‘മുഖം എപ്പോഴും വൃത്തിയായി, ആവി പിടിക്കുന്നത് മുഖക്കുരു നിയന്ത്രിക്കും’; കാരണം മനസ്സിലാക്കി ഒഴിവാക്കാം, അറിയേണ്ടതെല്ലാം
മുഖമാണ് മനസ്സിന്റെ കണ്ണാടിയെന്നു പറയാറുണ്ടെങ്കിലും ആ വിശേഷം ഏറ്റവും യോജിക്കുന്നത് ചർമത്തിനാണ്. കാരണം ചെറിയ പരിചരണം കൊണ്ടു മാറാവുന്ന രോഗങ്ങൾ മുതൽ അർബുദം പോലെ അതീവ സങ്കീർണമായ രോഗങ്ങളുടെ പ്രാഥമിക ലക്ഷണം വരെ ചർമത്തിലാണ് ആദ്യം പ്രകടമാവുക. ത്വക്കിലെ നിറവ്യത്യാസങ്ങൾ പലരും കാലാവസ്ഥാമാറ്റം മൂലമെന്നു കരുതി അവഗണിക്കുകയാണ് പതിവ്. സ്വയം ചികിൽസിച്ച് സമയം പാഴാക്കാതെ വൈദ്യ സഹായം തേടുന്നത് രോഗം രൂക്ഷമാവാതിരിക്കാൻ സഹായിക്കും.
എന്തുകൊണ്ട് മുഖക്കുരു?
കൗമാരക്കാരിൽ തൊണ്ണൂറു ശതമാനം പേരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പതിനൊന്നു വയസ്സിൽ തുടങ്ങുന്ന മുഖക്കുരു ചിലരിൽ 55 വയസ്സുവരെ പ്രകടമാകാറുണ്ട്. സെബേഷ്യസ് ഗ്രന്ഥികളും ഹോർമോണുകളും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് മുഖക്കുരുവിന്റെ മുഖ്യ കാരണങ്ങൾ. പാരമ്പര്യം മുഖക്കുരുവിനു കാരണമായി പരിഗണിക്കാമെങ്കിലും കലാവസ്ഥാമാറ്റവും ചില മരുന്നുകളുടെ പ്രതിപ്രവർത്തനവുമെല്ലാം മുഖക്കുരു തീവ്രമാക്കുന്നു.
പെൺകുട്ടികളിൽ ആർത്തവത്തിനു മുൻപ് മുഖക്കുരു കാണപ്പെടാറുണ്ട്. മുഖക്കുരുക്കാർ പൊതുവേ ചോക്കലേറ്റ്, വെണ്ണ, മുട്ട, കൊഴുപ്പു കൂടിയ സാധനങ്ങൾ എന്നിവ കഴിക്കരുതെന്നാണ് പറയാറുള്ളതെങ്കിലും അതിന് ശാസ്‌ത്രീയമായി ഒരു അടിത്തറയുമില്ലെന്നു വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. സ്റ്റിറോയ്ഡ് കലർന്ന ലേപനങ്ങൾ മുഖത്തു പുരട്ടുന്നതും മുഖക്കുരുവിനു കാരണമാകും.
മുഖക്കുരുവിനോട് ഗുസ്തി വേണോ?
മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതും ആവി പിടിക്കുന്നതും മുഖക്കുരു ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും. പൊതുവേ പ്രശ്നക്കാരനല്ലങ്കിലും ചിലരിലെങ്കിലും മുഖക്കുരുക്കൾ വളർന്ന് പഴുപ്പ് നിറഞ്ഞ് സങ്കീർണമാവാറുണ്ട്. അങ്ങനെയുള്ളവർ സ്വയം ചികിൽസയ്ക്ക് മുതിരാതെ വിദഗ്‌ധ ഡോക്ടറുടെ ചികിൽസ തേടണം.
ചർമത്തിന് അനുയോജ്യമല്ലാത്ത ലേപനങ്ങൾ പുരട്ടുന്നത് മുഖക്കുരു വളരെ സങ്കീർണമാക്കും. സാധാരണയായി മുഖക്കുരു പ്രത്യക്ഷപ്പെട്ട് ഒന്നരമാസം കഴിയുമ്പോൾ താനെ ഉണങ്ങിപ്പോകും. പലപ്പോഴും മുഖക്കുരുവിൽ വിരൽകൊണ്ടു തടവാനുളള പ്രവണത കാണാറുണ്ട്. നഖം കൊണ്ട് മുഖക്കരുരു ഞെക്കിപ്പൊട്ടിച്ചാൽ മുഖത്ത് പാടുകൾ ദീർഘകാലം നിലനിൽക്കാൻ സാധ്യതയുണ്ട്.
ചികിൽസയോടു മുഖം തിരിക്കരുത്
ചെറുതായി വന്നു പോകുന്ന മുഖക്കുരുവിനെ ഗൗനിക്കേണ്ടതില്ലെങ്കിലും നെറ്റിയിലും മുഖത്തുമെല്ലാം വളരെ വേഗം പടരുകയാണെങ്കിൽ വൈദ്യ സഹായം തേടുകയാണ് അഭികാമ്യം. ഓരോരുത്തരുടെയും അവസ്ഥയ്ക്ക് അനുസരിച്ചാണ് ചികിൽസ നിശ്ചയിക്കുന്നത്. അപൂർവം ചിലരിൽ കാലപ്പഴക്കമുള്ളതോ കട്ടിയായതോ ആയ മുഖക്കുരുവിനു സർജറി വേണ്ടി വരാറുണ്ട്, മുഖക്കുരുവിനും മുഖത്തെ പാടുകൾ മായ്ക്കുന്നതിനും കെമിക്കൽ പീലുകൾ നിർദേശിക്കാറുണ്ട്. അതീവ സങ്കീർണമായ പ്രക്രിയയായതിനാൽ വിദഗ്‌ധ ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ ചെയ്യാവൂ. രോഗാവസ്ഥയുടെ തീവ്രത അനുസരിച്ച് മൈക്രോഡെർമാബ്രേഷൻ, ഇന്റൻസ് പൾസ് ലൈറ്റ് തെറപ്പി (IPL), ഡെർമാ റോളർ, ലേസർ എന്നീ നൂതന ചികിൽസകളും തേടാവുന്നതാണ്.