‘റോസാപ്പൂവിതളും പഞ്ചസാരയും തേനും ചേർത്തൊരു സ്ക്രബ്’; ചർമത്തിനുണ്ടാകുന്ന ക്ഷീണം അകറ്റാന് ഇക്കാര്യങ്ങള് ചെയ്യാം..
ആഘോഷങ്ങളിൽ മിന്നിത്തിളങ്ങാൻ ചർമത്തിനു നൽകിയ പരിചരണത്തേക്കാൾ കൂടുതൽ ശ്രദ്ധയും കരുതലും വേണം ഫെസ്റ്റിവൽ സീസൺ കഴിയുമ്പോൾ. ഫെസ്റ്റിവൽ സീസണിനു ശേഷം ചർമത്തിനുണ്ടാകുന്ന ക്ഷീണമാണ് ‘ഫെസ്റ്റീവ് ഫറ്റീഗ്’. ഈ ക്ഷീണം അകറ്റി ചർമത്തെ ഉഷാറാക്കിയില്ലെങ്കിൽ ചർമപ്രശ്നങ്ങൾ ഉണ്ടായേക്കാം. ഓജസ്സും തേജസ്സുമുള്ള ചർമകാന്തി നേടാൻ ചെയ്യേണ്ടത് എന്തെല്ലാമെന്ന് അറിയാം.
ചർമത്തിലെ ജലാംശം നിലനിർത്തണം
വെള്ളം കുടിക്കുന്നതു കൂടാതെ നാരങ്ങാവെള്ളം, ഡീടോക്സ് വാട്ടർ, ഫ്രൂട്ട് ജ്യൂസ് എന്നിവ കുടിക്കണം. ജലാംശം നിലനിർത്തുന്നതിനൊപ്പം ചർമത്തിന്റെ ആരോഗ്യവും അഴകും കൂട്ടും ഇവ. വൈറ്റമിൻ സി അടങ്ങിയ ലൈം ജ്യൂസ് ചർമത്തിനു വളരെ നല്ലതാണ്.
വൈറ്റമിൻ സി വാട്ടർ സോലുബിൾ വൈറ്റമിൻ ആണ്. ഇതു ശരീരം സംഭരിച്ചു വയ്ക്കില്ല. ശരീരം ആവശ്യമുള്ളവ ഉപയോഗിച്ച ശേഷം ബാക്കി മൂത്രത്തിലൂടെ പുറത്തു കളയും. അതുകൊണ്ട് വൈറ്റമിൻ സി എന്നും കഴിക്കാം. ഓറഞ്ച്, നാരങ്ങ എന്നിങ്ങനെ പുളിയുള്ള പഴങ്ങൾ, സ്ട്രോബെറി, സ്പിനാച്, പപ്പായ, നെല്ലിക്ക എന്നിവയിൽ വൈറ്റമിൻ സി ഉണ്ട്.
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതാണു ഡീടോക്സ് വാട്ടർ. ശരീരത്തിൽ കടന്നുകൂടിയ ദോഷകാരിയായ ഘടകങ്ങളെ ഇവ നീക്കം ചെയ്യും. തലേദിവസം രാത്രി ഒരു ജാറിൽ ഡീടോക്സിഫൈയിങ് ഗുണങ്ങളുള്ള കുക്കുംബർ, നാരങ്ങ, പുതിനയില, ഇഞ്ചി, പൈനാപ്പിൾ എന്നിവയിൽ ഇഷ്ടമുള്ളത് അരിഞ്ഞതു ചേർത്ത് ജാർ നിറയെ വെള്ളമൊഴിച്ചു ഫ്രിജിൽ വയ്ക്കുക. രാവിലെ ഉണരുമ്പോൾ ഈ ഡീടോക്സിഫൈയിങ് ഡ്രിങ്ക് കുടിക്കാം.
മൃതകോശങ്ങൾക്ക് ബൈ ബൈ
മുഖത്തിനും മേനിക്കും ഉണർവു നൽകാനാണ് എക്സ്ഫോളിയേഷൻ. ചർമത്തിലെ മൃതകോശങ്ങളും അടിഞ്ഞുകൂടിയ അഴുക്കും മേക്കപ്പിന്റെ എന്തെങ്കിലും അംശം അവശേഷിക്കുന്നുണ്ടെങ്കിൽ അവയും നീക്കം ചെയ്യാനും എക്സ്ഫോളിയേഷൻ സഹായിക്കും. ഒപ്പം ചർമസുഷിരങ്ങൾ തുറന്നു ചർമം സുഖമായി ശ്വസിച്ചു തുടങ്ങും. മൃതകോശങ്ങൾ അകറ്റാൻ സ്ക്രബ് ആണ് ഉപയോഗിക്കേണ്ടത്. മൂന്നു തരം സ്ക്രബുകള്‍ ഇതാ. മിക്ക ചർമക്കാർക്കും ഇണങ്ങുന്നതാണ് ഇവ.
∙ അരക്കപ്പ് വീതം സ്ട്രോബെറി ഉടച്ചത്, പഞ്ചസാര, വെളിച്ചെണ്ണ എന്നിവ ചേർത്തു സ്ക്രബ് തയറാക്കാം.
∙ 10 റോസാപ്പൂവിതൾ അരച്ചത്, അരക്കപ്പ് പഞ്ചസാര, ര ണ്ടു വലിയ സ്പൂൺ തേൻ എന്നിവ ചേർത്താൽ സ്ക്രബ് റെഡി.
∙ ഒരു ഏത്തപ്പഴം, രണ്ടു വലിയ സ്പൂൺ ഓട്സ്, ഒരു വലിയ സ്പൂൺ തൈര് എന്നിവ യോജിപ്പിച്ചെടുക്കുന്ന സ്ക്രബും നല്ലതാണ്.
ഫെയ്സ് പാക് വേണം, എന്നാൽ...
ചർമം സുന്ദരമാക്കാൻ ഫെയ്സ് പാക് അണിയുന്നവരാകും മിക്കവരും. അൽപം കടലമാവും തൈരും യോജിപ്പിച്ചതോ തക്കാളിനീരും അരിപ്പൊടിയും യോജിപ്പിച്ചതോ ഒ ക്കെ മുഖത്ത് അണിയാത്തവര്‍ വിരളമാകും. ഇത്തരം പാക്കുകളെല്ലാം നല്ലതാണ്. എന്നാൽ ഫെസ്റ്റീവ് ഫറ്റീഗ് അ കറ്റാനുള്ള പാക്കുകൾ ഡീടോക്സിഫൈയിങ് കൂടിയാകുന്നതാണു നല്ലത്.
ചർമത്തിലെ ദോഷകാരിയായ ഘടകങ്ങളെ വലിച്ചെടുക്കാനും അമിത എണ്ണമയം അകറ്റാനും സഹായിക്കുന്ന പാക്കുകൾ ആണിത്.
ഒരു ചെറിയ സ്പൂൺ മുൾട്ടാണി മിട്ടി അൽപം വെള്ളം ചേർത്തു കുഴയ്ക്കുക. ഇതിലേക്ക് ഒരു ചെറിയ സ്പൂൺ ആക്ടിവേറ്റഡ് ചാർക്കോൾ പൗഡറും അര ചെറിയ സ്പൂ ൺ തേനും ചേർത്തു മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം കഴുകാം.
കണ്ണിനു ചുറ്റും കറുപ്പും തടിപ്പും
ക്ഷീണവും ഉറക്കക്കുറവും ആദ്യമെത്തുന്നതു കണ്ണിനു ചുറ്റുമാണ്. കറുപ്പു നിറം, പഫിനെസ്, നേർത്ത വരകൾ എന്നിവ വരാൻ കുറച്ചു ദിവസത്തെ നൈറ്റ് പാർട്ടി മോഡ് ധാരാളമാണ്.
ആഘോഷങ്ങൾ എത്തും മുൻപേയുള്ള ഇടവേളയിൽ രാത്രിയുറക്കം കോംപ്രമൈസ് ചെയ്യേണ്ട. ആറ് – എട്ടു മണിക്കൂർ ഉറങ്ങണം. മാത്രമല്ല പതിവായി കൃത്യ സമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശ്രദ്ധിക്കണം. ബ്യൂട്ടി സ്ലീപ് എന്നതു വെറും പ്രയോഗമല്ല. ഉറങ്ങുമ്പോഴാണു പുതിയ ചര്‍മകോശങ്ങൾ ഉണ്ടാകുന്നതും ചർമം പ്രശ്നങ്ങൾ സ്വയം പരിഹരിക്കുന്നതും. നല്ല ചർമത്തിനും കണ്ണിനടിയിലെ കറുപ്പും തടിപ്പും അകറ്റാനും നല്ല ഉറക്കം വേണം
രണ്ടു ദിവസം കൂടുമ്പോൾ കണ്ണിനു ചുറ്റും ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നതു കണ്ണിനടിയിലെ കറുപ്പ് അകറ്റും. തക്കാളിനീരും ഇങ്ങനെ പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകാം. കണ്ണിനു ചുറ്റും ബദാം എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് ഡാർക് സർക്കിൾസ് അകലാനും കണ്ണിന് ഉന്മേഷം ലഭിക്കാനും നല്ലതാണ്. നൈറ്റ് സ്കിൻ കെയർ റുട്ടീനിൽ അണ്ടർ ഐ ക്രീം കൂടി ഉൾപ്പെടുത്താം. ഇത് ഇരുണ്ട നിറം മാത്രമല്ല, കണ്ണിനു വശങ്ങളിലെ ചുളിവുകൾ (ലാഫ് ലൈൻസ്) അകറ്റിനിർത്താനും സഹായിക്കും.
ശരീരത്തിലെ ജലാശം കുറയുന്നതു കണ്ണിനടയിൽ പഫിനസ് ഉണ്ടാകാം. അതിനാൽ ധാരാളം വെള്ളം കുടിക്കുക. ആഹാരത്തിലെ ഉപ്പിന്റെ അളവു കുറയ്ക്കുന്നതു വഴി കണ്ണിനടിയിലെ തടിപ്പു കുറയ്ക്കാനാകും. ആഘോഷനാളുകളിലെ പാർട്ടി മെനു മാറ്റിവച്ച് ഹെൽതി മെനു പിന്തുടരുക. എന്നും രാവിലെ കണ്ണിനു താഴ്‌വശം ഒന്നോ രണ്ടോ മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. വിരലിന്റെ അഗ്രഭാഗം കൊണ്ടു മൂക്കിനോടു ചേർന്നു വരുന്ന കോണില്‍ നിന്നു പുരികത്തിന്റെ അറ്റത്തേക്കു വരുന്നവിധം മസാജ് ചെയ്യുക.
സ്കിൻ കെയർ റുട്ടീനിലേക്ക് വീണ്ടും
പതിവായി പിന്തുടർന്നു വന്നിരുന്ന സ്കിൻ കെയർ രാവിലെയും രാത്രിയും ചെയ്തു തുടങ്ങുക. സ്കിൻ കെയർ റുട്ടീൻ പിന്തുടരുന്നവരുടെ ചർമത്തെ ഫെസ്റ്റീവ് ഫറ്റീഗ് അധികം ബാധിക്കില്ല. ബാധിച്ചാലും വേഗം ഉന്മേഷത്തോടെ തിരിച്ചുകൊണ്ടുവരാനും കഴിയും.
സ്കിൻ കെയർ റുട്ടീനൊന്നും ഇല്ലാത്തവർ കൃത്യമായ പരിപാലനം ഒട്ടും വൈകാതെ തുടങ്ങിക്കോളൂ. ചർമപരിപാലനത്തിനായി ഇൻവെസ്റ്റ് ചെയ്യുന്ന തുക കൃത്യമായ ഉൽപന്നങ്ങളിലാണെങ്കിൽ അതു ലാഭമേ ആകൂ.
നിങ്ങളുടെ പ്രായം, ചർമസ്വഭാവം, ചർമത്തെ കൂടുതലായി അലട്ടുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം പരിഗണിച്ച് ഡോക്ടർ നിർദേശിക്കുന്ന ഉൽപന്നങ്ങൾ ഉപയോഗിച്ചു തുടങ്ങുക. രാവിലെ മുഖം ക്ലെൻസർ ഉപയോഗിച്ചു വൃത്തിയാക്കുക. അതിനുശേഷം മോയിസ്ചറൈസർ പുരട്ടണം. അൽപസമയത്തിനു ശേഷം സൺസ്ക്രീൻ പുരട്ടാം. രാത്രിയിൽ മുഖം ക്ലെൻസർ ഉപയോഗിച്ചു വൃത്തിയാക്കിയശേഷം ടോണർ പുരട്ടുക.
തുറന്നിരിക്കുന്ന ചർമസുഷിരങ്ങൾ അടയാനാണു ടോണർ ഉപയോഗിക്കുന്നത്. മൂന്നു മിനിറ്റു കഴിഞ്ഞുചർമപ്രശ്നമനുസരിച്ചു സീറം (വരണ്ട ചർമമുള്ളവർക്കു ജലാംശം നിലനിർത്തുന്ന ഹയലറൂണിക് ആസിഡ് സീറം, നിറവ്യത്യാസം അകറ്റാൻ വൈറ്റമിൻ സി സീറം, 30 വയസ്സു കഴിഞ്ഞവർക്കു ചുളിവുകളും മറ്റും നീക്കുന്ന റെറ്റിനോൾ സീറം എന്നിങ്ങനെ ആവശ്യമുള്ളവ) പുരട്ടണം. ശേഷം മോയിസ്ചറൈസർ. മുഖം മാത്രമല്ല, കൈകാലുകളും വൃത്തിയാക്കി രാവിലെയും കിടക്കുന്നതിനു മുൻപും മോയിസ്ചറൈസർ പുരട്ടണം.
കുളിർമ നൽകുന്ന ഷീറ്റ് മാസ്ക്
ചർമവും റിഫ്രഷ്മെന്റ് കൊതിക്കുന്നുണ്ട്. പൊടിപടലങ്ങളോ സൂര്യരശ്മികളോ ശല്യം ചെയ്യാത്തൊരിടത്ത് ഇളം തണുപ്പേറ്റ് ഇരിക്കാൻ ചർമത്തിനും അവസരം നൽകാം. ആയാസങ്ങൾ അകന്നു ചർമം സ്വയം ഉന്മേഷത്തിലാകും. ഇതിനു സഹായിക്കുന്നതാണ് ഷീറ്റ് മാസ്ക്. ചർമത്തിലെ പഫിനെസ്സും അകലും. പ്ലെയിൻ ഷീറ്റ് മാസ്ക് വാങ്ങി വച്ചാൽ അടുക്കളയിലെ റിഫ്രഷ്മെന്റ് ചേരുവയിൽ നനച്ചെടുത്തു മുഖത്ത് അണിയാം.
കുക്കുംബർ ജ്യൂസ്, പച്ചരി കുതിർത്ത വെള്ളം, ഗ്രീൻ ടീ, റോസാപ്പൂവിതൾ ഇട്ടുവച്ച വെള്ളം, തണ്ണിമത്തൻ ജ്യൂസ്, ഓറഞ്ച് നീര് ഇവയിലേതിലും ഷീറ്റ് മാസ്ക് മുക്കി മുഖത്തിടാം. ഗ്രീൻ ടീയ്ക്കൊപ്പം അൽപം നാരങ്ങാനീര് ചേർത്തും തണ്ണിമത്തൻ ജ്യൂസിനൊപ്പം അൽപം കറ്റാർ വാഴ ജെൽ ചേർത്തും ഷീറ്റ് മാസ്ക് അണിയാം.
ഈ ചേരുവകളെല്ലാം തയാറാക്കി ഫ്രിജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കുന്നതാണു നല്ലത്. ആഴ്ചയിൽ രണ്ടു ദിവസം ഷീറ്റ് മാസ്ക് അണിയാം. ഉറങ്ങുന്നതിനു മുൻപ് ഷീറ്റ് മാസ്ക് ഇട്ട് 15 മിനിറ്റിനു ശേഷം മാസ്ക് മാറ്റി മുഖം കഴുകിയശേഷം കിടന്നുറങ്ങാം.
പോഷണം എന്നും
ഫെസ്റ്റിവൽ സീസണിലെ സ്പെഷൽ വിഭവങ്ങൾ പലതും ഒഴിവാക്കാൻ കഴിയില്ല. അമിതമായ കൊഴുപ്പ്, ഉപ്പ്, മധുരം മസാല എന്നിവ ചർമത്തിന് നല്ലതല്ല. അതിനാൽ ഫെസ്റ്റീവ് സീസൺ കഴിഞ്ഞാലുടൻ കുറച്ചു നാളത്തേക്ക് ഹെൽതി ഡയറ്റ് പിന്തുടരാം.
ചർമത്തിന്റെ സ്വാഭാവികതയും തിളക്കവും കൂട്ടാൻ കഴിക്കാവുന്ന ഭക്ഷണപദാർഥങ്ങളും ഉണ്ട്. നെല്ലിക്ക, കാരറ്റ്, ബീറ്റ്റൂട്ട്, ഓറഞ്ച്, പൈനാപ്പിൾ, തക്കാളി, ചീര, പപ്പായ, മാതളനാരങ്ങ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് എല്ലാ ദിവസവും നിർബന്ധമായും കഴിക്കുമെന്ന് ഉറപ്പിച്ചോളൂ.
ഉപ്പിന്റെയും മധുരത്തിന്റെയും അളവ് കുറയ്ക്കുന്നതും മസാല അമിതമായി അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതും നല്ലതാണ്. എണ്ണപ്പലഹാരങ്ങൾ കുറച്ചു ദിവസത്തേക്ക് എങ്കിലും പൂർണമായും മാറ്റി നിർത്തിക്കോളൂ.
വിവരങ്ങൾക്കു കടപ്പാട് : ഡോ. മീര ജെയിംസ്,
കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ്,
ബ്യൂ എസ്തെറ്റിക്ക, കൊച്ചി