‘‘രാവിലെ ഉണരുമ്പോൾ ടെൻഷനാണ്. കാലു നിലത്തു വയ്ക്കുന്ന നിമിഷം തുടങ്ങും അസഹ്യമായ ഉപ്പൂറ്റി വേദന. ഏതാനും ചുവടു വയ്ക്കുമ്പോൾ വേദന കുറയും. വേദന കടച്ചമർത്തി നടക്കാൻ ശ്രമിക്കുമ്പോൾ വീഴാൻ പോകും. പ്രായമേറി വരികയല്ലേ, വീഴ്ച പറ്റിയാലുള്ള അപകടം ഓർക്കുമ്പോൾ നടക്കാനും പേടി.

ആദ്യ ചുവടുകളിലെ വേദന അതിജീവിച്ചതു കൊണ്ടായില്ല. മുൻപില്ലാതിരുന്ന ഒരു പ്രശ്നം കൂടി ഇപ്പോഴുണ്ട്. ദീർഘനേരം നിൽക്കുമ്പോഴോ അധികസമയം ഇരുന്നിട്ട് എഴുന്നേൽക്കുമ്പോഴോ വേദന വരുന്നതു പതിവാണ്’’ ഡോക്ടറുടെ മുന്നിലിരുന്നു സിമി പരാതി പോലെ പറഞ്ഞു.

ADVERTISEMENT

‘‘40 കഴിഞ്ഞ മിക്കവരെയും അലട്ടുന്ന പ്രശ്നമാണിത്. പ്രത്യേകിച്ചു സ്ത്രീകളെ. ഉപ്പൂറ്റിയിലോ അനുബന്ധ ഭാഗങ്ങളിലോ വരുന്ന ഈ വേദനയ്ക്കു കാരണമാകുന്നതു പ്ലാന്റാർ ഫേഷ്യൈറ്റിസ് എന്ന രോഗമാണ്.

ദൈനംദിന ജീവിതത്തെ ബാധിക്കാത്തതു കൊണ്ടു തുടക്കത്തിൽ ഇതാരും അത്ര ശ്രദ്ധിക്കില്ല. വേണ്ട പരിഹാരമോ പരിപാലനമോ നൽകാതെ രോഗം വഷളാക്കും. പിന്നീടു വേദന അസഹ്യമാകുകയും കാലുകൾ, ഇടുപ്പ്, നടുവ് എന്നിവിടങ്ങളിലേക്കു പടരുകയും ചെയ്യാം.’’ ഡോക്ടർ രോഗത്തെക്കുറിച്ചു കൂടുതൽ വിശദമാക്കി.

ADVERTISEMENT

ഷോക് അബ്സോർബർ ഇല്ലാതായാൽ

ഉള്ളം കാലിലൂടെ ഉപ്പൂറ്റിയെയും വിരലുകൾക്കു താഴെയുള്ള അസ്ഥികളെയും ബന്ധിപ്പിച്ചു നിർത്തുന്ന ഒരു ലിഗ്‌മെന്റ് ആണ് പ്ലാന്റാർ ഫേഷ്യ. ശരീരഭാരം താങ്ങിനിർത്താൻ പാദങ്ങളെ പ്രാപ്തരാക്കുന്നതിൽ പ്ലാന്റാർ ഫേഷ്യ വലിയ പങ്കുവഹിക്കുന്നുണ്ട്. ഷോക് അബ്സോർബർ പോലെയാണ് ഇതിന്റെ പ്രവർത്തനം. അതുകൊണ്ടു തന്നെ ഇവയിലുണ്ടാകുന്ന കേടുപാടുകൾ സന്ധികളെയും പേശികളെയും ആയാസപ്പെടുത്തും.

ADVERTISEMENT

പ്ലാന്റാർ ഫേഷ്യക്കു വിള്ളലുകളും ഇതേതുടർന്നു നീർക്കെട്ടും വേദനയും ഉണ്ടാകാൻ തുടങ്ങുന്നതാണു പ്ലാന്റാർ ഫേഷ്യൈറ്റിസിലേക്കു നയിക്കുന്നത്. 40നും 60നും ഇടയിൽ പ്രായമുള്ളവരെയാണു കൂടുതലായും ബാധിക്കുന്നത്. പലവിധ കാരണങ്ങൾ കൊണ്ട് ഈ അവസ്ഥ സംഭവിക്കാം.

∙ പ്ലാന്റാർ ഫേഷ്യ ലിഗ്‌മെന്റിനു താങ്ങാവുന്നതിലും അധികം സമ്മർദമേൽക്കുന്നതു കാരണമാകാം. അതിനാൽ തന്നെ അമിതവണ്ണമുള്ളവർക്ക് ഈ പ്രശ്നം വരാം.

∙ ദീർഘനേരം നിന്നു ജോലി ചെയ്യുന്ന അധ്യാപകർ, സെയിൽസ് പേഴ്സൻ, പൊലീസ് എന്നിവർക്കും രോഗസാധ്യത കൂടുതലാണ്.

∙ പാദത്തിന്റെ ഘടനാപരമായ തകരാറുകൾ മൂലവും പ്ലാന്റാർ ഫേഷ്യൈറ്റിസ് വരാം. പരന്ന പാദവും കൂടുതൽ ഉള്ളിലേക്ക് ഉയർന്ന പാദവും ഒരുപോലെ പ്രശ്നമാണ്.

∙ ചെരിപ്പിന്റെ അശാസ്ത്രീയമായ ഉപയോഗവും രോഗാ വസ്ഥയ്ക്കു വഴിവയ്ക്കാറുണ്ട്.

∙ ദീർഘദൂര ഓട്ടം, ചാട്ടം, എയറോബിക് വ്യായാമം എന്നിവ വേദന ആരംഭിക്കാൻ കാരണമാകാം.

നേരത്തെ വേണം പരിഹാരം

∙ ഫേഷ്യ പേശികൾ രാത്രി മുഴുവൻ ആയാസരഹിതമായിരിക്കുകയും തറയിൽ ചവിട്ടുമ്പോൾ വലിഞ്ഞു മുറുകുന്നതുമാണു വേദന ഉണ്ടാക്കുന്നത്. അതിനാൽ നടന്നു തുടങ്ങും മുൻപു തന്നെ സ്ട്രെച്ചിങ് നൽകാം.

∙ രാവിലെ എഴുന്നേറ്റു നടന്നു തുടങ്ങും മുൻപു കട്ടിലിൽ കാൽ മുട്ടു നിവർത്തി ഇരിക്കുക. ഒരു തോർത്തോ ഷാളോ എക്സർസൈസ് ബാൻഡോ ഉപയോഗിച്ചു കാൽപാദം 10-15 സെക്കൻഡ് മുകളിലേക്കു വലിച്ചു പിടിക്കുക. ഈ വ്യായാമം ഓരോ കാലിലും 10 തവണ വീതം ചെയ്യുക.

∙ ഇനി എഴുന്നേറ്റു നിന്ന് ഉപ്പൂറ്റിയിലൂന്നി കുറച്ചു സമയം നിൽക്കുക. അതിനു ശേഷം കാൽവിരലിൽ ബലം കൊടുത്ത് ഉപ്പൂറ്റി ഉയർത്തി നിൽക്കാം. പല തവണ ആവർത്തിച്ചശേഷം നടന്നു തുടങ്ങാം.

∙ ഉപ്പൂറ്റിവേദനയുടെ ആരംഭ ഘട്ടത്തിൽ വിശ്രമം കൊണ്ട് ആശ്വാസം ലഭിക്കും. ഫിസിയോതെറപ്പിയും മികച്ച പരിഹാരമാണ്.

∙ ആർച് സപ്പോർട്ടും ഷോക് അബ്സോർപ്ഷനും ഉപ്പൂറ്റി ഭാഗത്തു മൃദുത്വം നൽകുന്നതുമായ ചെരിപ്പ് തിരഞ്ഞെടുക്കാം. ഷൂ ഉപയോഗിക്കുമ്പോൾ ജെല്ലി ഇൻസോളുകൾ ഉപയോഗിക്കുന്നതും നല്ലതാണ്.

∙ ഏറെ നേരം നിൽക്കേണ്ടി വരുന്നവർ ഇടയ്ക്ക് ഇരിക്കുക.

∙ വേദനസംഹാരികൾ ഉപയോഗിക്കേണ്ടതായി വരാം. ഫേഷ്യയിലെ നീർക്കെട്ടു കുറയ്ക്കാനുള്ള മരുന്നും ഉപകാരപ്പെടും.ഡോക്ടറുടെ നിർദേശപ്രകാരം ഞരമ്പുകൾക്കുള്ള ബി1, ബി 2, ബി 6 വൈറ്റമിൻ ഗുളികകളും കഴിക്കാം

∙ രൂക്ഷമായ പ്രശ്നങ്ങളുള്ളവർക്ക് സ്റ്റിറോയ്ഡ് കുത്തിവയ്പ്പ്, ഷോക് വേവ് തെറപി, സർജറി തുടങ്ങിയ പരിഹാരങ്ങൾ ആവശ്യമായി വരാം.

വേദന അകറ്റാൻ ചൂടും തണുപ്പും

ചൂടും തണുപ്പും മാറി മാറി നൽകുന്ന കോൺട്രാസ്റ്റ് ബാത് നൽകുന്നത് ഉപ്പൂറ്റി വേദനയ്ക്ക് ആശ്വാസം പകരും.

പാദം മുക്കി വയ്ക്കാൻ പാകത്തിനുള്ള രണ്ടു പാത്രമെടുക്കുക. ഇതില്‍ ഒന്നിൽ സഹിക്കാവുന്ന ചൂടിലുള്ള വെള്ളവും അടുത്തതിൽ ഫ്രിജിൽ വച്ചു ത ണുപ്പിച്ച വെള്ളവും എടുക്കുക. ആദ്യം ചൂടുവെള്ളത്തിൽ മൂന്നു മിനിറ്റ് പാദങ്ങൾ മുക്കിവച്ചശേഷം ഒരു മിനിറ്റ് തണുത്ത വെള്ളത്തില്‍ മുക്കി വയ്ക്കുക. ഇതു പല തവണ ആവർത്തിക്കാം

വിവരങ്ങൾക്കു കടപ്പാട്: ഡോ.ബി.പദ്മകുമാർ, പ്രിൻസിപ്പൽ, മെഡിക്കൽ കോളജ്, ആലപ്പുഴ

Understanding Plantar Fasciitis: Causes and Symptoms:

Heel pain is often caused by Plantar Fasciitis, a condition affecting many, especially women over 40. Early diagnosis and treatment are crucial to prevent the pain from worsening and spreading to other areas.

ADVERTISEMENT