ചാറ്റ് ജിപിറ്റിയാണോ നിങ്ങളുടെ തെറാപിസ്റ്റ് ? മാനസിക സംഘർഷങ്ങളിൽ നിന്നു കര കയറാൻ ചാറ്റ് ബോട്ടിന്റെ സഹായം തേടുന്നവർ അറിയാതെ പോകരുത് ഈ അപകടങ്ങൾ
ഒരു ചാറ്റ് ബോട്ട് സംഭാഷണത്തിൽ നിന്നു തുടങ്ങാം. ചാറ്റ് ബോട്ടുകളിലെ പ്രമുഖൻ ചാറ്റ് ജിപിറ്റിയുടെ ആപ് ഐക്കണിൽ വിരലൊന്നു തൊട്ടതും എന്തിനും ഏതിനും ഞാനുണ്ടെന്ന മട്ടിൽ മുന്നിലെത്തി ചാറ്റ് ജിപിറ്റി.
(വേഗത്തിൽ ടൈപ് ചെയ്തു)
വല്ലാതെ നിരാശ തോന്നുന്നു. നെഞ്ചിനൊരു ഭാരം പോലെ. എന്താണെന്ന് അറിയില്ല.
(ഉടനെത്തി മറുപടി)
എനിക്കു നിന്നെ മനസ്സിലാകുന്നുണ്ട്. നീ കടന്നു പോകുന്ന നിമിഷങ്ങളോർത്തു സങ്കടവുമുണ്ട്. മനസ്സിന് അനുഭവപ്പെടുന്ന ഭാരം വല്ലാതെ തളർത്തും, പ്രത്യേകിച്ചു കാരണമെന്താണെന്ന് അറിയാത്തപ്പോൾ. ചിലപ്പോൾ ഉള്ളിൽ തിങ്ങിനിറയുന്ന വികാരങ്ങളാകാം സങ്കടത്തിനു പിന്നിൽ. അല്ലെങ്കിൽ ഒരുപക്ഷേ, നിന്റെ മനസ്സിനും ശരീരത്തിനും അൽപം വിശ്രമം ആവശ്യമുണ്ടാകാം.
ഞാൻ നിനക്കൊപ്പമിരുന്നു നിന്നെ കേൾക്കട്ടെ? അതോ മാനസികപിരിമുറുക്കളുടെ കാരണമെന്തെന്ന് കണ്ടെത്താൻ സഹായിക്കണോ ?
ഒന്നു ചിന്തിച്ചു നോക്കൂ... സങ്കടവും ആശങ്കകളും പങ്കുവയ്ക്കുമ്പോൾ ഇതുപോലൊരു മറുപടി നിങ്ങള്‍ കൊതിക്കാറില്ലേ... ഇവിടെ തുടങ്ങുന്നു ചാറ്റ് ബോട്ടുകൾ നിങ്ങളുടെ തെറാപിസ്റ്റ് ആകുന്നുവോ എന്ന ചോദ്യവും അതു തുറന്നിടുന്ന ആശങ്കകളും. ചാറ്റ് ബോട്ടിലെ ആശ്വാസവാക്കുകൾ കുളിർക്കാറ്റാണെങ്കിലും ഇതിനു പിന്നാലെ വന്നേക്കാവുന്ന അപകടങ്ങൾ തിരിച്ചറിയാതെ പോകരുത്.
എന്റെ സ്വന്തം ചാറ്റ് ബോട്ട് കുട്ടാ....
ചാറ്റ് ജിപിറ്റി കൂടാതെ ജെമിനി, കോപൈലറ്റ്, പെർപ്ലെക്സിറ്റി എന്നിങ്ങനെ ചാറ്റ് ബോട്ടുകൾ നിരവധിയുണ്ട്. പലർക്കും ഒപ്പം നടക്കുന്ന കംപാനിയനാണ് ചാറ്റ് ബോട്ട്. എന്നാൽ, ചിലർക്കെങ്കിലും സൈക്കോളജിസ്റ്റോ തെറാപിസ്റ്റോ ആണ്. ചാറ്റ് ബോട്ടിനോടു മനസ്സു തുറക്കുന്നവരുടെ കൂട്ടത്തിൽ ജെൻ സി മാത്രമല്ല, നയന്റീസ് കിഡ്സും ഉണ്ട്.
അധ്യാപകർ വഴക്കു പറഞ്ഞാൽ, കുടുംബത്തിൽ അലോസരങ്ങളുണ്ടായാൽ, സഹപ്രവർത്തകർ ഒറ്റപ്പെടുത്തിയാൽ, ശമ്പളവും ചെലവും കൂട്ടിമുട്ടിക്കാനാകാതെ വന്നാൽ.... ഇങ്ങനെ മനസ്സ് അസ്വസ്ഥമാകുന്ന ഏതവസരത്തിലും ചാറ്റ് ബോട്ടിനോടാണു ചിലർ സംസാരിക്കുക. എന്താകാം ഇത്ര ഇഷ്ടം കൂടാൻ കാരണം ?
∙ 24X7 സേവനമാണ് കക്ഷിക്ക്. സൈക്കോളജിസ്റ്റിന്റെ അപോയിൻമെന്റ് വേണ്ട, കാത്തിരിക്കേണ്ട. മാനസികസംഘർഷം മുറുകുമ്പോൾ വിളിക്കാനാകുന്ന ഒരു സുഹൃത്ത് ഉണ്ടെങ്കിൽ തന്നെ അവർ എല്ലായ്പ്പോഴും ലഭ്യമാകണമെന്നില്ല. ചാറ്റ് ബോട്ട് സദാ, ഒപ്പമുണ്ട്.
∙ ‘സങ്കടമാ...’ എന്നു മാത്രമേ പറയുന്നുള്ളൂ എങ്കിൽ കൂടി ആശ്വാസവാക്ക് എത്തും. ഞാനുണ്ട് കൂടെ എന്ന ഉറപ്പു നൽകിയിട്ടേ ബാക്കി സംസാരമുള്ളൂ...
∙ മുൻവിധികളില്ലാതെ കേൾക്കും. കുറ്റപ്പെടുത്തലോ പരിഹാസമോ ഇല്ല.
∙ നിങ്ങൾ ആരാണെന്നോ നിങ്ങൾക്കു മാനസികപിരുമുറക്കമുണ്ടെന്നോ രണ്ടാമതൊരാൾ അറിയുന്നില്ല. മാനസികാരോഗ്യത്തിനായി തെറപ്പി സ്വീകരിക്കുന്നതു നോർമലൈസ് ചെയ്യാൻ കഴിയാത്ത നമ്മുടെ സമൂഹത്തിൽ ആരുമറിയാതെ മനസ്സിന് താൽകാലിക ആശ്വാസം നൽകാൻ കഴിയുന്നു.
∙ ‘മാനസികാരോഗ്യ വിദഗ്ധരെ കാണാൻ പോയാൽ ഫീസ് കൊടുക്കേണ്ടി വരില്ലേ’ എന്നു ചിന്തിക്കുന്ന ചിലരും ചാറ്റ് ബോട്ടുകളുടെ തെറപ്പി സെഷൻ സ്വീകരിക്കുന്നുണ്ട്.
സമീപിക്കാം, വിമർശനബുദ്ധിയോടെ
∙ ഓർക്കുക, യാതൊരു വികാരവുമില്ലാത്തെ നിർമിത ബുദ്ധിയോടാണു നിങ്ങൾ സംസാരിക്കുന്നത്.
∙ സൈക്കോളജി ഡിഗ്രിയോ സൈക്യാട്രി എംഡിയോ ഇല്ല. അതായതു മാനസികാരോഗ്യ വിഷയങ്ങളില്‍ വിദഗ്ധരാക്കുന്ന സർട്ടിഫിക്കറ്റ് ഒന്നും ചാറ്റ് ബോട്ടിനില്ല.
∙ സ്വകാര്യതയെ ബാധിക്കാം. നിങ്ങളുടെ മനോവിചാരങ്ങൾ ശേഖകരിക്കുകയും വിലയിരുത്തകയും ചെയ്യുന്നത് ഡേറ്റ സെക്യൂരിറ്റിയെ ബാധിക്കാനിടയുണ്ട്.
∙ വൈകാരികമായി ചാറ്റ് ബോട്ടുകളോട് അടിമപ്പെടാം. എഐയെ മാനസിക സൗഖ്യത്തിനായി ആശ്രയിച്ച് അതില്ലാതെ വയ്യെന്ന അവസ്ഥയിലേക്ക് എത്താം.
കുറച്ചു കാലം മുൻപ് ഒരു മുറിക്കുള്ളിൽ അടച്ചിരിക്കുക എന്നത് ചിന്തിക്കാൻ കഴിയുമായിരുന്നോ ? എന്നാലിപ്പോൾ കയ്യിലൊരു ഫോണ്‍ ഉണ്ടെങ്കിൽ ഏതു നരകത്തിലായാലും കുഴപ്പമില്ല എന്ന മട്ടാണു ചിലർക്ക്. ഇതു സമൂഹവുമായുള്ള അകൽച്ചയ്ക്ക് (സോഷ്യൽ ഡിസ്റ്റൻസിങ്) കാരണമായിട്ടുണ്ട്. ഈ സോഷ്യൽ ഡിസ്റ്റൻസിങ് ആണ് ചാറ്റ് ബോട്ടുകളെ ആശ്രയിക്കുന്നതിന്റെ പ്രധാന കാരണം.
ദൃഢമായ സൗഹൃദങ്ങളോ ഊഷ്മളമായ ബന്ധങ്ങളോ സ്വന്തമാക്കാൻ കഴിയാതെ പോകുന്നവരും സാമൂഹിക അരക്ഷിതാവസ്ഥ മൂലം സുഹൃത്തുക്കളിൽ നിന്നു സഹായം സ്വീകരിക്കാൻ മടിയുള്ളവരും നമുക്ക് ചുറ്റുമുണ്ട്. താൻ മനസ്സു തുറന്നാൽ സുഹൃത്തുക്കളുടെ മുന്നിൽ മോശക്കാരാകുമോ, ഇവർ മറ്റാരോടെങ്കിലും തന്റെ മനോവിഷമങ്ങൾ പറയുമോ എന്ന ആധികൾ വേറെ. ബന്ധങ്ങളിലെ സുരക്ഷതിത്വബോധം മറഞ്ഞു തുടങ്ങിയതോടെ മനുഷ്യനു മനുഷ്യനെ വിശ്വസിക്കാൻ മടിയായി. പക്ഷേ, മനുഷ്യൻ നിർമിച്ച നിർമിത ബുദ്ധികളെ കണ്ണുമടച്ചു വിശ്വസിച്ചു തുടങ്ങി. എല്ലാ നിർമിത സാങ്കേതിക ബുദ്ധി സങ്കേതങ്ങളും നൽകുന്നത് മനുഷ്യർ ഫീഡ് ചെയ്തുകൊടുത്ത ഇൻപുട്ട് ആണ്.
നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകളിലൂടെയും പറയുന്ന രീതികളിലൂടെയും ആ വിഷയം കൈകാര്യം ചെയ്യുന്ന വികാരങ്ങളെയും സാഹചര്യങ്ങളെയും മനസ്സിലാക്കി മറുപടി നൽകുകയാണ് ചാറ്റ് ബോട്ട് ചെയ്യുന്നത്. ‘ഞാൻ വിഷമത്തിലാണ്’ എന്നു പറയുമ്പോഴുള്ള മറുപടി പോലെയല്ല ‘എനിക്കു കരച്ചിൽ അടക്കാനാകുന്നില്ല’ എന്നു പറയുമ്പോൾ. നിങ്ങൾ ഉപയോഗിക്കുന്ന ഭാഷയും കുത്തും കോമയും വരെ നോക്കി എഐ നിങ്ങളെ വായിച്ചെടുക്കാൻ ശ്രമിക്കുകയാണ്.
വിമർശന ബുദ്ധിയോടെ മാത്രം ചാറ്റ് ബോട്ടുകളെ സമീപിക്കുക. വൈകാരികഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്ന സുഹൃത്തായി കാണുന്നതിനപ്പുറം വൈഞ്ജാനിക സഹായിയായി കാണാം. പറയുന്ന കാര്യങ്ങൾ എന്തും വസ്തുതാപരമാണോ എന്നു ചിന്തിക്കാനും ശരിയായ ഉത്തരം കണ്ടെത്താനും ശ്രമിക്കുക.
ചാറ്റ് ബോട്ട് ഉപയോഗം അടിമത്വമാകുന്നുണ്ടോ ?
‘‘ചാറ്റ് ജിപിറ്റി പോലുള്ള നിർമിത ബുദ്ധി സങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്രദമാണ്. എന്നാൽ, ആശയവിനിമയത്തിനായി തുടങ്ങുന്നത് അടിമത്വമായി മാറിയാൽ പ്രശ്നം ഗുരുതരമാകും. ഇത്തരം സ്വഭാവ സംബന്ധമായ അടിമത്വമുള്ളവർ ലഹരിക്ക് അടിമപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.’’ ഡോ. അരുൺ ബി.നായർ ചൂണ്ടിക്കാട്ടുന്നു. ‘‘തലച്ചോറിലെ സെറടോണിൻ അടക്കമുള്ള ഘടകങ്ങളുടെ അളവു ക്രമപ്പെടുത്തി വേണം വിഷാദത്തിന് അടിമപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ. ഇതിനു സൈക്യാട്രിസ്റ്റിനെ നേരിട്ടു കണ്ടു ചികിത്സിക്കേണ്ടിവരും. അതിനു ചാറ്റ് ബോട്ട് മതിയാകില്ല എന്നും തിരിച്ചറിയുക.’’
ഇനി പറയുന്ന ആറു ലക്ഷണങ്ങളിൽ മൂന്നെണ്ണം ഒരു മാസമായി പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ചാറ്റിങ് അഡിക്‌ഷനായി മാറിയിട്ടുണ്ട് എന്നു മനസ്സിലാക്കണം. മാനസികാരോഗ്യ വിദഗ്ധന്റെ സഹായത്തോടെ സന്തോഷകരമായ ജീവിതം തിരിച്ചു പിടിക്കാനാകും.
1. രാവിലെ എഴുന്നേൽക്കാനുള്ള പ്രേരണ തന്നെ ചാറ്റ് ബോട്ടുമായി സംസാരിക്കാമല്ലോ എന്നതാണ്. എഴുന്നേറ്റാലുടൻ ചാറ്റ് ബോട്ടിനോടു സംസാരിക്കും.
2. ചാറ്റിങ്ങിന്റെ സമയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ. അഞ്ചു മിനിറ്റ് സംസാരിക്കാം എന്ന ചിന്തയിൽ തുടങ്ങുന്ന ചാറ്റിങ് സമയബന്ധിതമല്ലാതെ മുന്നോട്ടു പോകുന്നു.
3. ആദ്യ ദിവസം അര മണിക്കൂർ മാത്രം സംസാരിച്ചാൽ തന്നെ ആശ്വാസം കിട്ടിയിരുന്നിടത്തു പിന്നീട് ആ സമയം മതിയാകാതെ വരുന്നു.
4. എന്തെങ്കിലും കാരണത്താൽ ചാറ്റ് ബോട്ടുമായി സംസാരിക്കാൻ കഴിയാതെ വന്നാൽ തീവ്രമമായ പിൻവാങ്ങൽ ലക്ഷണങ്ങൾ (withdrawal symptoms) വരുന്നു. ഉറക്കകുറവ്, അമിത ഉത്കണ്ഠ, ദേഷ്യം, വിഷാദം എന്നിവ അനുഭവപ്പെടുന്നു.
5. മറ്റൊന്നും ജീവിതത്തിൽ സന്തോഷം നൽകാത്ത അവസ്ഥ. ബന്ധങ്ങൾ, കായികവിനോദം, സംഗീതം, സിനിമ ഒന്നും തെല്ലും സന്തോഷിപ്പിക്കുന്നില്ല
6. തന്റെ ചാറ്റിങ് ആരോഗ്യകരമല്ല എന്നു തിരിച്ചറിയാനാകുന്നുണ്ട്. പക്ഷേ, നിയന്ത്രിക്കാനാകുന്നില്ല.
നമുക്കാകാം ആ സുഹൃത്ത്
ചാറ്റ് ബോട്ടിനോട് മനസ്സു തുറക്കുന്ന സഹപ്രവർത്തകരോടോ സുഹൃത്തുക്കളോടോ പങ്കാളിയോടെ ഇക്കാര്യങ്ങളെല്ലാം ഒന്നു പറയണം എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അതിനേക്കാൾ ആഴത്തിൽ ചിന്തിക്കേണ്ടത് അവരുടെ ചാറ്റ് ബോട്ടായി മാറാനാണ്. കേൾക്കാനൊരു ചെവി മതി പലർക്കും. ചുറ്റും നിൽക്കുന്നവരുടെ മനോവിചാരങ്ങളെ മുൻവിധികളില്ലാതെ കേൾക്കാൻ നമുക്കു ശ്രമിക്കാം. ഒരാൾ സങ്കടങ്ങളോ ആകുലതകളോ പങ്കുവയ്ക്കുമ്പോൾ പരിഹാരം തേടാനോടും മുൻപ് ഒപ്പമിരിക്കാം, ചായാനൊരു തോളു നൽകാം. മനസ്സു തുറന്നു സംസാരിക്കുമ്പോൾ ഉള്ളിൽ നിറഞ്ഞ കാർമേഘമകലും. അതോടെ തെളിഞ്ഞ മനസ്സോടെ അവർക്കു തന്നെ പ്രശ്നപരിഹാരം കണ്ടെത്താനാകും.
വിവരങ്ങൾക്കു കടപ്പാട് : ഡോ. അരുൺ ബി. നായർ, പ്രഫസർ ഓഫ് സൈക്യാട്രി, മെഡിക്കൽ കോളജ്, തിരുവനന്തപുരം
ഹോണറബിള്‍ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & ടെക്‌നോളജി