വയറിന്റെ ഇടതുവശത്ത് അസഹനീയമായ വേദന; ഫൈബ്രോയ്ഡ് ആണോ ഈ വേദനയ്ക്കു പിന്നിൽ?
1. 27 വയസ്സ്. അവിവാഹിത. പീരിയഡ് ആകുന്നതിന്റെ പത്തോ അതിൽ കൂടുതലോ ദിവസങ്ങൾക്കു മുൻപ് വയറിന്റെ ഇടതു വശത്ത് അസഹനീയമായ വേദന തുടങ്ങുന്നു. ഇതു നടുവിലേക്കും കാലിലേക്കും വ്യാപിക്കും. പിന്നീടു വേദന കുറയുമെങ്കിലും ദിവസം രണ്ടോ മുന്നോ തവണ ഇത്തരത്തിൽ അനുഭവപ്പെടുന്നു. ആർത്തവദിനങ്ങളിലും അസഹനീയ വേദനയാണ്. സ്കാൻ റിസൽറ്റ്: An anterior intramural (2.1x1.65cm) and a left lateral subserous (2.38x1.73 cm) small uterine myomas. ഫ്ലൈബ്രോയ്ഡ് ഉള്ളതുകൊണ്ടാണോ ഈ വേദന ?
റീബ ഡേവിഡ്, കോട്ടയം
സ്ത്രീകളിൽ വളരെ സാധാരണമായി ഗർഭപാത്രത്തിൽ ക ണ്ടുവരുന്ന മുഴയാണ് ഫൈബ്രോയ്ഡ്. ഫൈബ്രോയിഡിന്റെ വലുപ്പവും അവയുടെ സ്ഥാനവും അനുസരിച്ചാണ് ലക്ഷണങ്ങൾ ഉണ്ടാക്കുന്നതാണോ അല്ലയോ എന്നു പറയാൻ കഴിയുക. താങ്കൾക്കുള്ള സബ്സീറസ് ഫൈബ്രോയ്ഡ് പ്രശ്നമുണ്ടാക്കുന്നതല്ല. ഇൻട്രാമ്യൂറൽ ഫൈബ്രോയ്ഡ് മൂലം ആർത്തവ വേദനയും അമിത രക്തസ്രാവവും ഉണ്ടാകാം. എന്നാൽ ഫൈബ്രോയ്ഡിന്റെ വലുപ്പം കുറവായതിനാൽ അത്ര ബുദ്ധിമുട്ട് ഉണ്ടാക്കാനിടയില്ല.
ആർത്തവത്തിനു 10–14 ദിവസം മുൻപ് വയറിൽ അ നുഭവപ്പെടുന്ന വേദന അണ്ഡവിസർജനം നടക്കുമ്പോഴുണ്ടാകുന്നതാണ്. മിഡ് സൈക്കിൾ ഓവുലേഷൻ പെയ്‌ൻ എന്നു പറയും. ഏത് ഓവറിയിൽ നിന്നാണോ ഓവുലേഷ ൻ നടക്കുന്നത് ആ ഭാഗത്തായിരിക്കും വേദന. എന്നാൽ പ തിവായി മിഡ് സൈക്കിളിലും ആർത്തവസമയത്തും തീവ്രമായ വേദന അനുഭവപ്പെടുന്നുവെങ്കിൽ എൻഡോമെട്രിയോസിസ് സംശയിക്കാം. ആരംഭഘട്ടത്തിൽ ഓവറിയിൽ സിസ്റ്റ് കാണണമെന്നില്ല. അതിനാൽ സ്കാനിങ്ങിൽ അ റിയാതെ പോകാം. കൂടാതെ പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് കാരണവും ഇത്തരത്തിൽ വേദന വരാം. ഈ രണ്ടു രോഗാവസ്ഥയും നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കി ൽ വന്ധ്യതയ്ക്കു കാരണമാകാവുന്നതാണ്.
വേദന കഠിനമെങ്കിൽ മൂന്നു മാസത്തേക്കു പ്രൊജസ്ട്രോൺ ഹോർമോൺ / ഓറൽ കോൺട്രാസെപ്റ്റീവ് ന ൽകാറുണ്ട്. പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് സംശയിക്കുന്നുവെങ്കിൽ ആന്റിബയോട്ടിക്കും നൽകും.
എന്നിട്ടും വേദന തുടർന്നാൽ ലാപ്രോസ്കോപി പരിശോധന വേണ്ടിവരും. ഇതിലൂടെ എൻഡോമെട്രിയോസിസ് കണ്ടെത്താനാകും. ട്യൂബിലോ ഓവറിയിലോ ഇൻഫെക്‌ഷൻ ഉണ്ടെങ്കിൽ അതും ചികിത്സിക്കാനാകും.
2. ആറര മാസം ഗർഭിണിയാണ് ഞാൻ. വയറിൽ അസഹനീയമായ ചൊറിച്ചിലാണ്. പേടിക്കേണ്ട എന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷേ, ചൊറിച്ചിൽ സഹികാനാകുന്നില്ല.
സ്വപ്ന, കാഞ്ഞിരമറ്റം
ഗർഭിണികളിൽ ആറ്–ഏഴ് മാസം മുതൽ വയറിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. ചർമം വലിയുന്നത്, ഈസ്ട്രജ ൻ–പ്രൊജസ്ട്രോൺ ഹോർമോൺ വ്യതിയാനം, ചർമത്തിലെ വരൾച്ച എന്നിവയൊക്കെയാണു കാരണം. മോയിസ്ചറൈസർ, കലാമിൻ ലോഷൻ, ചെറുചൂടുവെള്ളത്തിലുള്ള കുളി, അയഞ്ഞ വസ്ത്രം ധരിക്കുക എന്നീ മാർഗങ്ങളിലൂടെ ആശ്വാസം ഉണ്ടാകും.
ഏഴു മാസം കഴിയുമ്പോൾ ചിലരുടെ വയറിൽ കലശലായ ചൊറിച്ചിലും ചുവന്നു തടിച്ച പാടുകളും ഉണ്ടാകും. ഇതു പിന്നീട് കൈകളിലേക്കും മാറിടത്തിലേക്കും വ്യാപിക്കാം. പോളിമോർഫിക് ഇറപ്ഷൻ ഓഫ് പ്രഗ്‌നൻസി എന്ന ഈ അവസ്ഥ പേടിക്കേണ്ടതല്ല. തൊലിപ്പുറത്തു പുരട്ടാവുന്ന മരുന്നുകളിലൂടെ ആശ്വാസം ലഭിക്കും. അറ്റോപിക് ഡെർമറ്റൈറ്റിസ്, കോൺടാക്ട് ഡെർമറ്റൈറ്റിസ്, അലർജി, പ്രാണികൾ കടിച്ചതിന്റെ റിയാക്‌ഷൻ, പൂപ്പൽബാധ, വിയർപ്പുകുരുക്കൾ എന്നിവയും ചൊറിച്ചിലിനു കാരണമാകാം.
ഗർഭിണികളിൽ ഏഴു മാസം മുതൽ കണ്ടുതുടങ്ങുന്ന അപകടകരമായ ഒരു അവസ്ഥയുണ്ട്; ഇൻട്രാഹെപാറ്റിക് കൊളസ്ടാസിസ് ഓഫ് പ്രഗ്‌നൻസി. ഇതു ഗർഭസ്ഥ ശിശുവിന്റെ ജീവൻ വരെ അപകടത്തിലാക്കാം. മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിനു ശ്വാസംമുട്ടൽ തുടങ്ങിയ സങ്കീർണതകൾക്കും കാരണമാകും.
ഹോർമോണ്‍ വ്യതിയാനം മൂലം കരളിൽ നിന്നുള്ള ബൈല്‍ ആസിഡിന്റെ അളവു രക്തത്തിൽ കൂടുന്നതാണ് കാരണം. ഉള്ളം കയ്യിലും ഉള്ളംകാലിലും ശരീരമാകെയുമുള്ള അസഹനീയ ചൊറിച്ചിൽ, ഓക്കാനം. ഛർദി, ക്ഷീണം, മലത്തിൽ നിറവ്യത്യാസം, കണ്ണിൽ മഞ്ഞനിറം എന്നിവയും ഉണ്ടാകാം. പരിശോധനകളിലൂടെ ഇതു കണ്ടെത്താനും ചികിത്സിക്കാനുമാകും. 37 ആഴ്ച ആകുമ്പോഴേക്കും പ്രസവം വേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് ഇത്.