വിവാഹമോചനം എന്ന തീരുമാനമെടുക്കാൻ പുരുഷന്മാർ മടിക്കുമ്പോൾ സ്ത്രീകൾ മുൻകയ്യെടുക്കുന്നു... ഒരൊറ്റ അടി ഡിവോഴ്സ് പെറ്റീഷനിലേക്കു വിവാഹത്തെ എത്തിച്ച കഥയാണ് ‘ഥപ്പട്’ എന്ന ഹിന്ദി സിനിമ പറയുന്നത്. തിരിച്ചടിക്കാൻ ഭാര്യ പ്രാപ്തി നേടി വിവാഹമോചനത്തിലേക്കു ബന്ധത്തെ നയിച്ച കഥയാണ് ‘ജയ ജയ ജയ ഹേ’ എന്ന മലയാള സിനിമ

വിവാഹമോചനം എന്ന തീരുമാനമെടുക്കാൻ പുരുഷന്മാർ മടിക്കുമ്പോൾ സ്ത്രീകൾ മുൻകയ്യെടുക്കുന്നു... ഒരൊറ്റ അടി ഡിവോഴ്സ് പെറ്റീഷനിലേക്കു വിവാഹത്തെ എത്തിച്ച കഥയാണ് ‘ഥപ്പട്’ എന്ന ഹിന്ദി സിനിമ പറയുന്നത്. തിരിച്ചടിക്കാൻ ഭാര്യ പ്രാപ്തി നേടി വിവാഹമോചനത്തിലേക്കു ബന്ധത്തെ നയിച്ച കഥയാണ് ‘ജയ ജയ ജയ ഹേ’ എന്ന മലയാള സിനിമ

വിവാഹമോചനം എന്ന തീരുമാനമെടുക്കാൻ പുരുഷന്മാർ മടിക്കുമ്പോൾ സ്ത്രീകൾ മുൻകയ്യെടുക്കുന്നു... ഒരൊറ്റ അടി ഡിവോഴ്സ് പെറ്റീഷനിലേക്കു വിവാഹത്തെ എത്തിച്ച കഥയാണ് ‘ഥപ്പട്’ എന്ന ഹിന്ദി സിനിമ പറയുന്നത്. തിരിച്ചടിക്കാൻ ഭാര്യ പ്രാപ്തി നേടി വിവാഹമോചനത്തിലേക്കു ബന്ധത്തെ നയിച്ച കഥയാണ് ‘ജയ ജയ ജയ ഹേ’ എന്ന മലയാള സിനിമ

വിവാഹമോചനം എന്ന തീരുമാനമെടുക്കാൻ പുരുഷന്മാർ മടിക്കുമ്പോൾ സ്ത്രീകൾ മുൻകയ്യെടുക്കുന്നു...

രൊറ്റ അടി ഡിവോഴ്സ് പെറ്റീഷനിലേക്കു വിവാഹത്തെ എത്തിച്ച കഥയാണ് ‘ഥപ്പട്’ എന്ന ഹിന്ദി സിനിമ പറയുന്നത്. തിരിച്ചടിക്കാൻ ഭാര്യ പ്രാപ്തി നേടി വിവാഹമോചനത്തിലേക്കു ബന്ധത്തെ നയിച്ച കഥയാണ് ‘ജയ ജയ ജയ ഹേ’ എന്ന മലയാള സിനിമ പറഞ്ഞത്.

ADVERTISEMENT

ഈ കഥകളെല്ലാം കണ്ടെടുക്കപ്പെടുന്നതു ചുറ്റുവട്ടങ്ങളിൽ നിന്നാണ്. വീട്ടിലെ കഥകൾ കോടതി കയറുകയും വിവാഹമോചനത്തിലേക്ക് എത്തുകയും ചെയ്യുന്നത് ഏറുകയാണിപ്പോൾ. എന്തുകൊണ്ടിതു സംഭവിക്കുന്നു?

വിവാഹമോചനത്തിനു മുൻകയ്യെടുക്കുന്നവരിൽ അധികവും സ്ത്രീകളാണെന്നു കണക്കുകൾ പറയുന്നു. എ ന്താണിതിനു പിന്നിലുള്ള കാരണം.

ADVERTISEMENT

കഴിഞ്ഞ ആറുവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വിവാഹമോചന ഹർജികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. കേരളത്തിൽ വർഷംതോറും ഏ കദേശം ഒരു ലക്ഷം വിവാഹങ്ങൾ റജിസ്റ്റർ ചെയ്യപ്പെടുന്നു. വിവരാവകാശപ്രകാരം ലഭിച്ച കണക്കുകൾ അനുസരിച്ച് 2025ലെ വിവാഹമോചന ഹർജികളുടെ എണ്ണം 35,238. മുൻവർഷത്തേക്കാൾ 4,591 എണ്ണം വർധനയാണ് ഉണ്ടായിരിക്കുന്നത്.

മുൻകയ്യെടുക്കുന്നതു സ്ത്രീകളോ?

ADVERTISEMENT

‘‘കേരളത്തിലെ കുടുംബകോടതി കൗൺസിലർമാരുടെയും അഭിഭാഷകരുടെയും നിരീക്ഷണപ്രകാരം, ഇപ്പോഴത്തെ വിവാഹമോചന കേസുകളിൽ സ്ത്രീകൾ തന്നെയാണു പലപ്പോഴും വിവാഹമോചന തീരുമാനത്തിലേക്ക് എത്തുന്നത്. അതുകൊണ്ടു സ്ത്രീകളാണു പ്രശ്നത്തിന്റെ കാരണം എന്നർഥമില്ല.

കുടുംബബന്ധത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്ത്രീകളുടേതു മാത്രമാണെന്ന പരുവപ്പെടുത്തലിൽ നിന്ന് അവർ പുറത്തുകടന്നിരിക്കുന്നു. അതാണു വിവാഹമോചന തീരുമാനത്തിനു സ്ത്രീകൾ മുൻകയ്യെടുക്കുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്.

പണ്ടത്തെ വിവാഹമോചനങ്ങളിൽ നിന്നു വ്യത്യസ്തമായി ജീവനാംശം, കുട്ടികളുടെ ചെലവിനുള്ള പണം, തുട ങ്ങിയ കാര്യങ്ങൾ ‘വേണ്ട’ എന്നു വച്ചു കൊണ്ടു പോലും വിവാഹമോചിതരാകുന്ന സ്ത്രീകൾ കൂടുകയാണ്. ’’ കോഴിക്കോടു നിന്നുള്ള പ്രമുഖ അഭിഭാഷകൻ അഡ്വ. ജോസഫ് തോമസ് പറയുന്നു.

എന്തുകൊണ്ടു പുരുഷന്മാർ മുൻകയ്യെടുക്കുന്നില്ല എ ന്നതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് അഡ്വ. ഷൈ ല റാണി വിശദമാക്കിയത്. ‘‘ഇന്നത്തെ സാമൂഹികവ്യവസ്ഥിതിയിൽ വിവാഹം കൊണ്ടുള്ള ഗുണഫലങ്ങൾ ഏറെയും ലഭിക്കുന്നതു പുരുഷന്മാർക്കാണ്. സ്ത്രീധനം, സാമൂഹികമൂല്യം, അധികാരം, പലവിധ സേവനങ്ങൾ എന്നിവ പുരുഷന് ലഭിക്കുന്നു.

ദാമ്പത്യത്തിലുണ്ടാകേണ്ട സ്നേഹം, പരിഗണന, വൈകാരിക ലഭ്യത, ഉത്തരവാദിത്തം, ലൈംഗികത എന്നിവയിൽ പുരുഷൻ കുറവു വരുത്തിയാലും അതു സമൂഹം നിസ്സാരമാക്കുന്നു.ദാമ്പത്യം മുന്നോട്ടു കൊണ്ടുപോകാൻ സ്ത്രീകൾക്കു മേൽ സമ്മർദം ചെലുത്തുന്നു. കുട്ടികളുടെ സംരക്ഷണവും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായാണ് പലരും കാണുന്നത്.

സഹനം സ്ത്രീയുടെ കടമയാണ് എന്ന സാമൂഹിക ശാസനത്തെ മറികടക്കുന്ന സ്ത്രീകൾ വിവാഹമോചനം എന്ന തീരുമാനത്തിലേക്കു കൂടുതലായി വരുന്നു.’’ അഡ്വ. ഷൈല റാണി പറയുന്നു.

ഇപ്പോഴത്തെ പിള്ളർക്കൊക്കെ സഹിഷ്ണുത കുറയുന്നതാണ് വിവാഹമോചനം കൂടുന്നതിന് കാരണം എന്ന ധാരണ പൊതുവേയുണ്ട്. എന്നാൽ 40നു മേൽ പ്രായമുള്ളവർക്കിടയിലും വിവാഹമോചനം കൂടുന്നുവെന്നതാണു യാഥാർഥ്യം.

മെനോപോസും ഡിവോഴ്സും

‘‘പെരിമെനോപോസും (ആർത്തവവിരാമ പൂർവഘട്ടം) മെനോപോസും ദാമ്പത്യബന്ധത്തിൽ സമ്മർദവും സംഘർഷങ്ങളും വർധിക്കുന്നതിനും വിവാഹമോചനത്തിലേക്ക് നയിക്കുന്നതിനുമുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.’’ കൊച്ചിയിലെ പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. എൽസി ഉമ്മൻ പറയുന്നു.

‘‘പെരിമെനോപോസ് പല വർഷങ്ങൾ നീണ്ടുനിൽക്കാം. ഈ സമയത്താണു സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഇതിന്റെ ഭാഗമായി ചില സ്ത്രീകളിൽ വൈകാരിക ആടിയുലച്ചിൽ (Mood swings), ക്ഷോഭം, ദേഷ്യം, ഉത്കണ്ഠ, വിഷാദലക്ഷണങ്ങൾ, ഉറക്കക്കുറവ്, ക്ഷീണം, സമ്മർദം താങ്ങാനുള്ള ശേഷിക്കുറവ്, ലൈംഗിക താൽപര്യത്തിലെ മാറ്റങ്ങൾ, ഏകാഗ്രതക്കുറവ്, മറവി, ക്രമം തെറ്റിയ ആർത്തവചക്രം തുടങ്ങിയ അസ്വസ്ഥതകളുണ്ടാകാം. ഇവ ആശയവിനിമയത്തെയും വൈകാരിക അടുപ്പത്തെയും ബാധിച്ചേക്കാം.

ഈ മാറ്റങ്ങളെക്കുറിച്ചു ദമ്പതികൾക്കു വേണ്ടത്ര ധാരണയില്ലെങ്കിൽ തെറ്റിദ്ധാരണകളും അകൽച്ചയും സംഘർഷങ്ങളും വർധിച്ചു വിവാഹമോചനം വരെയെത്താം.

അതിനോടൊപ്പം മക്കൾ സ്വതന്ത്രരാകുന്നു, പ്രായമായ മാതാപിതാക്കളുടെ പരിചരണച്ചുമതലകൾ ഏറ്റെടുക്കേണ്ടി വരുന്നു, സ്ഥലമാറ്റം, വിരമിക്കൽ തുടങ്ങിയ പരിവർത്തനങ്ങൾ ജീവിതത്തെ സംഘർഷഭരിതമാക്കാം.

മധ്യവയസ്സിൽ ഉണ്ടാകുന്ന വിവാഹമോചനം സാധാരണയായി നിരവധി ഘടകങ്ങളുടെ സംയുക്തഫലമാണ്. പെരിമെനോപോസും മെനോപോസും മാത്രമായി വിവാഹമോചനത്തിനു കാരണമാകുന്നതിലേറെ നിലവിലുള്ള ദാമ്പത്യ പ്രശ്നങ്ങളെ ഈ ഘട്ടം കൂടുതൽ പ്രകടമാക്കുകയോ രൂക്ഷമാക്കുകയോ ചെയ്യുകയാണ് ഉണ്ടാവുന്നത്.

ആവശ്യമായ ചികിത്സ, കൗൺസലിങ് എന്നിവയിലൂടെ പല ദമ്പതികളും ഈ ഘട്ടത്തെ അതിജീവിക്കുന്നുമുണ്ട്.’’ ഡോ. എൽസി ഉമ്മൻ ഓർമിപ്പിക്കുന്നു.

മാറിയ സാമൂഹികസാഹചര്യങ്ങൾ

സാമൂഹിക സാഹചര്യങ്ങളിലെ മാറ്റമടക്കം പല ഘടകങ്ങൾ വിവാഹമോചനം ഏറുന്നതിനു കാരണമായിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ഏതൊക്കെയെന്നു നോക്കാം.

∙ വിവാഹത്തെക്കുറിച്ചുള്ള പ്രതീക്ഷകളിലെ മാറ്റം : മുൻപ് ‘വിവാഹം കഴിയുക’ എന്നതായിരുന്നു സ്ത്രീകളുടെ ഏറ്റവും വലിയ പ്രതീക്ഷയെങ്കിൽ ഇന്നു പങ്കാളിയുടെ വൈകാരിക ലഭ്യത (ഇമോഷനൽ അവെയ്‌ലബിലിറ്റി) വിവാഹത്തിൽ നിന്നു സ്ത്രീകൾ നിർബന്ധമായും പ്രതീക്ഷിക്കുന്നു. അതിലെ കുറവു സഹിക്കാൻ അവർ തയാറല്ല.

∙ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം വർധിച്ചത് : വിവാഹമാണു പെൺകുട്ടികളുടെ ജീവിതത്തിൽ പ്രധാനം എന്ന മനഃസ്ഥിതി മാറി. ജോലി ലഭിച്ച ശേഷമേ വിവാഹം കഴിക്കൂ എന്നു തീരുമാനിക്കുന്ന പെൺകുട്ടികൾ ഏറി. വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്താൽ നിലനിൽപ്പിനായി വിവാഹത്തിൽ തുടരേണ്ട സ്ഥിതി ഇല്ലാത്തതിനാൽ സ്ത്രീകൾ കൂടുതലായി വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തിത്തുടങ്ങി.

∙ സാമൂഹിക സമീപനം മാറിയത് : ‘എന്തു വില കൊടുത്തും വിവാഹം നിലനിർത്തണം’ എന്ന പഴയ സാമൂഹിക സമീപനം മാറിയതു വിവാഹത്തിലെ അസ്വാരസ്യങ്ങളെ സഹിക്കാനും ക്ഷമിക്കാനുമുള്ള സ്ത്രീകളുടെയും കുടുംബങ്ങളുടെയും തീരുമാനത്തിൽ മാറ്റം വരുത്തി.

വിവാഹബന്ധം നിലനിർത്തുന്നതിനു വേണ്ടിയുള്ള സഹനം ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കും നീളുന്ന കാഴ്ചകൾ നൽകുന്ന ഭയവും വിവാഹമോചനം എന്ന തീരുമാനത്തിലേക്കുള്ള വേഗം വർധിപ്പിക്കുന്നു.

∙ കുടുംബങ്ങളുടെ ഇടപെടൽ : ദമ്പതികളുടെ കാര്യത്തി ൽ കുടുംബക്കാർ ഇടപെടുന്നതു മുൻപ് ഏറക്കുറേ സ്വീകാര്യമായിരുന്നെങ്കിൽ ഇന്നു പുരുഷനും സ്ത്രീയും ഇത്തരം ഇടപെടലുകൾക്ക് എതിരാണ്.

പങ്കാളികളിൽ ആരുടെയെങ്കിലും കുടുംബക്കാർ ഇത്തരത്തിൽ ഇടപെടുകയും പങ്കാളികളിലൊരാൾ അതു ശരിവയ്ക്കുകയും ചെയ്താൽ മറ്റേയാൾ വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് അടുക്കാൻ മടി കാണിക്കുന്നില്ല.

∙ ആശയവിനിമയക്കുറവ്: പ്രതീക്ഷിക്കുന്നതു ലഭിക്കുന്നില്ല, ലഭിക്കുന്നതു മതിയാകുന്നില്ല. എന്തു മാറ്റമാണു വരുത്തേണ്ടതെന്നു പറയാനും കഴിയുന്നില്ല. ആശയവിനിമയത്തിലെ അപാകതകളാണു പല ബന്ധങ്ങളിലും വിള്ളൽ വീഴ്ത്തുന്നത്. കാലക്രമേണ അത് അകൽച്ചയായി മാറാം. ചെറുപ്പക്കാർക്കിടയിൽ പ്രായത്തിന്റേതായ അമിത വികാരവിക്ഷോഭങ്ങൾ, പങ്കാളിയോടുള്ള അമിതമായ ഉടമസ്ഥതാമനോഭാവം (Over Possessiveness) എന്നിവ വില്ലനാകാം.

∙ സോഷ്യൽ മീഡിയയും ഡിജിറ്റൽ ജീവിതവും : അമിതമായ സോഷ്യൽ മീഡിയ ഉപയോഗം, സോഷ്യൽ മീഡിയ ബന്ധങ്ങൾ എന്നിവ വിവാഹത്തിലെ ഊഷ്മളത നഷ്ടപ്പെടുത്തുന്നു. വൈകാരിക ലഭ്യത കുറവ്, വിശ്വസ്തതയെക്കുറിച്ചുള്ള സംശയം, തുടങ്ങിയവ വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് പങ്കാളികളെ എത്തിക്കുന്നു.

∙ മാനസിക പൊരുത്തക്കേടുകൾ : സ്ത്രീകൾ പ്രാധാന്യം നൽകേണ്ടതു കുടുംബജീവിതത്തിനും കുട്ടികളെ വളർത്തുന്നതിനുമാണ് എന്നു കരുതുന്ന പുരുഷനും കരിയറിനു കൂടുതൽ പ്രാധാന്യം നൽകുന്ന സ്ത്രീയും തമ്മിലുള്ള വിവാഹം താളപ്പിഴകളിലേക്കു നീങ്ങാൻ അധികനേരം വേണ്ട. ഇത്തരം സാഹചര്യങ്ങളിൽ മുൻപ് സ്ത്രീകൾ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തിയിരുന്നെങ്കിൽ ഇന്ന് വിവാഹമോചനം ആണു പരിഗണിക്കുന്നത്.

∙ ഗാർഹിക പീഡനത്തോടുള്ള സഹിഷ്ണുത കുറഞ്ഞത് : ഗാർഹിക പീഡനം എന്നതു തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകളിൽ കൂടി. മുൻപു ഗാർഹിക പീഡനങ്ങളെ ‘ചട്ടിയും കലവുമായാൽ തട്ടിയും മുട്ടിയുമിരിക്കും’ എന്നെല്ലാം നിസാരവത്ക്കരിച്ചിരുന്നെങ്കിൽ ഇന്നു തനിക്കു ലഭിക്കേണ്ട ബഹുമാനത്തെയും സ്വാതന്ത്ര്യത്തെയും നീതിയെയും കുറിച്ചു വ്യക്തമായ ബോധ്യം സ്ത്രീകളിൽ ഭൂരിഭാഗത്തിനുമുണ്ട്. അതിനാൽ ‘ഞാനവൾക്കു സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാറുണ്ട്’ എന്ന മനോനിലയോടു കലഹിക്കുകയും ഗാർഹിക പീഡനങ്ങളോട് ഒട്ടും തന്നെ സഹിഷ്ണുത കാണിക്കാതിരിക്കുകയും ചെയ്യുന്നു.

മറ്റുള്ളവർ അറിഞ്ഞാൽ : മറ്റുള്ളവർ അറിഞ്ഞാൽ എന്തു കരുതുമെന്ന ഭയം ഇന്നു കുറഞ്ഞു. മുൻപു വിവാഹമോചനം നേടിയവരെ, പ്രത്യേകിച്ചു സ്ത്രീകളെ അംഗീകരിക്കാൻ സമൂഹം മടി കാട്ടിയിരുന്നെങ്കിൽ ഇന്നു സ്ഥിതി മാറി. വ്യക്തിയുടെ സന്തോഷവും മാനസികാരോഗ്യവും പ്രധാനമാണ് എന്ന അവബോധം വിവാഹബന്ധത്തെ ഏതുവിധേനയും സംരക്ഷിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്കു കൂടുതൽ പേരെ നയിക്കുന്നു.

ഒരാൾക്കു സഹിക്കാനും ക്ഷമിക്കാനും കഴിയുന്ന കാര്യം മറ്റൊരു വ്യക്തിക്കു വലിയ മാനസികസംഘർഷത്തിനും വിഷാദത്തിനും കാരണമാകാം. അതിനാൽ തന്നെ വിവാഹമോചന തീരുമാനം തീർത്തും വ്യക്തിപരമായ ഒന്നാണെന്നു കൂടി മനസ്സിലാക്കണം.

വിവാഹമോചനത്തിനൊരുങ്ങുന്നവരെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതിൽ തെറ്റില്ല. എന്നാൽ, അവരെ അമിതമായി ഉപദേശിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യേണ്ടതില്ല. കഴിയുമെങ്കിൽ കൂടെ നിൽക്കുക, അനാവശ്യമായി ഇടപെടാതിരിക്കുക.

വിവാഹം എനിക്ക് ആവശ്യമാണോ?

വിവാഹം എനിക്ക് ആവശ്യമാണോ? എന്ന ചോദ്യം സ്വയം ചോദിച്ച ശേഷമാകണം ഒാരോ വ്യക്തിയും വിവാഹത്തിലേക്ക് കടക്കേണ്ടത്. മറ്റൊരാളുടെ സന്തോഷത്തിനു വേണ്ടി ചെയ്യേണ്ട ഒന്നല്ല വിവാഹം. മതിയായ ആലോചനകൾക്കു ശേഷം തീരുമാനമെടുക്കുക. വിവാഹമോചനത്തിനു മതിയായ കാരണമെന്നു പൊതുവേ വിലയിരുത്തപ്പെടുന്നവയിൽ ചിലത്.

∙ശാരീരിക പീഡനം തുടരുമ്പോൾ

∙മാനസിക പീഡനം ഗുരുതരമായിരിക്കുമ്പോൾ.

∙ലഹരി ഉപയോഗം കുടുംബജീവിതത്തെ തകർക്കുമ്പോൾ, ആവർത്തിച്ചുള്ള അവിശ്വസ്തത (infidelity).

∙വർഷങ്ങളായി പരിഹരിക്കാനാകാത്ത സംഘർഷങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ, കൗൺസലിങ് ഉൾപ്പെടെ പല ശ്രമങ്ങളും പരാജയപ്പെടുമ്പോൾ, ഒരുമിച്ചു ജീവിക്കുന്നത് ഇരുവരുടെയും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമ്പോൾ.

കാരണങ്ങൾ ഓരോരുത്തരെയും ബാധിക്കുന്നത് ഓരോ തരത്തിലാണ്. അതുകൊണ്ടുതന്നെ വിവാഹമോചനത്തിനുള്ള തീരുമാനമെടുക്കുന്നതു വ്യക്തിപരമായ ബോധ്യത്തിലും ഉറപ്പിലും വേണം.

Credits: അഡ്വ. ഷൈല റാണി, ഡിവോഴ്സ് & ഫാമിലി ലോയർ, അഡ്വ. ഷൈല റാണി അസോഷ്യേറ്റ്സ്, തിരുവനന്തപുരം, കൊച്ചി, കൊല്ലം. അഡ്വ. ജോസഫ് തോമസ് പി. അഡ്വ. ജോസഫ് തോമസ് & സിജി ജോസഫ് അഡ്വക്കേറ്റ്സ്, കോഴിക്കോട്. ഡോ. എൽസി ഉമ്മൻ, കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, കൊച്ചി

Women in the lead?:

The stories of the house are now entering the court and reaching the divorce. Why it happens? According to statistics, the majority of divorcees are women. What's the reason behind that? In the last six years, the number of divorce cases has increased. One lakh marriages are registered every year in Kerala. As per the RTI, the number of divorce petitions filed in 2025 is 35,238. This is an increase of 4,591 from the previous year.

ADVERTISEMENT