായി പുറത്തിറങ്ങിയ വനിതയിലെ കവർ ചിത്രത്തിലെ താരങ്ങൾ ഇപ്പോൾ എവിടെയുണ്ടാകുമെന്ന കൗതുകം ‘വനിത ഓൺലൈനെ’ എത്തിച്ചത് പോർട്ട്ബ്ലെയറിലെ ഒരു നേവി ഡിഫൻസ് ക്വാർട്ടേഴ്സിൽ. അവിടെ 47 വയസുകാരി ഹൗസ് വൈഫിന്റെ റോളിലുണ്ടായിരുന്നു ആ പഴയ കവർ മോഡലായ അമ്മ രൂപ ശ്രീറാം. അന്നത്തെ ഒരു വയസുകാരി മകൾ നിഹാരിക ഇന്ന് ‘ഇലക്ട്രോണിക് ആൻഡ് ഇൻസ്ട്രുമെന്റേഷൻ’ ബിരുദ പഠനം പൂർത്തിയാക്കിയ 23 വയസുകാരിയും.  മലയാളം സംസാരിക്കാൻ അറിയില്ലെങ്കിലും മലയാളത്തിലെ നമ്പർ വൺ മാഗസിൻ നൽകിയ ഓർമ്മകളെ അവർ ഒരിക്കല്‍ കൂടി തിരികെ വിളിച്ചു. കൊച്ചിയിലെ ജീവിതത്തിനിടെ കന്നടക്കാരി അമ്മയും മകളും വനിത മാഗസിന്റെ കവർ മോ‍ഡലുകളായ കഥയിങ്ങനെ.

‘വനിത... സഹയാത്ര തുടരും’

ഓരോ നാടും ഞങ്ങൾക്ക് ഓരോ ഓർമ്മകളാണ്. ഭർത്താവ് ജികെ ശ്രീറാം നേവിയിൽ ഡോക്ടറാണ്. 1990കളിൽ അദ്ദേഹം കൊച്ചി നേവൽ ബേസിൽ ഡോക്ടറാണ്. കൊച്ചിയിലെ ഞങ്ങളുടെ ഫ്ലാറ്റിലെ അയൽവാസിയായ ഗീതാഞ്ജലിയാണ് ‘വനിത മാഗസിൻ’ ഞങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. മലയാളം വായിക്കാൻ അറിയില്ലെങ്കിലും വനിതയിൽ വരുന്ന ഫൊട്ടോ ഫീച്ചറുകൾ ഞങ്ങൾ ശ്രദ്ധിക്കുമായിരുന്നു. ഒരിക്കൽ വനിതയുടെ ഫീച്ചറിന് പുഞ്ചിരിക്കുന്ന അമ്മയുടേയും മകളുടേയും ചിത്രം കവറായി വേണമെന്ന് ഗീതാഞ്ജലി പറഞ്ഞു.– ഓർമ്മകളിൽ രൂപ പഴയ ഇരുപത്തിമൂന്നുകാരിയായി.

ഗീതാഞ്ജലിയുടെ വനിതയിലെ ഒരു സുഹൃത്ത്, അദ്ദേഹത്തിന്റെ പേര് ഞാന്‍ ഓർക്കുന്നില്ല. അവരാണ് ഒരമ്മയുടേയും മകളുടേയും ചിത്രം വനിതയിൽ കവർ ആയി വേണമെന്ന് താത്പര്യപ്പെട്ടത്. ഗീതാഞ്ജലി എന്നോട് പറയുമ്പോള്‍ ചമ്മലോടെ നോ പറഞ്ഞു. പക്ഷേ ഗീതാഞ്ജലി വളരെ അധികം പ്രോത്സാഹിപ്പിച്ചു. സത്യത്തിൽ അവർ ആദ്യം ഉദ്ദേശിച്ചത് ഒരു വയസുകാരി മകൾ നിഹാരികയെ മാത്രം മോഡലാക്കാന്‍ ആയിരുന്നു.

niharika-1

ബാക്കി കഥ ഞാന്‍ പറയാം, അമ്മ പറഞ്ഞുള്ള അറിവാണേ... മറ്റൊരു സ്ത്രീയുടെ മടിയിൽ എന്നെ പിടിച്ചിരുത്തി ‘അമ്മ മകൾ’ കോംബോ ചിത്രമെടുക്കാൻ ആയിരുന്നു ഫൊട്ടോഗ്രാഫർ ഉദ്ദേശിച്ചത്. ഞാനുണ്ടോ അടുക്കുന്നു... സ്റ്റു‍ഡിയോയിൽ വന്ന് കരച്ചിലോട് കരച്ചിൽ. അവര്‍ എന്നെ മടിയിൽ പിടിച്ചിരുത്താന്‍ നോക്കുമ്പോഴൊക്കെ കരഞ്ഞു നിലവിളിക്കും. ഒടുവില്‍ അവർ എനിക്കു മുന്നില്‍ തോൽവി സമ്മതിച്ചു. ഇത്രയും ആയപ്പോൾ ചമ്മലൊക്കെ മാറ്റി ക്യാമറയ്ക്കു മുന്നിലെത്താൻ അമ്മ സമ്മതം മൂളി. അതോടെ കുട്ടിക്കുറുമ്പിയായ ഞാനും ഹാപ്പിയായി. കണ്ടില്ലേ.. അന്ന് അമ്മ മോഡലായി വന്നതിന്റെ സന്തോഷവും ചിരിയും ആ ചിത്രത്തിൽ കാണാം– നിഹാരിക  പറയുന്നു.

ഓർമ്മയുറച്ച ശേഷം ആദ്യമായി അമ്മ വനിതയെ കുറിച്ച് പറഞ്ഞപ്പോൾ ശരിക്കും കൗതുകമായിരുന്നു. അതിനു ശേഷം ഒത്തിരിവട്ടം അമ്മ നിധി പോലെ സൂക്ഷിക്കുന്ന ആ മാഗസിൻ ഞാൻ എടുത്ത് നോക്കാറുണ്ട്. കൂട്ടുകാരെയും കാണിച്ചിട്ടുണ്ട്. എത്ര നാൾ കഴിഞ്ഞാലും വനിത നൽകിയ ആ ഓർമ്മ ഞങ്ങൾ മറക്കില്ല.

അച്ഛൻ ജികെ ശ്രീറാം ജോലി ചെയ്യുന്ന പോർട്ട് ബ്ലെയറിലാണ് ഞങ്ങൾ ഇപ്പോൾ ഉള്ളത്. ഇലക്ട്രോണിക് ആൻഡ് ഇൻസട്രുമെന്റേഷനിലായിരുന്നു എന്റെ ബിരുദ പഠനം. അമ്മ ഹൗസ് വൈഫാണ്്.  ഒരു അനിയത്തി കൂടിയുണ്ട്, താനിരിക– നിഹാരിക പറഞ്ഞു നിർത്തി.