‘ബാങ്കിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്ക് അമിത ഉത്കണ്ഠയും ആധിയും; ആദ്യ സംസാരത്തില് തന്നെ ബോസ് ആണ് വില്ലനെന്ന് മനസ്സിലായി’ Understanding and Identifying Workplace Stress
മഹാരാഷ്ട്രയിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്തിരുന്ന 27 വയസ്സുള്ള അന്ന സെബാസ്റ്റ്യൻ. ഈ പേര് എല്ലാവരും ഓർക്കണമെന്നില്ല. ജോലിസമ്മർദം കൊണ്ടുണ്ടായ ഹൃദയ സ്തംഭനത്താൽ മരിച്ച മലയാളി പെൺകുട്ടി എന്നു പറഞ്ഞാൽ അന്നയെ എല്ലാവരും അറിയും. 2023 ജനുവരിയിൽ ഡിലോയ്റ്റ് നടത്തിയ സർവേയില്‍ പറയുന്നത് ജോലി ചെയ്യുന്ന 53
മഹാരാഷ്ട്രയിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്തിരുന്ന 27 വയസ്സുള്ള അന്ന സെബാസ്റ്റ്യൻ. ഈ പേര് എല്ലാവരും ഓർക്കണമെന്നില്ല. ജോലിസമ്മർദം കൊണ്ടുണ്ടായ ഹൃദയ സ്തംഭനത്താൽ മരിച്ച മലയാളി പെൺകുട്ടി എന്നു പറഞ്ഞാൽ അന്നയെ എല്ലാവരും അറിയും. 2023 ജനുവരിയിൽ ഡിലോയ്റ്റ് നടത്തിയ സർവേയില്‍ പറയുന്നത് ജോലി ചെയ്യുന്ന 53
മഹാരാഷ്ട്രയിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്തിരുന്ന 27 വയസ്സുള്ള അന്ന സെബാസ്റ്റ്യൻ. ഈ പേര് എല്ലാവരും ഓർക്കണമെന്നില്ല. ജോലിസമ്മർദം കൊണ്ടുണ്ടായ ഹൃദയ സ്തംഭനത്താൽ മരിച്ച മലയാളി പെൺകുട്ടി എന്നു പറഞ്ഞാൽ അന്നയെ എല്ലാവരും അറിയും. 2023 ജനുവരിയിൽ ഡിലോയ്റ്റ് നടത്തിയ സർവേയില്‍ പറയുന്നത് ജോലി ചെയ്യുന്ന 53
മഹാരാഷ്ട്രയിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്തിരുന്ന 27 വയസ്സുള്ള അന്ന സെബാസ്റ്റ്യൻ. ഈ പേര് എല്ലാവരും ഓർക്കണമെന്നില്ല. ജോലിസമ്മർദം കൊണ്ടുണ്ടായ ഹൃദയ സ്തംഭനത്താൽ മരിച്ച മലയാളി പെൺകുട്ടി എന്നു പറഞ്ഞാൽ അന്നയെ എല്ലാവരും അറിയും.
2023 ജനുവരിയിൽ ഡിലോയ്റ്റ് നടത്തിയ സർവേയില്‍ പറയുന്നത് ജോലി ചെയ്യുന്ന 53 ശതമാനത്തോളം ഇന്ത്യൻ സ്ത്രീകൾ ഉയർന്ന സ്ട്രെസ് (സമ്മർദം) കൊണ്ടുനടക്കുന്നുണ്ടത്രേ. അതിൽ 30 ശതമാനം പേർ ജോലി കാരണം ബേൺ ഔട്ട് ആകാറുണ്ട്.
ബേൺ ഔട്ടും ജോലി സംബന്ധമായ സ്ട്രസ്സും ലോക വ്യാപകമാണെങ്കിലും ഇന്ത്യൻ സ്ത്രീകളിൽ അതു കൂടുന്നതിനു പിന്നിൽ കുടുംബത്തിൽ നിന്നുള്ള സമ്മർദമടക്കം നിരവധി കാരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇവരിൽ ഹൃദയാഘാത സാധ്യത 21 ശതമാനം കൂടുമത്രേ.
ജോലി രോഗിയാക്കുമോ എന്നു നമ്മളും ഈ ടാർഗറ്റ് ‘പണി’യാകുമോ എന്നു തൊഴിലുടമയും ചിന്തിച്ചു തുടങ്ങുമ്പോൾ ചോദ്യങ്ങൾ അനവധി ബാക്കിയുണ്ട്. എന്തൊക്കെയാണു ജോലിയിൽ സമ്മർദമുണ്ടാക്കുന്നത്? അവ എങ്ങനെ തിരിച്ചറിയാം? അവയെ പ്രതിരോധിക്കുന്നതെങ്ങനെ?
വിശദമായി പറഞ്ഞു തരുന്നു എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റായ ഡോ.സി.ജെ. ജോണും ലൈഫ്്സ്റ്റൈൽ, മോട്ടിവേഷണൽ വിദഗ്ധനായ അഭിഷാദ് ഗുരുവായൂരും.
എവിടെയാണു പ്രശ്നം?
ജോലി സമ്മർദം സംബന്ധിച്ച ചർച്ചകളെല്ലാം ഐടി, ബാങ്ക് മേഖലകളിൽ ചുറ്റിക്കറങ്ങി നിൽക്കുകയാണ്. പക്ഷേ, തൊഴിൽ മേഖല ഏതായാലും തൊഴിലാളി അഭിമുഖീകരിക്കേണ്ടി വരുന്ന പൊതു വെല്ലുവിളിയാണു തൊഴിൽ സമ്മർദം. ടാർഗറ്റ്, ഡെഡ്‌ലൈൻ അധിഷ്ഠിതമായി ജോലി ചെയ്യുന്നവരിൽ അതിന്റെ ആഘാതം കുറച്ചു കൂടുമെന്നു മാത്രം.
ഇവ ഇല്ലാത്ത തൊഴിലാണല്ലോ പൊലീസ് സേന. അവിടെ സമ്മർദമില്ല എന്നാണോ ? മാറിയ സാഹചര്യത്തിൽ കുട്ടികളുടെ പഠന പ്രശ്നങ്ങൾ മുതൽ ക്ലസ്റ്റർ മീറ്റിങ്ങും മറ്റുമൊക്കെയായി അധ്യാപകർ വരെ സമ്മർദത്തിലല്ലേ?
പല ഘടകങ്ങൾ ചേർന്നാണു തൊഴിൽ സമ്മർദം ഉണ്ടാക്കുന്നത് എന്നു പറയാം. രോഗാണുബാധയെ സംബന്ധിച്ചു കമ്യൂണിറ്റി മെഡിസിനിലുള്ള ഒരു പ്രമാണം ഇതാണ്, ഏജന്റ് – ഹോസ്റ്റ് ആൻഡ് എൻവയോൺമെന്റ്.
എന്താണോ രോഗം ഉണ്ടാക്കുന്നത് എന്നാണ് ഏജന്റ് എന്ന പദത്തിലൂടെ ഉദ്ദേശിക്കുന്നത്. രോഗാണു എത്തിപ്പെടുന്ന ആളാണ് ഹോസ്റ്റ്. ഓരോരുത്തരുടെയും രോഗപ്രതിരോധശക്തി കണക്കിലെടുത്താണു രോഗാണുവിന് എത്രത്തോളം ആഘാതമുണ്ടാക്കാനാകും എന്നു പറയാനാകുക. ഈ സാഹചര്യങ്ങളാണ് എൻവയോൺമെന്റിൽ പെടുക. ഈ മൂന്നു സാധ്യതകളും ഒരാളിൽ പ്രതികൂലമായി വരുമ്പോഴാണു രോഗം കലശലാകുന്നത്. ഇതേ തിയറി തൊഴിൽ സമ്മർദത്തിന്റെ കാര്യത്തിലും പ്രയോഗിക്കാം.
എന്താണു സമ്മർദം ഉണ്ടാക്കുന്നത് എന്ന ചോദ്യത്തിന് ഇങ്ങനെ ഉത്തരം പറയാം, തൊഴിൽ തന്നെയാണു സമ്മർദത്തിനു കാരണം.
ലഭിക്കുന്ന ജോലി പലപ്പോഴും കൂടുതലാകാം, അതിനായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വരാം. വ്യക്തിക്കു ജോലി ആസ്വാദ്യകരമല്ലാതെ വരുന്ന സാഹചര്യവുമുണ്ട്. ചില പ്പോഴെങ്കിലും ജോലി അഭിരുചിക്കു ചേരാത്തതുമാകാം. ഇ തിനു പുറമേയാണു സഹപ്രവർത്തകരിൽ നിന്നുള്ള സമ്മർദം. ടീം വർക് ഇല്ലായ്മ മാത്രമല്ല പാരവയ്പും ഇതിൽ പെടും.
ഭൗതിക സാഹചര്യങ്ങളുടെ പ്രശ്നം കൊണ്ടും സമ്മർദം വരാം. ഇരിക്കുന്ന കസേര ശരിയായ വിധത്തിലല്ലെങ്കിൽ ദീർഘനേരം ഇരുന്നുള്ള ജോലിയിൽ ആയാസം ഉണ്ടാകും. ഇതു സമ്മർദമാകുന്നതു നമ്മൾ പോലുമറിയാതെ ആകും.
മേലധികാരിയുടെ ‘സമ്മർദ തന്ത്രങ്ങ’ളും ജോലിയിൽ ഭാരമാകാം. അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നതും അഭിപ്രായഭിന്നതയുമൊക്കെ പ്രതികൂല ഘടകങ്ങളാണ്. ചിലർക്കെങ്കിലും ഈ സ്ഥാപനത്തിൽ എന്റെ ജോലി എ ന്താണ് എന്നു തിരിച്ചറിയാനാകാതെ പോകും. ഈ റോൾ കൺഫ്യൂഷൻ കൊണ്ടും സമ്മർദം വരാം. പ്രൊഡക്ടിവിറ്റിക്കു മാത്രം വില നൽകുന്ന, ടാർഗറ്റിലൂടെ മാത്രം തൊഴിലാളികളെ അളക്കുന്ന സാഹചര്യങ്ങളിൽ വർക് പ്രഷർ പലരും തിരിച്ചറിയുന്നുകൂടിയില്ല.
പഠിച്ച ജോലിയേ ആകില്ല പലരും ചെയ്യുന്നത്. എന്റെ സ്വപ്നം ഇതല്ല എന്ന നിരാശാബോധത്തോടെ ജോലി ചെയ്യുന്നതും തൊഴിൽ സമ്മർദമുണ്ടാക്കും. കിട്ടുന്ന ജോലി ആസ്വാദ്യമായി ചെയ്യാനുള്ള സ്കിൽ ആർജിച്ചെടുക്കണം. ആ ആറ്റിറ്റ്യൂഡ് ഉണ്ടായില്ലെങ്കിൽ ബാക്കി എല്ലാ ഘടകങ്ങളും പ്രതികൂലമായി ബാധിക്കാൻ തുടങ്ങും. അത് ഇരട്ടി ഭാരമാകും.
തിരിച്ചറിയാം, തടയാം
ജോലിയിലെ സമ്മർദവും അതുമൂലം ഉണ്ടാകുന്ന മാനസിക ശാരീരിക പ്രയാസങ്ങളും ചെറുതല്ല. വോൾട്ടേജ് സ്റ്റെബിലൈസർ ഇല്ലാതെ അനസ്യൂതം പ്രവഹിക്കുന്ന ഹൈ വോൾട്ടേജ് പോലെയാണു ജോലി സമ്മർദം. പ്രവാഹം ശക്തമാകുമ്പോൾ ഒരു ദിവസം ഫ്യൂസ് പോകും. അതിനു മുൻപ് അതു തിരിച്ചറിയുകയും തടയുകയും വേണം.
എനിക്കു സമ്മർദമുണ്ടോ എന്നു നിരന്തരം ചോദിച്ചു കൊണ്ടിരിക്കണം. ആസ്വദിച്ചാണോ ജോലി ചെയ്യുന്നത്, ഇതെനിക്കു ഭാരമാണോ ജീവിതത്തിലെ മറ്റു കാര്യങ്ങൾക്കു സമയം കിട്ടുന്നുണ്ടോ എന്നൊക്കെ വിലയിരുത്തണം. ശാരീരിക, മാനസിക, പെരുമാറ്റ പ്രശ്നങ്ങളായൊക്കെ സമ്മർദ ലക്ഷണങ്ങൾ പുറത്തുവരും. തലവേദന, തലകറക്കം, ഉറക്കക്കുറവ്, വയറിന് അസ്വസ്ഥത, തൊലിപ്പുറത്തുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിങ്ങനെയാണു ശാരീരിക മാറ്റങ്ങൾ മിക്കവാറും പ്രകടമാകുക. വിഷാദം, ഉത്കണ്ഠ, ഉത്സാഹക്കുറവ്, തീരുമാനമെടുക്കാനുള്ള പ്രയാസം എന്നിങ്ങനെ മാനസിക പ്രയാസങ്ങളും വരാം. പതിവായി ലീവെടുക്കുക, ജോലിയിലെ പെർഫോമൻസ് കുറവ്, മൂഡ് സ്വിങ്സ്, ക്ഷമയില്ലായ്മ എന്നിവയൊക്കെയായി പെരുമാറ്റ പ്രശ്നങ്ങളും വരുന്നതോടെ ജോലിയിലും വീട്ടിലും കാര്യങ്ങൾ വഷളായി തുടങ്ങും.
തൊഴിൽ ആസ്വദിച്ചു ചെയ്യുന്നവർക്കു ക്ഷീണമുണ്ടാകില്ല. പക്ഷേ, ക്ഷീണമില്ലാതെ ജോലി ചെയ്യുന്നതിനും പരിധിയുണ്ട്. ജോലി ഇഷ്ടമാണെന്നു കരുതി ഓവർ വർകഹോളിക് ആകുന്നത് ആരോഗ്യം ക്ഷയിപ്പിക്കും. ജോലിയിലെ സമ്മർദം പരിഹരിക്കാൻ ആദ്യം വേണ്ടതു ജോലിക്കും ജീവിതത്തിനും ടൈംടേബിൾ ഉണ്ടാക്കുകയാണ്. മിക്കവരും ജോലിക്കു വേണ്ടി ഇഷ്ടമുള്ള മറ്റു കാര്യങ്ങൾ കോംപ്രമൈസ് ചെയ്യും. സന്തോഷം തരുന്ന പ്രവൃത്തികളിൽ വ്യാപൃതരാകുന്നതു സമ്മർദം അകറ്റാൻ പ്രധാനമാണ്. മനസ്സിന്റെ ഭാരത്തിന് അയവു വരുത്തുന്ന, ഊർജം നൽകുന്ന പ്രവൃത്തികളിൽ പാട്ടു കേൾക്കുന്നതും പൂന്തോട്ടം പരിപാലിക്കുന്നതുമൊക്കെ പെടും.
കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നതും ഉറക്കം ചിട്ടയാക്കുന്നതും പ്രധാനമാണ്. ഇവയൊക്കെ പാലിച്ചിട്ടും സമയം കിട്ടാത്ത സാഹചര്യം വന്നു ചേരാം. ജോലികൾ പങ്കിട്ടു ചെയ്യാൻ ടീം സ്കിൽ ഉണ്ടാക്കിയെടുത്തത് ഈ ഘട്ടത്തിലാണ് ഗുണം ചെയ്യുക.
സ്ഥിരമായി സമ്മർദത്തിലൂടെ കടന്നു പോകുന്നവരുടെ രോഗപ്രതിരോധ ശേഷി കുറയുമെന്നു പഠനങ്ങളുണ്ട്. ഇടയ്ക്കിടെ അസുഖം വന്നു ലീവെടുക്കേണ്ടി വരുന്നതു ജോലിയിലെ കാര്യക്ഷമതയെ ബാധിക്കും. അതു കൂടുതൽ സമ്മർദത്തിലേക്കു തള്ളിവിടും.
സമ്മർദമുണ്ടെന്നു തിരിച്ചറിഞ്ഞാൽ പരിഹാരം തേടാൻ മടിക്കരുത്. വേണമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും തേടാം. മനസ്സിനു സ്വാസ്ഥ്യം കിട്ടാനായി ധ്യാനമോ യോഗയോ ശ്വസന വ്യായാമങ്ങളോ ശീലിക്കണം. ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും വേണം.
തൊഴിൽക്ഷമതയും വ്യക്തിയും
ബാങ്കിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി അമിത ഉത്കണ്ഠയും ആധിയും കാരണമാണ് ഡോക്ടറെ കാണാനെത്തിയത്. കസ്റ്റമേഴ്സിനോടു ക്ഷമയില്ലാതെ പെരുമാറുന്നതു കൊണ്ടു പരാതികൾ പതിവായി. ഇതു കരിയറിൽ തിരിച്ചടിയാകുമെന്നു കണ്ടു സഹപ്രവർത്തകയാണു മനോരോഗവിദഗ്ധനെ കാണാൻ ഉപദേശിച്ചത്.
ആദ്യ സംസാരത്തിൽ തന്നെ ബോസ് ആണ് വില്ലൻ എന്നു ഡോക്ടർക്കു മനസ്സിലായി. നല്ലതു ചെയ്താൽ ‘ഇതൊക്കെ ഞാൻ ചെയ്യേണ്ടതല്ലേ, നിങ്ങളെന്തിനു ചെയ്തു’ എന്നു ചോദിക്കും. എന്നു കരുതി അടുത്ത പ്രാവശ്യം ചെയ്യാതിരുന്നാൽ ‘ഇനി പറഞ്ഞിട്ടു വേണോ ചെയ്യാൻ?’ എന്നു ചോദിക്കും. എന്തിനും മുറിവേൽപ്പിക്കുന്ന വർത്തമാനവും ചൊറിച്ചിലും.
ഈ സ്ഥിരതയില്ലാത്ത നിലപാടു കൊണ്ടുതന്നെ കസ്റ്റമറിന്റെ ആവശ്യങ്ങളിൽ തനിച്ചു തീരുമാനം എടുക്കാനാകാത്ത അവസ്ഥയായി പെൺകുട്ടിക്ക്. മറ്റുള്ളവരുടെ മുന്നിൽ വച്ചു താഴ്ത്തിക്കെട്ടുന്നതുമൊക്കെ പെൺകുട്ടിയെ അസ്വസ്ഥയാക്കി. തന്നേക്കാൾ എക്സ്പീരിയൻസ് കുറഞ്ഞവർക്കു പോലും അഭിനന്ദനങ്ങളും ഇൻസന്റീവും കിട്ടാൻ തുടങ്ങിയതോടെ നന്നായി ജോലി ചെയ്തിരുന്ന അവൾക്കു ജോലിയോടു തന്നെ വെറുപ്പായി.
എത്ര വേണമെങ്കിലും ജോലി ചെയ്യാനുള്ള ഊർജവും ഉത്സാഹവുമുള്ളവർക്കു പോലും ജോലി അധികഭാരമായി തോന്നുന്ന ഘട്ടമാണിത്. മാനവ വിഭവശേഷി എന്നതുകൊണ്ട് ടാർഗറ്റ് പൂർത്തിയാക്കുന്നതും ഡെഡ്‌ലൈനിൽ പണി തീർക്കുന്നതും മാത്രമല്ല ഉദ്ദേശിക്കുന്നത്. തൊഴിലാളികളുടെ വെൽബീയിങ് നിലനിർത്തി ഉത്പാദനക്ഷമത നേടിയെടുക്കുക എന്നു കൂടിയാണ്. സമ്മർദം അടിച്ചേൽപിച്ച് ഉത്പാദന ക്ഷമത കൂട്ടാമെന്നതു തെറ്റിദ്ധാരണയാണ്. ജോലിയിൽ വിഭജനം കൃത്യമായി നടത്തണം. ജോലിഭാരം എല്ലാവരിലും സമമായിരിക്കാൻ മേലധികാരി ശ്രദ്ധിക്കണം. തൊഴിലാളിയുടെ മാനസികാരോഗ്യം പരിപാലിക്കുന്ന തൊഴിൽ സംസ്കാരം സൃഷ്ടിക്കുക എന്നതു തൊഴിൽ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. ഇത് ഉത്പാദനക്ഷമത കൂട്ടുകയും ചെയ്യും.
ജോലിയിൽ എത്ര ഭാരമുണ്ടെങ്കിലും പ്രതികരിക്കാനാകാത്ത (പാസീവ്) സാഹചര്യമുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന പേടിയാണ് ഇതിനു കാരണം. സ്വയം വിശ്വാസവും ക്വാളിറ്റി വർക് ചെയ്യുന്നുണ്ടെന്ന ബോധ്യവും വേണം. ജോലിയിൽ മികവുണ്ടെങ്കിൽ ആരാണു നിങ്ങളെ പിരിച്ചുവിടുക? കാര്യങ്ങൾ നന്നായി ചെയ്യുമെന്ന് ബോധ്യമുണ്ടെങ്കിൽ അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ ഭയപ്പെടേണ്ടതില്ല, പ്രതികരിക്കാനും. എന്നിട്ടും പൊരുത്തപ്പെടാനാകാത്ത ജോലി സമ്മർദമുണ്ടെങ്കിൽ പരാതിപ്പെടാൻ മടിക്കരുത്. മേലധികാരിയിൽ നിന്നോ തൊഴിൽ സ്ഥാപനത്തിൽ നിന്നോ പരിഹാരം ലഭിക്കുന്നില്ലെങ്കിൽ ലേബർ നിയമപ്രകാരം നടപടികൾ സ്വീകരിക്കാം.
ഹൈ പ്രഷർ ജോബ് പട്ടികയിലാണ് ഐടിയും ബാങ്കും പൊലീസുമൊക്കെ പെടുന്നത്. ഈ ജോലി ചെയ്യുന്ന മിക്കവർക്കും ജീവിതശൈലീ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. ഓരോ ഓർഗനൈസേഷനും തങ്ങളുടെ കമ്പനി ഹൈ പ്രഷർ, ൈഹ റിസ്ക് സോൺ ആണോ എന്നു വിശകലനം നടത്തണം. അതിനനുസരിച്ചു വർക്കും ടാർഗറ്റും ഡെഡ്‌ലൈനും പുനർനിർണയിക്കണം.
വരുത്തി വയ്ക്കുന്ന സമ്മർദം
നാട്ടിൽ ജോലി ചെയ്തിരുന്ന ദമ്പതികൾക്ക് അമേരിക്കയിൽ ജോലി കിട്ടി. കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ അവരുടെ ജീവിതം അപ്പർ ക്ലാസ്സിലേക്ക് ഉയർന്നു. പക്ഷേ, പെട്ടെന്ന് ജോലി നഷ്ടപ്പെട്ടു. അടുത്ത മാസം ചെലവിനും ലോണുകളുടെ തിരിച്ചടവിനും എന്തുചെയ്യുമെന്നറിയാതെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.
കഴുത്തിൽ കുരുക്കു മുറുക്കുന്നതിനു തൊട്ടുമുൻപു ഭാര്യ ഭർത്താവിനോടു ചോദിച്ചു, എന്തിനാണ് നമ്മൾ മരിക്കുന്നത്? ഈ സോഷ്യൽ സ്റ്റാറ്റസ് നഷ്ടപ്പെടുമെന്നോർത്തോ? എല്ലാം പോയാലും നമ്മൾ ബാക്കിയാകണ്ടേ? ആ തിരിച്ചറിവിൽ വീടും കാറുമെല്ലാം വിറ്റു ലോണുകൾ തീർത്തു. ബാക്കി വന്ന കുറച്ചു പണവുമായി നാട്ടിലെത്തി സ്വസ്ഥമായി ജീവിതം വീണ്ടും തുടങ്ങി.
ജീവിച്ചിരിക്കുമ്പോൾ പരിഹരിക്കാനാകാത്ത എന്തു പ്രശ്നമാണു മരണം കൊണ്ടു തീരുന്നത്? വീട്ടുകാരെയും പ്രിയപ്പെട്ടവരെയും കണ്ണീരിൽ ആഴ്ത്തുമെന്നല്ലാതെ കടവും കഷ്ടപ്പാടും അതുപോലെ ബാക്കിയുണ്ടാകും. വരുമാനത്തിനനുസരിച്ചു ജീവിതനിലവാരം മെച്ചപ്പെടുത്തുമ്പോൾ കണക്കുകൂട്ടലുകൾ തെറ്റിപ്പോകുന്നതു സ്വാഭാവികം. ഇങ്ങനെ വരുത്തി വയ്ക്കുന്ന കുഴപ്പങ്ങളിൽ ജീവിതം അവസാനിപ്പിക്കുന്നതാണു തെറ്റ്.
പല ഘട്ടങ്ങളിലും ഫുൾസ്റ്റോപ് വീഴുമെന്നു തോന്നിയേക്കാം. പക്ഷേ, പിന്നാലെ ജീവിതം വീണ്ടും തളിർക്കും. പ്രശ്നങ്ങളുണ്ടാകുമ്പോൾ ഒരു ബ്രേക് എടുക്കണം. വിശ്രമവും അതിലൂടെ ലഭിക്കുന്ന ഊർജവും വീണ്ടും അധ്വാനിക്കാനുള്ള കരുത്തു പകരും.
പരിഹാരം കൂട്ടായി
തൊട്ടടുത്ത ആൾ ഏത് അവസ്ഥയിലൂടെ കടന്നു പോകുന്നെന്നു നമുക്കറിയില്ല. വലയ്ക്കുന്ന സ്ട്രെസ്സുമായിട്ടാണു നടക്കുന്നതെന്നു നമ്മളും തിരിച്ചറിയുന്നില്ല. സ്ട്രെസ് ഉള്ള ജോലി വേണോ, നിർത്തിക്കൂടേ എന്നു ചോദിക്കാൻ എളുപ്പമാണ്. എല്ലാവർക്കും ജോലി വേണ്ടെന്നു വയ്ക്കാനുള്ള സാഹചര്യം ഉണ്ടാകില്ല. തൊഴിലും കുടുംബജീവിതവും തമ്മിലുള്ള ബാലൻസാണ് ഇന്ത്യൻ സാഹചര്യത്തിൽ പ്രധാനം. ഇടവേളകളിൽ കുടുംബത്തിനൊപ്പം ചെലവിടാൻ മുൻതൂക്കം നൽകണം.
ഓരോരുത്തർക്കും ഇഷ്ടമുള്ള ജോലി ചെയ്യാമെന്ന തരത്തിൽ ഇപ്പോൾ ചിന്താഗതി മാറി വരുന്നുണ്ട്. പാഷനെ ഫോളോ ചെയ്യുന്നവരുടെ ലോകമാണിത്. ജീവിതത്തിൽ പണം മാത്രമല്ല സന്തോഷം നൽകുന്നതെന്ന് തിരിച്ചറിഞ്ഞവരുടെ കാലം. അത്തരത്തിൽ ചിന്താഗതിയും ആത്മവിശ്വാസവും മാറ്റിയെടുക്കണം.
സന്തോഷത്തിന്റെ ‘തവള’
ജോലിയിലെ സന്തോഷത്തിന്റെ നിലവാരം അളക്കുന്ന ഒരു രീതി പരിചയപ്പെടാം. FROG എന്നാണ് ഇതിന്റെ പേര്. ഓരോ അക്ഷരവും ജോലിയിലെ വിവിധ സന്തോഷ ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നു.
F എന്നാൽ ഫൺ. ജോലിയിൽ ഫൺ ഉണ്ടോ, ആസ്വദിക്കാൻ പറ്റുന്നുണ്ടോ എന്നൊക്കെയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. R റിവാർഡ് ആണ്. ജോലിയിൽ നമുക്കു കഴിവിനനുസരിച്ചു റിവാർഡ് കിട്ടുന്നുണ്ടോ എന്നതു പ്രധാനമാണ്. അഭിനന്ദനം ഉണ്ടോ, പ്രമോഷൻ ഉണ്ടോ, ഇൻസെന്റീവോ മറ്റു തരത്തിലോ ഉള്ള പ്രതിഫലം കിട്ടുന്നുണ്ടോ എന്നതൊക്കെ ഇതിൽപ്പെടും.
O എന്നാൽ ഓണർഷിപ് എന്നാണ്. ഇത് എന്റെ കൂ ടി സ്ഥാപനമാണെന്നുള്ള തോന്നൽ. അതു ജോലിയിൽ സന്തോഷവും സംതൃപ്തിയും നൽകും. G എന്നതു ഗോൾ പെർസീവിങ് ആണ്. ജോലി ചെയ്യുന്ന തൊഴിലാളിക്ക് അയാളുടെ ലക്ഷ്യങ്ങൾ നേടിയെടുനുള്ള അവസ്ഥ ആ സ്ഥാപനത്തിലുണ്ടോ എന്നാണ് ഇതിലൂടെ അർഥമാക്കുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാഹചര്യവുമായി തട്ടിച്ചു നോക്കി ഈ സന്തോഷ സൂചകങ്ങളിൽ എത്രയെണ്ണം നമുക്കുണ്ട് എന്നു ക ണ്ടെത്തൂ. സന്തോഷമില്ലാത്ത കാര്യങ്ങളുടെ കാരണം കണ്ടെത്തി അവ പരിഹരിക്കാൻ ഇപ്പോൾ തന്നെ നടപടികൾ സ്വീകരിക്കണേ.