തലച്ചോറിനെ നിങ്ങൾ എങ്ങനെ സംരക്ഷിക്കുന്നു? ദിവസവും ചെയ്യേണ്ട 10 കാര്യങ്ങൾ Protect Your Brain: A Neurosurgeon's 10 Daily Health Habits
നമ്മളെ 'നമ്മൾ' ആക്കുന്ന തലച്ചോറിനെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു ന്യൂറോ സർജൻ്റെ കാഴ്ചപ്പാടിൽ, രോഗങ്ങൾ വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ അവയുടെ സാധ്യതകൾ നേരത്തെ കുറയ്ക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കുക, ചിട്ടയായ വ്യായാമം ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക, പുകവലി ഉപേക്ഷിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, സാമൂഹിക ഇടപെടലുകളിൽ സജീവമായിരിക്കുക, തലച്ചോറിന് പരിക്കേൽക്കാതെ സംരക്ഷിക്കുക, കാഴ്ച, കേൾവി എന്നിവയിലെ മാറ്റങ്ങൾ അവഗണിക്കാതെ ശ്രദ്ധിക്കുക, അപകട സൂചനകൾ കണ്ടാൽ അടിയന്തര വൈദ്യസഹായം തേടുക എന്നിങ്ങനെ ദിവസവും ജീവിതശൈലിയിൽ വരുത്താവുന്ന ലളിതമായ മാറ്റങ്ങളിലൂടെ തലച്ചോറിൻ്റെ ആരോഗ്യം സംരക്ഷിക്കാമെന്ന് ലേഖനം വിശദീകരിക്കുന്നു. ഈ ചെറിയ നല്ല ശീലങ്ങൾ ദീർഘകാലത്തേക്ക് നിലനിർത്തുന്നത് തലച്ചോറിന് നൽകുനന ഏറ്റവും വലിയ സമ്മാനമാണെന്ന് അദ്ദേഹം പറയുന്നു.

നമ്മളെ “നമ്മൾ” ആക്കുന്ന തലച്ചോറിനെ നിങ്ങൾ എങ്ങനെ സംരക്ഷിക്കുന്നു? ദിവസവും ചെയ്യേണ്ട 10 കാര്യങ്ങൾ — ഒരു ന്യൂറോ സർജന്റെ ബ്രെയിൻ ഹെൽത്ത് ചെക്ക്ലിസ്റ്റ്
***
“ഹൃദയത്തെ സംരക്ഷിക്കാൻ നമ്മൾ പലതും ചെയ്യുന്നു… പക്ഷേ നമ്മളെ ‘നമ്മൾ’ ആക്കുന്ന തലച്ചോറിനെ സംരക്ഷിക്കാൻ എന്താണ് ചെയ്യുന്നത്?”
ഓർമ്മകൾ… ചിന്തകൾ… സംസാരശേഷി… ചലനങ്ങൾ… വികാരങ്ങൾ… നമ്മുടെ വ്യക്തിത്വം പോലും നിയന്ത്രിക്കുന്നത് തലച്ചോറാണ്.
ഒരു ന്യൂറോ സർജൻ എന്ന നിലയിൽ ഞാൻ ദിവസവും കാണുന്ന ഒരു പ്രധാന സത്യമുണ്ട് - പല മസ്തിഷ്ക രോഗങ്ങളും സംഭവിച്ച ശേഷം ചികിത്സിക്കുന്നതിനേക്കാൾ, അവയുടെ അപകടസാധ്യത നേരത്തെ കുറയ്ക്കുന്നതാണ് കൂടുതൽ പ്രധാനപ്പെട്ടത്.
തലച്ചോറിന്റെ ആരോഗ്യത്തിന് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ വിലകൂടിയ ചികിത്സകളോ സങ്കീർണ്ണമായ മാർഗങ്ങളോ എല്ലായ്പ്പോഴും ആവശ്യമില്ല. നമ്മുടെ ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങൾ തന്നെ വലിയ സംരക്ഷണമാകാം.
1. രക്തസമ്മർദ്ദം - നിശ്ശബ്ദമായ അപകടം! അവഗണിക്കരുത്..
ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും യാതൊരു ലക്ഷണവും നൽകില്ല. എന്നാൽ കാലക്രമേണ തലച്ചോറിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും പക്ഷാഘാതത്തിന്റെയും മറ്റ് മസ്തിഷ്ക പ്രശ്നങ്ങളുടെയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യാം.
“ലക്ഷണമില്ല” എന്നത് “അപകടമില്ല” എന്നല്ല.
രക്തസമ്മർദ്ദം ഇടയ്ക്കിടെ പരിശോധിക്കുകയും ആവശ്യമായാൽ ചികിത്സിക്കുകയും ചെയ്യുക.
2. പ്രമേഹം - തലച്ചോറിനെയും ബാധിക്കും! നിയന്ത്രിക്കുക
ദീർഘകാലം നിയന്ത്രണാതീതമായ പ്രമേഹം രക്തക്കുഴലുകളെയും നാഡീവ്യവസ്ഥയെയും ബാധിക്കാം. പക്ഷാഘാതത്തിന്റെയും രക്തക്കുഴൽ സംബന്ധമായ മസ്തിഷ്ക പ്രശ്നങ്ങളുടെയും അപകടസാധ്യതയും വർധിക്കാം.
ഭക്ഷണം, വ്യായാമം, ശരീരഭാരം, മരുന്നുകൾ — ഇവയെല്ലാം ചേർന്നാണ് പ്രമേഹനിയന്ത്രണം.
3. ചലിക്കുക - തലച്ചോറിനും വ്യായാമം വേണം!
"വ്യായാമം പേശികൾക്ക് മാത്രമല്ല, തലച്ചോറിനും ഒരു ജൈവ ഉത്തേജനമാണ്."
സ്ഥിരമായ ശാരീരിക പ്രവർത്തനം തലച്ചോറിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്താനും നാഡീകോശങ്ങളുടെ പ്രവർത്തനക്ഷമത, ന്യൂറോപ്ലാസ്റ്റിസിറ്റി (Neuroplasticity), ഓർമ്മ, ശ്രദ്ധ എന്നിവയെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
ദിവസവും വേഗത്തിൽ നടക്കുക, ആഴ്ചയിൽ പതിവായി വ്യായാമം ചെയ്യുക, ദീർഘനേരം തുടർച്ചയായി ഇരിക്കുന്നത് കുറയ്ക്കുക. ഏറോബിക് വ്യായാമത്തോടൊപ്പം പേശിശക്തിയും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്ന വ്യായാമങ്ങളും ഉൾപ്പെടുത്തുന്നത് കൂടുതൽ പ്രയോജനകരമാണ്.
4. ഉറങ്ങുക - തലച്ചോറിന്റെ രാത്രികാല പരിപാലനം..
"ഉറക്കം ശരീരത്തിന് വിശ്രമം നൽകുന്നതിലുപരി തലച്ചോറിന്റെ പുനഃസംഘടനയ്ക്കും പരിപാലനത്തിനും അനിവാര്യമായ ജൈവപ്രക്രിയയാണ്."
ഉറക്കത്തിനിടെ പഠിച്ച വിവരങ്ങൾ ഓർമ്മയിൽ സ്ഥിരമായി പതിയുന്ന പ്രക്രിയ ( Memory Consolidation), വികാരനിയന്ത്രണം, നാഡീകോശങ്ങളുടെ പ്രവർത്തനക്രമീകരണം എന്നിവ നടക്കുന്നു.
ദീർഘകാലമായി ഉറക്കക്കുറവ് തുടരുന്നത് ശ്രദ്ധ, ഓർമ്മ, തീരുമാനമെടുക്കാനുള്ള കഴിവ്, മാനസികാവസ്ഥ എന്നിവയെ ബാധിക്കാം.
അതിനാൽ രാത്രി വൈകിയുള്ള ജീവിതവും സ്ഥിരമായ ഉറക്കക്കുറവും ഒരു “ജീവിതശൈലി”യായി മാറ്റരുത്.
നല്ല നിലവാരമുള്ള, മതിയായ ഉറക്കം തലച്ചോറിന്റെ ആരോഗ്യപരിപാലനത്തിന്റെ അവിഭാജ്യ ഘടകമാണ്.
5. പുകവലി തലച്ചോറിനും അപകടമാണ്
പുകവലി ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. രക്തക്കുഴലുകളെയും ബാധിക്കുന്നതിനാൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യതയും വർധിപ്പിക്കാം.
പുകവലി പക്ഷാഘാതത്തിനുള്ള ഒരു പ്രധാന അപകടഘടകമാണ്.
പുകവലി നിർത്തുന്നത് ഹൃദയത്തിനും ശ്വാസകോശത്തിനും മാത്രമല്ല - തലച്ചോറിനും ഒരു സമ്മാനമാണ്.
6. ഭക്ഷണം തലച്ചോറിന്റെ ഇന്ധനമാണ്
തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് തുടർച്ചയായ ഊർജവും ആവശ്യമായ പോഷകങ്ങളും വേണം. അതേസമയം, നാം കഴിക്കുന്ന ഭക്ഷണം ശരീരത്തെ മാത്രമല്ല - രക്തക്കുഴലുകളെയും അതിലൂടെ തലച്ചോറിനെയും സ്വാധീനിക്കുന്നു.
പച്ചക്കറികൾ, പഴങ്ങൾ, പയർവർഗങ്ങൾ, മുഴുവൻ ധാന്യങ്ങൾ, പരിപ്പ്–വിത്തുകൾ, മത്സ്യം തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുന്ന സമതുലിതമായ ഭക്ഷണരീതി പിന്തുടരുക. അമിതമായ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ്, അത്യധികം സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതും പ്രധാനമാണ്.
അതുകൊണ്ട് ഓരോ ഭക്ഷണത്തിനുമുമ്പും ഒരു ചോദ്യം കൂടി ചോദിക്കാം:
“ഇത് എന്റെ വയറിന് ഇഷ്ടപ്പെടുമോ?” എന്നതിനൊപ്പം
“എന്റെ തലച്ചോറിന് ഇത് ആവശ്യമുണ്ടോ?”
7. ഒറ്റപ്പെടരുത് - തലച്ചോറിനും ബന്ധങ്ങൾ വേണം
മനുഷ്യന്റെ തലച്ചോർ സാമൂഹിക ഇടപെടലുകൾക്കായി രൂപപ്പെട്ടതാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സംസാരിക്കുക, സമൂഹവുമായി ബന്ധപ്പെട്ടു നിൽക്കുക, ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കുക എന്നിവ തലച്ചോറിനെ സജീവമായി നിലനിർത്താൻ സഹായിക്കുന്നു.
സാമൂഹിക ഇടപെടലുകൾ ഓർമ്മ, ശ്രദ്ധ, ഭാഷ, വികാരനിയന്ത്രണം, ചിന്താശേഷി തുടങ്ങിയ നിരവധി മസ്തിഷ്ക പ്രവർത്തനങ്ങളെ സജീവമാക്കുന്നു. പ്രായം കൂടുമ്പോൾ സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും വർധിക്കുന്നത് മാനസികാരോഗ്യത്തെയും ബൗദ്ധിക പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാം.
അതുകൊണ്ട് ആരോഗ്യകരമായ വാർദ്ധക്യത്തിൽ ശാരീരിക പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക സജീവതയും പ്രധാനമാണ്.
തലച്ചോറിന് പോഷകാഹാരം മാത്രമല്ല വേണ്ടത്;
സംഭാഷണങ്ങളും സൗഹൃദങ്ങളും സ്നേഹബന്ധങ്ങളും കൂടിയാണ് വേണ്ടത്.
8. തലച്ചോറിനെ പരിക്കുകളിൽ നിന്ന് സംരക്ഷിക്കുക..
തലയ്ക്കേൽക്കുന്ന ആഘാതം മസ്തിഷ്ക ക്ഷതത്തിന് (Traumatic Brain Injury) കാരണമാകാം. ചില പരിക്കുകൾ ഉടൻ തന്നെ ഗുരുതര ലക്ഷണങ്ങൾ ഉണ്ടാക്കണമെന്നില്ല; എന്നാൽ ഗുരുതരമായ തലപരിക്ക് ദീർഘകാല ഓർമ്മ, ശ്രദ്ധ, ചലനശേഷി, പെരുമാറ്റം എന്നിവയെ ബാധിക്കാം.
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഗുണമേന്മയുള്ള, ശരിയായി ഘടിപ്പിച്ച ഹെൽമറ്റ് നിർബന്ധമായും ധരിക്കുക. കുട്ടികളുടെ കളിസ്ഥലങ്ങളിലും വീടുകളിലും വീഴ്ചയ്ക്കുള്ള സാധ്യത കുറയ്ക്കുക. പ്രായമായവരിൽ വീഴ്ച തടയുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക.
മസ്തിഷ്കപരിക്കുകളിൽ പലതും സംഭവിക്കുന്നതിന് മുമ്പുള്ള മുൻകരുതലുകളിലൂടെ ഒഴിവാക്കാൻ കഴിയും.
ഒരു ചെറിയ മുൻകരുതൽ ഒരു ജീവിതകാലം നീളുന്ന മസ്തിഷ്ക ക്ഷതം ഒഴിവാക്കാൻ സഹായിച്ചേക്കാം.
9. കേൾവിയിലോ കാഴ്ചയിലോ വരുന്ന മാറ്റങ്ങൾ അവഗണിക്കരുത്
കേൾവിയും കാഴ്ചയും വെറും ഇന്ദ്രിയാനുഭവങ്ങൾ മാത്രമല്ല; തലച്ചോറിന് പുറംലോകത്തിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്ന പ്രധാന വഴികളാണ്. പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന കേൾവിക്കുറവിനെയും കാഴ്ചക്കുറവിനെയും “പ്രായത്തിന്റെ സ്വാഭാവിക ഭാഗം” എന്ന് കരുതി അവഗണിക്കരുത്.
കേൾവിക്കുറവ് പോലുള്ള ഇന്ദ്രിയവൈകല്യങ്ങൾ സാമൂഹിക ഇടപെടലുകൾ, ആശയവിനിമയം, ബൗദ്ധിക പ്രവർത്തനം എന്നിവയെ ബാധിക്കാം. അതിനാൽ കേൾവിയിലോ കാഴ്ചയിലോ വരുന്ന പുതിയതോ ക്രമേണ വർധിക്കുന്നതോ ആയ മാറ്റങ്ങൾക്ക് സമയബന്ധിതമായ പരിശോധനയും ആവശ്യമായ ചികിത്സയും സ്വീകരിക്കുക.
10. തലച്ചോർ നൽകുന്ന അടിയന്തര മുന്നറിയിപ്പുകൾ... സമയം കളയരുത് !
- പെട്ടെന്ന് ഒരു വശത്തെ കൈകാലുകൾക്ക് ബലക്കുറവ്…
- മുഖം ഒരു വശത്തേക്ക് കോടുക…
- സംസാരിക്കാൻ ബുദ്ധിമുട്ട്…
- പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുക…
- പെട്ടെന്നുണ്ടാകുന്ന അസഹ്യമായ തലവേദന…
- ആദ്യമായി ഉണ്ടാകുന്ന അപസ്മാര ആക്രമണം…
- പെട്ടെന്നുണ്ടാകുന്ന ആശയക്കുഴപ്പം അല്ലെങ്കിൽ ബോധമാറ്റം…
ഇവയെല്ലാം അടിയന്തര വൈദ്യസഹായം ആവശ്യമായ ലക്ഷണങ്ങളാകാം. പ്രത്യേകിച്ച് പക്ഷാഘാതത്തിൽ സമയം വളരെ പ്രധാനമാണ്.
"തലച്ചോറിന്റെ കാര്യത്തിൽ ചിലപ്പോൾ മിനിറ്റുകൾ പോലും നിർണായകമാണ്.
കുറച്ചുനേരം കാത്തിരിക്കാം…എന്ന തീരുമാനം ചിലപ്പോൾ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താം."
ഓർക്കുക...
തലച്ചോറിന്റെ സംരക്ഷണം ഒരു ദിവസത്തെ തീരുമാനമല്ല
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് ഒരു പ്രത്യേക മരുന്നുകൊണ്ടോ ഒരു പ്രത്യേക ഭക്ഷണം കഴിച്ചുകൊണ്ടോ മാത്രം സാധ്യമല്ല.
-രക്തസമ്മർദ്ദം നിയന്ത്രിക്കുക.
-പ്രമേഹം നിയന്ത്രിക്കുക.
-ശരീരം ചലിപ്പിക്കുക.
-നന്നായി ഉറങ്ങുക.
-പുകവലി ഒഴിവാക്കുക.
-ആരോഗ്യകരമായി ഭക്ഷിക്കുക.
-മനുഷ്യരുമായി ബന്ധപ്പെട്ടു നിൽക്കുക.
-തലച്ചോറിനെ പരിക്കുകളിൽ നിന്ന് സംരക്ഷിക്കുക.
-കാഴ്ചയും കേൾവിയും ശ്രദ്ധിക്കുക.
-അപകടസൂചനകളിൽ സമയം കളയരുത്.
ഇവയെല്ലാം ചേർന്നാണ് തലച്ചോറിന്റെ ആരോഗ്യസംരക്ഷണം.
നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അവയവത്തെ സംരക്ഷിക്കാൻ വലിയ കാര്യങ്ങൾ ചെയ്യേണ്ടതില്ല.
ചെറിയ നല്ല ശീലങ്ങൾ… ദിവസവും… വർഷങ്ങളോളം… ഒരുപക്ഷേ, അതാണ് നമ്മുടെ തലച്ചോറിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം.
" തലച്ചോറിനെ സംരക്ഷിക്കുക.
കാരണം നമ്മുടെ ഓർമ്മകളും ചിന്തകളും സ്വപ്നങ്ങളും ബന്ധങ്ങളും — എല്ലാം അവിടെയാണ്."
എഴുത്ത്: Dr. Arun Oommen, Neurosurgeon