മുഖത്തെ ചുളിവുകളകറ്റാൻ വാഴപ്പഴം സൂപ്പറാണ്; വീട്ടിൽ തയാറാക്കാവുന്ന 5 ഫെയ്സ്പാക്കുകള്‍
40 വയസ് പിന്നിടുമ്പോഴേ മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷമായി ചർമം മങ്ങിത്തുടങ്ങും. ചിലരില്‍ ചെറുപ്പം മുതലേ ഇത് കാണാറുണ്ട്. മുഖത്ത് മാത്രമല്ല, കൈകളിലും ചുളിവുകൾ പ്രത്യക്ഷപ്പെടാം. മുഖത്തെ ചുളിവുകള്‍ പ്രായക്കൂടുതലും അഭംഗിയും തോന്നിപ്പിക്കും. ഭക്ഷണത്തിലെ പോരായ്മയും അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതും ടെന്‍ഷനും എല്ലാം ചിലപ്പോള്‍ കാരണമാകാം. ചുളിവുകള്‍ മാറ്റാന്‍ ഇതാ ചില പ്രകൃതിദത്ത വഴികള്‍. വീട്ടിൽ സ്ഥിരമായി ലഭ്യമായ വാഴപ്പഴം കൊണ്ട് ഫെയ്സ്പാക്കുകൾ വീട്ടിൽ തന്നെ ഉണ്ടാക്കാം.
1. പകുതി പഴം, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ കലര്‍ത്തിയ മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.
2. ഒരു ബട്ടര്‍ ഫ്രൂട്ട്, നന്നായി പഴുത്ത ഒരു പഴം, 1 ടീസ്പൂണ്‍ ഗ്ലിസറീന്‍, ഒന്നോ, രണ്ടോ വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍, ഒരു മുട്ട വെള്ള എന്നിവ കലര്‍ത്തി മിശ്രിതമാക്കി മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്തു കഴുകിക്കളയാം.
3. പഴം, തൈര് എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടുന്നത് ചുളിവുകൾ മാറാൻ സഹായിക്കും. ഒരു പഴുത്ത പഴം, 2 ടേബിള്‍സ്പൂണ്‍ തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
4. രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍, 2 ടേബിള്‍ സ്പൂണ്‍ ഗ്ലിസറീന്‍, ഒരു പഴുത്ത പഴം, ഒരു മുട്ട വെള്ള എന്നിവ ചേര്‍ത്തിളക്കി മാസ്‌കുണ്ടാക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് 15 മിനിട്ട് കഴിഞ്ഞ് കഴിയുമ്പോള്‍ കഴുകിക്കളയാം.
5. പഴുത്ത പഴം പകുതി, മൂന്നിലൊന്നു പഴുത്ത നാടൻ പപ്പായ, മുള്‍ട്ടാണി മിട്ടി എന്നിവ തുല്യ അളവിൽ ചേര്‍ത്തു മിശ്രിതമാക്കി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.