‘ശരീരത്തിലെ മറുകുകളിൽ പെട്ടെന്നുണ്ടാകുന്ന വ്യത്യാസം നിസ്സാരമായി തള്ളിക്കളയരുത്’; അർബുദം, ലക്ഷണങ്ങളറിയാം Early Signs of Cancer: What You Need to Know
അർബുദം കണ്ടെത്താൻ വൈകുന്നതാണ് പലപ്പോഴും രോഗത്തിന്റെ സങ്കീർണത കൂട്ടുന്നത്.
ആരംഭഘട്ടത്തിലേ കാൻസർ ചില സൂചനകൾ തരും. ഓരോ കാൻസറിനും പ്രത്യേകമായ ലക്ഷണങ്ങൾ ഉണ്ട്. കൂടാതെ അർബുദങ്ങൾക്കു പൊതുവായുള്ള ലക്ഷണങ്ങളുമുണ്ട്.
പ്രത്യേകമായി പറയട്ടെ, ഇനി പറയുന്ന ലക്ഷണങ്ങൾ തീർച്ചയായും അർബുദലക്ഷണങ്ങളാണ് എന്നു ധരിക്കല്ലേ. ഇവയുണ്ടെന്നു കരുതി കാന്‍സറാണെന്ന് ഉറപ്പിക്കുകയും വേണ്ട. മറ്റു പല രോഗങ്ങളുടെ ലക്ഷണമായും ശരീരം ഇത്തരം സൂചനകൾ നൽകും.
നമ്മൾ ചെയ്യേണ്ടത് ശരീരം പറയുന്ന ഈ സൂചനകളെ തിരിച്ചറിഞ്ഞ് കാൻസർ അല്ല എന്നുറപ്പിക്കുകയാണ്. ഇതു നമുക്കു നാം നൽകുന്ന കരുതലാണ്.
കടുത്ത ക്ഷീണം
അർബുദമുള്ള 80 ശതമാനം പേര്‍ക്കും കടുത്ത ക്ഷീണം അനുഭവപ്പെടാം. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും ഊർജമില്ലായ്മയുമാകാം കാരണം. സാധാരണ ജീവിതത്തിൽ അനുഭവപ്പെടുന്ന ക്ഷീണമല്ല ഇത്.
ഇരിക്കുന്നിടത്തു നിന്ന് എഴുന്നേക്കാൻ പോലും പ്രയാസം വരാം. എപ്പോഴും കിടക്കാൻ തോന്നുക, ചെറിയ വിശ്രമം കൊണ്ട് ആശ്വാസം തോന്നുമെങ്കിലും ക്ഷീണം മാറാതെയിരിക്കുക, ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാനാകാതെ വരിക എന്നിങ്ങനെ കടുത്ത ക്ഷീണമാകും അനുഭവപ്പെടുക.
ഉണങ്ങാത്ത മുറിവുകൾ, വ്രണങ്ങൾ
സ്തനാർബുദ ബാധിതരിലും തലയിലും കഴുത്തിലും കാൻസർ രോഗബാധ ഉള്ളവരിലും പൊതുവേ ഉണങ്ങാത്ത മുറിവുകളും വ്രണങ്ങളും കാണാം. രോഗം ശക്തി പ്രാപിക്കുന്നതനുസരിച്ചു ചെറിയ രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കി അവയെ അടച്ചു കളയുന്നു. തൽഫലമായി ആ ഭാഗത്തെ ചർമകോശങ്ങൾക്ക് ഓക്സിജൻ ലഭിക്കാതെ വരും. കോശങ്ങൾ നശിക്കും. ഇത് ഉണങ്ങാത്ത വ്രണങ്ങൾ രൂപപ്പെടാൻ കാരണമാകുന്നു.
നാവിലോ കവിളിലോ ചുണ്ടിലോ വൃണങ്ങൾ ഏറെനാൾ ഉണങ്ങാതെ നിന്നാലും ശ്രദ്ധിക്കണം. നാവിന്റെ വശങ്ങളിൽ വരുന്ന മുറിവുകൾ പ്രത്യേകിച്ചും.
ശോധനയിലെ വ്യത്യാസങ്ങൾ
വൻകുടൽ അല്ലെങ്കിൽ മലാശയ അർബുദത്തിന്റെ ആദ്യ സൂചനകളിലൊന്നാണു ശോധനയിലെ വ്യത്യാസങ്ങൾ. രക്തം കലർന്നു മലം പോകുന്നതു പൈൽസ് മൂലമാണെന്നു ധരിച്ചു പലരും നിസ്സാരവൽക്കരിക്കും. ഓർക്കുക, ഇതു മലാശയ കാൻസറിന്റെ ലക്ഷണമാകാം. അതിനാൽ പരിശോധിക്കാൻ മടിക്കേണ്ട.
മലം കറുത്തു പോകുക, അടിക്കടി വയറ്റിൽ നിന്നു പോകുക, പോയാലും വീണ്ടും പോകാൻ തോന്നുക, വേദന അനുഭവപ്പെടുക, മലബന്ധം എന്നിവ കൂടിയുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
മറുകുകൾ രൂപം മാറുന്നുണ്ടോ ?
ശരീരത്തിലെ മറുകിലുണ്ടാകുന്ന വ്യത്യാസമെല്ലാം അർബുദകാരണമാകണമെന്നില്ല. എങ്കിലും മറുകിൽ പെട്ടെന്നുണ്ടാകുന്ന വ്യത്യാസം മെലനോമയുടെ സൂചനയാകാം. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ പ തിവായി ഏൽക്കുന്നതു മറുകുകൾ അർബുദമാകാനുള്ള സാധ്യത വർധിപ്പിക്കാം.
കാക്കപ്പുള്ളി, അരിമ്പാറ തുടങ്ങിയവയുടെ സ്വഭാവത്തി ൽ പെട്ടെന്നുണ്ടാകുന്ന മാറ്റവും ശ്രദ്ധിക്കണം. പെട്ടെന്നു വലുതാകുക, വ്രണമാകുക എന്നിവ ശ്രദ്ധയിൽ പെട്ടാൽ വിദഗ്ധ ചികിത്സ തേടണം.
സാധാരണമല്ലാത്ത രക്തസ്രാവം
സ്ത്രീകളിലെ അർബുദങ്ങളുടെ പ്രധാന സൂചനയാണ് യോനിയിൽ നിന്നുള്ള അസാധാരണമായ രക്തസ്രാവം. എൻഡോമെട്രിയൽ കാൻസർ ഉള്ള 90 ശതമാനം സ്ത്രീകളിലും സാധാരണമല്ലാത്ത രക്തസ്രാവം കാണുന്നു. ഗർഭാശയഗള – അണ്ഡാശയ അർബുദങ്ങളിലും സാധാരണമല്ലാത്ത രക്തസ്രാവം കാണാം. ലൈംഗിക ബന്ധത്തിനുശേഷമുള്ള രക്തസ്രാവം സെർവിക്കൽ കാൻസറിന്റെ സൂചനകളിൽ ഒന്നാണ്. ആർത്തവവിരാമത്തിനുശേഷമുള്ള രക്തസ്രാവവും വളരെ ശ്രദ്ധിക്കണം.
മൂത്രം രക്തം കലർന്നു പോകുന്നതു കിഡ്നി കാൻസ റിന്റെയോ മൂത്രാശയ കാൻസറിന്റെയോ ലക്ഷണമാകാം. വൃക്കയിൽ കല്ലുണ്ടാകുന്നവർക്കും ഇതേ ലക്ഷണം കാണാറുണ്ട്. എന്നാൽ അവരില്‍ നിന്നു വ്യത്യസ്തമായി കാൻസർ രോഗികളിൽ ഇതോടൊപ്പം വേദന ഉണ്ടാകാറില്ല.
മുഴകളെല്ലാം സൂചനകളോ?
ശരീരത്തിൽ കാണപ്പെടുന്ന മുഴകൾ പ്രത്യേകിച്ചും സ്ത്രീകളുടെ സ്തനങ്ങളിലും കക്ഷത്തിലും കാണപ്പെടുന്ന മുഴകൾ എല്ലായ്പ്പോഴും കാൻസർ ലക്ഷണമാകണമെന്നില്ല. എങ്കിലും മുഴകളെ അവഗണിക്കരുത്, കാൻസറല്ല എന്നുറപ്പാക്കണം. സ്തനാർബുദത്തിന്റെ മുഴകൾ പൊതുവേ വേദനരഹിതമാണ്. രോഗം മൂർച്ഛിക്കും തോറും വേദന വന്നേക്കാം. മുഴയോടൊപ്പം സ്തനങ്ങളിൽ വരുന്ന ചില മാറ്റങ്ങളും പ്രധാനമാണ്. നിപ്പിൾ ഉൾവലിയുക, നിപ്പിളിൽ നിന്നു രക്തം കലർന്ന സ്രവം വരിക, മാറിടത്തിന്റെ തൊലി ഓറഞ്ചിന്റെ തൊലി പോലെ ചുളിയുക എന്നിവ ശ്രദ്ധിക്കണം.
കഴുത്തിലെ മുഴകൾ പലരും ഭയപ്പെടുന്ന ഒന്നാണ്. കഴലകളുടെ വീക്കമാണ് സാധാരണായ കാരണം. കഴലകളുടെ വീക്കം കാൻസർ മൂലമോ അല്ലാതെയോ വരാം. ഇതിനൊപ്പം പനി, വിശപ്പില്ലായ്മ, തൂക്കം കുറയുക കൂടിയുണ്ടെങ്കിൽ ശ്രദ്ധിക്കണം. കക്ഷത്തിലും ഇടുപ്പിന്റെ ഭാഗത്തും കഴലകൾ കണ്ടാൽ ലിംഫോമയുടെ സൂചനയാവാം.
സ്തനം, വൃഷ്ണം, ലിംഫ് ഗ്രന്ഥികൾ, സ്നായുക്കൾ പോലുള്ള മൃദുവായ ശരീരകലകൾ എന്നിവിടങ്ങളിലാണു സാധാരണമായി തടിപ്പും മുഴയും കാണുന്നത്.
അകാരണമായി മെലിയുക
ഒരാൾ മെലിയുന്നതിനു പല കാരണങ്ങളുണ്ട്. ചിലർ ആഹാരം ക്രമീകരിച്ചും വ്യായാമം ചെയ്തും ശരീരഭാരം കുറയ്ക്കും. മറ്റു ചിലർ രോഗം മൂലം മെലിയുന്നു. കാൻസർ, പ്രമേഹം, തൈറോയ്ഡ് പ്രശ്നം, ക്ഷയരോഗം എന്നിവ ഈ ലിസ്റ്റിൽ പെടും. ഉദരസംബന്ധ കാ ൻസറുകളിലാണ് ശരീരം പൊതുവേ ക്ഷീണിക്കുന്നത്. ആമാശയ കാൻസർ, പാൻക്രിയാസ് കാൻസർ, ചില അവസരങ്ങളിൽ ലിംഫോമയിലും ശ്വാസകോശാർബുദത്തിലും ഇതു കാണുന്നു.
കാൻസർ ബാധിതരിൽ പൊതുവായി കാണുന്ന ലക്ഷണമാണു ശരീരഭാരം കുറയുക എന്നത്. പക്ഷേ, ഇതു ആരംഭദശയിൽ പ്രകടമായേക്കില്ല. അതുകൊണ്ടു തന്നെ അകാരണമായി മെലിയുന്നുണ്ടെങ്കിൽ വിശദ പരിശോധനയ്ക്കു വിധേയമാകേണ്ടതാണ്.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. സഞ്ജു സിറിയക്,
സീനിയർ കൺസൽറ്റന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ്,
രാജഗിരി ഹോസ്പിറ്റൽ, ആലുവ, കൊച്ചി