അടുത്തിടയായുള്ള അസ്വസ്ഥതകളെ തുടർന്നു ഗൈനക്കോളജിസ്റ്റിനെ കാണാനെത്തിയതാണ് മഞ്ജു.

‘മൂത്രമൊഴിക്കുമ്പോൾ ചുളുചുളുപ്പും പുകച്ചിലും തോന്നുന്നു. ഇരുണ്ട നിറത്തിലാണു മൂത്രം പോകുന്നത്. തളർച്ചയുമുണ്ട് ?’ എന്തു പറ്റിയെന്നു ഡോക്ടർ ചോദിക്കും മുൻപേ മഞ്ജു ആശങ്കയോടെ പറഞ്ഞു.

ADVERTISEMENT

തെല്ലും വൈകാതെ ഡോക്ടർ വിശദീകരിച്ചു.

‘യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ (UTI) ആകാനാണു സാധ്യത. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണു ഇത്തരത്തിലുള്ള അണുബാധ കൂടുതൽ. സ്ത്രീകളുടെ മൂത്രനാളി നീളം കുറഞ്ഞതും മലദ്വാരത്തിനു അടുത്ത് സ്ഥിതി ചെയ്യുന്നുവെന്നതുമാണ് ഇതിന്റെ പ്രധാന കാരണം.

ADVERTISEMENT

ശുചിത്വമില്ലായ്മ, പ്രമേഹം, ഗർഭാവസ്ഥ, ശാരീരിക ശുചിത്വം പാലിക്കാതെയുള്ള ലൈംഗികബന്ധം, ലൈംഗിക രോഗങ്ങൾ, ആന്റി ബയോട്ടിക്സിന്റെ അശാസ്ത്രീയ ഉപയോഗം, ഏറെ സമയം മൂത്രമൊഴിക്കാതെ പിടിച്ചു നിർത്തുക, മൂത്രനാളിയിലെ വ്യതിയാനങ്ങൾ, മൂത്രാശയത്തിലെയും വൃക്കയിലെയും കല്ലുകൾ എന്നിവയൊക്കെ യൂറിനറി ട്രാക് ഇൻഫക‌്‌ഷന്റെ കാരണങ്ങളാണ്.

മൂത്രത്തിൽ അണുബാധയുള്ളപ്പോൾ മൂത്രം കലങ്ങിയതു പോലെയാണ് സാധാരണ കാണപ്പെടുക. ഇരുണ്ട നിറത്തിലുമാകാം. മൂത്രത്തിന്റെ നിറം മാറാനുള്ള പ്രധാന കാരണം വേണ്ടത്ര വെള്ളം കുടിക്കാത്തതാണ്. വൃക്കകളുടെ പ്രശ്നം, കരളിന്റെ രോഗാവസ്ഥ (മഞ്ഞപ്പിത്തം), റാബ്ഡോമയോലൈസിസ് എന്ന മസിൽ ഡാമേജ് എന്നിവയും കാരണമാകാം. യൂറിനറി ട്രാക്ട് ഇൻഫെക്‌ഷനിൽ അടിവയർ വേദന, പനി, വിറയൽ തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. മഞ്ഞപ്പിത്തമുള്ളവരിലും അമിത ക്ഷീണം, വിശപ്പില്ലായ്മ, പനി എന്നിവ വരാം.

ADVERTISEMENT

മൂത്രം പരിശോധന, അൾട്രാസൗണ്ട് സ്കാൻ എന്നിവയിലൂടെ അണുബാധയും കാരണവും കണ്ടുപിടിക്കാനും ചികിത്സിക്കാനുമാകും. ടെൻഷൻ വേണ്ട.’

വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം

സ്ത്രീരോഗ സംബന്ധമായ സംശയങ്ങള്‍ക്കു വിശദമായ മറുപടി നൽകുന്ന പംക്തി ‘ഷീ വെൽനെസ്’ വനിതയിൽ വായിക്കാം.

ADVERTISEMENT