ഈ രീതിയിൽ ബ്രഷ് ചെയ്താൽ വായ്നാറ്റവും മോണരോഗവും അകറ്റാം, പല്ലുതേപ്പിലെ ശാസ്ത്രീയ ടെക്നിക്കുകൾ പഠിക്കാം How to Brush Your Teeth Correctly
ദിവസവും ചെയ്യുന്നതല്ലേ ഒരു പല്ല് തേപ്പിൽ എന്താണ് ഇത്ര അറിയാനിരിക്കുന്നത് എന്ന മട്ടിൽ ഇതിനെ നിസാരമായി അവഗണിക്കരുതേ. നമ്മുടെ വായ തിരക്കേറിയ നഗരം പോലെയാണ്. കഴിക്കുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങൾ നശിപ്പിക്കാൻ കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ബാക്ടീരിയകൾ അവിടെയുണ്ട്. ഇവ ഭക്ഷണത്തോടൊപ്പം പല്ലിൽ പറ്റിപ്പിടിച്ച് ഉണ്ടാകുന്ന നേർത്ത പാടയാണ് പ്ലാക്ക് . (Plaque) .
ഈ അതിഥികളെ ദിവസവും രണ്ടുതവണയെങ്കിലും നമ്മൾ പുറത്താക്കിയില്ലെങ്കിൽ അവർ അവിടെ സ്ഥിരതാമസമാക്കും.   പോടുകൾ (ദന്തക്ഷയം), മോണരോഗം, വായ്നാറ്റം  ഇവയ്ക്ക് ഇതു കാരണമാകും.
ബാക്ടീരിയകൾ പുറത്ത് വിടുന്ന ആസിഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്നു. അത് പോടുകൾ ഉണ്ടാകാൻ കാരണമാകും. 
മോണയ്ക്കു കീഴിലേക്ക് വ്യാപിച്ചാൽ രക്തസ്രാവം ഉണ്ടാകാം. ഇത് പല്ലുകൾ ഇളകിപ്പോകുന്നതിനു കാരണമാകും. വായ്നാറ്റം എത്രമാത്രം അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണെന്നു പറയേണ്ടതില്ലല്ലോ.
എന്തിന് പല്ലുതേക്കണം?
ദന്തൽ പ്ലാക്ക് നീക്കം ചെയ്യണമെങ്കിൽ ബ്രഷ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കേണ്ടതുണ്ട്. പല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ബ്രഷുകൾ കൊണ്ട് മാത്രം സാധിക്കണമെന്നില്ല. അതിനായി ഡെന്റൽ ഫ്ലോസ്, ഇൻറർ ഡെന്റൽ ബ്രഷുകളാണ് ഉപയോഗിക്കേണ്ടത്.
പ്ലാക്ക് കൃത്യമായി നീക്കം ചെയ്തില്ലെങ്കിൽ ദന്തൽ പ്ലാക്കിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ ആഹാര അവശിഷ്ടങ്ങളിലെ കാർബോഹൈഡ്രേറ്റുമായി ചേർന്ന് ആസിഡ് ഉത്പാദനം തുടങ്ങും. അത് പല്ലിനെ ദ്രവിപ്പിക്കാൻ തുടങ്ങും.
ദന്തൽ പ്ലാക്ക് നീക്കം ചെയ്യാതെ ഇരുന്നാൽ അത് വായിലെ ഉമിനീരിലെ കാൽസ്യം ഫോസ്ഫറസ് തുടങ്ങിയവയുമായി ചേർന്ന് കാലക്രമേണ കട്ടിയുള്ള കാൽക്കുലസ് ആയി മാറുന്നു.
പല്ല് തേക്കുന്നതിലൂടെ കാൽക്കുലേ നീക്കം ചെയ്യാൻ സാധിക്കില്ല. ദന്തൽ ക്ലിനിക്കുകളിൽ പോയി പല്ല് ക്ലീനിങ്ങിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ കാൽക്കുലസ് നീക്കം ചെയ്യാൻ സാധിക്കുകയുള്ളൂ.
എങ്ങനെ പല്ല് തേക്കണം?
ദിവസവും രണ്ട് തവണ പല്ല് തേച്ചിട്ടും പല്ലിനു കേടു വരികയും മോണ രോഗം ഉണ്ടാവുകയും ചെയ്യുന്നു എന്ന പലരും പരാതിപ്പെടാറുണ്ട്.
പല്ല് തേക്കുന്നതിന് ചില രീതികളും സമയക്രമവും ഉണ്ട്. ശരിയായ രീതിയിൽ അല്ല തേക്കുന്നത് എങ്കിൽ പല്ലിൽ പറ്റി പിടിച്ചിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ കൃത്യമായി നീക്കം ചെയ്യപ്പെടുകയോ വായ ശുചി ആവുകയോ ചെയ്യുന്നില്ല.
നിങ്ങളുടെ പല്ലുകൾക്ക് സമാന്തരമായി ടൂത്ത് ബ്രഷ് പിടിക്കുക. പിന്നീട് പല്ലും മോണയും കൂടി ചേർന്ന ഭാഗത്ത് 45 ഡിഗ്രി കോണിലേക്ക് ബ്രഷ് ചെരിച്ച് പിടിച്ചു വേണം പല്ലു തേക്കാൻ. മൃദുവായ രീതിയിൽ വേണം ചെയ്യാൻ.
മോണയിൽ നിന്ന് പല്ലിലേക്ക് എന്ന രീതിയിൽ ബ്രഷ് ചെയ്യുക. മുകൾഭാഗത്ത് പല്ലുകൾ തേക്കുമ്പോൾ മുകളിൽ നിന്നും താഴേക്കും താഴത്തെ പല്ലുകൾ തേക്കുമ്പോൾ താഴെ നിന്നും മുകളിലേക്ക് ആണ് ബ്രഷ് ചെയ്യേണ്ടത്.
ഇത്തരത്തിൽ 15 മുതൽ 20 തവണ വരെ ബ്രഷ് ചലിപ്പിക്കേണ്ടതാണ്. അല്ലെങ്കിൽ 15 മുതൽ 20 തവണ വരെ വൃത്താകൃതിയിലുള്ള ചലനം ഉപയോഗിക്കാം.
എല്ലാ പല്ലുകളുടെയും ഉപരിതലത്തിൽ തേക്കുക . തുടർന്ന് അതേ ചലനങ്ങൾ ഉപയോഗിച്ച് പല്ലിന്റെ  പിൻഭാഗം വൃത്തിയാക്കുക .
മുൻഭാഗത്തെ പല്ലുകളുടെ ഉൾവശം  ബ്രഷ് കുത്തനെ പിടിച്ചു വേണം തേക്കാൻ. മുൻ നിരയിലെ താഴത്തെ  പല്ലുകൾ മുകളിലേക്കും മുകളിലത്തെ പല്ലുകൾ താഴേക്കും എന്ന ക്രമത്തിൽ ബ്രഷ് ചെയ്യുക.
അണപ്പല്ലുകളുടെ ചവച്ചരയ്ക്കാൻ ഉപയോഗിക്കുന്ന പ്രതലം മുന്നിലേക്കും പിന്നിലേക്കും  ബ്രഷ് ചലിപ്പിച്ച് വൃത്തിയാക്കുക. ഈ ചലനങ്ങൾ എല്ലാം 15 മുതൽ 20 തവണ വരെയാണ് ചെയ്യേണ്ടത്.
നാവ് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക.രണ്ടു മുതൽ നാലു മിനിറ്റ് വരെയാണ് ഇത്തരത്തിൽ ശരിയായ ബ്രഷിങ്ങിന് ആവശ്യമായ സമയം.
ഏത് ബ്രഷ് ആണ് പല്ല് തേക്കാൻ നല്ലത്?
ദിവസേനയുള്ള ഉപയോഗത്തിന് സോഫ്റ്റ് അല്ലെങ്കിൽ അൾട്രാ സോഫ്റ്റ് തരത്തിലുള്ള മൃദുവായ ടൂത്ത് ബ്രഷുകളാണ് നല്ലത്.
ദൃഢമായ നാരുള്ള ടൂത്ത് ബ്രഷുകൾ സാധാരണ സ്ഥിരമായ ഉപയോഗത്തിന് നിർദേശിക്കാറില്ല. കട്ടിയുള്ള ബ്രഷ് ഉപയോഗിച്ചാൽ മാത്രമേ വൃത്തിയായി തോന്നുന്നുള്ളൂ എന്നും പലരും പറയാറുണ്ട്.എന്നാൽ അത് വൃത്തിയായി എന്ന് മാനസികമായ ഒരു സംതൃപ്തി തരിക മാത്രമേ ചെയ്യുന്നുള്ളൂ.
അത്തരം ടൂത്ത് ബ്രഷുകളുടെ സ്ഥിരമായ ഉപയോഗം പല്ലിന് തേയ്മാനം ഉണ്ടാക്കുകയും മോണയുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്നു.
മാർക്കറ്റിൽ പിന്നെ എന്തിനാണ് ഹാർഡും മീഡിയവും ബ്രഷുകൾ വിൽക്കപ്പെടുന്നത് എന്ന് ചോദിച്ചാൽ ഈ ലോകത്തുള്ള എല്ലാ മനുഷ്യരെയും തൃപ്തിപ്പെടുത്താനാണ് നിർമാതാക്കൾ ആഗ്രഹിക്കുക എന്ന് പറയേണ്ടിവരും.
ദന്തഡോക്ടർ നിങ്ങളുടെ മാനസികമായ തൃപ്തി മാത്രമല്ല വിലയിരുത്തുക നിങ്ങളുടെ മോണയുടെയും പല്ലിന്റെയും ആരോഗ്യം നഷ്ടപ്പെടാതെ നോക്കുക കൂടിയാണ് ഒരു ഡോക്ടറുടെ ലക്ഷ്യം.
ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ
സാധാരണ ഭക്ഷണ അവശിഷ്ടങ്ങളും പ്ലാക്കും നീക്കം ചെയ്യുന്നതിന് ഇത്തരം ബ്രഷുകൾ കൂടുതൽ ഫലപ്രദമാകാറുണ്ട് സാധാരണ ബ്രഷ് ഉപയോഗിച്ച് ശരിയായ രീതിയിൽ ബ്രഷ് ചെയ്യാൻ കഴിയാത്ത അവസ്ഥയിലുള്ള കിടപ്പു രോഗികൾ, ചെറിയ കുട്ടികൾ എന്നിവർക്കൊക്കെ ഇത് ഉപകാരപ്രദമാണ്.
സ്മാർട്ട് ടൂത്ത് ബ്രഷുകൾ
നിങ്ങളുടെ പല്ല് തേക്കുന്ന രീതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുകയും ബ്രഷിംഗ് മെച്ചപ്പെടുത്തുന്നതിനായി ഒരു ആപ്പിലൂടെയോ ഉപകരണത്തിലൂടെ തൽസമയ ഫീഡ്ബാക്ക് നൽകുകയും ചെയ്യുന്നു.
നിങ്ങൾ കൂടുതൽ ശക്തി ഉപയോഗിക്കുന്നുണ്ടോ വേണ്ടത്ര സമയം തേക്കുന്നുണ്ടോ എത്തിപ്പെടാൻ പ്രയാസം ഉള്ള ഭാഗങ്ങൾ വിട്ടു പോകുന്നുണ്ടോ എന്നൊക്കെ ഇത് മനസ്സിലാക്കി തരും. കൂടുതൽ ആരോഗ്യകരമായ ബ്രഷിംഗ് പരിചരണ ശീലങ്ങൾ വളർത്താൻ സഹായിക്കുന്ന ഒരു വ്യക്തിഗത പരിശീലകനെ പോലെയാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്.
പേസ്റ്റിന്റെ ഉപയോഗം
കൂടുതൽ അളവിൽ പേസ്റ്റ് ഉപയോഗിച്ചാൽ പല്ല് കൂടുതൽ വൃത്തിയാകും എന്ന ധാരണ തെറ്റാണ്'. ഒരു ചെറു പയർ മണിയുടേ അളവിൽ മാത്രമേ പേസ്റ്റ് ഉപയോഗിക്കേണ്ടതുള്ളൂ.
പേസ്റ്റിന്റെ അളവിനെക്കാൾ ഉപരി ഏത് രീതിയിൽ ബ്രഷ് ചെയ്യുന്നു എന്നതിനാണ് കൂടുതൽ പ്രാധാന്യം. മുകളിൽ പറഞ്ഞതുപോലെ കൃത്യമായ ബ്രഷിംഗ് രീതി അവലംബിച്ചാൽ മാത്രമേ ടൂത്ത് പേസ്റ്റിന് വായിലെ അണുക്കളോട് പോരാടാൻ സാധിക്കൂ
രണ്ടു മിനിറ്റ് രണ്ടു നേരം രണ്ട് വിസിറ്റ്
ഓരോ ദിവസവും രണ്ട് മിനിറ്റ് വീതം രണ്ടുനേരം പല്ലു തേയ്ക്കുന്നത്, വർഷത്തിൽ രണ്ടു തവണ ദന്ത രോഗ വിദഗ്ധനെ സന്ദർശിക്കുന്നതും നിങ്ങൾ ചെയ്യുന്ന ഏറ്റവും നല്ല നിക്ഷേപമാണ്.
ഇത് നിങ്ങൾക്ക് തിരികെ നൽകുന്നത് ആരോഗ്യമുള്ള മനോഹരമായ പുഞ്ചിരിയും ഭാവിയിൽ ഉണ്ടാവുന്ന വലിയ ദന്ത ചികിത്സ ചെലവുകളിൽ നിന്നുള്ള സാമ്പത്തിക സുരക്ഷയും ആണ്.
ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്കെത്തിക്കാനാണ് നവംബർ 07 ദേശീയ ടൂത്ത് ബ്രഷിങ് ദിനമായി ആചരിക്കുന്നത്.