‘മുടി കൊഴിച്ചിൽ കുറയ്ക്കാൻ എണ്ണയേക്കാൾ നല്ലത് ഈ ഹെയർ പാക്ക്’; നാചുറൽ ആയി തയാറാക്കാം...
മുടി കൊഴിച്ചിൽ, താരൻ, മുടി പൊട്ടിപ്പോകൽ, അകാലനര... മുടിയെ അലട്ടുന്ന പ്രശ്നങ്ങളെല്ലാം ആരേയും വിഷമത്തിലാക്കുന്നവയാണ്. മുടിയുടെ പരിചരണത്തിനു കാക്കത്തൊള്ളായിരം വഴികൾ ഇന്റർനെറ്റിലും കൂട്ടുകാരിയുടെ ബ്യൂട്ടി ബാഗിലും കാണും. കൂടാതെ സൗന്ദര്യവർധകങ്ങളായി നിരവധി ഉൽപന്നങ്ങളും വിപണിയിൽ ഉണ്ട്. പക്ഷേ, മുടിയിൽ കൈ
മുടി കൊഴിച്ചിൽ, താരൻ, മുടി പൊട്ടിപ്പോകൽ, അകാലനര... മുടിയെ അലട്ടുന്ന പ്രശ്നങ്ങളെല്ലാം ആരേയും വിഷമത്തിലാക്കുന്നവയാണ്. മുടിയുടെ പരിചരണത്തിനു കാക്കത്തൊള്ളായിരം വഴികൾ ഇന്റർനെറ്റിലും കൂട്ടുകാരിയുടെ ബ്യൂട്ടി ബാഗിലും കാണും. കൂടാതെ സൗന്ദര്യവർധകങ്ങളായി നിരവധി ഉൽപന്നങ്ങളും വിപണിയിൽ ഉണ്ട്. പക്ഷേ, മുടിയിൽ കൈ
മുടി കൊഴിച്ചിൽ, താരൻ, മുടി പൊട്ടിപ്പോകൽ, അകാലനര... മുടിയെ അലട്ടുന്ന പ്രശ്നങ്ങളെല്ലാം ആരേയും വിഷമത്തിലാക്കുന്നവയാണ്. മുടിയുടെ പരിചരണത്തിനു കാക്കത്തൊള്ളായിരം വഴികൾ ഇന്റർനെറ്റിലും കൂട്ടുകാരിയുടെ ബ്യൂട്ടി ബാഗിലും കാണും. കൂടാതെ സൗന്ദര്യവർധകങ്ങളായി നിരവധി ഉൽപന്നങ്ങളും വിപണിയിൽ ഉണ്ട്. പക്ഷേ, മുടിയിൽ കൈ
മുടി കൊഴിച്ചിൽ, താരൻ, മുടി പൊട്ടിപ്പോകൽ, അകാലനര... മുടിയെ അലട്ടുന്ന പ്രശ്നങ്ങളെല്ലാം ആരേയും വിഷമത്തിലാക്കുന്നവയാണ്. മുടിയുടെ പരിചരണത്തിനു കാക്കത്തൊള്ളായിരം വഴികൾ ഇന്റർനെറ്റിലും കൂട്ടുകാരിയുടെ ബ്യൂട്ടി ബാഗിലും കാണും. കൂടാതെ സൗന്ദര്യവർധകങ്ങളായി നിരവധി ഉൽപന്നങ്ങളും വിപണിയിൽ ഉണ്ട്. പക്ഷേ, മുടിയിൽ കൈ വയ്ക്കും മുൻപു മനസ്സില്‍ ഒരു ചോദ്യം വരും. ‘ഈ ഉൽപന്നങ്ങളിലെ രാസഘടകങ്ങൾ മുടിയിഴകളെ കൂടുതൽ പ്രശ്നത്തിലാക്കുമോ?’
മുടിയുടെ അടിമുടി പരിചരണത്തിനു പൂർണമായും പ്രകൃതിദത്തമായ ചേരുവകളെ കൂട്ടുപിടിക്കാം. തല കഴുകാനുപയോഗിക്കുന്ന ഷാംപൂവും മുടിക്കു മൃദുലത നൽകുന്ന കണ്ടീഷനറും മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഹെയർ പാക്കുകളുമെല്ലാം തികച്ചും നാചുറൽ ആയി തയാറാക്കാം.
ശിരോചർമത്തിലെ അഴുക്കു നീക്കാൻ
∙ അഞ്ചു ഗ്രാം വീതം റീത്ത (സോപ് നട്സ്), ഷിക്കകായി, ഇരട്ടിമധുരം എന്നിവ 100 മില്ലി വെള്ളത്തിൽ നന്നായി തിളപ്പിക്കുക. ഇതിൽ നിന്നു 20 മില്ലി മാറ്റിവച്ച ശേഷമുള്ളതിൽ ആവശ്യത്തിനു വെള്ളം ചേർത്തു തല കഴുകാൻ ഉപയോഗിക്കാം. മാറ്റി വച്ച വെള്ളത്തിലാണ് കണ്ടീഷനർ തയാറാക്കുന്നത്.
∙ 25 ഗ്രാം ഷിക്കകായി, 50 ഗ്രാം റീത്ത, 25 ഗ്രാം വീതം നെല്ലിക്ക, ചെമ്പരത്തിപ്പൂവ്, ആരിവേപ്പില, തുളസി, ഉലുവ, ചെറുപയറുപൊടി, ബ്രഹ്മി (ചേരുവകൾ ഉണക്കിപ്പൊടിച്ചെടുത്തശേഷമുള്ള അളവ്) എന്നിവ യോജിപ്പിക്കുക. തല കഴുകേണ്ടപ്പോൾ ഈ പൊടിയിൽ നിന്ന് ആവശ്യത്തിന് എടുത്തു നനവുള്ള മുടിയിൽ തേച്ചു കുളിക്കാം.
∙ ആറു വീതം ഷിക്കകായിയും ഉണങ്ങിയ നെല്ലിക്കയും എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ഇതു തിളപ്പിച്ചശേഷം അരിച്ചെടുത്തു ഷാംപൂവായി ഉപയോഗിക്കാം.
∙ അഞ്ച് സോപ് നട്സും ഒരു വലിയ സ്പൂൺ ഉലുവയും തുണിയിൽ കിഴി കെട്ടി വെള്ളത്തിലിട്ടു തിളപ്പിക്കുക. ഇനി കിഴി നന്നായി ഞെരടി വെള്ളത്തിലേക്കു യോജിപ്പിക്കുക. തല കഴുകാനായി ഈ വെള്ളം ഉപയോഗിക്കാം.
∙ ഹെർബൽ ഹെയർ വാഷ് തയാറാക്കാം. നാല് – അഞ്ച് സോപ് നട്സ്, ആറ് – എട്ട് വീതം ഷിക്കകായി, ഉണങ്ങിയ നെല്ലിക്ക, ഒരു വലിയ സ്പൂൺ ഉലുവ എന്നിവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക.
പിറ്റേന്ന് ഒരു പിടി ആരിവേപ്പിലയും കൂടി ചേർത്ത് 10 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. ചൂടാറിയശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.
∙ മൂന്ന് – നാല് ചെമ്പരത്തിപ്പൂവ് അരക്കപ്പ് വെള്ളം ചേർത്ത് 20 മിനിറ്റ് വയ്ക്കുക. ഇതിലേക്ക് കാൽ കപ്പ് കറ്റാർവാഴ കാമ്പും ചേർത്തടിക്കുക. തല കഴുകുമ്പോൾ ഇതു തലയിൽ തേച്ചു കുളിക്കാം.
∙ ഒരു വലിയ സ്പൂൺ കടലമാവ്, രണ്ടു വലിയ സ്പൂ ൺ ഉലുവ പൊടിച്ചത്, ഒരു ചെറിയ സ്പൂൺ ഫ്ലാക്സ് സീഡ് പൊടിച്ചത് എന്നിവ യോജിപ്പിക്കുക. ഇതിലേക്ക് ഗ്രീൻ ടീ ചേർത്തു തല കഴുകാനായി ഉപയോഗിക്കാവുന്നതാണ്.
∙ ഒരു പിടി കറിവേപ്പില ചൂടുവെള്ളത്തിലിട്ട് ഒരു രാത്രി മുഴുവൻ വയ്ക്കുക. പിന്നീടു വെള്ളം മാത്രം അരിച്ചെടുക്കുക. രണ്ടു വലിയ സ്പൂൺ അലോവെര ജെല്ലും ചേർത്തു യോജിപ്പിച്ചശേഷം തല കഴുകാനായി ഉപയോഗിക്കാം.
∙ മൂന്നു വലിയ സ്പൂൺ ഷിക്കകായി പൗഡർ, രണ്ടു വലിയ സ്പൂൺ ഉലുവ പൊടിച്ചത്, രണ്ടു വലിയ സ്പൂൺ ചെമ്പരത്തിപ്പൂവ് പൊടിച്ചത്, ഒരു വലിയ സ്പൂൺ നെല്ലിക്ക പൊടിച്ചത് ഇവ യോജിപ്പിച്ചാൽ ഷാംപൂ പൗഡർ റെഡി.
∙ കുറച്ചു കൂട്ടുകൾ കൊണ്ടു പെട്ടെന്നു തയാറാക്കാവുന്ന നാച്ചുറൽ ഷാംപൂ ആണിത്. നാലു ചെമ്പരത്തിപ്പൂവ്, 10 ചെമ്പരത്തിയില, ഒരു പിടി തുളസിയില എന്നിവ അൽപം വെള്ളം ചേർത്തു ഞെരടിയെടുക്കുക. ഇതു തലയിൽ തേച്ചു കുളിക്കുക.
മുടി മൃദുലമാകാൻ
പ്രകൃതിദത്തമായി തയാറാക്കുന്ന ഷാംപൂ ഉപയോഗിച്ചു തല കഴുകിയ ശേഷം പുരട്ടാനുള്ള നാചുറൽ കണ്ടീഷനറുകൾ പരിചയപ്പെടാം.
∙ നേരത്തേ മാറ്റി വച്ച 20 മില്ലി റീത്ത – ഷിക്കകായി മിശ്രിതത്തിലേക്ക് 20 ഗ്രാം കറ്റാർവാഴ കാമ്പ്, ഒരു മുട്ടയുടെ വെള്ള എന്നിവ ചേർത്തു യോജിപ്പിച്ചു തലയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകാം. മുടിയുടെ വരൾച്ച അകറ്റുന്ന മികച്ച കണ്ടീഷനർ ആണിത്.
∙ കാൽ കപ്പ് വീതം പച്ചരി വേവിച്ചതും കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അര ചെറിയ സ്പൂ ൺ എണ്ണയും മൂന്നു തുള്ളി റോസ്മേരി ഓയിലും ചേർത്തിളക്കി മുടിയിഴകളിൽ പുരട്ടാം. 10 മിനിറ്റിനുശേഷം കഴുകാം.
∙ കാൽ കപ്പ് ഫ്ലാക്സ് സീഡ് വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ജെൽ മാത്രം അരിച്ചെടുക്കുക. ഇതിലേക്ക് അര ചെറിയ സ്പൂൺ ഒലിവ് ഓയിലും തേനും ചേർക്കുക. ഇഷ്ട സുഗന്ധമുള്ള മൂന്നു തുള്ളി എസൻഷൽ ഓയിൽ കൂടി ഒഴിച്ചു യോജിപ്പിച്ചു തലമുടിയിൽ പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകുക.
∙ കാൽ കപ്പ് വീതം തേങ്ങാപ്പാലും വെള്ളവും ഒരു ബൗളിലാക്കുക. ഇതിലേക്കു രണ്ടു ചെറിയ സ്പൂണ്‍ ഷിയ ബട്ടർ ഉരുക്കിയതും ഒരു ചെറിയ സ്പൂൺ ഹൊഹോബ ഓയിലും നാലു തുള്ളി റോസ്മേരി ഓയിലും ചേർത്തു യോജിപ്പിക്കുക. ഈ മിശ്രിതം ഒരു കുപ്പിയിലാക്കി വയ്ക്കാം. ഇതു പുരട്ടിയശേഷം മുടി കഴുകണമെന്നില്ല.
പല പ്രശ്നങ്ങൾ, പല എണ്ണകൾ
∙ മുടി വളരാനുള്ള എണ്ണ ഇതാ. 15 ഗ്രാം ത്രിഫല ചൂർണം, 20 ഗ്രാം കറ്റാർവാഴ, 15 ഗ്രാം മൈലാഞ്ചിയില, 10 ഗ്രാം വീതം പൂവാങ്കുരുന്നില, ജീരകം, ചുവന്നുള്ളി എന്നിവ അരച്ചെടുക്കുക. ഇതാണ് കൽക്കം. ഇത് ഒരു ലീറ്റർ വീതം വെളിച്ചെണ്ണ, നീലയമരി സ്വരസം (ഇലകൾ പിഴിഞ്ഞെടുക്കുന്ന നീര്), കയ്യോന്നി സ്വരസം എന്നിവ ചേർത്ത് എണ്ണ കാച്ചുക. കൽക്കം മണൽത്തരി പോലെയാകുന്നതാണു പാകം.
∙ അശോകപ്പൂവു ചേർത്ത വെളിച്ചെണ്ണ ഏഴു ദിവസം വെയിലത്തു വയ്ക്കുക. ഇതില്‍ നിന്ന് ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക. ഇതിൽ രണ്ടു ഗ്രാം കർപ്പൂരം, പകുതി നാരങ്ങയുടെ നീര്, ഒരു മുട്ടയുടെ വെള്ള എന്നിവ ചേർത്തു യോജിപ്പിച്ചു തലയിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞുകഴുകിക്കളയുക.
തല കഴുകാനായി ഉപയോഗിക്കേണ്ടത് എന്തെന്ന് ഇനി പറയാം. 10 ഗ്രാം ഉലുവ ഒരു കപ്പ് കഞ്ഞിവെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഇതു അരച്ചെടുക്കുക. ഇതിലേക്കു വെള്ളമോ കഞ്ഞിവെള്ളമോ പാകത്തിനു ചേർത്തു തല കഴുകുക. താരനകറ്റാൻ മികച്ചതാണിത്.
∙ അകാല നര അകറ്റുന്ന എണ്ണ കാച്ചാം. 10 ഗ്രാം വീതം കരിംജീരകം, കരിവേപ്പില, ത്രിഫല ചൂർണം, ചെമ്പരത്തിയില, അഞ്ചു ഗ്രാം ഉലുവ എന്നിവ അരച്ചെടുക്കുക. കയ്യോന്നി, മൈലാഞ്ചിയില, നീലയമരി എന്നിവയുടെ സ്വരസം ഒരു ലീറ്റർ വീതമെടുക്കുക. ഒരു ലീറ്റർ വെളിച്ചെണ്ണയിൽ അരച്ചെടുത്തതും സ്വരസങ്ങളും ചേർത്ത് എണ്ണ കാച്ചുക. മണല്‍ പാകമാകണം.
∙ മുടി വളരാനും ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്ന ഈ എണ്ണ ‘കാച്ചേണ്ട.’ പകരം 100 മില്ലി വെളിച്ചണ്ണയിലേക്ക്, നാലു ചെമ്പരത്തിപ്പൂവ്, 10 ഗ്രാം വീതം കരിംജീരകം, മഞ്ജിഷ്ഠ, ഉലുവ ആറു ശംഖുപുഷ്പം, രണ്ടു തണ്ടുകറിവേപ്പില എന്നിവയിട്ട് 10 ദിവസം വെയിലത്തു വയ്ക്കുക. ശേഷം അരച്ചെടുത്ത് ഉപയോഗിക്കാം.
ഹെയർ പാക്കുകൾ വേണം
∙ അഞ്ചു ഗ്രാം ചെമ്പരത്തിയില, ആരിവേപ്പില, ഉലുവ ചൂർണം, ത്രിഫല ചൂർണം എന്നിവ എടുത്ത് 25 ഗ്രാം കറ്റാർവാഴ കാമ്പ് ചേർത്തു യോജിപ്പിച്ച് മുടിയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകുക. മുടി കൊഴിച്ചിൽ കുറയ്ക്കാൻ എണ്ണയേക്കാൾ നല്ലതാണ് ഈ ഹെയർ പാക്ക്.
∙ ഒരു ഏത്തപ്പഴം നന്നായി ഉടയ്ക്കുക. ഇതിലേക്ക് ഒരു വലിയ സ്പൂൺ ഒലിവ് ഓയിലും ചേർത്തു തലയിൽ പുരട്ടി 20 മിനിറ്റിനു ശേഷം മുടി കഴുകുക. മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും നല്ലതാണ്.
∙ നാലു വലിയ സ്പൂൺ ഓട്സ് ഒരു കപ്പ് പാലിൽ കുതി ർക്കാൻ വയ്ക്കുക. ഇതു കുഴമ്പു രൂപത്തിൽ അരച്ചെടുത്തശേഷം അൽപം ബദാം എണ്ണ ചേർത്തു യോജിപ്പിക്കണം. ഇതു തലയിൽ പുരട്ടി 30 മിനിറ്റിനുശേഷം കഴുകാം.
∙ ഒരു കപ്പ് തൈരിൽ ഒരു ചെറിയ സ്പൂൺ നാരങ്ങാനീരും ഒരു വലിയ സ്പൂൺ തേനും ചേർത്തു യോജിപ്പിച്ചു തലയിൽ മാസ്ക് ആയി അണിയാം. അര മണിക്കൂറിനു ശേഷം കഴുകാം.
∙ ആരിവേപ്പില പൊടിച്ചതിൽ വെള്ളം ചേർത്തു പേസ്റ്റ് രൂപത്തിലാക്കുക. ഇതു തലയിൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകാം. ശിരോചർമത്തിലെ ചൊറിച്ചിലും താരനും അകറ്റാൻ നല്ലതാണ്. ഒപ്പം മുടി വളരാനും സഹായിക്കും.
∙ ഒരു കപ്പ് വെള്ളത്തിലേക്ക് ഒരു ചെറിയ സ്പൂൺ റോസ്മേരി, രണ്ടു വലിയ സ്പൂൺ ഫ്ലാക്സ് സീഡ്, ഒരു വലിയ സ്പൂൺ ബീറ്റ്‌റൂട്ട് അരച്ചത് എന്നിവ ചേർത്തിളക്കുക. ഇതു നന്നായി തിളപ്പിച്ചെടുക്കുക. ഇനി അരിച്ചെടുത്ത് ഹെയർ മാസ്ക് ആയി ഉപയോഗിക്കാം. 30 മിനിറ്റിനു ശേഷം കഴുകിക്കളയാം.
∙ രണ്ടു വലിയ സ്പൂൺ റോസ്മേരി, ഒരു വലിയ സ്പൂൺ ഉലുവ, രണ്ടു തണ്ട് കറിവേപ്പില എന്നിവ ഒരു കപ്പ് ള്ളത്തിലാക്കി തിളപ്പിച്ചു മുക്കാൽ കപ്പ് ആക്കുക. സ്‌പ്രേ ബോട്ടിലിലാക്കി ഇതു മുടിയിലേക്കു സ്പ്രേ ചെയ്യാം. പിന്നീട് തല മുടി കഴുകിയില്ലെങ്കിലും കുഴപ്പമില്ല.
∙ നാല് ചെമ്പരത്തിയില, രണ്ടു തണ്ടു കറിവേപ്പില, ഒരു വലിയ സ്പൂൺ കരിംജീരകം എന്നിവ അരയ്ക്കുക. ഇതു ഹെയർ പാക്കായി പുരട്ടാം. 20-30 മിനിറ്റിനു ശേഷം തല കഴുകാം.
∙ അരക്കപ്പ് കഞ്ഞിവെള്ളത്തിൽ ഒരു ചെറിയ സ്പൂൺ വീതം ഉലുവ, കരിംജീരകം, ചെറുപയർ എന്നിവ ഒരു രാത്രി മുഴുവൻ കുതിർക്കാനിടുക. പിറ്റേന്ന് ഇത് അരച്ചെടുത്തു തല കഴുകാം. ലയിപ്പിച്ച കഞ്ഞിവെള്ളത്തിൽ തന്നെ തല കഴുകുകയുമാകാം.
∙ തുളസി, ആരിവേപ്പില, മൈലാഞ്ചി എന്നിവ തുല്യ അളവിലെടുത്ത് അരയ്ക്കുക. ഇതു മുടി വളരാനും താരനകറ്റാനും യോജിച്ച ഹെയർ പാക്ക് ആണ്.
∙ കാൽ കപ്പ് തൈരിലേക്ക് ഒരു വലിയ സ്പൂൺ നാരങ്ങാനീരും തേനും ചേർത്തു യോജിപ്പിച്ചു തലയിൽ പുരട്ടാം. 15 മിനിറ്റിനുശേഷം കഴുകാം. കണ്ടീഷനിങ് ഗുണം കൂടി നൽകുന്ന ഹെയർ പാക്ക് ആണിത്.
മുടിക്കു സുഗന്ധം പകരാൻ
∙ അലോവേര ജെൽ ഒരു സ്പ്രേ ബോട്ടിലിലാക്കുക. ഇ ഷ്ടമുള്ള എസൻഷൽ ഓയിൽ നാലോ അഞ്ചോ തുള്ളി ചേർക്കാം. ഇവ യോജിപ്പിച്ച ശേഷം ഫിൽറ്റർ ചെയ്ത വെള്ളം ചേർക്കുക. ഇതു നന്നായി കുലുക്കിയ ശേഷം മുടിയിലേക്ക് സ്പ്രേ ചെയ്യുക.
∙ തലയിൽ പുരട്ടുന്ന ബദാം എണ്ണ, വെളിച്ചെണ്ണ എന്നിവയിൽ അൽപം റോസ്മേരി, ടീ ട്രീ ഓയിൽ, ദേവദാരു എന്നിങ്ങനെയുള്ള എസൻഷൽ ഓയിൽസ് ചേർത്തു തലയില്‍ പുരട്ടുന്നതു മുടിക്കു സുഗന്ധം പകരും.
വിവരങ്ങൾക്കു കടപ്പാട് : ഡോ. ഗൗരി. എം, കോ ഫൗണ്ടർ, സീക്രട്ട് ഹ്യൂസ് എൽഎൽപി ചീഫ് കൺസൽറ്റന്റ്, സീക്രട്ട് ഹ്യൂസ് ആയുർവേദിക് കോസ്മറ്റോളജി ക്ലിനിക്, തിരുവനന്തപുരം