കണ്ണിൽ നോക്കി വശീകരിക്കാമോ?
കരളിൽ പുളകമുണർത്താനും കവിളിൽ നാണച്ചോപ്പു തെളിയിക്കാനും നൂറുനൂറായിരം സ്വപനങ്ങളുടെ തേരേറ്റാനും സൗഹൃദത്തിന്റെ തണുപ്പു പകരാനും ഒരു നോട്ടം മതി... ഒരേ ഒരു നോട്ടം... കാതരമായ നോട്ടമെന്നോ ആത്മാവിൽ തൊടുന്ന നോട്ടമെന്നോ ഹൃദയത്തിന്റെ അടിത്തട്ടിലേക്കിറങ്ങിച്ചെല്ലുന്ന നോട്ടമെന്നോ നാമതിനെ ഓമനിച്ചു
കരളിൽ പുളകമുണർത്താനും കവിളിൽ നാണച്ചോപ്പു തെളിയിക്കാനും നൂറുനൂറായിരം സ്വപനങ്ങളുടെ തേരേറ്റാനും സൗഹൃദത്തിന്റെ തണുപ്പു പകരാനും ഒരു നോട്ടം മതി... ഒരേ ഒരു നോട്ടം... കാതരമായ നോട്ടമെന്നോ ആത്മാവിൽ തൊടുന്ന നോട്ടമെന്നോ ഹൃദയത്തിന്റെ അടിത്തട്ടിലേക്കിറങ്ങിച്ചെല്ലുന്ന നോട്ടമെന്നോ നാമതിനെ ഓമനിച്ചു
കരളിൽ പുളകമുണർത്താനും കവിളിൽ നാണച്ചോപ്പു തെളിയിക്കാനും നൂറുനൂറായിരം സ്വപനങ്ങളുടെ തേരേറ്റാനും സൗഹൃദത്തിന്റെ തണുപ്പു പകരാനും ഒരു നോട്ടം മതി... ഒരേ ഒരു നോട്ടം... കാതരമായ നോട്ടമെന്നോ ആത്മാവിൽ തൊടുന്ന നോട്ടമെന്നോ ഹൃദയത്തിന്റെ അടിത്തട്ടിലേക്കിറങ്ങിച്ചെല്ലുന്ന നോട്ടമെന്നോ നാമതിനെ ഓമനിച്ചു
കരളിൽ പുളകമുണർത്താനും കവിളിൽ നാണച്ചോപ്പു തെളിയിക്കാനും നൂറുനൂറായിരം സ്വപനങ്ങളുടെ തേരേറ്റാനും സൗഹൃദത്തിന്റെ തണുപ്പു പകരാനും ഒരു നോട്ടം മതി... ഒരേ ഒരു നോട്ടം...
കാതരമായ നോട്ടമെന്നോ ആത്മാവിൽ തൊടുന്ന നോട്ടമെന്നോ ഹൃദയത്തിന്റെ അടിത്തട്ടിലേക്കിറങ്ങിച്ചെല്ലുന്ന നോട്ടമെന്നോ നാമതിനെ ഓമനിച്ചു വിളിക്കും.
കാലിൽ ദർഭമുന കൊണ്ടെന്ന മട്ടിൽ തിരിഞ്ഞുനിന്ന് ഒരു പാവം ആശ്രമകന്യക നോക്കിയ നോട്ടം, ജീവിതത്തിന്റെ വിഷമസന്ധികളിൽ ശക്തി പകരുന്ന പ്രിയ സുഹൃത്തിന്റെ നോട്ടം.
എന്നാൽ നോക്കിക്കൊല്ലാനും കഴിയും... വായ്നോട്ടമെന്നോ തുറിച്ചുള്ള നോട്ടമെന്നോ ചോരയൂറ്റിക്കുടിക്കുന്ന നോട്ടമെന്നോ ഒക്കെ പറയുന്ന നോട്ടം.
പഴയ മലയാള സിനിമയിൽ ബാലൻ. കെ. നായരെ ഓർമിപ്പിക്കുന്ന, ഒരു കൈ കൊണ്ട് മീശയൽപം പിരിച്ചുവച്ച് കാമത്തിന്റെ എരിവു പടർന്ന ഉരുണ്ട കണ്ണുകൊണ്ടുള്ള ചൂണ്ടക്കൊളുത്തു പോലുള്ള നോട്ടം.
നോട്ടത്തെക്കുറിച്ച് ഇത്ര വാചാലമാകാൻ കാര്യമുണ്ട്. ഈയടുത്ത് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് നോട്ടത്തേക്കുറിച്ച് ഒരു കാര്യം പറഞ്ഞു. 14 സെക്കൻഡിൽ കൂടുതൽ ഒരു പെൺകുട്ടിയെ തുറിച്ചു നോക്കിയാൽ അയാളെ ജയിലിലിടാൻ പോലും നിയമമുള്ള നാടാണിതെന്നാണ് അദ്ദേഹം പറഞ്ഞത്.
നോക്കിക്കൊല്ലൽ അനുഭവിച്ച സ്ത്രീകൾക്ക് ഇതുകേട്ട് ഒരു സന്തോഷമൊക്കെ തോന്നിയെങ്കിലും നമ്മുടെ നാട്ടിലെ പുരുഷന്മാർക്ക് ഈ പ്രസ്താവന ശരിക്കും കൊണ്ടു. കാരണം ഇതിലെ പ്രതിസ്ഥാനത്ത് പുരുഷനാണല്ലൊ. നോട്ടത്തെ ക്രിമിനൽ കുറ്റമാക്കിയതാണ് പുരുഷന്മാരെ ചോടിപ്പിച്ചതെന്നു സാരം. പിന്നെയങ്ങോട്ട് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൊങ്കാലയായിരുന്നു. ഇനി സ്ത്രീകളെ നോക്കുംമുമ്പ് സ്‌റ്റോപ് വാച്ച് വാങ്ങണമല്ലൊ എന്നൊരു കൂട്ടർ. 14 സെക്കൻഡ് നോക്കിയാലല്ലേ പ്രശ്നമുള്ളു, 13 സെക്കൻഡ് നോക്കി ഒരു സെക്കൻഡ് പുറത്തേക്കു നോക്കിയാൽ പ്രശ്നം ഇല്ലല്ലൊ എന്നൊരു വഴി കണ്ടുപിടിച്ചു മറ്റുചിലർ. ചിലരൊക്കെ 14 സെക്കൻഡ് നിയമത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങള്‍ നടത്തി, അങ്ങനെയൊരു നിയമമേ ഇല്ലയെന്നു കണ്ടുപിടിച്ചു. മന്ത്രിമാർ വരെ അഭിപ്രായം പറഞ്ഞു. കേരളത്തിലെ ഈ 14 സെക്കൻഡ് പുകിലിനെ ബിബിസി പോലും ഏറ്റെടുത്ത് വാർത്തയാക്കി.
14 സെക്കൻഡ് നിയമമുണ്ടോ ?
യഥാർഥത്തിൽ, 14 സെക്കൻഡ് സ്ത്രീയെ തുറിച്ചു നോക്കിയാൽ ജയിലിലിടാം എന്നൊരു നിയമമില്ല കേരളത്തിൽ. എന്നാൽ ഇന്ത്യൻ പീനൽ കോഡിലെ 354–ാം വകുപ്പുപ്രകാരം സ്ത്രീകൾക്ക് മാനക്കേടുണ്ടാക്കുന്ന പ്രവൃത്തികളെ കുറ്റകൃത്യമായി കണക്കാക്കാവുന്നതാണ്. വിദേശങ്ങളിലും തുറിച്ചു നോട്ടത്തെ കുറ്റകൃത്യമാക്കുന്ന നിയമങ്ങളില്ല. എന്നാൽ ഓഹിയോ യൂണിവേഴ്സിറ്റി അതിന്റെ പെരുമാറ്റസംഹിതയിൽ തുറിച്ചുനോട്ടത്തെ ലൈംഗിക അതിക്രമമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആൺനോട്ടവും പെൺനോട്ടവും
നമ്മുടെ നാട്ടിൽ ആൺനോട്ടങ്ങൾ കൂടുതൽ പ്രകടമായി അനുഭവപ്പെടുന്നതിന്റെ ഒരു കാരണം പെൺനോട്ടങ്ങളെ ചെറുപ്പം മുതലേ വിലക്കിനിർത്തുന്ന സമൂഹത്തിന്റെ ഇരട്ടത്താപ്പാണെന്നു പറയാം. അങ്ങുമിങ്ങും നോക്കാതെ നേരെ നോക്കി നടക്കുന്ന പെൺകുട്ടിയാണ് നല്ലവളെന്നാണ് വയ്പ് (ഇന്നതിനു കുറച്ചൊക്കെ മാറ്റമുണ്ട്). ചെറുപ്പം മുതലേ, അമ്മയും അച്ഛനും സമൂഹവും അവളെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്, പുരുഷനു നേരെ നോക്കുന്നത് കുലനാരികൾക്ക് അലങ്കാരമല്ല എന്ന്. ദുഷ്യന്തനെ ഒന്നു നോക്കാൻ ശകുന്തളയ്ക്ക് ഏറെ കഷ്ടപ്പെടേണ്ടിവന്നതും കുലനാരിയുടെ പരിമിതികൾ ഉണ്ടായിരുന്നതിനാലാണ്.!
പക്ഷേ ദൈവം ഒരനുഗ്രഹം കൂടി കൊടുത്തിട്ടുണ്ട് സ്ത്രീകൾക്ക്. ഒന്നു പാളി നോക്കുമ്പോള്‍ തന്നെ ഇവനാളു കൊള്ളാം, ഇയാൾ ശരിയല്ല എന്നുള്ള വിലയിരുത്തലിനുള്ള ശേഷി. വിശകലന ശേഷിയുടെ കേന്ദ്രമാണ് ഇടതു മസ്തിഷ്കം. ഇത് പെൺകുട്ടികളിൽ കൂടുതൽ ശക്തമാണെന്നു പറയുന്നു ഗവേഷകർ.
സ്ത്രീയുടേത് കൺകോണിലൂടെയുള്ള പതിഞ്ഞ നോട്ടമാണെങ്കിൽ പുരുഷന്റേത് കൂടുതൽ പ്രകടവും വ്യക്തവുമാണ്. സ്‌ത്രീയുടെ സൗന്ദര്യമാണ് പുരുഷന്മാരെ പൊതുവേ നോക്കാൻ പ്രേരിപ്പിക്കുന്നതത്രെ. ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനയ്ക്കു ശേഷം കണ്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു. ‘സുന്ദരികൾ പൂക്കളെ പോലെയാണ്. അവരെപ്പോഴും സൂര്യനു നേരേ (പുരുഷനു നേരേ) തിരിഞ്ഞിരിക്കും. വേണ്ടതുപോലെ ശ്രദ്ധിച്ചില്ലെങ്കിൽ വാടിപ്പോകും.’ സൗന്ദര്യം മാത്രമല്ല പ്രകോപനപരമായ വസ്ത്രമണിയുന്നതോ ശരീരാവയവങ്ങളുടെ അമിതവലുപ്പമോ മറ്റു പ്രത്യേകതകളോ ഒക്കെ പുരുഷനെ ആകർഷിക്കുന്നതായി പറയുന്നു ഗവേഷകർ.
പുരുഷന്റെ പരതിപ്പരതിയുള്ള നോട്ടത്തിന് പരിണാമപരമായ ഒരു വിശദീകരണം കൂടി നൽകുന്നുണ്ട് ഗവേഷകർ. തനിക്കേറ്റവും അനുയോജ്യമായ പങ്കാളിയെ പുരുഷൻ തിരഞ്ഞെടുക്കുന്നത് കാഴ്ചയിൽ പ്രകടമാകുന്ന ചില സൂചനകളിലൂടെയാണ്. അരക്കെട്ടും ഇടുപ്പും തമ്മിലുള്ള അനുപാതം. മുഖത്തിന്റെ ഘടനപൊരുത്തം (സിമ്മട്രി), മുടിയുടെ നിറം, മാറിടം എന്നിവയൊക്കെ പുരുഷന്റെ നോട്ടത്തിൽപ്പെടുന്നത് ഇതുകൊണ്ടാണത്രെ.
നോട്ടം പ്രശ്നമാകുന്നതെപ്പോൾ
വെറും നോട്ടവും ലൈംഗികചുവയുള്ള നോട്ടവും തമ്മിൽ രണ്ടു നൂലിഴ വ്യത്യാസമേയുള്ളു. മിക്ക സ്ത്രീകളും പറയാറുണ്ട്, 14 സെക്കൻഡല്ല ഒരു സെക്കൻഡ് പോലും ചില നോട്ടങ്ങൾ സഹിക്കാൻ വയ്യ എന്ന്. നോട്ടമേൽക്കുന്നയാൾക്ക് അസ്വസ്ഥതയുളവാക്കുന്നത്രയും നേരം നോക്കുക, മാറിടം പോലുള്ള ശരീരഭാഗങ്ങളിലേക്ക് നോക്കുക, സഭ്യമല്ലാത്ത കമന്റുകളോടു കൂടിയ നോട്ടങ്ങൾ ഇവയൊക്കെ അസ്വസ്ഥപ്പെടുത്താം. ഒരാൾ നമ്മളെ തന്നെ തുറിച്ചുനോക്കി നിൽക്കുന്നത് എത്ര അസ്വാസ്ഥ്യജനകമാണ്.
രണ്ടു സെക്കൻഡിൽ കൂടിയാൽ
കുറ്റകൃത്യമായി കാണുന്നില്ലെങ്കിലും അപരിചിതരെ തുറിച്ചു നോക്കുന്നത് നല്ല സംസ്കാരമല്ല, വിദേശങ്ങളിൽ പോലും. നോട്ടം ദീർഘിക്കുമ്പോള്‍ അതൊരുതരം അധീശത്വമോ ഭീഷണിയോ സൂചിപ്പിക്കുന്നുണ്ട്. നോട്ടമേൽക്കുന്നയാൾ ഭയസമാനമായ വികാരത്തിനടിമപ്പെടാം. ആരോഗ്യകരമായ ബന്ധങ്ങൾക്ക് തുറിച്ചുനോട്ടം വിഘാതമാകുന്നതുകൊണ്ടാകാം വിദേശങ്ങളിലൊക്കെ സംസാരിക്കുമ്പോഴുള്ള മിഴിക്കോർക്കലിന് രണ്ടു സെക്കൻഡ് റൂൾ പറയാറുണ്ട്. രണ്ടു വ്യക്തികൾ തമ്മിൽ സംസാരിക്കുമ്പോൾ തുടർച്ചയായി രണ്ടു സെക്കൻഡിൽ കൂടുതൽ കണ്ണിലേക്കു നോക്കരുത് എന്നതാണ് ഈ റൂൾ. സാധാരണ സംഭാഷണങ്ങളിൽ സംസാരിക്കുന്ന സമയത്തിന്റെ 30–60 ശതമാനം നേരം മാത്രമേ കണ്ണിൽ നോക്കുന്നുള്ളു. എന്നാൽ കമിതാക്കൾ സംസാരിക്കുമ്പോൾ 75 ശതമാനം സമയവും കണ്ണിൽ നോക്കാറുണ്ടത്രെ.
ഏറെ നേരം ഒരാളെയോ വസ്തുവിനെയോ ദീർഘനേരം തുറിച്ചു നോക്കുമ്പോൾ അതിന്റെ പ്രതിബിംബം നമ്മുടെ തലച്ചോറിൽ ആഴത്തിൽ രേഖപ്പെടുത്തപ്പെടും എന്നാണ് ന്യൂറോസയൻസ് പറയുന്നത്. പിന്നെ എപ്പോഴെങ്കിലും അവരെക്കുറിച്ച് നാമോർക്കുമ്പോൾ ഈ പ്രതിബിംബം മിഴിവോടെ ഉള്ളിൽ തെളിയും. നാം ദിവസവും എത്രയോ കാഴ്ചകൾ കണ്ടുതള്ളുന്നു. ഇവയിൽ നിന്നും ചിലതു മാത്രം നമ്മുടെ ഉള്ളിൽ തെളിമയോടെ വിടരുന്നതിനു കാരണം മനസ്സിന്റെ കണ്ണാടിയിലുള്ള രോഖപ്പെടുത്തലാകാം.
തുറിച്ചുനോട്ടത്തിലൂടെ ഉത്തേജനമോ?
തന്റെ പ്രസ്തവനയെക്കുറിച്ച് പിന്നീട് വിശദീകരിച്ചപ്പോൾ നോട്ടം ‘വോയറിസം’ (Voyeurism) ആകുന്ന അവസ്ഥയെയാണ് താൻ പറഞ്ഞതെന്ന് ഋഷിരാജ് സിങ് സൂചിപ്പിച്ചിരുന്നു. വോയറിസം എന്ന വാക്കിനർഥം നഗ്നതയെ ഒളിഞ്ഞുനോക്കി ലൈംഗികസുഖം നേടുന്ന മനോഭാവമെന്നാണ്. തുറിച്ചു നോട്ടം വോയറിസത്തിനു സമമാകുന്നതിനും അതിനു ലൈംഗികാതിക്രമത്തിന്റെ സ്വഭാവമുണ്ടാകുന്നതിനും രണ്ടു മൂന്നു കാരണങ്ങളുണ്ട്.
ഒന്ന്, തുറിച്ചുനോട്ടത്തിലൂടെ നിറംമാറുന്ന വികാരങ്ങളാണ്. ഒരാളെ തന്നെ നോക്കി നിൽക്കുമ്പോൾ നോട്ടം ചിന്തകളിലേക്ക് വഴിമാറാം. സിനിമകളിലൊക്കെ കാണുന്നതുപോലെ അവളുമൊത്തോ അയാളുമൊത്തോ ഉള്ള ഭാവനാസഞ്ചാരങ്ങളിലേർപ്പെടാം മനസ്സ്. സംസാരിക്കുന്നതായും പരസ്പരം സുന്ദരനിമിഷങ്ങൾ പങ്കിടുന്നതായും ഭാവനകൾ കാണാം.
ഒരു വ്യക്തിയെ വീണ്ടും വീണ്ടും നോക്കി ആസ്വദിക്കുമ്പോൾ അതൊരു വ്യക്തിയാണെന്നുള്ള കാര്യം മറന്നു പോകുന്നു. നോട്ടം നീളുന്തോറും അത് തെന്നിമാറിടങ്ങളിലേക്കും അരക്കെട്ടിലേക്കും ശരീരഭാഗങ്ങളിലേക്കും പോകുന്നു. അങ്ങനെ നോട്ടം ലൈംഗികമായ ഉത്തേജനമുണ്ടാക്കുന്ന (Voyeurism) അവസ്ഥയുണ്ടാകാം.
സ്ഥിരം അശ്ലീലചിത്രങ്ങളും വീഡിയോകളും (പോർണോഗ്രഫി) കാണുന്നവർക്കും ഒരു സെക്കൻഡ് നേരം പോലും ആരോഗ്യകരമായ വികാരങ്ങളോടെ സ്ത്രീയെ നോക്കാൻ കഴിയാറില്ല. ശരീരവും അതുണർത്തുന്ന ലൈംഗികവികാരങ്ങളുമാകും അവരുടെ മനസ്സിൽ മുഴച്ചു നിൽക്കുന്നത്.
നോട്ടത്തിന്റെ കാര്യത്തിൽ അവസാനവാക്ക് ഒന്നേയുള്ളു. മോശമായി തോന്നുന്നതോ, അസ്വസ്ഥതയുളവാക്കുന്നവയോ ആകാതിരിക്കട്ടെ നമ്മുടെ നോട്ടങ്ങള്‍. ലോകത്തെ കൂടുതൽ സൗന്ദര്യത്തോടെ കാണാൻ സഹായിക്കുന്ന, സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പരിഗണയുംടെയും നോട്ടങ്ങൾ പരസ്പരം കൈമാറൂ...
നോട്ടം കണ്ടാലറിയാം മനസ്സിലിരുപ്പ്
കണ്ണിന്റെ ആഴങ്ങളിലേക്കു നോക്കിയാൽ അവ എന്താണ് നമ്മളോട് പറയാനാഗ്രഹിക്കുന്നതെന്ന് അറിയാമെന്നാണ് ശരീരഭാഷാവിദഗ്ധർ പറയുന്നത്.
സംസാരിക്കുമ്പോൾ കൃഷ്ണമണി വികസിക്കുന്നത് താൽപര്യം സൂചിപ്പിക്കുന്നു.
നേരേ നോക്കാതെ സംസാരിക്കുന്നത് കള്ളത്തരത്തിന്റെ ലക്ഷണമാണ്.
പഴയ കാര്യങ്ങൾ ഓർമിച്ചെടുക്കുമ്പോഴാണ് ഇടത്തേക്കുനോക്കി സംസാരിക്കുന്നത്.
വലത്തേക്കു നോക്കി സംസാരിക്കുമ്പോൾ കള്ളം പറയുകയാണെന്നോ എന്തോ കാര്യം ഉണ്ടാക്കിപ്പറയുകയാണെന്നോ കരുതാം.
മുകളിലേക്കും താഴേക്കും നോക്കുന്നത് ബോറടിക്കുന്നതിന്റെ സൂചനയാണ്.
കണ്ണിൽ നോക്കി വശീകരിക്കാമോ?
കരളു തുറക്കാനുള്ള കള്ളത്താക്കോൽ കണ്ണിലാണിരുപ്പെന്നു കവി പാടിയത് ഗവേഷണം ശരിവയ്ക്കുന്നു. 1989–ൽ നടന്ന ഗവേഷണത്തിലാണ് എതിർലിംഗത്തിൽ പെട്ട രണ്ട് അപരിചിതരാണെങ്കിൽ പോലും കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ പ്രണയവും സ്നേഹവും അവർക്കിടയിൽ ഉടലെടുക്കുന്നു എന്നു കണ്ടത്. നോട്ടം കൊണ്ടുള്ള ഒരു തരം ഹിപ്നോട്ടിസം തന്നെ. അപരിചിതരായ സ്‌ത്രീ പുരുഷന്മാരെ രണ്ടു മിനിറ്റു നേരം കണ്ണിമ വെട്ടാതെ നോക്കിയിരിക്കാൻ അനുവദിച്ച്, അവരുടെ മനോവികാരങ്ങളെ വിശകലനം ചെയ്താണു പഠനം നടത്തിയത്. കണ്ണിൽ നോക്കിയിരിക്കുന്നത് ബന്ധങ്ങളെ കെട്ടുറപ്പുള്ളതാക്കുമത്രെ. ദീർഘനേരം കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുന്ന കമിതാക്കൾക്കു തമ്മിലുള്ള പ്രണയത്തിന്റെ ആഴവും തീവ്രതയും വലുതായിരിക്കുമെന്നും ഗവേഷകർ പറയുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. പി. ടി. സന്ദീഷ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കോഴിക്കോട്