മമ്മൂക്കയുടെ സർപ്രൈസ്... മെസേജ് കണ്ടതും ഡബിൾ ഹാപ്പി: നവീനയെ താരമാക്കിയ ലൈഫ് ട്വിസ്റ്റ് Naveena New face in Mollywood
കലയെ നമ്മൾ ആത്മാർഥമായി സ്നേഹിച്ചാൽ അതു നമ്മളെ കൈവിടില്ല. അതിന് ഉത്തമ ഉദാഹരണമാണ് ‘സ്താനാർത്തി ശ്രീക്കുട്ടന്’ കിട്ടുന്ന കയ്യടി. ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന സിനിമ അതിശയിപ്പിച്ചു’ എന്ന മമ്മൂക്കയുടെ സന്ദേശം കൂടിയായപ്പോൾ ഡബിൾ ഹാപ്പി. മെസേജ് വായിക്കുമ്പോൾ അറിയാതെ മമ്മൂക്കയുടെ ശബ്ദം ഉള്ളിലേക്കു വരും. ആ സിനിമയുടെ ഓരോ ഘട്ടവും വളരെ അടുത്തുനിന്നു കണ്ടതാണ്. സിനിമയിൽ അസിസ്റ്റന്റ് സംവിധായികയായി പ്രവർത്തിച്ചതിനു പുറമേ ചെറിയ വേഷവും ചെയ്തു. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽപ്പോലും സ്കൂളുകളിലെ ഇരിപ്പിട ക്രമീകരണങ്ങളിൽ മാറ്റം വന്നതിൽ സന്തോഷം. ഇത്രയേറെ കലാപ്രാധാന്യമുള്ള സിനിമ തിയറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ വന്നതിൽ ഞങ്ങൾക്കു നിരാശയുണ്ടായിരുന്നു. ഒടിടിയിൽ എത്തിയതോടെ സിനിമ കൂടുതൽ ചർച്ച ചെയ്യപ്പെട്ടു.
വറീതിന്റെ ഭാര്യ
2022ൽ ആഷിഖ് അബുവിന്റെ നാരദനിലൂടെയാണ് എന്റെ സിനിമാസ്വപ്നം യാഥാർഥ്യമാകുന്നത്. ബൊഗെയ്ൻവില്ലയിൽ ഞാൻ അവതരിപ്പിച്ച വറീതിന്റെ ഭാര്യ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ്. അഞ്ചു മിനിറ്റ് മാത്രമാണു വന്നുപോകുന്നതെങ്കിലും ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. ഇതിനിടെ രണ്ടു സിനിമകളിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി. സ്താനാർത്തി ശ്രീക്കുട്ടനിലും സ്‌റ്റോക്ക് ഹോം എന്ന ഷോർട്ഫിലിമിലും. നെറ്റ്ഫ്ലിക്സിന്റെ ടോപ് ടെൻ ഷോർട്ഫിലിം കോണ്ടസ്റ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഷോർട്ഫിലിമാണ് സ്‌റ്റോക്ക്ഹോം. സംവിധാനം ഇഷ്ടമാണെങ്കിലും പൂർണമായി അതിലേക്കു തിരിയുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. അഭിനയമാണു കൂടുതൽ താത്പര്യം. ജോൺപോൾ സംവിധാനം ചെയ്യുന്ന സിനിമയും അരുൺ പി.ആറിന്റെ വെബ്സീരീസുമാണു വരാനിരിക്കുന്ന ചിത്രങ്ങൾ.
എനിക്കു സിനിമാ നടിയാകണം!
വലുതാകുമ്പോൾ ആരാകണമെന്നു ചോദിച്ചാൽ എനിക്ക് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ, ‘സിനിമാ നടി’. കേൾക്കുന്നവർ ‘ഏഹ്, നീയോ?’ എന്ന് അദ്ഭുതത്തോടെയും കളിയാക്കിയും ചിരിക്കും. അത് കണ്ടും കേട്ടും എനിക്കും തോന്നി. ഞാൻ സിനിമാനടിയാകില്ലെന്ന്. പക്ഷേ, നാടകം സ്വന്തം തട്ടകമായി തോന്നിയതു കൊണ്ട് അതു വിട്ടില്ല. ഡിഗ്രി കഴിഞ്ഞു കോഴിക്കോട് പ്രസ്ക്ലബിൽ നിന്നു പിജി ഡിപ്ലോമ ജേണലിസം പാസായി. തൊട്ടുപിന്നാലെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നു തിയറ്ററിൽ ബിരുദാനന്തര ബിരുദം നേടി. ഈ യാത്രയിൽ ഒരു കലാകാരിയെന്ന നിലയിൽ ഞാൻ പരിവർത്തനപ്പെട്ടുവെന്നു പറയാം. സത്യത്തിൽ അതിനുശേഷമാണ് അഭിനയത്തെ ഗൗരവത്തോടെ സമീപിച്ചു തുടങ്ങിയത്. ഇന്ന് എന്റെ പേരും മുഖവും സ്ക്രീനിൽ തെളിയുമ്പോൾ പലരും ചോദിക്കുന്നുണ്ട്. ‘ ആഹാ.. നീയോ’. ആ ചോദ്യത്തിൽ അമ്പരപ്പും സ്നേഹവുമുണ്ട്. അതൊരു സന്തോഷം.
എന്നിലെ നാടകപ്രേമി
കോഴിക്കോട് പെരുമണ്ണയാണെന്റെ നാട്. അച്ഛന്‍ ഗോപാലകൃഷ്ണൻ അധ്യാപകനായിരുന്നു. അമ്മ സുഹാസിനി നഴ്സും. നല്ല വായനക്കാരനും അഭിനേതാവും എഴുത്തുകാരനുമായ അച്ഛനാണ് എന്നെ ആദ്യമായി നാടക ക്യാംപിൽ കൊണ്ടുപോകുന്നത്. അഞ്ചാം ക്ലാസിൽ തുടങ്ങിയതാണ് നാടകാഭിനയം. സോവിയറ്റ് സ്‌റ്റേഷൻകടവ് എന്ന നാടകം 2023 ഇറ്റ്ഫോക്കിൽ (ഇന്റർനാഷനൽ തിയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള) തിരഞ്ഞെടുക്കപ്പെട്ടു. ആ വേദിയിൽ നാടകം അവതരിപ്പിക്കാനും സാധിച്ചു. ഇതൊക്കെയാണെങ്കിലും കല തൊഴിലാക്കിയവരാരും കുടുംബത്തില്ല. അതുകൊണ്ടു സ്ഥിരവരുമാനമുള്ള മറ്റൊരു ജോലിക്കൊപ്പം അഭിനയം കൊണ്ടുപോയാൽപ്പോരേ എന്ന ചോദ്യം ഇടയ്ക്കൊക്കെ തലപൊക്കാറുണ്ട്.