Wednesday 24 January 2024 04:03 PM IST : By സ്വന്തം ലേഖകൻ

കർക്കടക രാശിക്കാർക്ക് 2024ൽ ധനാഭിവൃദ്ധി ഉണ്ടാകുമോ... വിദ്യാഭ്യാസവും ഉദ്യോഗക്കയറ്റവും അനുകൂലമോ? സൂര്യരാശി ഫലം

soorya-rashi-14

കാൻസർ രാശിക്കാർ 2024 ൽ വിദ്യാഭ്യാസരംഗത്തു നേട്ടം ഉണ്ടാക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂല സമയം

സാമാന്യഫലം

വിദ്യാഭ്യാസത്തിൽ പുരോഗതി കൈവരിക്കും. സഹോദര സ്ഥാനീയരിൽ നിന്നു ഗുണാനുഭവമുണ്ടാകും. സുഹൃത്തുക്കളുടെ വാക്ക് കേട്ട് അ ബദ്ധത്തിൽ ചെന്നു ചാടാതിരിക്കാൻ ശ്രദ്ധിക്കണം. ഗുരുജനാനുഗ്രഹം, ചെറിയ ശസ്ത്രക്രിയ എന്നിവയ്ക്കു ലക്ഷണം കാണുന്നു.

വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ഉണ്ടാകും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ചു മനസ്സു വിഷമിക്കൽ എന്നിവ സംഭവിക്കാം. തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം, പങ്കാളിയുമായി പിണക്കം, വൈദ്യശാസ്ത്ര രംഗത്തു പ്രവർത്തിക്കുന്നവർക്കു നേട്ടം എന്നിവയ്ക്കു ലക്ഷണം കാണുന്നുണ്ട്. മുൻകാല പ്രാബല്യത്തോടെ ശമ്പള വർധന ലഭിക്കാം.

വർഷഫലം

ജനുവരി – ഫെബ്രുവരി: ജനുവരിയിൽ ധനാഭിവൃദ്ധിയും സുഹൃദ്ജന വിരോധവും ഉദര രോഗങ്ങളും പ്രണയ പരാജയവും യാത്രാക്ലേശവും അനുഭവപ്പെടാം. വർഷത്തിന്റെ തുടക്കത്തിലെ മോശം ഫലങ്ങളിൽ ക്രമാനുഗതമായ മാറ്റങ്ങൾക്കും ലക്ഷണമുണ്ട്. ഫെബ്രുവരിയിൽ ആരോഗ്യപുഷ്ടിയും നേതൃസ്ഥാന ലബ്ധിയും ഫലമാകുന്നു.

മാർച്ച് – ഏപ്രിൽ: മാർച്ചിൽ അഗ്നിഭയം, രാജപ്രീതി, ബന്ധുജന സമാഗമം എന്നിവ ഫലമാകുന്നു. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഏപ്രിലിൽ വിരുന്നു സൽക്കാരം, വസ്ത്രാഭരണ ലബ്ധി, വാഹനം മാറ്റി വാങ്ങൽ എന്നിവ ഫലമാകുന്നു.

മേയ് – ജൂൺ: ദീർഘനാളായി ആഗ്രഹിച്ചിരുന്ന ദേവാലയസന്ദർശനം സാധ്യമാകും. കുടുംബാംഗങ്ങളുമായുള്ള അഭിപ്രായഭിന്നത അകലും. വിവാഹാദി കാര്യങ്ങളിൽ തീരുമാനമാകും. ആത്മീയവിഷയങ്ങളിൽ താൽപര്യം വർധിക്കും. ജൂണിൽ വായ്പ അനുവദിച്ചു കിട്ടൽ പോലുള്ള സാമ്പത്തിക മെച്ചങ്ങൾ പ്രതീക്ഷിക്കാം. വിശ്വാസ വഞ്ചനയ്ക്കു പാത്രമാകൽ, മറവിമൂലം കുഴപ്പം എന്നിവയ്ക്കു ലക്ഷണം കാണുന്നതിനാൽ ഇടപാടുകളിൽ പ്രത്യേക ശ്രദ്ധ വേണം.

ജൂലൈ – ഓഗസ്റ്റ്: ജൂലൈയിൽ സന്താനങ്ങൾക്ക് ആഗ്രഹിക്കുന്ന വിഷയത്തിൽ ഉപരിപഠനത്തിനു ചേരാനുള്ള വഴി തെളിയും. കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവർക്കു പ്രതികൂല ഫലങ്ങൾ ഉണ്ടാകാം. അ സ്ഥിസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടാം. ഓഗസ്റ്റിൽ തെരഞ്ഞെടുപ്പിൽ വിജയം. ഇഷ്ടജന വിയോഗം.

സെപ്റ്റംബർ – ഒക്ടോബർ: സെപ്റ്റംബറിൽ ശത്രുശല്യം, അപവാദശ്രവണം, തസ്കരഭയം, പ്രമേഹരോഗാരംഭം, ഗൃഹപരിഷ്കാരം എന്നിവയ്ക്കു ലക്ഷണമുണ്ട്. ഒക്ടോബർ മാസത്തിൽ സംഗീതപഠനം, പരീക്ഷാ വിജയം, ഇഷ്ടപ്പെട്ട സ്ഥലത്തേക്കു മാറ്റം ലഭിക്കൽ.

നവംബർ – ഡിസംബർ : നവംബറിൽ വ്യവഹാര വിജയം. ഏറെനാളായി ആഗ്രഹിച്ചിരുന്ന പുതിയ വീടിന്റെ നിർമാണ ജോലികൾ തുടങ്ങാൻ കഴിയും. കർമമേഖലയിലും അംഗീകാരം ലഭിക്കും. ഡിസംബറിൽ കഫജ്വരം പിടിപെടൽ, അതിർത്തി തർക്കം, സർക്കാർ ആനുകൂല്യം ലഭിക്കൽ, ഉദ്യോഗക്കയറ്റം, വിദേശപര്യടനം എന്നിവ ഫലമാകുന്നു.

പെരിങ്ങോട് ശങ്കരനാരായണൻ

ജ്യോതിശാസ്ത്ര പണ്ഡിതൻ, ആധ്യാത്മിക പ്രഭാഷകൻ, ഹസ്തരേഖാ വിദഗ്ധൻ, ആകാശവാണി അംഗീകൃത നാടകനടൻ, റിട്ട. ഡിവിഷനൽ എൻജിനീയർ
(ബിഎസ്എൻഎൽ) എന്നീ നിലകളിൽ പ്രശസ്തൻ. പ്രഥമ മുരളി പുരസ്കാരം, ജ്യോതിഭൂഷൺ, ജ്യോതിഷ കേസരി, ജ്യോതിഷ ചക്രവർത്തി, ലണ്ടൻ കൊളറോ‍ഡോ യൂണിവേഴ്സിറ്റിയുടെ അംബാസഡർ ഒഫ്  അസ്ട്രോളജി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  തൃശൂർ വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂർ
അമ്പലത്തിലെ ഗണപതി ക്ഷേത്രം,  മമ്മിയൂർ മഹാദേവ ക്ഷേത്രം, െബംഗളൂരു ജലഹല്ലി അയ്യപ്പക്ഷേത്രം, ചോറ്റാനിക്കര, പഴയന്നൂർ, കാഞ്ചീപുരം, തെച്ചിക്കോട്ടുകാവ് തുടങ്ങി ആയിരത്തിലധികം ക്ഷേത്രങ്ങളിലെ ദേവപ്രശ്നങ്ങളിൽ പങ്കെടുത്തു.