ആർത്തവുമായി ബന്ധപ്പെട്ട് സാധാരയായി കേൾക്കുന്ന ചില ചോദ്യങ്ങളും അവയുടെ ശാസ്ത്രീയമായ മറുപടികളും അറിയാം. ഇതുവരെ ശരിയെന്നു കരുതിയ  ചില തെറ്റിധാരണകൾ മാറ്റിയെടുക്കാം...

സോപ് ഉപയോഗിച്ചുള്ള വജൈനൽ ക്ലീനിങ്ങിന്റെ അപകടങ്ങൾ എന്തൊക്കെയാണ്? എന്താണ് ശരിയായിട്ടുള്ള വൃത്തിയാക്കൽ രീതി?

ADVERTISEMENT

വജൈനൽ ക്ലീനിങ്ങ് എന്നു പറയുമ്പോഴേ വജൈനയുടെ പി.എച്. ആരോഗ്യകരമായി നിലനിർത്തുക എന്നതാണ്. വജൈനൽ പി.എച്ച്. എന്നത് പൊതുവേ അല‍്‍പം അസിഡിക് ആണ്. ഏതെങ്കിലും ഒരു വസ്തുവിന്റെയോ ദ്രാവകത്തിന്റേയോ അമ്ലാംശത്തിന്റെയും ക്ഷാരാംശത്തിന്റേയും അളവിനെയാണ് ‘പി.എച്.’ എന്നു പറയുന്നത്.

സോപ് ഉപയോഗിച്ച് വജൈനൽ ക്ലീനിങ്ങ് ചെയ്യുമ്പോൾ പ്രേത്യേകിച്ചും ഉള്ളിലേക്ക് കഴുകുമ്പോൾ അത് വജൈനൽ പി.എച്ച്. കൂട്ടുന്നു. അതുവഴി വജൈനയുടെ അംമ്ല സ്വഭാവം മാറും. അവിടെ മറ്റുള്ള സൂഷ്മജീവികളുടെ വളർച്ചയ്ക്കും  അണുബാധയ്ക്കും കാരണമാകും. സോപ്പും വാഷും ഒഴിവാക്കി വെള്ളം കൊണ്ട് നന്നായി കഴുകുന്നത് തന്നെയാണ് ഏറ്റവും നല്ലത്.

ADVERTISEMENT

സോപ് ഉപയോഗിച്ച് കഴുകണം എന്നുള്ളവർ പുറമേ മാത്രം പുരട്ടി കഴുകുക. ഉള്ളിലേക്ക് കടത്തിയുള്ള കഴുകൽ(ഡോഷിങ്ങ്) വേണ്ട.  സ്വയം വൃത്തിയാക്കാനുള്ള ശേഷി വജൈനയ്ക്കുണ്ടെന്ന് നാം മനസിലാക്കണം. പല തരം ശ്രവങ്ങൾ ഉൽപാദിപ്പിച്ചും മറ്റും അത് സ്വയം വൃത്തിയാക്കപ്പെടുന്നുണ്ട്.

അതുപൊലെ തന്നെയാണ് മറ്റ് ജനിറ്റൽ ഭാഗങ്ങളുടേയും കാര്യം. തുടയിടുക്ക്, ലേബിയ, അതിന്റെ വശങ്ങൾ, മലദ്വാരം ഒക്കെ വൃത്തിയാക്കുമ്പോൾ അവയ്ക്കുള്ളിലേക്ക് സോപ്പ് കടത്താതിരിക്കാൻ ശ്രമിക്കുക.

ADVERTISEMENT

സോപ് നിർബന്ധമായും ഉപയോഗിക്കണം എന്നുള്ളവർ മൈൽഡ് സോപ്പുകൾ ഉപയോഗിക്കുക. വജൈനൽ ഏരിയയ്ക്ക് സുഗന്ധം വേണമോന്നൊക്കെ ധരിച്ച് പലരും സെന്റഡ് സോപ്പുകളും വാഷുകളും മറ്റും ഉപയോഗിക്കാറുണ്ട്. അതും ദോഷം ചെയ്യും. ഇടയ്ക്കിടെയുള്ള ആഴത്തിലുള്ള വൃത്തിയാക്കൽ കുളിക്കുമ്പോൾ മാത്രം മതി. അല്ലാത്തപ്പോൾ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പുറമേ മാത്രം വെള്ളമൊഴിച്ച് കഴുകാം.

കഴുകി കഴിഞ്ഞ് മുന്നിൽ നിന്ന് പിന്നോട്ട് തുടച്ച് നനവ് ഒപ്പിയെടുക്കണം. തിരിച്ചുള്ള രീതി തെറ്റാണ്. പുറകിൽ നിന്ന് മുന്നിലേക്ക് തുടച്ചാൽ മലദ്വാരത്തിൽ നിന്ന് ഇ–കോളി ബാക്റ്റീരിയ മുന്നിലേക്കും പടരാനുള്ള സാധ്യത കൂടുതലാണ്. ഇവ പെട്ടന്ന് വജൈനൽ ദ്രവങ്ങൾ വഴി ഉള്ളിലേക്ക് കയറി അണുബാധയുണ്ടാക്കാൻ സാധ്യതയുണ്ട്. മൂത്രമൊഴിക്കാനും മറ്റും പോകുമ്പോൾ പോലും കഴുകി കഴിഞ്ഞാൽ വെള്ളത്തിന്റെ അംശം തുടച്ചു മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. പലരും ഇത് ചെയ്യാറില്ല. അതുകൊണ്ട് തന്നെ നനവ് തട്ടിയുള്ള അണുബാധ നമ്മുടെ നാട്ടിൽ കൂടുതലാണ്.

ജനിറ്റൽ ഭാഗത്തെ രോമങ്ങൾ പൂർണമായും ഷേവ് ചെയ്ത് കളയുന്നത് ആരോഗ്യകരമല്ല. രോമവളർച്ച കാരണം എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ തോന്നുന്നെങ്കിൽ ട്രിം ചെയ്യുക. പൂർണ്ണമായും രോമം നീക്കം ചെയ്യുന്നത് അവിടുത്തെ ആരോഗ്യത്തെ ദോഷകരമായ രീതിയിൽ ബാധിക്കും. രോമങ്ങൾ നിലനിൽക്കുന്നത് തന്നെ പരിരക്ഷണത്തിന്റെ ഭാഗമാണ്. ഷേവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചെറിയ മുറിവുകൾ പോലും വളരെ വേഗം അണുബാധയുണ്ടാക്കും. വളരെ സെൻസീറ്റീവായ ജനിറ്റൽ ഏരിയയിൽ ഹെയർ റിമൂവൽ ക്രീമുകൾ ഇടുന്നതും ദോഷം ചെയ്യും. ട്രിമ്മിങ്ങ് ആണ് അഭികാമ്യം.

2. കോട്ടൺ പാഡുകൾ, ആർത്തവ കപ്പുകൾ , ടാമ്പൂണുകൾ തുടങ്ങിയവ എത്ര സമയത്ത് മാറ്റണം?  

പാഡുകൾ ഉപയോഗിക്കുമ്പോള്‍ കോട്ടണിന്റേത് തന്നെ ഉപയോഗിക്കുക. ആഗിരം ചെയ്യാനുള്ള കഴിവ് കൂടുതലുണ്ട്. 2–4 മണിക്കൂറിൽ തന്നെ ആർത്തവത്തിനുപയോഗിക്കുന്ന തുണി മാറ്റി ഉപയോഗിക്കണം. വീണ്ടും ഉപയോഗിക്കാവുന്ന കോട്ടൺ പാഡുകൾ 3–6 മണിക്കൂറിൽ മാറ്റുക. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പാടുകൾ 4–6 മണിക്കൂറിൽ മാറ്റുക. കൂടുതൽ ബ്ലീഡിങ്ങ് ഉള്ളവർ 4 മണിക്കൂറിലോ പാഡ് കുതിരുന്നതിനനുസരിച്ചോ അവ മാറ്റുക.

തുണിയുടെ പാഡ് ഉപയോഗിക്കുന്നവർ ഒരു വർഷത്തിൽ കൂടുതൽ അവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തുണിയുടെ പാഡുകൾ നന്നായി കഴുകി രക്തക്കറ മുഴുവൻ മാറ്റിയിട്ട് വേണം ഉണക്കാനിടാൻ. കാറ്റും സൂര്യപ്രകാശവും കിട്ടുന്നിടത്തു തന്നെയിട്ട് ഉണക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈർപ്പമുള്ളിടത്ത് ഇടുന്നതും കൂട്ടിയിട്ട് ഉണക്കുന്നതുമൊക്കെ അണുബാധയുണ്ടാക്കും. തുണിയുടെ പാഡുകൾ വൃത്തിയായി നന്നായി ഉണക്കി ഉപയോഗിക്കാതിരിക്കുന്നവരിൽ വജൈനൽ/യുറിനൽ ഇൻഫെക്ഷൻ കൂടുതലായി കണ്ടു വരാറുണ്ട്. മഴക്കാലത്തും മറ്റും ഇവ നന്നായി ഉണക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മഴക്കാലത്ത് പുറത്തിട്ട് കോട്ടൺ പാഡുകൾ ഉണക്കിയ ശേഷം ഇസ്തിരിയിട്ട് നന്നായി നനവ് മാറ്റിയിട്ട് ഉപയോഗിക്കുക. ഹോസ്റ്റലുകളിലും ഫ്ലാറ്റിലും മറ്റും താമസിക്കുന്നവർക്ക് ഇങ്ങനെ ചെയ്യാം.

നമ്മുടെ നാട്ടിൽ അധികം ആളുകൾ ഉപയോഗിക്കാത്ത ഒരു വസ്തുവാണ് ടാംപൂൺ. ചിലവ‌ു കൂടുതലാണെന്നുള്ളതും ഉപയോഗിക്കാനുള്ള പേടിയും ഒക്കെ കാരണമാകാം. ടാംപൂൺ ഉപയോഗിക്കുന്നവരും 8 മണിക്കൂറിൽ കൂടുതൽ ഒരെണ്ണം തന്നെ ഉപയോഗിക്കരുത്. 4– 6 മണിക്കൂറിൽ മാറ്റുന്നതാണ് നല്ലത്. ടാംപൂൺ ഉപയോഗം അണുബാധയുണ്ടാക്കുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ഒപ്പം തന്നെ ടോക്സിക് ഷോക് സിൻഡ്രോം എന്നൊരു അവസ്ഥയ്ക്കുള്ള സാധ്യതയും ഉണ്ട്.

ആർത്തവ കപ്പുകൾക്ക് പാഡിനേക്കാളും ടാംപൂണിനേക്കാളും മൂന്ന് മടങ്ങ് അധികം രക്തം ശേഖരിച്ചു വയ്ക്കാൻ കഴിയും. കോപ്പർ ടി ഇട്ടവർക്കും മറ്റും കപ്പ് ഉപയോഗിക്കാൻ പറ്റും എന്നതും എടുത്തു പറയേണ്ട കാര്യമാണ്. രക്തം കൂടുതൽ പോകുന്നവർ 6 മണിക്കൂറിൽ കപ്പ് മാറ്റി ഉപയോഗിക്കണം. അല്ലാത്തവർക്ക് 8–12 മണിക്കൂറിനുള്ളിൽ മാറ്റിയാൽ മതി. വെള്ളം കൊണ്ട് മാത്രം കപ്പ് കഴുകി വീണ്ടും ഉപയോഗിക്കുക. കപ്പ് ഉപയോഗിച്ച ശേഷം കൈകൾ സോപ്പും വെള്ളവും കൊണ്ട് കഴുകുക. ആർത്തവ ചക്രം അവസാനിക്കുമ്പോൾ കപ്പ് തിളച്ച വെള്ളത്തിൽ 5 മിനിറ്റ് നേരമിട്ട് സ്‌റ്റെറിലൈസ് ചെയ്തെടുത്ത് അതിനോടൊപ്പമുള്ള കവറിൽ ഇട്ട് സൂക്ഷിക്കാം. അടുത്ത ആർത്തവം തുടങ്ങും മുൻപും ഇങ്ങനെ ചെയ്യാം.

3.അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

പല തരം അണുബാധകളുണ്ട്. ഫംഗൽ അണുബാധ, പാരസൈറ്റിക് ഇൻഫെക്ഷൻ, ബാക്റ്റീരിയ കൊണ്ടുള്ളത്, ഇടകലർന്ന് വരുന്നവ അങ്ങനെ പലതും. ഏത് ഇൻഫെക്ഷനായാലും പ്രധാനമായി കാണുന്ന ചില ലക്ഷണങ്ങളുണ്ട്. അതിൽ ഒന്നാമത്തേതാണ് അസ്വാഭാവികമായ വജൈനൽ ഡിസ്ചാർജ്. പാൽ പോലുള്ള തരത്തിലുള്ള സ്രവം വരിക, മഞ്ഞനിറത്തിൽ വരിക, പച്ച നിറത്തിൽ വരിക ഒക്കെ ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ദുർഗന്ധത്തോടുള്ള സ്രവങ്ങൾ, ചൊറിച്ചിലുണ്ടാക്കുന്ന ശ്രവങ്ങൾ ഒക്കെ അണുബാധയുടെ ലക്ഷണങ്ങളാണ്. ചർമത്തിൽ ചൊറിച്ചിൽ, പുകച്ചിൽ, മൂത്രമൊഴുക്കുമ്പോഴുള്ള പുകച്ചിൽ ഒക്കെ അണുബാധയുടെ ലക്ഷണങ്ങളാണ്.

ഇവയിൽ ഏതെങ്കിലും കണ്ടാൽ ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണുക. അല്ലാതെ ഡെറ്റോൾ, ബാറ്റാഡിൻ ലായനി മുതലായവകൊണ്ട് കഴുകിയാൽ അണുബാധ വളഷാകും. വജൈനൽ പി.എച്ചിനെ മാറ്റി മറിക്കുന്ന കാര്യങ്ങളാണിതൊക്കെ എന്നോർക്കുക. അവസാനം വജൈനയിൽ നിന്ന് അണുബാധ യൂട്രസ്സിൽ വരെ എത്തിയെന്നും വരാം.

4. ആർത്തവ സമയത്തുള്ള വരുന്ന യാത്രകൾ മാറ്റി വെയ്ക്ക്കുന്നതാണോ നല്ലത്?  

ആർത്തവ സമയത്ത് യാത്ര ചെയ്യരുത് എന്നൊന്നുമില്ല. ആർത്തവ സമയത്ത് ശാരീരിക ബുദ്ധിമുട്ടുകൾ വരുന്ന ആളാണെങ്കിൽ അവരവരുടെ സൗകര്യമനുസരിച്ച് കടുത്ത പ്രശ്നങ്ങൾ ഉള്ള ദിനങ്ങളിലെ യാത്ര മാറ്റി വയ്ക്കാൻ നോക്കാം അല്ലെങ്കിൽ അൽപ്പം കൂടി തയ്യാറെടുക്കാം. ആർത്തവ തീയതി മാറ്റി വയ്ക്കേണ്ട സാഹചര്യം വന്നാൽ മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങി കഴിക്കുന്ന ശീലം വേണ്ട. ഗൈനക്കോളജിസ്റ്റിനോട് ചോദിച്ച് നിങ്ങളുടെ രീതികൾക്കനുസരിച്ചുള്ള മരുന്ന് മാത്രം കഴിക്കുക.

യാത്ര ചെയ്യുമ്പോൾ ആവശ്യത്തിനുള്ള പാഡുകൾ കൈയിൽ കരുതണം. ഒപ്പം ടിഷ്യു/ടവൽ എന്നിവയും. കപ്പ് ഉപയോഗിക്കുന്നവർ ഒരു ബോട്ടിൽ വെള്ളവും എപ്പോഴും കരുതുക. വെള്ളമില്ലാത്തിടങ്ങളിൽ വെച്ച് കപ്പ് മാറ്റണമെങ്കിൽ ഇത് ഉപകരിക്കും. കുളിമുറികൾ തീർത്തും ഉപയോഗിക്കാതെ യാത്ര ചെയ്യുന്ന ശീലം അത്ര നന്നല്ല. പറ്റുമ്പോഴൊക്കെ കുളിമുറി ഉപയോഗിക്കുക. എന്നിട്ട് കൈകൾ നന്നായി കഴുകാനും ശ്രദ്ധിക്കണം. നമ്മുടെ നാട്ടിൽ വൃത്തിയുള്ള പൊതുശൗച്യാലയങ്ങൾ ഇനിയും വരേണ്ടതുണ്ട്.

ട്രക്കിങ്ങിനൊക്കെ പോകുന്നവർ അധിക നേരം നനഞ്ഞ പാഡുകൾ ഉപയോഗിക്കുന്നത് ചൊറിച്ചിലും അണുബാധയുമുണ്ടാക്കും. പറ്റുമ്പോഴൊക്കെ പാഡുകൾ മാറ്റാൻ ശ്രമിക്കുക എന്നതാണ് പോംവഴി. പറ്റുന്നവർ കപ്പ് ഉപയോഗിച്ചാൽ ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കാം.

കടപ്പാട്: നിത്യ ചെറുകാവിൽ, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ആൻഡ് ഒബ്സ്റ്റട്രീഷ്യൻ, ഇന്ദിരാഗാന്ധി കോ–ഓപറേറ്റീവ് ഹോസ്പിറ്റൽ, കടവന്ത്ര.

ADVERTISEMENT