നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ജ്യോതിഷ പണ്ഡിതൻ മറുപടി നൽകുന്ന പംക്തി
അച്ഛന്റെ മരണവുമായി ബ ന്ധപ്പെട്ടിട്ടുള്ള സംശയം ഇപ്പോഴും മനസ്സിൽ ബാക്കിയാണ്. 2005 ജനുവരി 29ന് 7.42 am ന് എന്റെ അച്ഛൻ മരിച്ചു.
അന്നെനിക്കു 21 വയസായിരുന്നു. പിന്നീടു ഞാൻ പഠിച്ചു ജോലി കിട്ടി, കുടുംബകാര്യങ്ങൾ നോക്കാൻ തുടങ്ങി. എല്ലാവർഷവും അച്ഛന്റെ ശ്രാദ്ധദിനത്തിൽ അന്നദാനം നടത്താറുണ്ട്. ജോലിയിൽ വല്ലാത്തൊരു പ്രതിസന്ധി ഘട്ടം വന്നപ്പോഴാണു ജ്യോതിഷനെ കണ്ടത്. പ്രശ്നം വച്ചു നോക്കി.
അപ്പോൾ അദ്ദേഹം പറഞ്ഞത് അച്ഛൻ മരിച്ച ദിവസം പിണ്ഡനൂൽ ദോഷം ആണെന്നും, അച്ഛന് ആഗ്രഹത്തോടെയുള്ള മരണം അല്ലെന്നും അതിന്റെ പ്രതികൂലഫലങ്ങളാണ് എനിക്ക് അനുഭവപ്പെടുന്നതും എന്നുമാണ്. അതുകൊണ്ട് വിധിപ്രകാരം അച്ഛനെ ഇരുത്തണം എന്ന പരിഹാരമാണ് പറയുന്നത്. അങ്ങനെ ചെയ്യേണ്ടതുണ്ടോ?
സിദ്ധാർഥ് ചന്ദ്രൻ , വട്ടിയൂർക്കാവ്
∙ താങ്കളുടെ പിതാവ് മരിച്ചത് പൂരം നക്ഷത്ര ദിവസമാണ് . പിണ്ഡനൂൽ നക്ഷത്രങ്ങളുടെ പട്ടികയിൽ വരുന്ന നക്ഷത്രമാണ് പൂ രം. പിണ്ഡനൂൽ നക്ഷത്രം എന്നു പറയുന്നതു മറ്റാർക്കും ദോഷങ്ങൾ ഉണ്ടാകും എന്നു പറയുന്ന നക്ഷത്രമല്ല. പിണ്ഡം വച്ചുള്ള കർമങ്ങൾ ഒരു വർഷം കഴിഞ്ഞു ചെയ്താലും മതി എന്നുള്ളതാണ്.
ഇപ്പോൾ 18 വർഷം ആയി എന്നുള്ളതു കൊണ്ടു പിണ്ഡനൂലിനെക്കുറിച്ചു ചിന്തിക്കേണ്ട ആവശ്യമേയില്ല.
രണ്ടാമത് അച്ഛന്റെ ആഗ്രഹത്തോടെയുള്ള മരണം അല്ലായിരുന്നു എന്നതാണ്. ആരാണ് ആഗ്രഹത്തോടെ മരിക്കാറുള്ളത്. അപ്പോൾ അച്ഛന്റെ എന്നല്ല ഒട്ടുമിക്ക മരണങ്ങളും അവർക്ക് ജീവിക്കാനുള്ള ആഗ്രഹം നിൽക്കുമ്പോൾ തന്നെയാണ് ഉണ്ടാകാറുള്ളത്.
അതിലൊക്കെ ഉപരിയായി ഒരാൾ മരണപ്പെട്ടാൽ അയാളുടെ കാര്യങ്ങൾ ഒരു വ്യാഴവട്ടക്കാലമായ 12 വർഷങ്ങൾ മാത്രം ചിന്തിച്ചാൽ മതിയെന്നാണ് ഗ്രന്ഥങ്ങളിൽ ഉള്ളത്. അതുകൊണ്ട് 18 വർഷം മുൻപ് മരിച്ച അച്ഛന്റെ മേൽ താങ്കളുടെ ജോലി പ്രശ്നം ആരോപിച്ച് മറ്റുള്ളവർക്ക് പണം നൽകാതെ ക്രിയാത്മകമായി പ്രവർത്തിച്ച് ഉയരാൻ ശ്രമിക്കുക.
വിവരങ്ങൾക്ക് കടപ്പാട്:
ഹരി പത്തനാപുരം