‘ചർമസുഷിരങ്ങൾ വൃത്തിയാക്കി, മുഖക്കുരുവിനെ വരുതിയിലാക്കാം’: അറിയാം ട്രെൻഡിങ്ങായ സ്കിൻ സൈക്ലിങ്ങിനെ കുറിച്ച്...
സ്കിൻ സൈക്ലിങ്... സോഷ്യൽ മീഡിയ തുറന്നാൽ അടുത്തിടെയായി ഈയൊരു വാക്കേ കേൾക്കാനുള്ളൂ. സെലിബ്രിറ്റികളടക്കം പലരും പറയുന്നു അവരുടെ ചർമസൗന്ദര്യത്തിന്റെ രഹസ്യം സ്കിൻ സൈക്ലിങ് ആണെന്ന്. എന്താണു സംഭവം ? എന്തുകൊണ്ടാണ് ഈ സൈക്ലിങ് ഇത്ര ട്രെൻഡിങ് ആയത്? ഇനിയാണു പ്രധാനപ്പെട്ട ചോദ്യം. ഇത് എല്ലാവർക്കും പരീക്ഷിച്ചു നോക്കാവുന്നതാണോ ?
ചർമം സുന്ദരമായിരിക്കാനും ചർമപ്രശ്നങ്ങളെ വരുതിയിലാക്കാനും പരിചരണം ആവശ്യമാണ്. രാവിലെയും രാത്രിയും പാലിക്കേണ്ട സ്കിൻ കെയർ റുട്ടീനുകൾ പലതുണ്ട്. അതിൽ ഒരു രീതിയാണു സ്കിൻ സൈക്ലിങ്. വ്യത്യസ്ത സൗന്ദര്യപരിപാലന ഉൽപന്നങ്ങൾ ഉൾപ്പെടുത്തി ചർമത്തെ ശ്വാസം മുട്ടിക്കാതെ ചർമത്തിന്റെ അഴകു കാക്കുന്ന സ്കിന്‍ സൈക്ലിങ് ഒരു ഫോർ നൈറ്റ് റുട്ടീൻ ഫോർമുലയാണ്. ആക്ടീവ് ഇൻഗ്രീഡിയന്റ്സ് ആയ റെറ്റിനോയ്ഡ്സ്, എക്സ്ഫോളിയന്റ്സ് ഇവ നിശ്ചിതക്രമത്തിൽ ഉപയോഗിക്കുന്ന ഈ പരിപാലന രീതി എങ്ങനെയെന്നു മനസ്സിലാക്കാം. ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം വൃത്തിയാക്കി ഈർപ്പം മാറ്റിയ ശേഷമാണ് എക്സ്ഫോളിയന്റും റെറ്റിനോളും മോയിസ്ചറൈസറുമൊക്കെ പുരട്ടേണ്ടത് കേട്ടോ...
ഒന്നാം രാത്രി – എക്സ്ഫോളിയന്റ്
∙ എഎച്ച്എ, ബിഎച്ച്എ എന്നിങ്ങനെയുള്ള കെമിക്കൽ എക്സ്ഫോളിയന്റ്സ് ഉപയോഗിക്കുന്നു. ഗ്ലൈകോളിക് ആസിഡ്, ലാക്ടിക് ആസിഡ് എന്നിവയൊക്കെ എഎച്ച്എ ആണ്. സാലിസിലിക് ആസിഡ് ബിഎച്ച്എ ആണ്.
∙ ചർമത്തിലെ മൃതകോശങ്ങൾ അകറ്റുക, ചർമസുഷിരങ്ങൾ വൃത്തിയാക്കുക, മുഖക്കുരുവിനെ വരുതിയിലാക്കുക, ചെറിയ തോതിലുള്ള പിഗ്‌മന്റേഷൻ പരിഹരിക്കുക എന്നിങ്ങനെ എ ക്സ്ഫോളിയന്റ്സിനു പല ഗുണങ്ങളുണ്ട്.
രണ്ടാം രാത്രി – റെറ്റിനോൾ
∙ വൈറ്റമിൻ എ ഡെറിവേറ്റീവ് ആയ റെറ്റിനോൾ പുരട്ടുന്നു.
∙ 30 കഴിഞ്ഞവരുടെ സ്കിൻ കെയർ റുട്ടീനിൽ വളരെ പ്രധാനമാണ് റെറ്റിനോൾ. മുഖത്തുള്ള ചുളിവുകൾ ഒഴിവാക്കാനും ചർമത്തിലെ കൊളാജനെ ശക്തിപ്പെടുത്താനും ചർമസൗന്ദര്യം സംരക്ഷിക്കാനും റെറ്റിനോൾ സഹായകരമാണ്.
മൂന്നും നാലും രാത്രി
∙ മൂന്നും നാലും രാത്രി ആക്ടീവ് ഇൻഗ്രീഡിയന്റ്സ് ഉപയോഗിക്കുന്നില്ല. ചർമത്തെ സ്വയം മെച്ചപ്പെടാനായി വിടുന്നു.
∙ പതിവായി പുരട്ടുന്ന മോയിസ്ചറൈസർ മാത്രം പുരട്ടാം.
∙ ചർമത്തിലെ ജലാശം നിലനിർത്തേണ്ട ആവശ്യകതയുള്ളവർക്കു മൂന്ന്, നാല് രാത്രികളിൽ ഹയലുറോണിക് ആസിഡ് ഉപയോഗിക്കാം. എഎച്ച്എയ്ക്കും ബിഎച്ച്എയ്ക്കും പുറമേ ചർമസംരക്ഷണത്തിനു പ്രയോജനകരമായ ആസിഡാണിത്.
∙ കൂടാതെ നിയാസിനമൈഡ്, സിറമൈഡ്സ് എന്നിവയിലേതെങ്കിലുമൊന്ന് ആവശ്യമെങ്കിൽ പുരട്ടാം.
ഇതോടെ സ്കിൻ സൈക്ലിങിന്റെ ആദ്യചക്രം പൂർത്തിയായി. അതിനടുത്ത രാത്രി ഇതേ പാറ്റേൺ തന്നെ ആവർത്തിക്കുന്നു. അതായത് എക്സ്ഫോളിയന്റ് പുരട്ടി സൈക്ലിങ് തുടരാം. ഇങ്ങനെ ചർമപരിപാലന ചക്രം മുന്നോട്ടു കൊണ്ടുപോകാം. മറ്റൊരു കാര്യം മോണിങ് സ്കിൻ കെയർ റുട്ടീൻ ആണ്. സ്കിൻ സൈക്ലിങ്ങിൽ രാവിലത്തെ പരിപാലനം ഭാഗമാകുന്നില്ല. എന്നു കരുതി രാവിലെ മുഖം വൃത്തിയാക്കാനും ആവശ്യമെങ്കിൽ മോയിസ്ചറൈസറും നിർബന്ധമായും സൺസ്ക്രീനും പുരട്ടാനും മറക്കേണ്ട.
സ്കിൻ സൈക്ലിങ്ങിന്റെ ഗുണങ്ങളും ഈ രീതി പിന്തുടരും മുൻപ് മനസ്സിലാക്കേണ്ട സുപ്രധാന കാര്യങ്ങളുമറിയാൻ ഒക്ടോബർ ഒന്നാം ലക്കം ( സെപ്റ്റംബർ 27– ഒക്ടോബർ 10, 2025) വനിത വായിക്കാം.
വിവരങ്ങൾക്കു കടപ്പാട് : ഡോ. മീര ജെയിംസ്, ബ്യൂ എസ്തറ്റിക്ക കോസ്മറ്റിക് ഡെർമറ്റോളജി ക്ലിനിക്, കൊച്ചി & കോട്ടയം.