ഞാൻ നാലു മാസം ഗർഭിണിയാണ് ഗർഭകാലത്തു ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമോ? ഏതൊക്കെ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണു ഗർഭകാലത്തു ലൈംഗിക ബന്ധം ഒഴിവാക്കേണ്ടത്? When to Avoid Sex During Pregnancy?
ഗർഭകാല സങ്കീർണതകളില്ലാത്ത, ആരോഗ്യവതിയായ ഗർഭിണിക്കു ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ല. എന്നാൽ, മിതത്വം പാലിക്കുന്നതാണു നല്ലത്. ഗർഭപാത്രഭിത്തിയുടെ സംരക്ഷണ കവചത്തിനുള്ളിൽ അംമിനിയോട്ടിക് ഫ്ലൂയിഡില്‍ കുഞ്ഞ് സുരക്ഷിതമാണ്.
ലൈംഗിക ബന്ധത്തിനു ശേഷം ചിലരിൽ ചെറിയ തോതിൽ വയറുവേദനയും സ്പോട്ടിങ്ങും (ചെറിയ ബ്ലീഡിങ്/ബ്ലഡ് സ്റ്റെയ്ൻഡ് ഡിസ്ചാർജ്) കണ്ടുവരാറുണ്ട്. ഇതു തനിയെ മാറിക്കൊള്ളും. എന്നാൽ, വേദന ശക്തമാകുകയും ബ്ലീഡിങ് അമിതമാകുകയും ചെയ്താൽ ഉടനടി വൈദ്യസഹായം തേടണം.
മാസം മുന്നോട്ടു പോകുന്നതിനനുസരിച്ചു വയറു വലുതാകുന്നതു കൊണ്ടു ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ചിലർക്കു ബുദ്ധിമുട്ട് ഉണ്ടാകാം. സൗകര്യപ്രദമായ പൊസിഷൻസ് ലൈഗിംകബന്ധത്തിൽ സ്വീകരിക്കേണ്ടിവരും. ഗർഭകാലത്തു ചിലർക്കു സെക്സിനോടു താൽപര്യക്കുറവുണ്ടാകാം. ഇതു പങ്കാളിയോടു സ്നേഹപൂർവം തുറന്നു സംസാരിക്കുക.
ഹൈ റിസ്ക് കേസുകളിൽ ലൈംഗികബന്ധം ഒഴിവാക്കുന്നതാണു നല്ലത്. ലൈംഗിക ബന്ധവും രതിമൂർച്ഛയും ഗർഭപാത്രത്തിനു കോൺട്രാക്‌ഷൻ ഉണ്ടാക്കുകയും പ്രസവ വേദനയിലേക്കു നയിക്കുകയും ചെയ്യും. ഗർഭം അലസാനും ബ്ലീഡിങ് ഉണ്ടാകാനും മാസം തികയാതെ പ്രസവിക്കാനുമുള്ള സാധ്യതയും വളരെ കൂടുതലാണ്.
∙ മുൻപ് അബോർഷൻ സംഭവിച്ചവർ
∙ ആദ്യ മാസങ്ങളിൽ ബ്ലീഡിങ് ഉണ്ടായവർ
∙ പ്ലാസെന്റ ഗർഭപാത്രത്തിന്റെ താഴ്ഭാഗത്തു സ്ഥിതി ചെയ്യുന്നവർ (Placenta Previa)
∙ ഗർഭപാത്രത്തിനു കട്ടി കുറഞ്ഞു പെട്ടെന്നു ഗർഭാശയമുഖം വികസിക്കാന്‍ സാധ്യതയുള്ളവർ
∙ വെള്ളം പൊട്ടിപ്പോയവർ (Leaking PV/ Premature rupture of membrane)
∙ ഗുരുതരമായ ഹൃദ്രോഗം ഉള്ളവർ
∙ മുൻപ് മാസം തികയാതെ പ്രസവം നടന്നവർ എന്നിവരാണ് ഹൈ റിസ്ക് പ്രഗ്‌നൻസിയിലുള്ളവർ.
പരിശോധകളിലൂടെയും അൾട്രാസൗണ്ട് സ്കാനിലൂടെയും സങ്കീർണതകൾ കൃത്യമായി മനസ്സിലാക്കാനും മുൻകരുതലുകളും ചികിത്സയും സ്വീകരിക്കാനും കഴിയും.