അന്ന് പറഞ്ഞത് ആ സന്ദർഭത്തിലുണ്ടായ നിരാശയിൽ, അതോർക്കുമ്പോൾ നടി എന്ന രീതിയിൽ നിരാശ തോന്നും; റിമ പറയുന്നു Rima Kallingal Reflects on 16 Years in Malayalam Cinema
‘‘ഒരു ബെസ്റ്റ് ആക്ട്രസ് അവാർഡ് കിട്ടിയിട്ടുണ്ട് എനിക്ക്. ആരെങ്കിലും അതിനെക്കുറിച്ച് എന്നോട് ചോദിച്ചോ ? ഞാനൊരു ആർടിസ്റ്റ് ആണ് ആദ്യം. അതെല്ലാവരും മറന്നു പോയി എന്നുള്ളതുണ്ടല്ലോ, ആ പോയിന്റിലാണ് ഞാൻ നിൽക്കുന്നത് ലൈഫിൽ. അത്രയേ എനിക്ക് പറയാനുള്ളൂ.’’ മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് വാങ്ങിയ ശേഷം റിമ പറഞ്ഞ വാക്കുകളാണിത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെല്ലാം സിനിമയിലെ പോരാട്ടങ്ങളെക്കുറിച്ചു മാത്രമായപ്പോൾ റിമയുടെ മറുചോദ്യമായിരുന്നു അത്.
‘‘ഞാനത് ആലോചിച്ചു പറഞ്ഞതൊന്നുമല്ല. മീഡിയയെ കുറ്റപ്പെടുത്തിയതും അല്ല. ആ സന്ദർഭത്തിലുണ്ടായ നിരാശയിൽ നിന്നാണ് അങ്ങനെയൊരു ചോദ്യം വന്നത്. ഈ വർഷം ‘തിയറ്റർ’ എന്ന സിനിമയിൽ അഭിനയിക്കാൻ സാധിച്ചു. അതിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് കിട്ടി. അതൊരു ചെറിയ കാര്യമായി തോന്നിയില്ല. ആ അവാർഡ് വാങ്ങി വേദിയിൽ നിന്നു പുറത്തേക്കു വന്നപ്പോഴാണ് അതേക്കുറിച്ച് ഒരു ചോദ്യം പോലും ഉണ്ടാകാതിരുന്നത്.
അവരുടെ ചോദ്യങ്ങളൊന്നും പ്രസക്തമല്ല എന്നല്ല. ഇതിപ്പോൾ പത്തു വർഷമായി ഒരേ ചോദ്യം ഒരേ ഉത്തരം പറഞ്ഞു കൊണ്ടിരിക്കുകയാണ്. അത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ഉത്തരവാദിത്തമുണ്ട് താനും. എന്നാലും അതു മാത്രമല്ലല്ലോ എന്റെ വ്യക്തിത്വം. അതോർക്കുമ്പോൾ നടി എന്ന രീതിയിൽ നിരാശ തോന്നും.
അപൂർവമായി മാത്രമേ തിയറ്റർ പോലൊരു സിനിമ തേടി വരികയുള്ളൂ. ഒറ്റപ്പെട്ട ദ്വീപിൽ ജീവിച്ചിരുന്ന ഒരമ്മയുടെയും മകളുടെയും കഥയാണ്. അവരുടെ ജീവിതം പെട്ടെന്നൊരു ദിവസം വൈറലാവുന്നു. പ്രേക്ഷകർ പറഞ്ഞു പറഞ്ഞേ പലപ്പോഴും ഈ രീതിയിലുള്ള സിനിമകൾ ജനങ്ങളിലേക്ക് എത്തൂ. അതുകൊണ്ടാണ് ആ അവാർഡ് അത്രയും പ്രിയപ്പെട്ടതാവുന്നതും. കുട്ടിക്കാലം തൊട്ടേ ഉള്ള പാഷൻ ഡാൻസായിരുന്നു. അതിനൊപ്പം പിന്നീട് സിനിമയും വന്നു. ആ മോഹത്തിനു കിട്ടുന്ന അംഗീകാരം എപ്പോഴും പ്രിയപ്പെട്ടതു തന്നെയാണ്.
പതിനാറു വർഷത്തെ സിനിമാ യാത്രയോട് നന്ദി മാത്രമേയുള്ളൂ. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണു സിനിമയിലെത്തിയത്. കഥാപാത്രങ്ങളെങ്ങനെ തിരഞ്ഞെടുക്കണം എന്നു കൂടി അറിയില്ലായിരുന്നു. വിജയങ്ങളും പരാജയങ്ങളും ഉണ്ടായി. അതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണം എന്നും അറിയില്ലായിരുന്നു. വീണും വീണ്ടും എഴുന്നേറ്റു നടന്നും പിന്നെയും കാലിടറിയും അങ്ങനെയാണു മുന്നോട്ടു പോയത്...’’ റിമയുടെ സിനിമയും പോരാട്ടങ്ങളും നിറഞ്ഞ അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം (നവംബർ 8– 21) വനിതയിൽ വായിക്കാം.