ആഗ്രഹിച്ചതു പോലെയുള്ള വിവാഹം നടക്കാൻ വള്ളിത്തിരുമണ പൂജ, വഴിപാട് നടത്തേണ്ടത് ഫലസിദ്ധിക്കു ശേഷം Thiruvanchoor Subramanya Swamy Temple: Valli Thirumanam Pooja
ഫലസിദ്ധി കൈവന്ന ശേഷം വഴിപാട് നടത്തുന്നതാണ് ഇവിടുത്തെ രീതി. ഭക്തരുടെ വിശ്വാസവും അനുഭവസിദ്ധിയും കൊണ്ട് പ്രശസ്തമാണ് കോട്ടയം തിരുവഞ്ചൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വള്ളിത്തിരുമണ പൂജ. ഇഷ്ടവിവാഹസിദ്ധിക്കും വിവാഹതടസ്സങ്ങൾ മാറാനുമാണ് ഈ പൂജ നടത്തുന്നത്. കാര്യസാധ്യത്തിനു ശേഷം വഴിപാട് നടത്തുന്നതാണ് ചിട്ട.
കോട്ടയം ജില്ലയിലെ അയർക്കുന്നം പഞ്ചായത്തിലാണു തിരുവഞ്ചൂർ സുബ്രഹ്മണ്യ ക്ഷേത്രം. പ്രധാന മൂർത്തി സുബ്രഹ്മണ്യൻ. ആറടിയോളം ഉയരമുള്ള അഞ്ജന ശിലാവിഗ്രഹമാണ്. കിഴക്കോട്ടു ദർശനം. വട്ട ശ്രീകോവിൽ ആണ്. രണ്ടു നേരം പൂജയുണ്ട്. ഉപദേവത: ഗണപതി, ശിവൻ, ശാസ്താവ്, ശ്രീകൃഷ്ണൻ.ശിവൻ ദക്ഷിണാമൂർത്തി ഭാവത്തിലാണ്.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ഇങ്ങോട്ടേക്ക് ആറു കിലോമീറ്ററേയുള്ളൂ ദൂരം. എട്ടു ദിവസത്തെ ഉത്സവം വിഷുവിന്റെ തലേന്നാണു കൊടിയേറുന്നത്. ശബരിമല തീർഥാടകരുടെ ഇടത്താവളം കൂടിയാണ് ക്ഷേത്രം. മകരമാസത്തിലെ തൈപ്പൂയം ക്ഷേത്രത്തിലെ പ്രധാന ഉത്സവദിനമാണ്.
ഷഷ്ഠി വ്രതാചാരണവും ചടങ്ങുകളും ചിട്ടയോടെ നടത്തപ്പെടുന്ന ക്ഷേത്രമാണിത്. ഒക്ടോബർ 27 നാണ് സ്കന്ദ ഷഷ്ഠി. ഷഷ്ഠി വ്രതത്തിനു തലേന്നു തന്നെ വ്രതാചരണം തുടങ്ങണം. സുര്യോദയത്തിനു മുൻപേ കുളിച്ച് ക്ഷേത്രദർശനം നടത്താം. ചൊവ്വ ദോഷം മറ്റു പാപയോഗങ്ങൾ മൂലം വിവാഹതടസ്സമനുഭവിക്കുന്നവർ ഒക്കെ ദോഷശമനത്തിനായി ഷഷ്ഠി വ്രതം അനുഷ്ഠിക്കാറുണ്ട്.
ആറു മാസം തുടർച്ചയായി (അല്ലെങ്കിൽ ആറുതവണ) ഷഷ്ഠിവ്രതം അനുഷ്ഠിച്ച് സുബ്രഹ്മണ്യസ്വാമിയെ തൊഴുത് പ്രാർഥിച്ചാൽ ഏതു പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള മാർഗം മുന്നിൽ തെളിയുമെന്നാണു ഭക്തരുടെ വിശ്വാസം. മതിയായ യോഗ്യതകളുണ്ടായിട്ടും അനുഭവഫലം സിദ്ധിക്കാതെ അലയേണ്ടി വരുന്ന ജീവിതസാഹചര്യം നേരിടുന്നവർ ദുരിതനിവാരണ പ്രാർഥനയോടെ ഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ ഭാഗ്യാനുകൂല്യം കൈവരുമെന്നാണു വിശ്വാസം.