Thursday 18 January 2024 02:51 PM IST : By സ്വന്തം ലേഖകൻ

ഏരീസ് രാശിക്കാർക്കു 2024ൽ കരിയറിൽ സംഭവിക്കുന്നത്: പെരിങ്ങോട് ശങ്കരനാരായണൻ പറയുന്നു

soorya-rashi

ഏരീസ് രാശിക്കാർക്കു 2024 തൊഴിൽപരമായ നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുള്ള വർഷമാണ്.

പെരിങ്ങോട് ശങ്കരനാരായണൻ

ജ്യോതിശാസ്ത്ര പണ്ഡിതൻ, ആധ്യാത്മിക പ്രഭാഷകൻ, ഹസ്തരേഖാ വിദഗ്ധൻ,

ആകാശവാണി അംഗീകൃത നാടകനടൻ, റിട്ട. ഡിവിഷനൽ എൻജിനീയർ

(ബിഎസ്എൻഎൽ) എന്നീ നിലകളിൽ പ്രശസ്തൻ. പ്രഥമ മുരളി പുരസ്കാരം,

ജ്യോതിഭൂഷൺ, ജ്യോതിഷ കേസരി, ജ്യോതിഷ ചക്രവർത്തി, ലണ്ടൻ കൊളറോ‍ഡോ യൂണിവേഴ്സിറ്റിയുടെ അംബാസഡർ ഒഫ് അസ്ട്രോളജി തുടങ്ങി നിരവധി

പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂർ വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂർ

അമ്പലത്തിലെ ഗണപതി ക്ഷേത്രം, മമ്മിയൂർ മഹാദേവ ക്ഷേത്രം, െബംഗളൂരു ജലഹല്ലി അയ്യപ്പക്ഷേത്രം, ചോറ്റാനിക്കര, പഴയന്നൂർ, കാഞ്ചീപുരം, തെച്ചിക്കോട്ടുകാവ് തുടങ്ങി ആയിരത്തിലധികം ക്ഷേത്രങ്ങളിലെ ദേവപ്രശ്നങ്ങളിൽ പങ്കെടുത്തു.

സാമാന്യഫലം

ഉദ്യോഗാർഥികൾക്ക് ആഗ്രഹത്തിന് അനുസരിച്ചുള്ള ജോലി ലഭിക്കും. വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനു പറ്റിയ കാലഘട്ടമാണ്. സൗന്ദര്യസംരക്ഷണത്തിനു കൂടുതൽ പ്രാധാന്യം നൽകും. സൗന്ദര്യവർധക കേന്ദ്രങ്ങൾ സന്ദർശിക്കുകയും നല്ല തുക ചെലവഴിക്കുകയും ചെയ്യും. വളരെക്കാലമായി സന്താന സൗഭാഗ്യം കൈവരാത്ത ദമ്പതികൾക്ക് അതിനുള്ള ഭാഗ്യമുണ്ടാകും. പഴയ ഗൃഹത്തിൽ നിന്നു മാറി, പുതിയ ഗൃഹം പണി ചെയ്ത് അതിൽ താമസം തുടങ്ങും. പുതിയ കൂട്ടുകെട്ടു മൂലം ഗുണാനുഭവമുണ്ടാകും.

വർഷഫലം

ജനുവരി– ഫെബ്രുവരി: ജീവിതനിലവാരം ഉയർന്ന സ്ഥിതിയിലുള്ളവ ർ അതു നിലനിർത്താനായി അധിക വരുമാന സ്രോതസ്സുകൾ തേടും. അതിനായുള്ള ശ്രമങ്ങളിൽ വിജയിക്കും. വസ്തു, വാഹനലാഭം, ധനധാന്യ സമൃദ്ധി എന്നിവ ഫലമാകും.

മാർച്ച് – ഏപ്രിൽ: ഗൃഹസൗഖ്യം, സന്താന സൗഭാഗ്യം, വിശേഷ സ്ഥാനമാന പ്രാപ്തി, അന്തസ്സ് നിലനിർത്താൻ ശ്രമിക്കൽ, ധീരമായ നിലപാടു മൂലം നേട്ടങ്ങളുണ്ടാകൽ, അന്യരുടെ കുറ്റങ്ങൾ കണ്ടുപിടിക്കാനുള്ള പ്രത്യേക പാടവം, രാഷ്ട്രീയക്കാർക്കു ലാഭവും നേട്ടവും കൊയ്യാവുന്ന കാലഘട്ടം, വിവാഹ കാര്യത്തിൽ തീരുമാനമാകൽ എന്നിവയ്ക്കു ലക്ഷണം കാണുന്നു.

മേയ് – ജൂൺ: എതിർപ്പുകൾ നേരിടേണ്ടി വരും. ശത്രുക്കളുടെ ശല്യം കൂടി വരുന്ന സമയമാണ്. ആരംഭശൂരത്വമുള്ള ഏരീസ് രാശിക്കാർ പലതും തുടങ്ങി വച്ച് ഉപേക്ഷിക്കുന്ന പ്രകൃതക്കാരാണ്. പഠിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ പൂർത്തീകരിക്കാതെ മറ്റൊരു തൊഴിൽ സ്വീകരിക്കാൻ ഇക്കാലയളവിൽ തയാറെടുക്കും. ആഡംബര ജീവിതം നയിക്കാൻ അവസരമുണ്ടാകും.

ജൂലൈ – ഓഗസ്റ്റ് : ശത്രുക്കളുടെ വിമർശനങ്ങളെ നേരിടാൻ നന്നേ വിഷമിക്കുമെങ്കിലും എതിർപ്പുകളെ അതിജീവിച്ച് ഈ രാശിക്കാർ ഒന്നാം സ്ഥാനത്തെത്തും. പൊതുവെ കുടുംബ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നവരായിരിക്കും. നറുക്കെടുപ്പിൽ വിജയിക്കാൻ ലക്ഷണമുണ്ട്. രാഷ്ട്രീയപരമായി സമുന്നത വിജയം നേടിയെടുക്കാൻ കഴിയും.

സെപ്റ്റംബർ – ഒക്ടോബർ: കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാതെ എടുത്തുചാടി തീരുമാനമെടുക്കുന്നതു മൂലം ദോഷം സംഭവിക്കാം. കുടുംബസംഗമം, ആഘോഷപരിപാടികളിൽ സംബന്ധിക്കൽ, മൃഷ്ടാന്നഭോജനം, സംഗീത നൃത്ത കലാപരിപാടികളിൽ പങ്കെടുക്കൽ എന്നിവ ഫലമാകുന്നു.

നവംബർ–ഡിസംബർ: വിലപ്പെട്ട പ്രമാണങ്ങളിൽ ഒപ്പു വയ്ക്കും. ആ രോഗ്യം പുഷ്ടിപ്പെടുത്താനായി സുഖചികിത്സ നടത്തും. അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടാം. ചികിത്സാലയം, റിസോർട്ട് മുതലായവയി ൽ നിന്നു നല്ല വരുമാനം ലഭിക്കും. കുടുംബത്തിൽ പൂജാദികാര്യങ്ങൾക്കും വഴിപാടുകൾക്കുമായി നല്ല സംഖ്യ ചെലവഴിക്കും. വർഷാവസാന ത്തിൽ പലവിധ സ്രോതസ്സുകളിൽ നിന്നും ധനം ഒഴുകി വരും.