Friday 21 January 2022 11:31 AM IST : By സ്വന്തം ലേഖകൻ

പൂക്കളാണെന്നു പറഞ്ഞ് അന്ധയായ അമ്മയുടെ കയ്യിൽ സ്വന്തം കുഞ്ഞിനെ നൽകി മകൻ: കണ്ണുനിറയ്ക്കും രംഗം

visually-challenged-woman

അച്ഛനും അമ്മയും കഴിഞ്ഞാൽ കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ ചങ്ങാതിമാർ ആരായിരിക്കും. നിസംശയം പറയാം അത് മുത്തച്ഛനോ മുത്തശ്ശിയോ ആയിരിക്കും. ഒരുപക്ഷേ അച്ഛനമ്മമാർ സ്നേഹിക്കുന്നതിന്റെ ആയിരം മടങ്ങ് അവർ കുഞ്ഞുങ്ങളെ സ്നേഹിക്കും. പൊന്നുപോലെ ചേർത്തു നിർത്തും.

ഭൂമിയിൽ പിറന്നുവീഴുന്ന പൈതലുകളെ മുത്തശ്ശനും മുത്തശ്ശിയും ഏറ്റുവാങ്ങുമ്പോഴുള്ള സന്തോഷം നാം നേരിട്ടും അല്ലാതെയും കാണാറുണ്ട്. പുതിയ തലമുറയിലെ ഇളംമൊട്ടുകളെ കയ്യിലേന്തിയതിന്റെ സന്തോഷം മുഴുവൻ അന്നേരം അവരുടെ മുഖത്തുണ്ടാകും. ചിരിയും കരച്ചിലും കൊഞ്ചിച്ചിരികളും അവർ വളരെയേറെ ആസ്വദിക്കുന്നതും കാണാം. ഇവിടെയിതാ ആഹ്ലാദത്തിന്റെ കൊടുമുടി കയറിയ ഒരു മുത്തശ്ശി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. . 

സാധാരണമായ ഒരു കഥയല്ല ഈ മുത്തശ്ശിയുടേത്. ആ കഥ പൂർണമായി അറിയുമ്പോഴേ അവരുടെ കണ്ണീരിന്റെയും കണ്ണുനിറഞ്ഞ ചിരിയുടെയും അർഥം മനസ്സിലാകൂ.

വിഡിയോയിൽ ഒരു വീടിനു സമീപത്തു നിൽക്കുന്ന വയോധികയെ കാണാം. അവരുടെ അടുത്തേക്ക് ഒരു യുവാവ്  നവജാതശിശുവുമായി എത്തുന്നു. സ്ത്രീയെ അടുത്തുകാണുമ്പോൾ മാത്രമാണ് അവർക്ക് കാഴ്ചശക്തിയില്ലെന്നു മനസ്സിലാകുന്നത്. യുവാവ് കൊച്ചുകുട്ടിയെ സ്ത്രീയുടെ കയ്യിൽ കൊടുക്കുന്നു. അതോടെ സ്ത്രീ, സന്തോഷം കൊണ്ടു കരയുകയാണ്. കുട്ടിയെ വാരിയെടുത്ത് ഉമ്മകൾ കൊണ്ടു പൊതിയുകയാണ്.

മുത്തശ്ശി ആദ്യമായാണ് കൊച്ചുമകളെ കാണുന്നത്. അതും അവരുടെ ജൻമദിനത്തിൽ. എന്നാൽ മകൻ കുട്ടിയുടെ ജനനവിവരം അവരോട് വെളിപ്പെടുത്തിയിരുന്നില്ല. ജൻമദിനത്തിൽ പൂക്കളുമായി മകൻ വരുന്നു എന്നു മാത്രമാണ് അറിയിച്ചിരുന്നത്. അപൂർവമായ ജൻമദിന സമ്മാനം എന്നുമാത്രമേ അവരും കരുതിയിരുന്നുള്ളൂ. എന്നാൽ മകന്റെ കയ്യിൽനിന്ന് സമ്മാനം ഏറ്റുവാങ്ങിയപ്പോൾ മാത്രമാണ് പൂക്കളല്ല കൊച്ചുമകളാണെന്നു മനസ്സിലാകുന്നത്. അതോടെ, ഇല്ലാത്ത കണ്ണുകൾ കൊണ്ട് അവർ  പുതിയ തലമുറയെ മനസ്സ് നിറയെ കാണുകയായിരുന്നു.

‘എന്റെ അമ്മ അന്ധയാണ്. പൂക്കളാണെന്ന ധാരണയിൽ അമ്മയുടെ കയ്യിൽ ഞാൻ കൊടുത്തത് അവരുടെ കൊച്ചുമകളെയാണ്. അതാണ് ഈ സന്തോഷത്തിനു കാരണം.

അമ്മ കുട്ടിയെ എടുത്ത് കരയുന്നതു കണ്ടോ. ഇതല്ലേ സ്‌നേഹം. യഥാർഥ സ്‌നേഹം. കാഴ്ച പോലും അപ്രസസ്‌കമാക്കുന്ന സ്‌നേഹത്തിന്റെ നിറവ്.’–  വിഡിയോയുടെ അടിക്കുറിപ്പിൽ യുവാവ് വിശദീകരിക്കുന്നു. ഇതിനോടകം 60 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടതും ഇഷ്ടപ്പെട്ടതും. പലരും ഷെയർ ചെയ്യുന്നുണ്ട്. മിക്കവരും വിഡിയോയ്ക്ക് താഴെ സ്‌നേഹം നിറയുന്ന വാക്കുകൾ എഴുതുന്നുമുണ്ട്.