Friday 30 July 2021 12:24 PM IST : By സ്വന്തം ലേഖകൻ

കാട്ടാനയും കടുവയുമുള്ള കൊടുംവനത്തിലൂടെ നടന്ന് കോളജിൽ പോയി, ബിരുദം വരെ പഠിച്ചു; അർഹതയുണ്ടായിട്ടും സർക്കാർ ജോലി കിട്ടാക്കനി, ആടുവളർത്തി ‘ജീവിച്ച്’ ബിന്ദു

wayanad-bindhu.jpg.image.845.440

പകൽസമയത്തു പോലും കാട്ടാനയും കടുവയും വിഹരിക്കുന്ന കൊടുംവനത്തിലൂടെ നടന്നു കോളജിൽ പോയി ബിരുദം വരെ പഠിച്ച യുവതി ഉപജീവനമാര്‍ഗം കണ്ടെത്തുന്നത് ആടിനെ വളർത്തി. വയനാട് പുൽപള്ളി പാതിരി വനത്തിലെ കുണ്ടുവാടി വനത്തിനുള്ളിലെ കെഞ്ചന്റെയും മാരയുടെയും മകളാണ് ബിന്ദു. വനത്തിനുള്ളിലെ പ്രാക്തന ഗോത്രവിഭാഗക്കാർക്ക് പ്രത്യേക നിയമനത്തിലൂടെ ജോലി നൽകുമ്പോഴും ഏറ്റവും അർഹതയും യോഗ്യതയുമുള്ള ബിന്ദുവിനെപ്പോലുള്ളവര്‍ ഇത്തരം നിയമനങ്ങളില്‍ നിന്നൊഴിവാകുന്നു. 2015 ലാണ് ബിന്ദു ബിരുദം പൂര്‍ത്തിയാക്കിയത്. ഫൈനല്‍ പരീക്ഷയില്‍ ഇംഗ്ലിഷിനു തോറ്റു. പിന്നീട് ആടുവളര്‍ത്തല്‍ തുടങ്ങി. 

ഗോത്രവിഭാഗക്കാര്‍ക്ക് പൊലീസ്, വനം, എക്സൈസ് വകുപ്പുകളില്‍ ജോലി നല്‍കുന്ന പ്രത്യേക നിയമനത്തിന് അന്നുമുതല്‍ ബിന്ദു അപേക്ഷ നല്‍കുന്നു. രണ്ട് സെന്റിമീറ്റര്‍ ഉയരക്കുറവ് പറഞ്ഞ് പൊലീസ് പട്ടികയില്‍ നിന്നു പുറത്തായി. ഫോറസ്റ്റ് ഗാര്‍ഡ് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. നിയമനം ലഭിച്ചില്ല. വനത്തിനു പുറത്തു കഴിയുന്ന പലര്‍ക്കും വിവിധ വകുപ്പുകളില്‍ നിയമനം ലഭിച്ചിട്ടും ഏറ്റവും അര്‍ഹതപ്പെട്ട കാട്ടുനായ്ക്ക സമുദായത്തില്‍ പെട്ടവരെ തഴയുന്നുവെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്ന പ്രാക്തന ഗോത്രവിഭാഗമാണ് കാട്ടുനായ്ക്കര്‍.

പിതാവ് കെഞ്ചന്‍ മരണപ്പെട്ടതിനു ശേഷം അമ്മ മാര കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ബിന്ദുവിന്റെ സഹോദരന്‍ ബാബു പ്ലസ്ടു കഴിഞ്ഞ് കൂലിപ്പണിക്ക് പോകുന്നു. പല വകുപ്പിലും അപേക്ഷ നല്‍കിയ ബാബുവിനും ജോലി കിട്ടിയില്ല. വനമധ്യത്തില്‍ 3 വീടുകള്‍ മാത്രമുള്ള ഇവരുടെ കോളനിയിലേക്ക് റോഡില്ല. മൊബൈല്‍ റേഞ്ചും കടന്നുചെല്ലാത്ത വനത്തിനുള്ളില്‍ ഇവര്‍ ഇല്ലായ്മകളോടു പടവെട്ടി കഴിയുന്നു. ബിന്ദുവിന്റെ അമ്മാവന്‍ വെള്ളപ്പനെ രണ്ടുവര്‍ഷം മുമ്പ് ആന തട്ടിയിട്ടു ഗുരുതരമായി പരുക്കേറ്റിരുന്നു. മാനസിക പ്രശ്നങ്ങളുള്ള അമ്മാവനെ സംരക്ഷിക്കുന്നതും ബിന്ദുവും അമ്മയുമാണ്. ഒരു രൂപ പോലും നഷ്ടപരിഹാരമായി ഇതുവരെ ലഭിച്ചതുമില്ല.

Tags:
  • Spotlight