‘എല്ലാ മോശം ഓർമകളും ട്രോമയല്ല.. എല്ലാ സൗഹൃദങ്ങളും ട്രോമ ബോണ്ടുമല്ല!’: വാക്കുകളുടെ ശരിയായ അർഥമറിയാം Understanding the Real Meaning of Trauma
സമൂഹത്തിലും സോഷ്യൽ മീഡിയയിലും മാനസികാരോഗ്യ സംബന്ധമായ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവണത വ്യാപകമായിരിക്കുകയാണ്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെയും സാധാരണ സങ്കടങ്ങളെയും ക്ലിനിക്കൽ ട്രോമയെന്നും, സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധത്തെ ട്രോമ ബോണ്ടെന്നും തെറ്റായി വിശേഷിപ്പിക്കുന്നത് യഥാർത്ഥത്തിൽ ഇത്തരം പീഡനങ്ങൾ അനുഭവിക്കുന്നവരുടെ വേദനയെ ലഘൂകരിക്കുന്നതിന് തുല്യമാണ്. മനുഷ്യസഹജമായ വികാരങ്ങളെ രോഗങ്ങളായി കാണാതെ സ്വാഭാവികമായി ഉൾക്കൊള്ളുമ്പോഴാണ് യഥാർത്ഥ വൈകാരിക കരുത്ത് ലഭിക്കുന്നത്.
സമൂഹത്തിലും സോഷ്യൽ മീഡിയയിലും മാനസികാരോഗ്യ സംബന്ധമായ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവണത വ്യാപകമായിരിക്കുകയാണ്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെയും സാധാരണ സങ്കടങ്ങളെയും ക്ലിനിക്കൽ ട്രോമയെന്നും, സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധത്തെ ട്രോമ ബോണ്ടെന്നും തെറ്റായി വിശേഷിപ്പിക്കുന്നത് യഥാർത്ഥത്തിൽ ഇത്തരം പീഡനങ്ങൾ അനുഭവിക്കുന്നവരുടെ വേദനയെ ലഘൂകരിക്കുന്നതിന് തുല്യമാണ്. മനുഷ്യസഹജമായ വികാരങ്ങളെ രോഗങ്ങളായി കാണാതെ സ്വാഭാവികമായി ഉൾക്കൊള്ളുമ്പോഴാണ് യഥാർത്ഥ വൈകാരിക കരുത്ത് ലഭിക്കുന്നത്.
സമൂഹത്തിലും സോഷ്യൽ മീഡിയയിലും മാനസികാരോഗ്യ സംബന്ധമായ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവണത വ്യാപകമായിരിക്കുകയാണ്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെയും സാധാരണ സങ്കടങ്ങളെയും ക്ലിനിക്കൽ ട്രോമയെന്നും, സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധത്തെ ട്രോമ ബോണ്ടെന്നും തെറ്റായി വിശേഷിപ്പിക്കുന്നത് യഥാർത്ഥത്തിൽ ഇത്തരം പീഡനങ്ങൾ അനുഭവിക്കുന്നവരുടെ വേദനയെ ലഘൂകരിക്കുന്നതിന് തുല്യമാണ്. മനുഷ്യസഹജമായ വികാരങ്ങളെ രോഗങ്ങളായി കാണാതെ സ്വാഭാവികമായി ഉൾക്കൊള്ളുമ്പോഴാണ് യഥാർത്ഥ വൈകാരിക കരുത്ത് ലഭിക്കുന്നത്.
മോശം ഓർമകളെല്ലാം ട്രോമ അല്ല; എല്ലാ സൗഹൃദങ്ങളും ട്രോമ ബോണ്ടുമല്ല. വ്യാപകമായി തെറ്റായി ഉപയോഗിക്കുന്ന ഈ വാക്കുകളുടെ അർഥമറിയാം...
വഴക്കുകളിൽ ജയിക്കാൻ ‘നാർസിസിസ്റ്റ്’ എന്ന വാക്കും, സ്വന്തം കുറവുകളെ ന്യായീകരിക്കാൻ ADHD, OCD എന്നീ മെഡിക്കൽ ലേബലുകളും എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നു കഴിഞ്ഞ അധ്യായങ്ങളിൽ നാം കണ്ടു.
അതുപോലെ ഇന്നു സമൂഹം തെറ്റിദ്ധരിക്കുകയും അനാവശ്യമായി ഉപയോഗിക്കുകയും ചെയ്യുന്ന മറ്റൊരു വാക്കാണ് ട്രോമ. സോഷ്യൽ മീഡിയയിൽ നിന്നുള്ള ചില വിവരങ്ങൾ ശ്രദ്ധിച്ചാൽ എല്ലാവർക്കും എന്തെങ്കിലും ട്രോമ ഉണ്ടെന്നു തോന്നും.
പല അടുത്ത സൗഹൃദങ്ങളും ‘ട്രോമ ബോണ്ട്’ ആണെന്നു പോലും തോന്നാം. നമ്മെ വിഷമിപ്പിച്ച എല്ലാ മോശം ഓർമകളും യഥാർഥ ക്ലിനിക്കൽ ട്രോമയാകുന്നില്ല എന്നതാണു വാസ്തവം. നമുക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഏതു കാര്യത്തെയും വിശേഷിപ്പിക്കാനുള്ള സാധാരണ വാക്കായി ‘ട്രോമ’ ഇപ്പോള് മാറിയിരിക്കുന്നു. കണക്ക് പരീക്ഷ ബുദ്ധിമുട്ടായതു കൊണ്ടു തനിക്ക് ട്രോമ ഉണ്ടായെന്നൊക്കെ ചില വിദ്യാർഥികൾ പറയുന്നതു കേൾക്കാം.
ഡേറ്റിങ്ങിൽ ഒരാൾ പെട്ടെന്ന് ഒഴിവാക്കിപ്പോയതുകൊണ്ടോ, എന്തിന്, മുടി വെട്ടിയത് മോശമായിപ്പോയതുകൊണ്ടോ തങ്ങൾക്കു ‘ട്രോമ’ ഉണ്ടായെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ അവകാശപ്പെടുന്നു. ട്രാഫിക് ബ്ലോക്കിൽ പെടുന്നതും കസ്റ്റമർ കെയറിലെ മോശം അനുഭവങ്ങളുമൊക്കെ ഇന്നു പലർക്കും ‘ട്രോമാറ്റിക്’ആയ സംഭവങ്ങളാണ്.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിലും ഈ തെറ്റിധാരണ വളരെ വ്യാപകമാണ്. മാതാപിതാക്കൾ കുട്ടികളോട് അൽപം കർശനമായി പെരുമാറുന്നതോ, അല്ലെങ്കിൽ അവരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കാതെ ചിലതിനോടു ‘പാടില്ല’ (No) എന്നു പറയുന്ന സാഹചര്യങ്ങളുണ്ടാകാം. ഇതിനെ ടോക്സിക് പേരന്റിങ് ആയി വ്യാഖ്യാനിക്കുന്നതു തെറ്റാണ്.
കുട്ടികൾക്കു ശരിയായ അതിരുകൾ (Boundaries) നിശ്ചയിച്ചു നൽകുന്നതും അവരെ തിരുത്തുന്നതും ആരോഗ്യകരമായ പേരന്റിങ്ങിന്റെ ഭാഗമായ കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ കുട്ടിക്ക് സങ്കടവും ദേഷ്യവും തോന്നാം. പക്ഷെ അതൊരിക്കലും അവരെ മാനസികമായി തകർക്കുന്ന ഒരു ‘ട്രോമ’ അല്ല.
എന്താണ് ട്രോമ?
മനുഷ്യജീവിതത്തെ അടിമുടി പിടിച്ചുകുലുക്കുന്ന, അങ്ങേയറ്റം ഭയാനകമായ അനുഭവങ്ങളെ സൂചിപ്പിക്കാൻ മാത്രം മെഡിക്കൽ ലോകത്ത് ഉപയോഗിച്ചിരുന്ന വാക്കാണിത്. അതാണിപ്പോൾ അർഥം മനസ്സിലാക്കാതെ വ്യാപകമായി ഉപയോഗിക്കുന്നത്.
ഈ ലഘൂകരണത്തിന്റെ യഥാർഥ അപകടം മനസ്സിലാക്കണമെങ്കിൽ, വിഷമമുണ്ടാക്കുന്ന ഒരു അനുഭവവും ക്ലിനിക്കൽ ട്രോമയും തമ്മിലുള്ള വലിയ വ്യത്യാസം നാം തിരിച്ചറിയണം. പ്രണയനൈരാശ്യം, ജോലി നഷ്ടപ്പെടൽ, അല്ലെങ്കിൽ പ്രിയപ്പെട്ട സുഹൃത്തുമായുള്ള അകൽച്ച എന്നിവയൊക്കെ അതികഠിനമായ വേദന നൽകുന്ന കാര്യങ്ങളാണ്.
ഇത്തരം സംഭവങ്ങൾ കടുത്ത സങ്കടവും ദേഷ്യവും നിരാശയും ഉണ്ടാക്കും. അവ മനസ്സിൽ മായാത്ത ഓർമകൾ അവശേഷിപ്പിച്ചേക്കാം, ഭാവിയിൽ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാൻ നമ്മെ പ്രേരിപ്പിച്ചേക്കാം.
എന്നാൽ, മാനസികമായ ഈ വേദനകളെല്ലാം തനിയെ ട്രോമയായി മാറുന്നില്ല. ആ സംഭവത്തെ ഓർക്കുമ്പോൾ നിങ്ങൾക്കു സങ്കടം തോന്നാമെങ്കിലും അതു കഴിഞ്ഞുപോയ ഒരു കാര്യമാണെന്നു നിങ്ങളുടെ മനസ്സിനും ശരീരത്തിനും കൃത്യമായി അറിയാം.
എന്നാൽ, യഥാർഥ ക്ലിനിക്കൽ ട്രോമ (PTSD; Post-Traumatic Stress Disorder ഒരുദാഹരണമാണ്) ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ട്രോമ എന്നത് വെറുമൊരു മോശം ഓർമയല്ല; അതു നമ്മുടെ നാഡീവ്യൂഹത്തിന് (Nervous system) ഏൽക്കുന്ന അതികഠിനമായ ഒരു ആഘാതമാണ്.
ശാരീരിക പീഡനങ്ങൾ, വലിയ അപകടങ്ങൾ, യുദ്ധങ്ങൾ, അല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള മരണം തുടങ്ങി ജീവനു ഭീഷണിയാകുന്നതോ അങ്ങേയറ്റം ഭയപ്പെടുത്തുന്നതോ ആയ സംഭവങ്ങളെ നേരിടാൻ ശരീരത്തിനു കഴിയാതെ വരുമ്പോഴാണിതു സംഭവിക്കുന്നത്.
ട്രോമ ബാധിച്ച ഒരു തലച്ചോറിനെ സംബന്ധിച്ചിടത്തോളം ആ സംഭവം കഴിഞ്ഞുപോയ ഒന്നല്ല; അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. നാഡീവ്യൂഹം എപ്പോഴും വലിയ ഭയത്തിന്റെ അവസ്ഥയിൽ കുടുങ്ങിക്കിടക്കും. ചെറിയ ഓർമപ്പെടുത്തലുകൾ പോലും തീവ്രമായ പരിഭ്രാന്തിക്കും (Panic) ശാരീരിക ബുദ്ധിമുട്ടുകൾക്കും കാരണമാകും.
കൂടെ ജോലി ചെയ്യുന്ന ഒരാളുടെ മോശം കമന്റിനെപ്പോലും ‘ട്രോമ’ എന്ന് നാം നിസ്സാരമായി വിളിക്കുമ്പോൾ, യഥാർഥ പീഡനങ്ങളിലൂടെയും ദുരന്തങ്ങളിലൂടെയും കടന്നുപോയ മനുഷ്യർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വലിയ വേദനകളെ പരിഹസിക്കുകയാണ് നാം ചെയ്യുന്നത്.
ശരിയായി മനസ്സിലാക്കുക
അതുപോലെ തെറ്റായ അർഥത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു വാക്കാണ് ‘ട്രോമ ബോണ്ട്’ . മോശപ്പെട്ട സമാന അനുഭവങ്ങളുള്ള രണ്ടു വ്യക്തികൾ തങ്ങളുടെ സങ്കടങ്ങൾ പങ്കുവച്ച് അടുത്ത സുഹൃത്തുക്കളാകുന്നതിനെയാണ് ഇന്നത്തെ പോപ്പ് സൈക്കോളജിയും സോഷ്യൽ മീഡിയയും ട്രോമ ബോണ്ട് എന്നു വിളിക്കുന്നത്.
‘കണിശക്കാരായ മാതാപിതാക്കൾക്കു കീഴിൽ വളർന്നതു കൊണ്ടു ഞാനും എന്റെ സുഹൃത്തും തമ്മിൽ ഒരു ട്രോമ ബോണ്ട് ഉണ്ട്. അല്ലെങ്കിൽ മുൻപ് ജോലി ചെയ്ത സ്ഥലത്തെ മോശം ബോസിനോടുള്ള ദേഷ്യം കാരണം ഞങ്ങൾ തമ്മിൽ ട്രോമ ബോണ്ടിലായി’ എന്നൊക്കെ ആളുകൾ പറയുന്നത് കേൾക്കാം. തങ്ങളുടെ സങ്കടങ്ങൾ പങ്കുവെച്ചുകൊണ്ടു കെട്ടിപ്പടുത്ത വളരെ ആഴത്തിലുള്ള സൗഹൃദമായാണ് ഇന്റർനെറ്റ് ഇതിനെ ചിത്രീകരിക്കുന്നത്. യഥാർഥ ട്രോമബോണ്ടിനു നേർവിപരീതമായ അർഥമാണുള്ളത്. ഒരേപോലെയുള്ള ദുരനുഭവങ്ങൾ ഉള്ള രണ്ടു പേർ തമ്മിലല്ല ട്രോമ ബോണ്ട് ഉണ്ടാകുന്നത്. മറിച്ച്, ഒരു വ്യക്തിക്ക് തന്നെ നിരന്തരം ഉപദ്രവിക്കുന്ന ആളോട് (Abuser) തോന്നുന്ന അതിതീവ്രമായ മാനസിക അടുപ്പത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സ്റ്റോക്ക്ഹോം സിൻഡ്രോമുമായി (Stockholm Syndrome) വളരെ സാമ്യമുള്ള ഈ അവസ്ഥയിൽ, ഉപദ്രവിക്കപ്പെടുന്ന വ്യക്തി ആ ഉപദ്രവിക്കുന്നയാളെത്തന്നെ പൂർണമായും ആശ്രയിക്കുന്ന ജീവശാസ്ത്രപരവും വൈകാരികവുമായ അതിജീവന തന്ത്രമാണിത്.
അതികഠിനമായ ഉപദ്രവങ്ങൾക്കും അതിനുശേഷമുള്ള സ്നേഹപ്രകടനങ്ങൾക്കും ഇടയിലുള്ള വിഷമവൃത്തത്തിലാണു യഥാർഥ ട്രോമ ബോണ്ട് രൂപപ്പെടുന്നത്.
ഉപദ്രവിക്കുന്ന വ്യക്തി ഇരയെ കടുത്ത ഭയത്തിലേക്കും മാനസിക പീഡനത്തിലേക്കും തള്ളിവിടും. അതിനുശേഷം പെട്ടെന്നു ക്ഷമ ചോദിക്കുകയോ, വലിയ സ്നേഹം പ്രകടിപ്പിക്കുകയോ, ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ലെന്നു വാഗ്ദാനം ചെയ്യുകയോ ചെയ്യും.
ഭയത്തിൽ നിന്നുള്ള പെട്ടെന്നുള്ള ഈ ആശ്വാസം ഇരയുടെ തലച്ചോറിൽ വലിയ രാസമാറ്റങ്ങൾ ഉണ്ടാക്കുകയും തന്നെ ഉപദ്രവിച്ച വ്യക്തിയെ സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കേന്ദ്രമായി നാഡീവ്യൂഹം തെറ്റിധരിക്കുകയും ചെയ്യുന്നു. വ്യക്തിക്ക് മാനസിക കരുത്തില്ലാത്തതുകൊണ്ടല്ല അവർ ആ ബന്ധത്തിൽ തുടരുന്നത്; മറിച്ച് തന്നെ വേദനപ്പെടുത്തിയ അതേ ഉറവിടത്തിൽ നിന്ന് തന്നെ ആശ്വാസം കണ്ടെത്താൻ അവരുടെ തലച്ചോർ ജൈവികമായി പ്രോഗ്രാം ചെയ്യപ്പെടുന്നതുകൊണ്ടാണിത്.
ഒരു മനുഷ്യന് അനുഭവിക്കാൻ കഴിയുന്ന ഏറ്റവും അപകടകരമായ മാനസിക കെണികളിലൊന്നാണിത്. ഇതിൽ നിന്നു പുറത്തുകടക്കാൻ വർഷങ്ങൾ നീളുന്ന കഠിനമായ ശ്രമങ്ങൾ തന്നെ വേണ്ടി വരും.
അതുകൊണ്ടു തന്നെ, കോഫി ഷോപ്പിലിരുന്ന് ഒരുമിച്ചു ജോലി ചെയ്ത ബുദ്ധിമുട്ടുകൾ പങ്കുവച്ചു തങ്ങൾ ‘ട്രോമ ബോണ്ടിൽ’ ആണെന്ന് രണ്ട് സുഹൃത്തുക്കൾ അഭിമാനത്തോടെ പറയുമ്പോൾ അത് തെറ്റായ അർഥത്തിലുള്ള പ്രയോഗമാണെന്നു മനസ്സിലാക്കുക. ഈ വാക്കിനെ ഇങ്ങനെ തെറ്റായി ഉപയോഗിക്കുന്നത് വളരെ അപകടകരമാണ്.
അതു പ്രണയമായിരുന്നില്ല
‘ട്രോമ ബോണ്ട്’ എന്നതു തീവ്രമായ വൈകാരിക അടുപ്പമാണെന്ന് ഒരു പെൺകുട്ടി തെറ്റിധരിച്ചാൽ, താൻ അകപ്പെട്ടിരിക്കുന്ന അപകടകരമായ പീഡനങ്ങളെ തിരിച്ചറിയാൻ അവൾക്കു കഴിഞ്ഞില്ലെന്നു വരും. താൻ അനുഭവിക്കുന്ന ആ മാനസിക അടിമത്തത്തെ അപകടകരമായ കെണിയായി കാണുന്നതിനു പകരം, അതിതീവ്രമായ ഒരു പ്രണയമായി അവൾ തെറ്റിദ്ധരിച്ചേക്കാം.
നാം മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്: വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. ക്ലിനിക്കൽ രോഗനിർണയങ്ങൾ വെറും ഫാഷൻ വാക്കുകളല്ല. നമ്മുടെ സാധാരണ പ്രശ്നങ്ങളെ സാധൂകരിക്കാൻ സൈക്യാട്രിയിലെ ഇത്തരം വലിയ വാക്കുകൾ നാം കടമെടുക്കേണ്ടതില്ല. ‘എനിക്ക് ട്രോമ ഉണ്ടായി’ എന്നു പറയുന്നതിനു പകരം സംഭവിച്ച കാര്യങ്ങളിൽ എനിക്കു വലിയ വിഷമമുണ്ട് എന്നു പറയുന്നതു തന്നെയാണ് ഉചിതം.
‘ഞങ്ങൾ തമ്മിൽ ട്രോമ ബോണ്ട് ഉണ്ട്’ എന്നു പറയുന്നതിനു പകരം ‘ഞങ്ങൾ പരസ്പരം വേദനകൾ മനസ്സിലാക്കിയതുകൊണ്ട് അടുത്ത സുഹൃത്തുക്കളായി’ എന്നു പറയുന്നതാണു കൂടുതൽ മനോഹരം.
സങ്കടപ്പെടാനും ദേഷ്യപ്പെടാനും ഹൃദയം തകരാനും ടെൻഷനടിക്കാനുമൊക്കെ നമുക്കു സാധിക്കണം. മോശം ദിവസങ്ങളും പ്രണയത്തകർച്ചകളും ബുദ്ധിമുട്ടുള്ള സൗഹൃദങ്ങളുമൊക്കെ ജീവിതത്തിന്റെ ഭാഗം മാത്രമാണെന്ന് നാം തിരിച്ചറിയണം.
മനുഷ്യസഹജമായ ഈ വികാരങ്ങളെ രോഗങ്ങളായി കാണാതെ സ്വാഭാവികമായി ഉൾക്കൊള്ളാൻ അനുവദിക്കുമ്പോൾ മാത്രമാണ് നമുക്ക് യഥാർഥ വൈകാരിക കരുത്ത് (Emotional resilience) ലഭിക്കുന്നത്.
അപ്പോൾ മാത്രമേ ട്രോമയും പീഡനങ്ങളും അനുഭവിച്ച യഥാർത്ഥ മനുഷ്യരുടെ വേദനകളെ അർഹിക്കുന്ന ഗൗരവത്തോടെ കാണാനും ബഹുമാനിക്കാനും സമൂഹത്തിനു സാധിക്കുകയുള്ളൂ.