‘ആറു മാസത്തിനകം 10 കിലോ ഭാരം കുറയ്ക്കണം, മസ്സിൽ മാസ്സ് കൂട്ടണം, സിക്സ് പാക്ക് കിട്ടണം’; ജിമ്മിലെ ടാർഗറ്റിന് പിന്നിലെ റിസ്ക് തിരിച്ചറിയണം
ഓണാഘോഷം പൊടിപൊടിക്കുന്നതിനിടെയാണ് ആ വിഡിയോ നൊമ്പരക്കാഴ്ചയായത്. സ്റ്റേജിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീഴുന്നു... അടുത്ത ദിവസം മറ്റൊരു വാർത്ത വന്നു. തമിഴ്നാട്ടിലെ മിടുക്കനായ യുവ ഡോക്ടർ രോഗിയെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.
പെട്ടെന്നു കുഴഞ്ഞുവീണു മരണത്തിനു കീഴടങ്ങുന്നവരുടെയും സങ്കീർണ രോഗാവസ്ഥയിലെത്തുന്നവരുടെയും എണ്ണം കൂടി വരുന്നതായി വാർത്തകൾ പറയുമ്പോൾ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു, ‘‘പെട്ടെന്നു കുഴഞ്ഞുവീണുള്ള മരണം അഥവാ സഡൻ കാർഡിയാക് ഡെത്ത് (എസ്‌സിഡി) ലോകവ്യാപകമായി തന്നെ ആശങ്കയുണർത്തുന്ന പ്രശ്നമായി മാറുകയാണ്. 35– 50 വയസ്സു പ്രായമുള്ളവരുടെ ഹൃദയാരോഗ്യത്തിൽ ആ ശങ്കകൾ ഏറിവരുന്നതായി പ ഠനങ്ങൾ പറയുന്നു.
ഈ പ്രായക്കാരിൽ കുഴഞ്ഞു വീണുള്ള മരണ നിരക്ക് 43000ൽ ഒന്ന് എന്നാണ്. അതായത് 43000 പേരിൽ ഒരാൾ പെട്ടെന്നു കുഴഞ്ഞു വീണു മരണത്തിനു കീഴടങ്ങുന്നു. 145 കോടിയോളം ജനസംഖ്യയുള്ള നമ്മുടെ രാജ്യത്തെ ഈ കണക്ക് ഒട്ടും ചെറുതല്ല.’’
ആശങ്ക ഏറുമ്പോൾ ഹൃദയം പറയുന്നതു കേൾക്കുക മാത്രമാണു പോംവഴി. ‘ഒരു ഹൃദയമിടിപ്പു പോലും നഷ്ടമാകാതെ കാക്കാ’നായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരുന്നതു കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. വിനീത വി. നായരാണ്.
പ്രശ്നങ്ങൾ പലത്
ഫിറ്റ്നസിന് വേണ്ടിയുള്ള ആഗ്രഹം വളരെയധികം കൂടുതലുള്ളവരാണു പ്രശ്നങ്ങളിൽ പെടുന്നവരേറെയും. ആറു മാസത്തിനകം പത്തു കിലോ ഭാരം കുറയ്ക്കണം, മസ്സിൽ മാസ്സ് കൂട്ടണം, സിക്സ് പാക്ക് കിട്ടണം എന്നൊക്കെ ടാർഗറ്റ് നിശ്ചയിച്ച ശേഷമാകും ഇവർ ജിം തുടങ്ങുക. ഇതിനു പിന്നിലെ റിസ്ക് തിരിച്ചറിയണം.
ചെറിയ കാലയളവിനുള്ളിൽ പൂർത്തീകരിക്കേണ്ട ടാർഗറ്റിനു വേണ്ടി ശരീരത്തെ അത്യദ്ധ്വാനം ചെയ്യിക്കാനൊരുങ്ങുമ്പോൾ ശരീരത്തിനു താങ്ങാനാകുമോ എന്ന സ്ക്രീനിങ് ആദ്യം നടത്തണം. പത്തു പേർ ഒന്നിച്ചു ജിമ്മിൽ ചേർന്നു എന്നു കരുതുക. പുകവലി, മദ്യപാനം, ലഹരി ഉപയോഗം എന്നിവയുള്ളവരും, ഹൈപ്പർ ടെൻഷൻ, ഡയബറ്റിസ് രോഗങ്ങളുള്ളവരും, പാരമ്പര്യമായി ഹൃദ്രോഗ സാധ്യതയുള്ളവരും ആ കൂട്ടത്തിലുണ്ടാകാം. അതുകൊണ്ടുതന്നെ വ്യായാമം ഓരോരുത്തരുടെയും ഹൃദയത്തിനുണ്ടാകുന്ന ആഘാതം ഓരോ തരത്തിലാകും.
കാരണം അറിയാം
പെട്ടെന്നു കുഴഞ്ഞു വീണുണ്ടാകുന്ന മരണങ്ങളുടെ കാരണത്തെ ഹൃദയാരോഗ്യപ്രശ്നങ്ങളും അല്ലാത്തവയുമെന്നു രണ്ടായി തിരിക്കാം. ഹൃദയാരോഗ്യ പ്രശ്നങ്ങൾക്കും രണ്ട് ഉപവിഭാഗങ്ങളുണ്ട്, ഹൃദയ രക്തക്കുഴലിലെ (കൊറോണറി ആർട്ടറി) ബ്ലോക്ക് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും അല്ലാത്തവയും. രക്തക്കുഴലിലെ ബ്ലോക്ക് കൊണ്ടാണു ഹാർട് അറ്റാക്ക് എന്നു വിളിക്കുന്ന രോഗാവസ്ഥ സംഭവിക്കുന്നത്. ഹൈപ്പർ ടെൻഷൻ, ബിപി, പുകവലി, അമിത കൊളസ്ട്രോൾ, കുടുംബത്തിലാർക്കെങ്കിലും ഹൃദ്രോഗം എന്നിവയൊക്കെ ഹൃദ്രോഗ സാധ്യതയുണ്ടാക്കാം. ഇവയുള്ള 35– 50 വയസ്സിനിടയിലുള്ളവരിൽ അമിത വ്യായാമം കൂടിയാകുമ്പോൾ പെട്ടെന്നു ഹാർട് അറ്റാക്കിലേക്കു നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
രക്തക്കുഴലിലെ ബ്ലോക് അല്ലാതെയുള്ള പ്രശ്നങ്ങളിൽ പ്രധാനം ഹൃദയത്തിന്റെ മസിലുകളെ ബാധിക്കുന്ന രോഗാവസ്ഥയായ കാർഡിയോ മയോപ്പതി ആണ്. വർഷങ്ങളായി ഹെവി എക്സർസൈസ് ചെയ്തിരുന്നയാൾ ഫുട്ബാൾ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു എന്നൊക്കെ വാർത്ത കണ്ടിട്ടില്ലേ. ഇത്തരം കേസുകളിൽ കാർഡിയോ മയോപ്പതിയാണു വില്ലൻ.
സ്ഥിരമായ ഹെവി വർക് ഔട്ട് കൈകളിലെയും കാലുകളിലെയും മസിലുകൾ പരുവപ്പെടുത്തുന്നതു പോലെ തന്നെ ഹൃദയത്തിന്റെ മസിലുകളെയും ദൃഢമാക്കും. ഈ ഘട്ടത്തിൽ ചെറിയ സമ്മർദം കൊണ്ടു പോലും ഹൃദയത്തിന്റെ താളം തെറ്റുകയും ഹാർട് അറ്റാക്കിലേക്കു നയിക്കുകയും ചെയ്യാം. അമിതവ്യായാമം പതിവാക്കിയ 35– 50 വയസ്സുകാരിൽ കാർഡിയോ മയോപ്പതി വില്ലനാകാം.
ഹൃദയത്തിനു പുറത്തും പ്രശ്നം
ആർക്കൊക്കെ വ്യായാമം ചെയ്യാം, എത്രമാത്രം അതു ഹെ വി ആകാം എന്നൊക്കെയുള്ള സംശയം മിക്കവർക്കുമുണ്ടാകും. പടികൾ നടന്നുകയറുമ്പോഴും മറ്റും ഹൃദയമിടിപ്പു കൂടുന്നതു ശ്രദ്ധിച്ചിട്ടില്ലേ. അത്തരത്തിൽ ഹൃദയമിടിപ്പു തീവ്രമാകുന്നതു വച്ചാണുഒരാൾക്കു ചെയ്യാനാകാവുന്ന വ്യായാമങ്ങൾ തീരുമാനിക്കുക.
ഇതിനായി 220– നിങ്ങളുടെ വയസ്സ് എന്ന ഫോർമുലയാണ് ഉപയോഗിക്കുന്നത്. 40 വയസ്സുള്ള ആൾക്ക് താങ്ങാനാകുന്ന പരമാവധി ഹൃദയമിടിപ്പ് മിനിറ്റിൽ 180 ആണ് (220–40). അതിന്റെ 80 ശതമാനം വരെയേ (140) ഹെവി വർക് ഔട് ചെയ്യുമ്പോൾ ഹൃദയമിടിപ്പ് ഉണ്ടാകാവൂ. അതിനു മുകളിലേക്കു കയറുന്നതു ഹൃദയത്തിന്റെ ആരോഗ്യത്തിനു ഭീഷണിയാകും. ആദ്യമായി വ്യായാമം ചെയ്തു തുടങ്ങുന്നയാൾ ചെറുവ്യായാമങ്ങളിലൂടെ ശരീരത്തിലെ പാകപ്പെടുത്തി മുന്നോട്ടു പോകണമെന്നു പറയുന്നത് ഇതിനാലാണ്.
പെട്ടെന്ന് അമിതവ്യായാമം ചെയ്യുന്നവരിൽ ഹൃദയമിടിപ്പു വളരെവേഗം കൂടുകയും രക്തസമ്മർദം വർധിച്ചു തലച്ചോറിൽ രക്തസ്രാവമുണ്ടാകുകയും ചെയ്യാം. കുഴഞ്ഞുവീഴുകയോ സ്ട്രോക് വരുകയോ ചെയ്യുന്ന അപകടഘട്ടമാണിത്. ചില വിദേശ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളി ൽ ഞെട്ടിക്കുന്ന മറ്റൊരു കണക്കും പുറത്തു വന്നിട്ടുണ്ട്. ജനിതകമായി തന്നെ ഇസിജി വ്യതിയാനമുള്ളവരുടെ എ ണ്ണം 16 ശതമാനമാണ്. അമിതസമ്മര്‍ദം താങ്ങാനാകാത്ത ഹൃദയാവസ്ഥ ഉണ്ടെന്നറിയാതെ ഇത്തരക്കാർ ഹെവി വർക് ഔട് ചെയ്യുമ്പോൾ അമിതസമ്മർദമുണ്ടാകുകയും ഹാർട് അറ്റാക്കില്‍ കലാശിക്കുകയും ചെയ്യും.
വ്യായാമവും ചിട്ടകളും
വ്യായാമം ചെയ്യുമ്പോൾ നന്നായി വിയർത്തു ഡീഹൈഡ്രേഷൻ സംഭവിക്കും. ഇതിനൊപ്പം ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടും. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ ശരീരാവയവങ്ങളുടെ പ്രവർത്തനത്തിന്, പ്രത്യേകിച്ചും ഹൃദയത്തിന്റെ മസിലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇവയിൽ ഏതിന്റെ അസന്തുലിതാവസ്ഥ വന്നാലും ഹൃദയപ്രവർത്തനം താറുമാറാകുകയും കാർഡിയാക് അറസ്റ്റിലേക്കു നയിക്കുകയും ചെയ്യാം. അ തിനാൽ വ്യായാമം ചെയ്യുന്നതിനിടെ ഇലക്ട്രോലൈറ്റുക ൾ അടങ്ങിയ വെള്ളം കുടിക്കുകയും ഡീഹൈഡ്രേഷൻ ഉ ണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
അഭിനേതാക്കൾക്കിടയിലും മോഡലുകൾക്കിടയിലും ഇന്ത്യയിൽ നടത്തിയ ഒരു പഠനവും അമിതവ്യായാമത്തിന്റെ അപകടങ്ങളിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. ശരീരം അഴകളവുകളിൽ സൂക്ഷിക്കുന്നതിനും അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാനും ചുറ്റപാടുകളുടെ സമ്മർദം അവർ വളരെയധികം നേരിടേണ്ടി വരുന്നുണ്ട്. ശരീരത്തിനു വേണ്ടിയുള്ള അമിതാദ്ധ്വാനത്തിനൊപ്പം സ്റ്റിറോയിഡ് ഉപയോഗം കൂടിയാകുമ്പോൾ അപകടസാധ്യത ഇരട്ടിയാകും.
ഭാരം കുറയ്ക്കാനായും മറ്റും ഭക്ഷണത്തിന്റെ അളവു കുറയ്ക്കുന്നതും കലോറി കുറയ്ക്കുന്നതും ശാരീരിക പ്രവർത്തനങ്ങളെ ദോഷമായി ബാധിക്കും. ഭക്ഷണത്തിനു പകരമായി സപ്ലിമെന്റുകൾ മാത്രം കഴിക്കുന്നതും ചിട്ടയില്ലാത്ത ജോലിസമയവുമൊക്കെ കൂടിയാകുമ്പോൾ തന്നെ ശരീരത്തിന്റെ ബാലൻസ് തെറ്റും. ഇതിനൊപ്പം അമിത വ്യായാമം കൂടിയാകുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ പെട്ടെന്നു തന്നെ താളം തെറ്റാം.
സമ്മർദവും ഹൃദയാരോഗ്യവും
പ്രയാസമുള്ള സാഹചര്യത്തെ (സ്ട്രെസ്) നേരിടാനായി ശരീരം പുറപ്പെടുവിക്കുന്ന ചില ഹോർമോണുകളുണ്ട്. പെട്ടെന്നു പേടി വരുമ്പോഴോ മറ്റോ അതു നേരിടാനായി നമ്മുടെ ശരീരത്തെ തയാറാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ഹോർമോണുകൾ പ്രവർത്തിച്ചു തുടങ്ങുന്നത്. ശാരീരിക– മാനസിക സമ്മർദമുണ്ടാകുമ്പോൾ ഈ ഹോർമോണുകൾ പ്രവർത്തിച്ചു തുടങ്ങുകയും, യുദ്ധസജ്ജമാകുന്നതിനു സമാനമായി ശരീരത്തെ തയാറെടുപ്പിക്കുകയും ചെയ്യും. ഹൃദയമിടിപ്പ് കൂട്ടി, രക്തസമ്മർദം വർധിപ്പിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തിയൊക്കെയാണ് ഈ ഹോർമോണുകൾ ശരീരത്തെ ഉഷാറാക്കുന്നത്.
ഉറക്കമില്ലായ്മ, ജോലി സമ്മർദം, മാനസിക പ്രയാസങ്ങൾ എന്നിങ്ങനെ എല്ലാ ദിവസവും സ്ട്രെസ്സിൽ കൂടി പോകുന്ന ഒരാളുടെ രക്തത്തിലെ സ്ട്രെസ് ഹോർമോണുകളുടെ അളവു വളരെ കൂടുതലായിരിക്കും. അതായത് അവരുടെ ഹൃദയം എല്ലാ ദിവസവും ശരീരത്തിനു വേണ്ടി അത്യദ്ധ്വാനം ചെയ്യുന്നുണ്ട് എന്നർഥം. ഇതിനൊപ്പം പുകവലി പോലുള്ള ദുശീലങ്ങളോ രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലമോ കൂടിയാകുമ്പോൾ ശരീരത്തിന്റെയും ഹൃദയത്തിന്റെയും അവസ്ഥ മോശമാകും.
പെട്ടെന്നു കുഴഞ്ഞു വീണുള്ള മരണത്തിൽ പുരുഷന്മാ ർക്കു സ്ത്രീകളെക്കാൾ ഇരട്ടി സാധ്യത ഉണ്ടെന്നാണു പഠനങ്ങൾ പറയുന്നത്. പുകവലിയും മദ്യപാനവും പോലുള്ള കോംബിനേഷൻ ഘടകങ്ങളാണ് ഈ അപകട സാധ്യതയ്ക്കു പിന്നിൽ. എന്നാൽ, മാറിയ കാലഘട്ടത്തിൽ സ്ത്രീകൾക്കിടയിലും പുകവലി ശീലം വർധിക്കുന്നതായി കാണാം. ഇത്തരക്കാരിൽ സ്വാഭാവികമായുള്ള ഹോർമോൺ സംരക്ഷണം അത്രകണ്ടു ലഭിച്ചെന്നു വരില്ല.
ഉറക്കവും തെറ്റായ ഭക്ഷണശീലവും
ഓരോ ദിവസവും ശരീരത്തിനു സംഭവിക്കുന്ന കുഴപ്പങ്ങളെ പരിഹരിച്ചു പുതുജീവൻ നേടുന്നത് ഉറങ്ങുമ്പോഴാണ്. ആരോഗ്യമുള്ള ഒരാൾക്ക് ആറു – എട്ടു മണിക്കൂർ ഉറക്കം വേണം. നാലു മണിക്കൂർ പോലും ഉറങ്ങാതെ ജോലി ചെയ്യുന്നവരുണ്ട്. രാത്രി വൈകി ഉറങ്ങുന്നതു പോലെ തന്നെ അപകടമാണു വൈകി ഭക്ഷണം കഴിക്കുന്നതും. രാത്രി അമിതഭക്ഷണം കഴിച്ചാൽ ഉറങ്ങുന്ന സമയത്തും അതു ദഹിപ്പിക്കാനായി ശരീരവും ഹൃദയവും ജോലി ചെയ്യേണ്ടി വരും. അതിനാൽ വൈകി അമിതഭക്ഷണം വേണ്ടേ വേണ്ട.
മുൻകാലങ്ങളിൽ അറുപതുകളാണു ഹാർട് അറ്റാക്ക്, ഹാർട് സർജറി കേസുകളിൽ ഭൂരിഭാഗത്തിന്റെയും പ്രായമെങ്കിൽ അടുത്തിടെയായി ഇതു നാൽപതുകളിലേക്ക് ഇറങ്ങിയിട്ടുണ്ട് എന്നു തന്നെ പറയാം. ജീവിതശൈലീ രോഗങ്ങളായ പ്രമേഹവും അമിത രക്തസമ്മർദവും ശരിയായി ചികിത്സിക്കാത്തവരിൽ റിസ്ക് ഘടകങ്ങളും കൂടുതലാണ്. അമിതവണ്ണവും ശരിയായ ബോഡി മാസ് ഇൻഡക്സ് ഇല്ലാത്തവരിലും നാൽപതുകളിൽ തന്നെ ഹൃദ്രോഗ സാധ്യത കൂടുതലാണ്.
പരിശോധന വേണം
ജിമ്മിൽ ചേരാൻ തീരുമാനിക്കുക, പെട്ടെന്നു ഭാരം കുറയ്ക്കാൻ ആലോചിക്കുക തുടങ്ങിയ ഘട്ടങ്ങളിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. കുടുംബത്തിലെ ഹൃദ്രോഗ പാരമ്പര്യം മുതൽ നിലവിലെ ആരോഗ്യസ്ഥിതി വരെ ഡോക്ടറുടെ നിർദേശ പ്രകാരം ടെസ്റ്റുകൾ നടത്തി വിലയിരുത്തണം. ഇസിജി വ്യതിയാനമോ മറ്റോ കാണിച്ചാൽ മറ്റു പ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തണം.
പുകവലി, മദ്യപാനം, ലഹരി ഉപയോഗം എന്നിവ ജിമ്മിനൊപ്പം നല്ലതല്ല. അവ ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും. ദിനചര്യകൾ ചിട്ടയാക്കുന്നതു വളരെ പ്രധാനമാണ്. ജിമ്മിൽ ചേരുമ്പോൾ തന്നെ ഉറക്കം ശരിയാക്കണം. ആറു മണിക്കൂറെങ്കിലും നന്നായി ഉറങ്ങാൻ പറ്റിയില്ലെങ്കിൽ പിറ്റേ ദിവസം നടപ്പ് പോലുള്ള ചെറു വ്യായാമങ്ങൾ മതി. രണ്ടോ മൂന്നോ ദിവസം യാത്രയും മറ്റുമായി ഉറക്കം ശരിയായില്ലെങ്കിലും അടുത്ത ദിവസം ജിം ഒഴിവാക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ആശ്രയിച്ചു പ്രവർത്തിക്കുന്ന അവയവങ്ങളാണു ഹൃദയവും തലച്ചോറും. അതിനാൽ കാലറി കുറയ്ക്കുമ്പോൾ ശ്രദ്ധിക്കണം.
വിദഗ്ധ പരിശീലനം പ്രധാനം
കഴിഞ്ഞ മൂന്നുനാലു വർഷത്തിനിടെ, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ കോവിഡ് വ്യാപനത്തിനു ശേഷം ആളുകൾക്കിടയിൽ ഹെൽത്ത് കോൺഷ്യസ്നെസ് (ആരോഗ്യ ആശങ്ക) കൂടിയിട്ടുണ്ട്. രോഗത്തോടുള്ള ഭയവും ആരോഗ്യത്തോടെ ഇരിക്കണമെന്ന ചിന്തയും കൊണ്ട് ഗ്രൂപ്പായും ക്ലബുകൾ രൂപീകരിച്ചുമൊക്കെ കൂട്ടത്തോടെ വ്യായാമം ചെയ്യുന്ന ഫിറ്റ്നസ് പ്രോഗ്രാമുകൾ ഇപ്പോൾ നിരവധിയുണ്ട്.
മസിലുകൾക്കു വ്യായാമത്തിനൊപ്പം കൃത്യമായ വിശ്രമവും നൽകണം. അതിന് ഉതകുന്ന തരത്തിൽ ഓരോ സെറ്റു മസിലുകൾക്കും വ്യായാമം ചെയ്യാനായി ഓരോ ദിവസങ്ങൾ ചിട്ടപ്പെടുത്തുക. എല്ലാ മസിലുകൾക്കും കൃത്യമായ വിശ്രമം ലഭില്ലെങ്കിൽ വ്യായാമം ശരീരത്തിനു ദോഷമായി മാറും. ബാക്ടീരിയ, വൈറൽ ഇൻഫെക്ഷനുകൾ ഹൃദയത്തിന്റെ മസിലുകളെ ബാധിക്കുന്ന അവസ്ഥ വരാം. അപ്പോൾ സമ്മർദം താങ്ങാനുള്ള കരുത്ത് ഹൃദയത്തിനുണ്ടാകില്ല. ജിമ്മിൽ പതിവായി പോകുന്നവർ പനിയോ ജലദോഷമോ വന്നാൽ പൂർണമായി വിശ്രമിക്കുക.