പ്രേമലുവിലെ ജസ്റ്റ് കിഡ്ഡിങ് ആദിയിലൂടെ മലയാളത്തിന്റെ ഹൃദയത്തിൽ ഇടം നേടിയ നടനാണു ശ്യാം മോഹൻ. സിനിമയിൽ ഫ്രണ്ട്സ് ഗ്യാങ്ങിനു മുന്നിൽ പാട്ടു പാടി ഷൈൻ ചെയ്ത ആദിയെ ഓർമയില്ലേ. ആ പാട്ടു ശ്യാം ചുമ്മാതങ്ങു പാടിയതല്ല. പാട്ടിനോടുള്ള ഇഷ്ടം കൊണ്ടു പലവട്ടം പാട്ടുപഠനം തുടങ്ങിയ കഥ ശ്യാം വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

‘‘പാട്ടിനോടുള്ള ഇഷ്ടം കണ്ടു മുംബൈയിൽ വച്ച് അമ്മായി എന്നെ ഹിന്ദുസ്ഥാനി ക്ലാസ്സിൽ ചേർത്തു. പക്ഷേ, രണ്ടുമാസം കൊണ്ടുതന്നെ അതു നിർത്തി, മടിയായിരുന്നു കാരണം. കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം ഇവിടെ പാട്ടു ക്ലാസ്സിനു ചേർന്നെങ്കിലും അതും നിർത്തി. റിക്കോർഡിൽ കേൾക്കുന്നത് അതേപടി പാടാൻ ശ്രമിക്കും എന്നല്ലാതെ സ്വരങ്ങളോ രാഗമോ ഒന്നും അറിയില്ല. പക്ഷേ, പാടാൻ അതൊന്നും തടസ്സമായില്ല.

ADVERTISEMENT

സ്മ്യൂൾ പാട്ടുകൾ ഹിറ്റായതോടെ എല്ലാ ദിവസവും പുതിയ പാട്ടുകൾ പഠിച്ചു പാടുന്നതു ഹരമായി. അതിനൊപ്പം കയ്യിലുള്ള മിമിക്രി കൂടി ചേർത്തു കോമഡി മ്യൂസിക് കണ്ടന്റുകളുണ്ടാക്കി. അങ്ങനെയൊരു വിഡിയോ കണ്ടിട്ട് ഗായകൻ ജി. വേണുഗോപാൽ സാറിന്റെ മെസേജ് വന്നു, ‘ഒന്നിച്ചൊരു വിഡിയോ ചെയ്താലോ?’ വലിയ അഭിമാനത്തോടെയാണ് അദ്ദേഹത്തോടൊപ്പം വിഡിയോ ചെയ്തത്. അന്നു സാറിന്റെ വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചാണു പിരിഞ്ഞത്.’’

പാട്ടിനോടുള്ള ഇഷ്ടം ശ്യാമിന്റെ ജീവിതത്തിൽ മറ്റൊരു ട്വിസ്റ്റുമുണ്ടാക്കി. ജീവിതപങ്കാളി ഗോപികയെ ശ്യാം കണ്ടുമുട്ടിയതും പാട്ടിലൂടെ. ‘‘ഗോപികയെ പരിചയപ്പെട്ടതും സ്മ്യൂളിലൂടെയാണ്. പാതിരാമഴ ഏതോ... എന്ന പാട്ട് സ്മ്യൂളിൽ ഞങ്ങൾ കൊളാബറേഷൻ ചെയ്തു. നന്നായി പാടുന്ന കുട്ടി എന്ന സ്നേഹം കൊണ്ടാണു ഗോപികയെ ഞങ്ങളുടെ ഗ്രൂപ്പിൽ ചേർത്തത്. പിന്നെ ഞങ്ങൾ തുടങ്ങിയ ബാൻഡിലും ഗോപികയുണ്ടായിരുന്നു.

ADVERTISEMENT

ആ സമയത്തു ഗോപികയുടെ അച്ഛൻ ജീവിച്ചിരിപ്പില്ല. 2020ൽ അവളുടെ അമ്മയും മരിച്ചു. ആകെ വിഷമിച്ചിരുന്ന അവളോടു ‘പോരുന്നോ എന്റെ കൂടെ...’ എന്നങ്ങു ചോദിച്ചു. ഒരുമിച്ചു ജീവിക്കാമെന്നു തീരുമാനിച്ച ശേഷം പാട്ടും അഭിനയവുമായി മുന്നോട്ടു പോകാൻ ധൈര്യം തന്നത് അവളാണ്,’’ പാട്ടിലലിയും പോലെ ശ്യാം പറഞ്ഞു.

ADVERTISEMENT
ADVERTISEMENT