Tuesday 20 October 2020 05:13 PM IST : By സ്വന്തം ലേഖകൻ

100 വർഷങ്ങൾക്ക് മുൻപ് ഒരു വിദ്യാരംഭം

dfdjf

ഏലമ്മ തോമസ്സ് കോടുകുളഞ്ഞി
( ബാലികാമഠം സ്കൂൾ മുൻ പ്രിൻസിപ്പലാണ്. സംസ്ഥാന, ദേശിയ അധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ബ്രൂക്ക്സ്മിത്ത് മദാമ്മയുടെ ജീവചരിത്രം 2013 ൽ രചിച്ചു.)

1920 ഒക്ടോബർ 24 നായിരുന്നു മധ്യതിരുവിതാം കൂർ സാക്ഷ്യംവഹിച്ച ആ രാജകീയമായ വിദ്യാരംഭം നടന്നത്. സ്ഥലം  തിരുവല്ല  തിരുമൂലപുരത്തെ ബാലികാമഠം സ്കൂൾ.  


വിദ്യാരംഭത്തിന് ഒരു വ്യത്യാസം ഉണ്ടായിരിന്നു. കേരളക്കരയിലെ നാനാ ജില്ലകളിൽ നിന്നു വന്ന കൗമാരക്കാരായ പെൺകുട്ടികൾ, അവരിൽ മിക്കവരും കൗമാര പ്രയത്തിൽ വിവാഹിതരുമാണ്. വിദ്യാരംഭം എന്നത് ഒരു പഠനോത്സവ ഉദ്ഘാടന ചടങ്ങായിട്ടായിരുന്നു നടത്തിയത് . ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ മദ്രാസ് ഗവർണറായിരുന്ന ലോർഡ് വെല്ലിങ്ടൺ.
തിരുവിതാംകൂർ രാജഭരണ കാലത്ത് മറ്റെവിടെയെങ്കിലും ഇത്രയും ഗംഭീരമായൊരു വിദ്യാരംഭം നടന്നതായി അറിവില്ല .നവകേരള ശിൽപികളിൽ പ്രധാനിയും മലയാള മനോരമ സ്ഥാപകനുമായിരുന്ന കണ്ടത്തിൽ വർഗ്ഗീസ്സ് മാപ്പിള (1857–1904) യാണ് ബാലികാമഠം സ്ഥാപിച്ചത്.  സ്ത്രീവിദ്യാഭ്യാസത്തെ ആശ്രയിച്ചാണ് സമൂഹത്തിന്റെ പുരോഗതിയെന്നു   അദ്ദേഹം മനസ്സിലാക്കിയതിന്റെ ഫലമായിരുന്നു ബാലികാമഠം.
 പ്രഗത്ഭന്മാരായ രണ്ട് എൻജീനിയർമാർ സി.ജെ മാണിയും കെ.കെ കുരുവിളയുമായിരുന്നു സ്കൂൾ കെട്ടിടം നിർമിച്ചത്.  പഴയ നാലുകെട്ടു രീതിയിൽ വലിയ എടുപ്പോടു കൂടി എം. സി റോഡിനോട് ചേർന്ന് അത് പണിതുയർന്നു.1904 ൽ പണിപൂർത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം ഗംഭീരമായി നടത്തണമെന്ന്  വർഗീസ്  മാപ്പിള ആഗ്രഹിച്ചു. തിരുവതാംകൂർ ഭരണാധികാരി ശ്രീമൂലം തിരുന്നാൾ മഹാരാജാവിനും കേരളകാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിതമ്പുരാനും ഏറെ പ്രിയങ്കരനായ വ്യക്തിയായിരുന്നു  വർഗീസ് മാപ്പിള.  ഉദ്ഘാടനം നടത്താൻ കേരളവർമ്മ വലിയ കോയിതമ്പുരാൻ സമ്മതം അറിയിച്ചു.

rtrtതിരുവല്ലയുടെ ചരിത്രത്തിലും തിരുവിതാംകൂറിൽ തന്നെയും പ്രൗഢഗംഭീരമായ ഒരു ചടങ്ങ് ആയിരുന്നു ഉദ്ഘാടനം. തിരുവല്ല പാലിയേക്കര കൊട്ടാരം മുതൽ തിരുമൂല വരെയുള്ള 4 കീ.മീ ദൂരം കൊടി തോരണങ്ങളാൽ അലങ്കരിക്കപ്പെട്ടു. രാജവീഥിക്ക് ഇരു വശവും കൊടികളേന്തി ജനങ്ങൾ നിന്നു. വാദ്യമേളങ്ങളും മുത്തുകുടകളുമായി അകമ്പടിയിൽ ആനപ്പുറത്ത് തമ്പുരാൻ എഴുന്നള്ളി. ഏതാണ്ട് അയ്യായായിരം ആളുകൾ ആ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചു.         

  
നീണ്ട പതിനാറു വർഷം പഠിക്കാനോ പഠിപ്പിക്കാനോ അളുകളില്ലാതെ  വിദ്യാലയ മന്ദിരം അടഞ്ഞു കിടന്നു.  വർഗീസ് മാപ്പിളയുടെ മകൻ ഹൈക്കോടതി വക്കീലായിരുന്ന  കെ.വി ഈപ്പനാണ് ഇതിനെ പുനരുദ്ധരിച്ച് അധ്യയനം തുടങ്ങാൻ തിരുമാനിച്ചത് .പക്ഷേ പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകാൻ വിദ്യാസമ്പന്നരായ വനിതകൾ ഈ നാട്ടിൽ ലഭ്യമല്ലായിരുന്നു.  
പ്രതിസന്ധിക്ക് പരിഹാരം നിർദേശിച്ചത് വട്ടശേരിൽ വലിയ തിരുമേനിയായിരുന്നു. കൽക്കട്ടയിലെ ആംഗ്ലിക്കൻ കോളജുകളിൽ പോയി പഠിച്ചു ഉന്നത വിദ്യാഭ്യാസവും അധ്യാപക പരിശീലനവും നേടി വരാൻ ക്രിസ്തീയ കുടുംബങ്ങളിലെ പെൺകുട്ടികളോട് ആവശ്യപ്പെട്ടു. ഇലഞ്ഞിക്കൽ  ജോൺ വക്കീലിന്റെ മകൾ അച്ചാമ്മ (മിസ്സസ്സ്. ജോൺ മത്തായി) യാണ് ആദ്യം മുന്നോട്ടിറങ്ങിയത്.  കണിയാന്തറ, കുടത്തുംമുറി, മാരേട്ട് തുടങ്ങിയ തുടങ്ങിയ കുടുംബത്തിലെ പെൺകുട്ടികൾ തുടർന്നു പഠിക്കാനെത്തി. കിഴക്കൻ ബംഗാളിലെ ബാരിസോൾ കന്യാസ്ത്രീ മഠത്തിൽ ചേർന്നു പഠിക്കാനും ധാരളം പെൺകുട്ടികൾ പോയി പഠനം പൂർത്തിയാക്കിയ വനിതകൾ തിരിച്ചെത്തിയപ്പോൾ അവരുടെ പ്രിൻസിപ്പൽ ആയിരുന്ന ഇംഗ്ലീഷ്കാരി ഈഡിത്തിനെ ഇവിടേക്കു ക്ഷണിച്ച് ബാലികാമഠം സ്കൂൾ കാണിച്ചു. പ്രാഗൽഭ്യം തെളിയിച്ച മദാമ്മമാരെ ഇംഗ്ലണ്ടിൽ നിന്നു വരുത്താമെന്നും അവർ ഇതിന്റെ സാരഥ്യം   ഏറ്റെടുക്കും എന്ന്  ഉറപ്പും നൽകിയാണ് അവർ മടങ്ങിയത്.


തുടർന്നാണ് മിസ് ഹോങ്സും   മിസ് ബ്രൂക്സ്മിത്തും എത്തുന്നത്.   ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് ഉന്നത ബിരുദം നേടി വിദ്യാഭ്യാസരംഗത്ത് ദീർഘകാലം പ്രവർത്തിച്ച് വിരമിച്ചയാളായിരിന്നു മിസ് ഹോംങ്സ്. ഓക്സ്സ്ഫർഡിൽ നിന്ന് ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ ഓണേഴ്സ് എടുത്ത യുവതിയായിരുന്നു ബ്രൂക് സ്മിത്ത്.  കൽക്കട്ടയിൽ ഓക്സ്ഫഡ് മിഷൻ വിദ്യാഭ്യാസ സ്ഥപനങ്ങളും കന്യാസ്ത്രീ മഠങ്ങൾ നടത്തിയിരുന്നു. കപ്പലിൽ ബോംബെയിലും ട്രെയിനിൽ കൊച്ചിയിലും അവിടെ നിന്ന് ബോട്ടിലും യാത്ര ചെയ്ത് കോട്ടയത്തെത്തി.
 

2

കോട്ടയത്തെത്തിയ മദാമ്മമാരെ സ്വീകരിച്ചത്  മാമ്മൻ മാപ്പിളയും  കെ.വി ഈപ്പനുമായിരിന്നു. ഊഷ്മളമായ സ്വികരണത്തിന് ശേഷം കാറിൽ രണ്ട് പേരെയും തിരുമുലപുരത്ത് എത്തിച്ചു.സ്വന്തം നാട്ടിലെ സുഖലോലുപതകൾ തൃജിച്ച് ഈ നാട്ടിൻ പുറത്തെ പരിമിത സാഹചര്യങ്ങിൽ താമസിച്ച് അനേകം തലമുറകളെ വിദ്യാസമ്പന്നരാക്കി സമൂഹപരിവർത്തനത്തിനു വഴിയൊരിക്കിയ ഈ വനിതകൾക്ക് മുൻപിൽ അളവില്ലാത്ത നന്ദികരേറ്റണം നമ്മൾ . മാലാഖമാരെ പെലെയാണ് മദാമ്മാമാർ ഇവിടെ എത്തിയത്.  അവർ തിരുവതാംകൂറിനെ പ്രണയിച്ചു.


വിദ്യാരംഭ ദിവസം തിരുമൂലയിൽ ഒരു ഉത്സവമേളം തന്നെ സൃഷ്ടിച്ചു. എം.സി റോഡും ബാലികാ മഠം ഗ്രൗണ്ടും  അലങ്കരിക്കപ്പെട്ടു. ചുവന്ന പരവതാനികളും പൂക്കളും പൂങ്കാവനങ്ങളും ഭംഗികൂട്ടി. ആയുധധാരികൾ ആയ പൊലിസ് ബറ്റാലിയൻ റോഡിനിരുവശവും നിന്നു.  തിരുവല്ല എം.ജി എം സ്കൂളിലെ ബാന്റു മേളവും കൊഴുപ്പു കൂട്ടി. കൃത്യസമയത്ത് ഗവർണറും കുടുംബവും രാജാവ് ഏർപ്പെടുത്തിയ സുരക്ഷാ വ്യുഹവും ബാലികാ മഠത്തിൽ എത്തി. മദാമ്മമാർ പഠിപ്പിച്ച പ്രാർത്ഥനാ ഗാനങ്ങൾ ഇംഗ്ലീഷിൽ കുട്ടികൾ പാടി.  ദിവന്നാസിയോസ് തിരുമേനിയുടെ പ്രാർത്ഥന ,ജോൺ വക്കീലിന്റെ സ്വാഗതം, ആശംസകൾ എല്ലാം ഇംഗ്ലീഷിൽ തുടർന്നു. ഒടുവിൽ വെല്ലിംഗ്ടൺ പ്രഭു ഒരു ചെറിയ പ്രസംഗത്തിനു ശേഷം സ്കൂൾ ഓപ്പൺഡ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു.


കുട്ടികളുടെയും അദ്ധ്യാപികമാരുടെയും യൂണി ഫോം കണ്ടു സ്റ്റജിലിരുന്ന ലേഡി വെല്ലിംടൺ അമ്പരന്നു. ഞുറിയിട്ടിടുത്ത വെള്ളമുണ്ടും ചട്ടയും കുട്ടികൾക്ക് ,അധ്യാപികമാർക്കും അതേ വേഷം ഒരു നേര്യതും ഉണ്ട്. ബൊക്കെ നൽകാനും പാട്ടുകൾ പാടനും സ്റ്റേജിൽ കയറിവന്ന പെൺകുട്ടികളുടെ പുറകിൽ വിശറിപോലെ കുലുങ്ങിയാടുന്ന ഞുറി കണ്ടിട്ട് മദാമ്മയ്ക്ക് ചിരിയടക്കാൻ സാധിച്ചില്ല .യൂറോപ്പിലോ ലോകത്തെവിടെയുമോ ഇത്തരമൊരു യുണിഫോം അവർ കണ്ടിരിക്കാൻ ഇടയില്ല.അതുകൊണ്ട് തന്നെ പെൺകുട്ടികളെ അരികെ വിളിച്ച്  അഭിനന്ദിച്ചു.     ഈ അപൂർവ്വ വിദ്യാരംഭം വീക്ഷിക്കാനും വാർത്ത പത്രങ്ങളിൽ കൊടുക്കാനുമായി മനോരമയും മദ്രാസ്സ് മെയിലും ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങളുടെ റിപ്പോർട്ടർമാർ ക്യാമറയുമായി എത്തിയിരുന്നു. നൂറുവർഷങ്ങൾക്കു മുൻപ് ബാലികമഠത്തിന്റെ അക്ഷരമുറ്റത്ത് ആംഗലേയ വനിതകൾ തെളിയിച്ച അറിവിന്റെ വെളിച്ചം ഒളിമങ്ങാതെ ഇന്നും ശോഭിക്കുന്നു.

Tags:
  • Spotlight