ദീർഘകാലം ശരീരത്തെ ബാധിക്കുന്ന രോഗാവസ്ഥയാണു ഫൈബ്രോമയാൾജിയ. സന്ധികളിലല്ല പകരം പേശികളിലും എല്ലിനകത്തു നിന്നും വരുന്നൊരുതരം വേദനയാണിത്. മൂന്നു മാസത്തോളം ഇ ത്തരത്തിൽ പേശി വേദന നീണ്ടു നിന്നാലാണ്  ഫൈബ്രോമയാൾജിയ ലക്ഷണമായി കണക്കാക്കുന്നത്. 

അമിതമായ ക്ഷീണം, ഉറക്കക്കുറവ്, ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ പിന്നെ ഉറക്കത്തിലേക്കു പോകാനുള്ള ബുദ്ധിമുട്ട്, ഓർമക്കുറവ്, ഏകാഗ്രതക്കുറവ് മുതലായ കോഗ്‌നിറ്റീവ് പ്രശ്നങ്ങൾ കാണാം. ഒപ്പം ചില രോഗികളിൽ വിഷാദ രോഗത്തിന്റെയും ഉത്കണ്ഠ രോഗത്തിന്റെയും ലക്ഷണങ്ങൾ കാണാം. 

ADVERTISEMENT

വേദനകൾ പല വിധത്തിൽ

വേദനയ്ക്കു ചില പ്രത്യേകതകളുണ്ട്. ചിലർക്കു മിന്നൽ പോലുള്ള വേദന, ചിലർക്കു നീറ്റൽ പോലെ, ചിലർക്കു മൂർച്ചയുള്ള കത്തി കൊണ്ടു വരയും പോലെയും വേദന വരാം. കഴുത്തിനും നെഞ്ചിനും ശരീരത്തിന്റെ മുകൾ ഭാഗത്തായാണു പലപ്പോഴും വേദന പ്രകടമാകുക.

ADVERTISEMENT

ഈ രോഗാവസ്ഥയ്ക്കു ട്രിഗർ സോണുകൾ ഉണ്ട്.  ഡോക്ടറോ ഫിസിയോതെറാപിസ്റ്റോ ഒക്കെ ട്രിഗര്‍  പോയിന്റുകളിൽ ഞെക്കുമ്പോൾ അവിടെ വേദനിക്കും. വലതും ഇടതുമായി അത്തരത്തിൽ 18 പോയിന്റുകളാ ണുള്ളത്.  ഞെക്കുമ്പോൾ പത്തിൽ കൂടുതൽ പോയിന്റുകളിൽ വേദനയുണ്ടെങ്കിൽ ഫൈബ്രോമയാൾജിയയുണ്ടെന്നു സംശയിക്കാം. 

കഴുത്തിനു പുറകിൽ, കഴുത്തിനു മുന്നിൽ (കഴുത്തിന്റെ താഴ്ഭാഗത്താണു വേദന വരിക), തോൾ, നെഞ്ചിന്റെ ഭാഗം, കൈമുട്ടിനു മുകളിലെ ഭാഗം, കാൽ മുട്ട്, ബട്ടക്സിന്റെ വശങ്ങൾ, ഇടുപ്പെല്ല് തുടങ്ങിയവയാണ് ആ പോയിന്റുകൾ. ചെറുതായി തൊട്ടാൽ പോലും  വലിയ വേദനയനുഭവപ്പെടും എന്നതാണ്  പ്രത്യേകത.  

ADVERTISEMENT

കാരണങ്ങൾ

∙ഒരു കാരണം എന്ന തരത്തിൽ എടുത്തു പറയാനാകില്ല. പക്ഷേ, സ്ട്രെസ് പ്രധാനഘടകമാണ്. 

∙ ചില അണുബാധകളോടു ബന്ധപ്പെട്ട് ഇതു കാണാറുണ്ട്. ചെള്ളു പരത്തുന്ന ലൈം ഡിസീസ് വന്നു പോകുന്നവരിലും ഫൈബ്രോമയാൾജിയ കാണാറുണ്ട്. 

∙ സ്ത്രീകളിലാണു രോഗം അധികമായി കാണുന്നത്. പ്രത്യേകിച്ചും 20–55നും ഇടയിലുള്ളവർക്ക്.    

∙സ്ത്രീകളിലെ  വേദനയുണ്ടാക്കുന്ന അസുഖങ്ങളിൽ വാതത്തേക്കാൾ മുന്നിൽ നിൽക്കുന്നത് ഫൈബ്രോമയാൾജിയ ആണെന്നു പഠനങ്ങൾ പറയുന്നു. 

∙ പാരമ്പര്യമായി രോഗം വരാനുള്ള സാധ്യത 13.6 മടങ്ങ് കൂടുതലാണ്. 

∙ സമ്മർദമുള്ള ജോലിയിൽ ഏർപ്പെടുന്നവർക്കും ഫൈബ്രോമയാൾജിയ സാധ്യത കൂടുതലുണ്ട്.  

∙ വിഷാദ രോഗം, ഉത്കണ്ഠ രോഗം, വാത രോഗം, ഉറക്കത്തകരാറുള്ളവരിൽ  ഒക്കെ ഇതു കൂടുതൽ കാണാറുണ്ട്. അവരുടെ തലച്ചോർ ഒരു കാര്യത്തെ എങ്ങനെ ഗ്രഹിക്കുന്നു എന്നതിൽ വരുന്ന വ്യത്യാസങ്ങളാണു രോഗിക്കു വരുന്ന അസ്വസ്ഥതകൾ. അതു വേദന തന്നെയാകണമെന്നില്ല. 

∙ ചിലരിൽ ഫൈബ്രോ ഫോഗ് എന്ന അവസ്ഥയും ഉണ്ടാകാം. വാക്ക് കിട്ടാതെ വരിക, ചെയ്യുന്ന കാര്യം മറന്നു പോവുക, പ്രവൃത്തികളിൽ മന്ദത അനുഭവപ്പെടുക ഇവയാണു ലക്ഷണങ്ങൾ.  

ശ്രദ്ധിക്കേണ്ടവ 

∙ അലോസരപ്പെടുത്തുന്ന വെളിച്ചമില്ലാത്ത ശാന്തമായ അന്തരീക്ഷത്തിൽ ഉറങ്ങാം. കഴിവതും ഒരേ സമയത്തു കിടക്കാനും എഴുന്നേൽക്കാനും ശ്രമിക്കുക.  

∙ പറ്റുന്നത്ര കഫീൻ(ചായ, കാപ്പി, എനർജി ഡ്രിങ്കുകളിലുള്ള ഉത്തേജകം) ഒഴിവാക്കുക. മദ്യപാനം, പുകവലി എന്നിവ തീർത്തും വേണ്ട. 

∙ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുൻപേ തൊട്ട് ഫോണടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കണം.  

∙അത്താഴം മിതമായി കഴിക്കുക. 

∙ അവനവന്റെ ശരീരികാവസ്ഥയ്ക്കു ചേരുന്ന തരത്തിലുള്ള വ്യായാമം ശീലമാക്കുക. ആഴ്ചയിൽ  മൂന്ന് ദിവസമെങ്കിലും മുപ്പതു മിനിറ്റ് വ്യായാമം ചെയ്യണം. 

∙ പെയിൻ കില്ലറുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക. 

∙ വേദനയോ മറ്റു ലക്ഷണങ്ങളോ മൂന്നുമാസത്തിലധികം നീണ്ടാൽ ഡോക്ടറുടെ സേവനം തേടണം. 

കടപ്പാട്-: ഡോ. ഹരികൃഷ്ണൻ, പ്രഫസർ, ഹെഡ് ഓഫ് ദ് ഡിപാര്‍ട്ട്മെന്റ, ഇന്റേണൽ മെഡിസിൻ & ഹെമറ്റോളജി, ഗവ. മെഡിക്കൽ കോളജ്, ഇടുക്കി

Fibromyalgia: Identifying Trigger Points:

Fibromyalgia is a chronic condition causing pain in muscles and bones. It is characterized by widespread pain, fatigue, and sleep disturbances lasting for at least three months. Consider seeing a doctor if you experience pain or other symptoms for more than three months.

ADVERTISEMENT