ഒൻപതാം ക്ലാസിൽ പഠിക്കുന്നൊരു കുട്ടി മനോവിഷമം കാരണം ജീവനൊടുക്കിയൊരു വാർത്ത നമുക്ക് മുന്നിലെത്തിയിട്ട് ഏറെ ദിവസമായിട്ടില്ല. മാതാപിതാക്കൾ സ്കൂൾ അധികൃതരേയും സ്കൂൾ അധികാരികൾ മാതാപിതാക്കളെയും പഴിചാരിക്കൊണ്ടിരിക്കുന്നു. പഴികൾക്കൊക്കെയപ്പുറം തിരികെ കിട്ടാത്തൊരു ജീവൻ പൊലിഞ്ഞു... തീർത്തും വേദനാജനകവും ഖേദകരവുമായൊരു സംഭവമാണിത്. കുട്ടികളുടെ കാര്യം വരുമ്പോൾ അവർ അബദ്ധത്തിലേക്ക് ചെന്നു ചാടാതിരിക്കാൻ‌ പൊതുവേ മാതാപിതാക്കളും അധ്യാപകരും ചുറ്റുമുള്ളവരുമൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുണ്ട്.

കുട്ടികളെ കുട്ടികളായി കാണാം... കുറ്റവാളികളായല്ല

ADVERTISEMENT

ഒരു ക്ലാസ് മുറിയെടുത്താൽ അവിടെ പലതരത്തിൽ മാനസിക സമ്മർദ്ദത്തിനടിമപ്പെട്ടിരിക്കുന്ന കുട്ടികൾ ശരാശരി 10-15 ശതമാനം വരെ വരാം. കുട്ടികൾ സമ്മർദ്ദത്തിന് അടിമപ്പെടുപ്പോൾ ചിലപ്പോൾ വൈകാരികമായി പ്രതികരിക്കാം വിഷാദാവസ്ഥയിൽ പോകാം. അതുപോലെ തന്നെ ചില കുട്ടികൾ പെരുമാറ്റ വൈകല്യങ്ങളിലേക്കാകും പോകുക അവർ കുരുത്തക്കേടോ അനുസരണക്കേടോ ഒക്കെ കാണിക്കാം. ചിലരെയാകട്ടേ അതു പഠനപ്രശ്നങ്ങളായിട്ടാണ് ബാധിക്കുക– പഠനത്തിൽ ശ്രദ്ധിക്കാനാവാതെ വരിക, മാർക്ക് കുറയുക തുടങ്ങിയവ. മറ്റൊരു കൂട്ടർ പ്രത്യേകിച്ചും പെൺകുട്ടികൾ ശാരീരികമായിട്ടാകും അസ്വസ്ഥത കാണിക്കുക– തലവേദന, മയക്കം, ബോധക്കേട് മുതലായവ.

സമ്മർദ്ദങ്ങൾ എന്തു തന്നെയായാലും കുട്ടികളെ കൈകാര്യം ചെയ്യാൻ അധ്യാപകർ സജ്ജരാകേണ്ടിയിരിക്കുന്നു. സാധാരണ ഗതിയിൽ ഇവിടെ കുരുത്തക്കേട് കാണിക്കുന്ന കുട്ടിയെ വഴക്കു പറയുകയോ, മറ്റുള്ളവർക്ക് മുന്നിൽ വച്ച് ഇകഴ്ത്തി പറയുകയോ, ക്ലാസ് മുറിക്ക് വെളിൽ നിർത്തുകയോ, അടിയൊക്കെ നിരോധിച്ചിട്ട് പോലും ചില അധ്യാപകർ ഇന്നും അടിക്കുകയോ ഒക്കെ ചെയ്യുന്നുണ്ട്. എന്നാൽ ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുന്നുണ്ടോ? അടിസ്ഥാന പ്രശ്നം എന്തെന്ന് മനസിലാക്കി അതു പരിഹരിക്കാനുള്ള മാർഗം തേടുക എന്നതല്ലേ അതിന്റെ യഥാർഥ പ്രതിവിധി?

ADVERTISEMENT

കുരുത്തക്കേടൊക്കെ കാട്ടുന്ന കുട്ടിയുടെ ഉള്ളിൽ പലതും അവരെ അലട്ടുന്നുണ്ടാവാം. അത് അപകർഷതാ ബോധമാകാം വീട്ടിലെ പ്രശ്നങ്ങളുടെ അവശേഷിപ്പുകളാകാം. കുട്ടികൾ ഇത്തരം പ്രശ്നങ്ങൾ കാട്ടിയാൽ അധ്യാപകർ കുട്ടിയുമായി സംസാരിച്ച് അവരുടെ ബുദ്ധിമുട്ടെന്തെന്ന് അറിയണം. അതിനായി ആദ്യമേ കുട്ടിയെ വിധിക്കാതെ കേൾക്കാനുള്ള സൻമനസ് മുതിർന്നവർ കാണിക്കുക തന്നെ വേണം.

കുട്ടിയെ പൊള്ളിക്കുന്ന തരത്തിലുള്ള ശാസനകൾ മറ്റു കുട്ടികൾക്ക് മുന്നിൽ വച്ചാകുമ്പോൾ അത് കുട്ടിയുടെ സ്വയം മതിപ്പ് താഴ്ന്ന് പോയി ആത്മാഭിമാനത്തെ മുറിപ്പെടുത്തും. ഒരുപക്ഷേ, കുട്ടി എല്ലാ കാര്യങ്ങളും മാതാപിതാക്കളോട് തുറന്നു പറഞ്ഞു കാണില്ല. അത്തരം ഒരു കാര്യം അധ്യാപകർ വഴി മാതാപിതാക്കളിലേക്ക് എത്തുമ്പോൾ അവർ എങ്ങനെ പ്രതികരിക്കുമെന്ന ഭയവും കുട്ടിക്കു കാണും. അതോർത്ത് കുട്ടി വിഷമിക്കുകയും അനാവശ്യചിന്തയിലേക്കൊക്കെ പോയി എന്നും വരാം. അപ്പോ ഇത്തരം ഒരു തെറ്റ് കുട്ടി ചെയ്തെന്ന് കണ്ടുപിടിക്കുന്ന അധ്യാപകർ ഓർക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. മനസ് പൂർണമായും വികസിക്കാത്തൊരു ‘കുട്ടി‘യാണ് തെറ്റ് ചെയ്തിരിക്കുന്നത്. ആ കുട്ടിയുടെ പ്രായവും സാഹചര്യവും മാനസികാവസ്ഥയുമൊക്കെ കണക്കിലെടുത്ത് കാര്യങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുക, ക്ഷമ കാണിക്കുക എന്നതാണ് പ്രധാനം.

ADVERTISEMENT

ഒരുക്കാം പോസിറ്റീവായ കേൾക്കാനുള്ള അന്തരീക്ഷം

പുതിയ കാലത്ത് ചില കുട്ടികൾക്കുള്ള പെരുമാറ്റ പ്രശ്നങ്ങളിൽ അധ്യാപകർ മാതാപിതാക്കളുടെ കൂടി സഹായം തേടേണ്ടതുണ്ട്. അപ്പോഴും ‘കുട്ടി ഒരു മഹാ അപരാധിയാണ്‘ എന്ന് മട്ടിലല്ല കാര്യങ്ങൾ അവതരിപ്പിക്കേണ്ടത്. ആദ്യം കുട്ടി ക്ലാസിൽ ചെയ്തിട്ടുള്ള നല്ല കാര്യങ്ങൾ ഓർക്കുക, വീട്ടിൽ ചെയ്തവയും ചോദിച്ചു മനസിലാക്കുക അപ്പോ ആശയവിനിമയത്തിനുള്ളൊരു പോസിറ്റീവ് അന്തരീക്ഷം ഒരുങ്ങി. ഇനി കുട്ടി ചെയ്ത തെറ്റിനെ ഇരു കൂട്ടർക്കും ഒരുമിച്ചു നിന്ന് മനസിലാക്കി തിരുത്താനുള്ള വഴികൾ ആലോചിക്കാം. സ്കൂളിന്റെ ഭാഗത്തു നിന്ന് ഇന്നതൊക്കെ ചെയ്യാമെന്നും ഗൃഹാന്തരീക്ഷത്തിൽ എന്തൊക്കെ ചെയ്യാമെന്നും കൂടിയാലോചിച്ച് തീരുമാനിക്കാം.

ക്ലാസ് മുറി സാഹചര്യത്തിൽ നല്ല ചില ഉത്തരവാദിത്വങ്ങൾ കുട്ടിയെ ഏൽപ്പിക്കാം. അവ നിറവേറ്റിയാൽ എല്ലാവർക്കും മുന്നിൽ പ്രശംസിക്കുന്നതു വഴി ക്രമേണ അവരുടെ സ്വയം മതിപ്പ് വർദ്ധിക്കും. ഒരുപാട് കുരുത്തക്കേടുകൾ ഇല്ലാതാക്കാൻ ഇത് സഹായിക്കും. സ്വയം മതിപ്പ് വർദ്ധിപ്പിക്കുമ്പോൾ അതു നഷ്ടപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കാതിരിക്കാൻ അവർ സ്വയം ശ്രമിക്കുകയും ചെയ്യും.

ഗാർഹികാന്തരീക്ഷത്തിലും ഇത്തരം സ്വയം മതിപ്പ് വർദ്ധിപ്പിക്കുന്ന ശീലങ്ങൾ ഉണ്ടാക്കാൻ കുട്ടിയ സഹായിക്കാം. കുട്ടിയുടെ ഗുണങ്ങള്‍ കണ്ടെത്തി അതിനനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യിപ്പിക്കാം. അവ ചെയ്യുമ്പോൾ കൃത്യമായി അഭിനന്ദിക്കാം. ഇത്തരത്തിലുള്ള അടിത്തറയുണ്ടാക്കിയാൽ അൽപസ്വൽപ്പമൊരു വഴക്കോ പിണക്കമോ കുട്ടിയെ അത്ര കണ്ട് ബാധിക്കില്ല. പ്രശംസാരഹിതമായ അന്തരീക്ഷത്തിലുള്ളവരാണ് വേഗം ഉലഞ്ഞു പോകുന്നത്. കാരണം ‘എന്റെ നല്ലതൊന്നു കാണാത്തവരാണിവർ‘ എന്നിട്ടാണ് എന്നെ കുറ്റപ്പെടുത്തുന്നത് എന്നൊരു ചിന്തായാണ് കുട്ടിയുടെ മനസിൽ വരിക.

സമ്മർദ്ദത്തിലാകുന്ന സ്വന്തം കുട്ടിയുടെ സമ്മർദ്ദം മാതാപിതാക്കൾ തിരിച്ചറിയുക എന്നതു വളരെ പ്രധാനമാണ്. ഖേദകരം എന്ന് പറയട്ടേ പലപ്പോഴും സഹപാഠികൾ മനസിലാക്കിയാലും ചുറ്റുമുള്ളവർ അറിഞ്ഞാലും മാതാപിതാക്കൾ ഇത് തിരിച്ചറിയുന്നത് വൈകിയാണ്. ഹോംവർക്ക് നോക്കാനും നല്ല മാർക്കിനായും മാത്രം കുട്ടിയെ ശ്രദ്ധിക്കുന്നവർ കുട്ടിയുടെ ഇത്തരം ചില കാര്യങ്ങൾ തിരിച്ചറിയാതെ പോയാൽ അത് വലിയ വിപത്തിലേക്ക് നയിക്കും. സമ്മർദമുള്ള കുട്ടിക്ക് സ്വന്തം വീട്ടിൽ വന്ന് അത് തുറന്നു പറയാനുള്ള സാഹചര്യം എന്തേ ഇല്ലാതെ പോകുന്നു എന്നതൊരു വലിയ ചോദ്യമാണ്. അധ്യാപകരോ സഹപാഠികളോ കുട്ടി സമ്മർദ്ദത്തിലാണെന്ന് മനസിലാക്കിയാൽ സ്കൂളിലെ കൗൺസലിങ്ങ് സൗകര്യം ഉപയോഗിക്കാൻ പറയുക. അതിലും നിൽക്കാതെ വരുന്ന കാര്യങ്ങള്‍ മാതാപിതാക്കളുടെ മുന്നിൽ ആരോഗ്യകരമായി അവതരിപ്പിച്ച് മാനസികവിദഗ്ധരുടെ സഹായം തേടുക. നല്ല വളർത്തലിലൂടെ കുട്ടിയുടെ മനസിന്റെ പാസ്‌വേർഡ് നേടിയെടുത്താൽ തന്നെ കുട്ടിയുടെ ‘ഗോ ടു‘ പേഴ്സണായി നിങ്ങൾക്കു മാറാം. ഏതൊരപകടം വന്നാലും എനിക്കെന്റെ അച്ഛനുമമ്മയും ഒപ്പമുണ്ടെന്ന വിശ്വാസം ജനിപ്പിക്കാം.

കടപ്പാട്: ഡോ. സി.ജെ. ജോൺ, മാനസികാരോഗ്യ വിദഗ്ധൻ.

ADVERTISEMENT