‘പപ്പായ ഉടച്ചു മുഖത്തു പുരട്ടിയാൽ പിറ്റേന്നു മുഖം തിളങ്ങും’; സൗന്ദര്യത്തിലേക്ക് ഉറങ്ങിയുണരാൻ ഇതാ ചില വഴികൾ...
സൗന്ദര്യസംരക്ഷണത്തിനായി എല്ലാ ദിവസവും സമയം മാറ്റിവയ്ക്കാൻ മടി. ബ്യൂട്ടി പാർലറിൽ പോയി സ്പായും ഫേഷ്യലും പെഡിക്യൂറുമൊക്കെ ചെയ്യാൻ മടി. പതിവിലും അൽപം നേരത്തെ ഉണർന്ന് അണിഞ്ഞൊരുങ്ങാൻ മടി. പക്ഷേ, വിശേഷദിവസങ്ങളിലും ആഘോഷങ്ങളിലും സുന്ദരിയായിരിക്കുകയും വേണം. അതെന്താ മടിയുള്ളവർക്കു സുന്ദരിയായിരിക്കണമെന്നു മോഹിച്ചൂടെ എന്നു ചോദിക്കാൻ വരട്ടെ... മോഹിച്ചാൽ മാത്രം പോരാ ഇനി പറയുന്ന സൂത്രവഴികൾ അറിയുകയും വേണം. സൗന്ദര്യത്തിലേക്ക് ഉറങ്ങിയുണരാൻ ഇതാ ചില വഴികൾ...
മുഖം തിളങ്ങാൻ മാസ്ക്
തലേന്നു രാത്രി ഒരു ഓറഞ്ച് രണ്ടായി മുറിച്ചു മുഖത്തു മസാജ് ചെയ്താൽ, പപ്പായ ഉടച്ചു മുഖത്തു പുരട്ടിയാൽ പിറ്റേന്നു മുഖത്തിനു തെളിച്ചം ലഭിക്കും. അല്ലെങ്കിൽ ഇതിലും എളുപ്പമുള്ള ഒരു വഴിയുണ്ട്. മുഖത്തിനു തിളക്കവും മൃദുത്വവും ലഭിക്കാൻ സഹായിക്കുന്ന ഹൈഡ്രേറ്റിങ് ഫെയ്സ് മാസ്ക്.
ചർമസ്വഭാവത്തിന് ഇണങ്ങുന്ന ബ്രാൻഡഡ് ഫെയ്സ് മാസ്ക് വാങ്ങിവയ്ക്കാം. രാത്രി ഇതു മുഖത്തണിഞ്ഞു കിടക്കാം. രാവിലെ ഉണരുമ്പോൾ ജലാംശം നിറഞ്ഞ മുഖം സ്വാഭാവിക ഭംഗിയോടെ തിളങ്ങുന്നുണ്ടാകും. വരൾച്ച എങ്ങോ മറഞ്ഞിട്ടുണ്ടാകും. മുഖം കഴുകിയശേഷം അൽപം ഈർപ്പത്തോടെ മോയിസച്റൈസർ പുരട്ടുന്നതു ചർമത്തിലെ ജലാംശം നിലനിർത്തും.
കൺപീലിയും പുരികവും
ഐ ബ്രോ മേക്കപ് ശ്രദ്ധയോടെ സമയമെടുത്തു ചെയ്യേണ്ടതാണ്. അല്ലെങ്കിൽ കൃത്രിമത്വം തോന്നും. അതുകൊണ്ടു സമയമില്ലാത്തപ്പോൾ പുരികമെഴുതാൻ മെനക്കെടേണ്ട. അൽപം ലിപ് ബാം (ഐ ബ്രോ ജെൽ ഉള്ളവർ അതുപയോഗിക്കുക) പുരികത്തിൽ പുരട്ടി ഐ ബ്രോ ബ്രഷ് കൊണ്ടു മെല്ലേ കോംബ് ചെയ്യുക. പുരികം ആകൃതിയോടെയിരിക്കും.
കൺപീലിയിൽ അൽപം ബേബി പൗഡർ ബ്രഷ് ചെയ്തശേഷം മസ്കാര അണിഞ്ഞാൽ ഇടതൂർന്ന കൺപീലികൾ സ്വന്തമാക്കാനാകും. ലാഷ് കേളർ ഉപയോഗിക്കുന്നവർ കൺപീലി കേൾ ചെയ്യാനും പിന്നീടു മസ്കാര അണിയാനുമായി സമയം പാഴാക്കേണ്ട. ലാഷ് കേളറിൽ ഐ പെൻസിൽ കൊണ്ടു വരച്ചശേഷം കൺപീലി കേൾ ചെയ്യുക.
കണ്ണഴകായി കണ്ണിനഴകായി
ഒൻപതു മണിക്കു പോകാനുള്ള പരിപാടിക്ക് എട്ടരയ്ക്ക് ഉണർന്നാൽ മുഖം ക്ഷീണിച്ചിരിക്കും, കണ്ണിനടിയിൽ തടിപ്പുമുണ്ടാകും. തികച്ചും സ്വാഭാവികം. ഇങ്ങനെ മടി പിടിച്ചുറങ്ങിയ ദിവസങ്ങളിൽ മുഖത്തിന് ഓജസ്സും തേജസ്സും കൊണ്ടുവരാന്‍ കണ്ണുകളെ ഉഷാറാക്കിയാൽ മതി.
ഐസ് ക്യൂബ് വച്ചാൽ കണ്ണിനടിയിലെ പഫിനെസ് അകലും. ഗ്വാ ഷാ മസാജിങ് സ്റ്റോൺ ഉണ്ടെങ്കിൽ ഇതുപയോഗിച്ചു മെല്ലെ മസാജ് കൂടി ചെയ്യാം. കണ്ണെഴുതാനും എളുപ്പവഴികളുണ്ട്.
കൺകോണിൽ നിന്നു വാലിട്ടെഴുതുന്ന വിങ്ഡ് ഐ ലുക്ക് മുഖത്തിനു പ്രസരിപ്പു നൽകും. വിങ്സ് വരയ്ക്കേണ്ട ആങ്കിളിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് പോലെ കട്ടിയുള്ള വസ്തു കൺകോണിൽ വയ്ക്കുക. ഐ ലൈനർ കൊണ്ടോ ഐ പെൻസിൽ കൊണ്ടോ കണ്ണെഴുതാം. അതിലും എളുപ്പത്തിൽ കണ്ണെഴുതാൻ ഐ ബ്രഷ് ഐ പെൻസിലിലോ ഐ ഷാഡോയിലോ തൊട്ടെടുത്ത് ഷേഡ് ചെയ്തതു വരയ്ക്കാം. കൺകോണിൽ കാർഡ് വച്ചിട്ടുള്ളതിനാൽ പെ ർഫക്ട് വിങ്സ് വരയ്ക്കുന്നത് നിസ്സാരം.