പ്രസവം കഴിഞ്ഞ സ്ത്രീ, കുറച്ചു ദിവസത്തേക്ക് ടിവി കാണരുത്, അധികം വെള്ളം കുടിക്കരുത് എന്നിങ്ങനെയുള്ള നിബന്ധനകൾ മിക്കവരും കേട്ടിട്ടുണ്ടാകും. ഇത്തരം ചിട്ടകളിൽ എന്തെങ്കിലും വസ്തുതയുണ്ടോ... ? ഈ സംശത്തിനുള്ള മറുപടിക്കൊപ്പം ഡോക്ടർ പറഞ്ഞു തരും പാലിക്കേണ്ടതായ ചിട്ടകളും.

ടിവി കാണാനും മൊബൈൽ ഫോൺ ഉപയോഗിക്കാനും കംഫർട്ടബിൾ ആണെങ്കിൽ അതു ചെയ്യുന്നതിൽ ഒരു പ്രശ്നവുമില്ല. വെള്ളം കുടിച്ചേ മതിയാകൂ. ദിവസവും 600 മില്ലി മുലപ്പാൽ ഉൽപാദിപ്പിക്കേണ്ട സമയമാണ്. വെള്ളം കുറഞ്ഞാൽ മുലപ്പാൽ കുറയും. നിർജലീകരണം അമ്മയുടെ ആരോഗ്യത്തെയും ബാധിക്കാം. ഇനി പ്രസവശേഷമുള്ള വസ്തുതാപരമായ കാര്യങ്ങൾ പറയാം.

ADVERTISEMENT

ആദ്യ ആറാഴ്ച കാലയളവിനെയാണു പ്യൂർപെരിയം (Puerperium) എന്നു പറയുന്നത്. പ്രസവാനന്തരം ശരീരവും മനസ്സും പൂർവസ്ഥിതിയിലേക്കു മടങ്ങാൻ എടുക്കുന്ന കാലയളവാണിത്.

∙ ആദ്യ ആഴ്ച നല്ല വിശ്രമം വേണം. ക്ഷീണം അകറ്റാനും പ്രസവസമയത്തുണ്ടായ മുറിവുകൾ ഉണങ്ങാനും ഇതാവശ്യമാണ്. അമ്മ കുഞ്ഞിനോടു ചേർന്നു കിടക്കുമ്പോൾ കുഞ്ഞുമായുള്ള ബോണ്ടിങ് ഉറപ്പാക്കാനും സഹായിക്കും. ഇടയ്ക്കു മുറിയിൽ നടക്കാം. തലക്കറക്കം വരാൻ സാധ്യതയുള്ളതിനാൽ ഒരു സഹായി ഒപ്പമുള്ളതു നല്ലതാണ്. രണ്ടാമത്തെ ആഴ്ച മുതൽ വീടിനുള്ളിൽ നടക്കാം. തുണി മടക്കിവയ്ക്കുക പോലുള്ള ചെറിയ ജോലികളും ചെയ്യാം. സാധാരണ പ്രസവം കഴിഞ്ഞവരുടെ മുറിവുകൾ മൂന്നാഴ്ചയാകുമ്പോഴേക്ക് ഉണങ്ങും. ആയാസം തോന്നാത്ത വീട്ടുജോലികൾ ചെയ്യാം. ഭാരം എടുക്കരുത്. സിസേറിയൻ കഴിഞ്ഞവർക്ക് ആറാഴ്ചയ്ക്കു ശേഷം ചെറിയ വീട്ടുജോലികൾ ചെയ്യാം.

ADVERTISEMENT

∙ സമീകൃതമായ പോഷക ആഹാരം കഴിക്കണം. പ്രോട്ടീൻ നിറഞ്ഞവയും ഇലക്കറികളും വേണം. മൂന്നു മാസം വരെ അയൺ, കാത്സ്യം ഗുളികകൾ കഴിക്കണം. മുലയൂട്ടുന്ന കാലമത്രയും കഴിക്കാനായാൽ വളരെ നല്ലത്.

∙ പ്രസവശേഷമുള്ള ആദ്യദിനങ്ങളിൽ കയ്യും കാലും അനക്കുക, മടക്കുക, ശ്വാസം വലിച്ചു വിടുക, ചെറുനടത്തം ഇവ വളരെ പ്രധാനമാണ്. അല്ലെങ്കിൽ ശരീരത്തിൽ രക്തം കട്ട പിടിക്കുന്ന പോലുള്ള (ഡീപ് വെയ്ൻ ത്രോംബോസിസ്, പൾമനറി എംബോളിസം) ഗുരുതര അവസ്ഥകള്‍ ഉണ്ടാകാം. നടുവിനു ബലമേകുന്ന വ്യായാമം മൂന്ന് ആഴ്ചയ്ക്കു ശേഷം ചെയ്തു തുടങ്ങാം. സിസേറിയൻ കഴിഞ്ഞവർ ആറ് ആഴ്ചയ്ക്കു ശേഷം വ്യായാമം ആരംഭിക്കാം.

ADVERTISEMENT

∙ പുസ്തകവായനയ്ക്കായി സമയം വിനിയോഗിക്കാം. കുഞ്ഞു കേൾക്കെ ഉറക്കെ വായിക്കുന്നതു കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിനും അമ്മയും കുഞ്ഞും തമ്മിലുള്ള ഇമോഷനൽ ബോണ്ടിങ്ങിനും ഗുണകരമാണ്.

അപൂർവമായി, പ്രത്യേകിച്ചു രക്താതിമർദം ഉള്ളവരിൽ ഹോർമോൺ വ്യതിയാനവും നീർക്കെട്ടും മൂലം വായിക്കാൻ ബുദ്ധിമുട്ടും കാഴ്ചയ്ക്കു മങ്ങലും വരാം. ഇവർക്കു വിശ്രമം വേണം.

∙ ഉറക്കം, ദിവസേനയുള്ള കുളി, മൂത്രം കെട്ടിനിൽക്കാൻ അനുവദിക്കാതെ സമയാസമയങ്ങളിൽ മൂത്രമൊഴിക്കുക, മാറിടങ്ങൾക്കു സപ്പോർട് നൽകുന്ന ബ്രേസിയർ അണിയുക, വ്യക്തിശുചിത്വം എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുക.

പുതിയ ലക്കം വനിതയിൽ കൂടുതൽ വായിക്കാം.

വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം

ADVERTISEMENT