Wednesday 21 September 2022 05:12 PM IST

ഈ ഒൻപത് പെൺകുട്ടികളും അവരുടെ വീൽചെയറുകളും എറണാകുളം ആദ്യമായി കണ്ടപ്പോൾ...

Shyama

Sub Editor

nine-differently-abled-girls-ernakulam-visit-cover ഒൻപതു പെൺകുട്ടികൾ മഹാരാജസിൽ പഠിക്കുന്ന ശാദിയയോടൊപ്പം (ഇടതു നിന്ന് മൂന്നാമത്)

വീടിനുള്ളിലും പരിസരത്തും മാത്രമായി യാത്രകൾ ഒതുക്കേണ്ടി വന്ന വീൽചെയർ ഉപയോക്താക്കളായ ഒൻപത് പെൺകുട്ടികൾ... വർഷങ്ങൾക്ക് ശേഷം ഇത്രയും നാൾ ജീവിച്ച സ്വന്തം നാട് ചുറ്റിക്കാണാനായതിന്റെ ആഹ്ലാദം അവരുടെ മുഖത്തു വിടർന്നു.  ഈ എറണാകുളത്തു ജനിച്ച് വളർന്നിട്ടും ആദ്യമായി നഗരം കാണുന്നവരായിരുന്നു അവരിൽ പലരും. അതിന്റെ അതിരില്ലാത്ത സന്തോഷവും ഉത്സാഹവും കൗതുകവും ഒക്കെ ആ മുഖങ്ങളിൽ മാറി മാറി തെളിയുന്നുണ്ടായിരുന്നു. ഓഗസ്റ്റ് 23ാം തീയതിയാണ് കവിത, എമി, നിഷ, സാജിത, വിമല, ജെൻസി, തൻവി, തൻസി, ബീന എന്നിവർ എറണാകുളം നഗരം അടുത്ത് കാണാനിറങ്ങിയത്.

മസ്കുലാർ ഡിസ്ട്രോഫി, എസ്.എം.എ ബാധിതരായി വീൽചെയർ ഉപയോഗിക്കുന്നവരാണ് ഇവർ. പല കാരണങ്ങൾ കൊണ്ടും ആഗ്രഹിച്ച യാത്രകൾ ചെയ്യേനോ, കാഴ്ച്ചകൾ കാണാനോ പറ്റാതെ പോയ അവർ മസ്കുലാർ ഡിസ്ട്രോഫി, എസ്.എം.എ ബാധിതരായവർക്കായി പ്രവർത്തിക്കുന്ന ‘മൈൻഡ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ‘കൂട്ട്’ വോളന്റിയർമാരുടെ സഹായത്തിലാണ് നഗരം ചുറ്റിയത്.

nine-differently-abled-girls-ernakulam-visit

ഇവർക്ക് വീൽചെയർ സൗഹൃദ വാഹനങ്ങൾ നൽകിയത് സ്വാശ്രയ സെന്റർ. മഹാരാജാസിൽ അവർക്കുള്ള ഊണും, കലാപരിപാടികൾ ഒരുക്കിയതും അവരെ കോളജ് ചുറ്റി കാണിച്ചതും കോളജിലെഎൻഎസ്എസ് യുണിറ്റ് പ്രവർത്തകരണ്. നഗരത്തിലെ വീൽചെയർ കയറാത്ത ഇടങ്ങളിൽ വോളന്റിയർമാർ എടുത്തുയർത്തിയിട്ടാണ് യാത്ര തുടർന്നത്. ഇനിയും ഇനിയും പുറത്തിറങ്ങണമെന്നും കാണാത്ത നാടുകൾ കാണണമെന്നുമാണ് അവരുടെ എല്ലാവരുടേയും ആഗ്രഹം. കൂടുതൽ സൗഹൃദങ്ങളും കൂടുതൽ പാഠങ്ങളും ഉൾക്കാഴ്ച്ചകളും ഒക്കെയായി അവരുടെ ലോകം വിശാലമാക്കാൻ തന്നെയാണ് അവരുടെ ഓരോരുത്തരുടേയും ശ്രമങ്ങൾ.

nine-differently-abled-girls-ernakulam-visit-maharajs

ഇവരെപ്പോലെ സഞ്ചാരപരിമിതിയുള്ളവരെ ആരാണ് അങ്ങനെയാക്കുന്നത്? നമ്മൾ കൂടി ഉൾപ്പെടുന്ന സമൂഹ മാണ് ഈ മനുഷ്യരെ വീടിനുള്ളിൽ തളച്ചിടുന്നത്. ഇവർക്കു കൂടി പ്രാപ്യമായ ഇടങ്ങൾ ഒരുക്കേണ്ടതിന്റേയും അതു വീൽചെയർ ഉപയോഗിക്കുന്നവരുടെ സാമൂഹിക, മാനസികനിലയെ പോസിറ്റീവായി സ്വാധീനിക്കുമെന്നും ഈ ദൃശ്യങ്ങൾ നമ്മളോടു പറയുന്നു.

nine-differently-abled-girls-ernakulam-visit-mal

ലുലുമാൾ, കൊച്ചി മെട്രോ, മഹാരാജാസ് കോളജ്, സുബാഷ് പാർക്ക് ഒക്കെയാണ് ഒൻപത് അംഗസംഘം സന്ദർശിച്ചത്. ഇപ്പറയുന്ന ഇടങ്ങളുടെ പേര് കേൾക്കുമ്പോൾ ‘ഓ ഇതാണോ വലിയ സ്ഥലങ്ങൾ’ എന്ന് തോന്നുന്നവരുമുണ്ടാകാം... നമുക്കു വലിയ സ്ഥലങ്ങളായി തോന്നാത്തും വലിയ കാര്യങ്ങളായി തോന്നാത്തതുമായ പലതും ‘വിലയ കാര്യങ്ങളായി’ ഒരു വിഭാഗത്തിന് തോന്നാൻ നമ്മൾ കൂടി കാരണക്കാരാണ്. വീൽചെയർ ഫ്രണ്ട്‌ലിയായ കൂടുതൽ ഇടങ്ങൾ ഉണ്ടായി വരാൻ, കൂടുതൽ പൊതു ഇടങ്ങളും വാഹനങ്ങളും അവരെ കൂടി പരിഗണിക്കുന്ന തരത്തിൽ ഉണ്ടാവാൻ നമുക്കു കൂട്ടായി ശ്രമിക്കാം...