സ്ത്രീകൾ പൂജയും ഉപാസനയും നടത്തുന്ന ക്ഷേത്രം; ഭയം ഇല്ലാതാക്കുന്ന ദേവിയാണു ലിംഗഭൈരവി linga bhairavi temple the living presence of the divine feminine
വെള്ളിയങ്കിരി മലനിരയുടെ അടിവാരം പുലർകാലത്തിന്റെ കുളിരിൽ വെളുത്ത പുതപ്പണിഞ്ഞു നിൽക്കുകയാണ്. വെളിച്ചപ്പൊട്ടുകൾ വിതറി പ്രഭാതകുങ്കുമം ചാർത്തിയ കിഴക്കേ മാനം കണ്ണു തുറക്കുന്നതേയുള്ളൂ. പ്രകൃതിയെ വണങ്ങുന്ന തൊഴുകൈകളിൽ ധ്യാനരൂപം ആവാഹിക്കപ്പെടുന്ന നേരമാണിത്. പ്രാർഥനാനിർഭരം മിഴികളടച്ചു നിന്നവർക്കു മുന്നിൽ നട
വെള്ളിയങ്കിരി മലനിരയുടെ അടിവാരം പുലർകാലത്തിന്റെ കുളിരിൽ വെളുത്ത പുതപ്പണിഞ്ഞു നിൽക്കുകയാണ്. വെളിച്ചപ്പൊട്ടുകൾ വിതറി പ്രഭാതകുങ്കുമം ചാർത്തിയ കിഴക്കേ മാനം കണ്ണു തുറക്കുന്നതേയുള്ളൂ. പ്രകൃതിയെ വണങ്ങുന്ന തൊഴുകൈകളിൽ ധ്യാനരൂപം ആവാഹിക്കപ്പെടുന്ന നേരമാണിത്. പ്രാർഥനാനിർഭരം മിഴികളടച്ചു നിന്നവർക്കു മുന്നിൽ നട
വെള്ളിയങ്കിരി മലനിരയുടെ അടിവാരം പുലർകാലത്തിന്റെ കുളിരിൽ വെളുത്ത പുതപ്പണിഞ്ഞു നിൽക്കുകയാണ്. വെളിച്ചപ്പൊട്ടുകൾ വിതറി പ്രഭാതകുങ്കുമം ചാർത്തിയ കിഴക്കേ മാനം കണ്ണു തുറക്കുന്നതേയുള്ളൂ. പ്രകൃതിയെ വണങ്ങുന്ന തൊഴുകൈകളിൽ ധ്യാനരൂപം ആവാഹിക്കപ്പെടുന്ന നേരമാണിത്. പ്രാർഥനാനിർഭരം മിഴികളടച്ചു നിന്നവർക്കു മുന്നിൽ നട
വെള്ളിയങ്കിരി മലനിരയുടെ അടിവാരം പുലർകാലത്തിന്റെ കുളിരിൽ വെളുത്ത പുതപ്പണിഞ്ഞു നിൽക്കുകയാണ്. വെളിച്ചപ്പൊട്ടുകൾ വിതറി പ്രഭാതകുങ്കുമം ചാർത്തിയ കിഴക്കേ മാനം കണ്ണു തുറക്കുന്നതേയുള്ളൂ. പ്രകൃതിയെ വണങ്ങുന്ന തൊഴുകൈകളിൽ ധ്യാനരൂപം ആവാഹിക്കപ്പെടുന്ന നേരമാണിത്. പ്രാർഥനാനിർഭരം മിഴികളടച്ചു നിന്നവർക്കു മുന്നിൽ നട തുറന്നു, അമ്മയുടെ ദർശനസുകൃതം നേടി ഉള്ളിലെ ഭയം നീങ്ങിയവർ ആ ദൃശ്യചൈതന്യം കണ്ടു വണങ്ങി. ലിംഗഭൈരവി ക്ഷേത്രത്തിൽ ഇതു നിത്യസാധനയാണ്, സുപ്രഭാതത്തിന്റെ വരവേൽപ്പാണ്.
സ്വയംസമർപ്പിതമായ മനസ്സുമായി തിരുനടയിലേക്കു നടന്നെത്തിയവരേറെയും വനിതകളായിരുന്നു. സൃഷ്ടിയുടെ ശൂന്യതയിൽ, ഇരുട്ടിന്റെ നിറത്തിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ സാന്ത്വനവും ആശ്വാസവും തൊട്ടറിഞ്ഞ പോലെ അവർ ദേവിയെ സ്തുതിച്ചു.
സംരക്ഷണവും അഭയവും നൽകുന്ന ദേവിയെ ഭൈരവിയെന്നാണു പാടിപ്പുകഴ്ത്തുന്നത്. ഭൈരവിയുടെ കൃപ ലഭിച്ചവർക്ക് ജീവിതത്തെയോ മരണത്തെയോ ദാരിദ്ര്യത്തെയോ പരാജയത്തെയോ പേടിക്കേണ്ടതില്ലെന്നാണ് ഗുരുവാക്യം. ആ വിശ്വാസപാതയിൽ ലിംഗഭൈരവിക്ക് ഉപാസനയും പൂജയും നടത്തുന്നതും വനിതകളാണ്.
പത്തുകൈകളാൽ അനുഗ്രഹം
ലിംഗഭൈരവിയുടെ സന്നിധാനത്തു വിവാഹച്ചടങ്ങു നടക്കുകയായിരുന്നു. സീമന്തരേഖയിൽ സിന്ദൂരം ചാർത്തിയ തമിഴ് വധുവിന്റെ കാൽവിരലിൽ മിഞ്ചിയണിയിച്ച പുതുമാരൻ കൈകൂപ്പി അമ്മയെ വണങ്ങി. മംഗള മുഹൂർത്തത്തിനു സാക്ഷ്യം വഹിച്ചവർ ദേവീകീർത്തനം പാടി വധൂവരന്മാരെ ആശിർവദിച്ചു. ലിംഗഭൈരവിക്ക് ആരതിയുഴിഞ്ഞ കർപ്പൂരധൂപത്തിന്റെ സുഗന്ധം കൈക്കുമ്പിളിൽ നുകർന്ന് ഓരോരുത്തരായി ക്ഷേത്രത്തിൽ നിന്നു പുറത്തിറങ്ങി.
കോയമ്പത്തൂർ ഇഷാ യോഗ സെന്ററിൽ എത്തുന്നവരുടെ മനസ്സിനു സാന്ത്വനം നൽകുന്ന ആരാധനാകേന്ദ്രമാണ് ലിംഗഭൈരവി ക്ഷേത്രം. ഭയം നശിപ്പിക്കുന്ന ദേവിയെ ഭൈരവിയെന്നു കീർത്തിപ്പെടുത്തിയതു സദ്‌ഗുരുവാണ്. പത്തു കൈകളോടു കൂടിയ തൃക്കണ്ണുള്ള ലിംഗരൂപിയാണു ഭൈരവി. ‘സർവ മംഗള മംഗല്യേ’ കീർത്തനം പാടി പൂജയും അർച്ചനയും നടത്തുന്നതു സ്ത്രീകളാണ്.
‘ദേവീ ദണ്ഡം’ നമസ്കരിച്ചാൽ ലിംഗഭൈരവിയുടെ ശ ക്തി ആവാഹിക്കാമെന്ന് അനുഭവസ്ഥർ പറയുന്നു. സാഷ്ഠാംഗ നമസ്കാരമാണു ദേവീ ദണ്ഡം. ഇടതുവശം ചേർന്ന് ഇടതുകൈ തലയുടെ മുകളിലേക്കു നീട്ടി വച്ചു വലതു കൈപ്പത്തിയിൽ മുഖമമർത്തി വലതുകാലിന്റെ മുട്ടുമടക്കി ഇടതുകാലിനു മുകളിൽ വച്ചുള്ള പ്രണാമം യോഗയിലേതു പോലെ റിലാക്സ് പൊസിഷൻ ആണ്.
ദണ്ഡനമസ്കാരം ചെയ്യുന്ന സ്ത്രീ ശിൽപത്തിനരികിലൂടെയാണു ലിംഗഭൈരവീ ക്ഷേത്രത്തിലേക്കു പ്രവേശനം. ചാണകം മെഴുകി തണുപ്പു വരുത്തിയ നിലത്തിനു ന ടുവിൽ ത്രിശൂലം. ശൂലത്തിനു താഴെയാണു കാലഭൈരവ പൂജ നടത്താറുള്ളത്. ശൂലത്തിന്റെ ഇടതുഭാഗത്തുള്ള വൃക്ഷത്തറയുടെ അരികിലൂടെ നടന്നു പടിയിറങ്ങിയാൽ പ്രാണപ്രതിഷ്ഠയുടെ മുന്നിലെത്താം.
ലിംഗരൂപിയായ വിഗ്രഹത്തിന്റെ ഇരുവശത്തുമായി വളയണിഞ്ഞ പത്തു കൈകൾ. സദ്‌വൃത്തികൾക്ക് അനുഗ്രഹവും ദുഷ്ടശക്തികൾക്കു നിഗ്രഹവും കൽപ്പിക്കുന്ന ദശഹസ്തങ്ങൾ ആശ്രയമെന്നു വിശ്വാസം. വിഗ്രഹത്തിന്റെ ശിരോപാദ മാലയും ചുമരിലെ ദീപങ്ങളുമാണ് അലങ്കാരച്ചാർത്തുകൾ. ആദിയോഗീ ശിൽപത്തിലെ കമ്മൽ പോലെ, ഏക കുണ്ഡലവും സുവർണ മിഴികളും പുരികവും തങ്കവളകളും ദീപാലങ്കാര പ്രഭയിൽ തിളങ്ങുന്നു.
പൂജ ചെയ്യുന്നതു വനിതകൾ
പൂജാകർമങ്ങൾക്കു നേതൃത്വം നൽകുന്നവർ ‘ഭൈരാഗിനി മാ’ എന്നാണ് അറിയപ്പെടുന്നത്. ഭൈരവിഅമ്മയെ പരിപാലിക്കുന്ന അമ്മമാരിലൊരാളാണു ഭൈരാഗിനി മാ ഹനീൻ. ആദ്യ ദർശനത്തിൽ തന്നെ ഭക്തിയുടെ പാതയ്ക്കു ജീവിതം സമർപ്പിച്ച ലെബനൻ സ്വദേശിയാണു മാ ഹനീൻ.
‘‘സ്ത്രീകൾക്ക് അഭയം നൽകുന്ന അമ്മയാണു ലിംഗഭൈരവി’’ – ആത്മസമർപ്പണം നടത്തിയ ഭൂമിയെ തൊട്ടു നമസ്കരിച്ച് ഭൈരാഗിനി മാ ഹനീൻ ക്ഷേത്രപുരാണവും ആരാധനാ വിധികളും പറഞ്ഞു തുടങ്ങി:
ഒരു കാലത്ത് ഇന്ത്യയിലെ ഓരോ ഗ്രാമത്തിനും ഗ്രാമദേവത ഉണ്ടായിരുന്നു. ഗ്രാമത്തിന്റെ സംരക്ഷകയും ശക്തിയുമായിരുന്നു ദേവത. ചിരപുരാതന ദേവതാ സങ്കൽപ്പത്തിന്റെ പൂർണഭാവമാണു ലിംഗഭൈരവി. ‘ഇരുട്ടിന്റെ ദേവി’ ഭയത്തെ ഉന്മൂലനം ചെയ്യുന്നു, ശരണാഭയം നൽകുന്നു.
ലിംഗഭൈരവി വിഗ്രഹത്തിന്റെ നിറം കറുപ്പാണ്. സൃഷ്ടിയുടെ ശൂന്യതയെ ഇതു പ്രതിനിധാനം ചെയ്യുന്നു. ദർശനം നേടുന്നവർ ‘ഈശാവാസ്യം ഇദം സർവം’ (എല്ലാം ഈശ്വരൻ) എന്ന തത്വത്തിലേക്കാണ് എത്തിച്ചേരുന്നത്.
സ്ത്രീകൾക്കു പൂർണാധികാരമുള്ള ശക്തിയാണു ഭൈരവി. യോഗക്രിയകളിലൂടെ സ്ഫുടം ചെയ്ത പ്രാണപ്രതിഷ്ഠയിൽ ഭക്തർ ദേവീചൈതന്യം അനുഭവിച്ചറിയുന്നു.
ലിംഗഭൈരവി ക്ഷേത്രത്തിൽ ബലിക്കല്ലിന്റെ സ്ഥാനത്തു ത്രിശൂലമാണ്. ഇഡ, പിംഗള, സുഷുമ്ന എന്നിങ്ങനെ മൂന്ന് ഊർജപ്രവാഹങ്ങളെ സൂചിപ്പിക്കുന്നതാണു ത്രിശൂലം. ശൂലം ഒരു വശത്തേക്കു ചാഞ്ഞിരിക്കുന്നത് ആരാധനാ സമ്പ്രദായ പ്രകാരം ചെയ്തിട്ടുള്ളതാണ്.
11 എന്ന അക്കത്തിന് ഇവിടെ നിത്യാരാധനയിൽ വലിയ പ്രാധാന്യമുണ്ട്. ചുവന്ന പട്ടുകളാണു ദേവിയുടെ പാർശ്വഭാഗത്ത് അണിയിച്ചിട്ടുള്ളത്. പൂജ നടത്തുന്നവരും ചുവന്ന സാരിയാണു ധരിക്കാറുള്ളത്.
വൈഷമ്യങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ക്ലേശനാശന ക്രിയ പ്രധാന പൂജകളിലൊന്നാണ്. ദേവിയുടെ അനുഗ്രഹത്തിന്റെ സ്നേഹസ്പർശമായാണ് ഭക്തർ ഇതിനെ കണക്കാക്കുന്നത്. അഭിഷേകം, വസ്ത്രം അർപ്പണം, പ്രഹാര വിളക്കു സേവ, മാല അർപ്പണം, നേത്ര അർപ്പണം, മണി സേവ, ദാഹ നിവാരണം, കുങ്കുമ സർപ്പ സേവ എന്നിങ്ങനെ നീളുന്നു വഴിപാടുകൾ.
പൗർണമി നാളിൽ നിറദീപങ്ങൾ ചാർത്തി അലങ്കരിച്ചുള്ള പ്രദക്ഷിണമാണു ലിംഗഭൈരവി ക്ഷേത്രത്തിലെ മഹാദർശനം. മഹാലയ അമാവാസി, നവരാത്രി, ദീപാവലി കാർത്തിക ദീപം തെളിക്കൽ, കാലഭൈരവ ശാന്തി, തൈപ്പൂയം, പ്രതിഷ്ഠാദിനാഘോഷം എന്നീ ദിവസങ്ങളിൽ ദർശനം നടത്തുന്നത് അതിവിശേഷകരമെന്നു വിശ്വാസം.
തൊട്ടറിയുന്ന ഊർജപ്രവാഹം
ഇഷ യോഗ സെന്ററിൽ ക്ഷേത്ര സമുച്ചയങ്ങളുടെ ഭാഗമാണു ലിംഗഭൈരവി ക്ഷേത്രം. കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ വിഗ്രഹം പടിഞ്ഞാറു ദർശനമായി നിലകൊള്ളുന്നു.
ലിംഗഭൈരവിയുടെ ആരാധനയിൽ സംഗീതത്തിനു വ ലിയ പ്രാധാന്യമുണ്ട്. ദേവി ആരതി, ഭൈരവി സ്തുതി എ ന്നീ മന്ത്രങ്ങൾ സാന്ത്വനം പകരുന്ന ശബ്ദമായി പ്രതിധ്വനിക്കുന്നു. ഓരോ പ്രാർഥനയിലും കരുണയും ശക്തിയും അഭിസംബോധന ചെയ്യപ്പെടുന്നു.
പ്രാണപ്രതിഷ്ഠയ്ക്കു വഴിയൊരുക്കിയ ഗുരുവാണ് ലിംഗഭൈരവിക്ഷേത്രത്തിന്റെ അധിപൻ. ഗുരുവാക്യങ്ങൾ പിൻഗാമികൾ ഏറ്റു ചൊല്ലുമ്പോൾ ആവർത്തിക്കപ്പെടുന്ന അർഥപൂർണത ഇങ്ങനെ:
‘ദേവിയുടെ മുന്നിലെത്തുന്നവർ മനസ്സിലേക്കും ഹൃദയത്തിലേക്കും നോക്കിത്തുടങ്ങുന്നു. എല്ലാ ആകുലതകൾക്കും ഇവിടം ആശ്രയമായിത്തീരുന്നു.
മനുഷ്യന്റെ ഉള്ളിലെ അഗ്നിയെ ഉണർത്തുന്ന ചൈതന്യമാണു ലിംഗഭൈരവി...’