‘മേള’യെന്ന സിനിമയിലൂടെ മമ്മൂട്ടി അഭിനയത്തിന്റെ ആകാശപാതയിലേക്കുള്ള പടി കയറി തുടങ്ങിയിട്ടേയുള്ളൂ. ‘മഞ്ഞി ൽ വിരിഞ്ഞ പൂക്കളി’ൽ മോഹൻലാൽ ബുള്ളറ്റിന്റെ കിക്കർ അടിച്ചു നക്ഷത്രലോകത്തേക്കു പുറപ്പെടാൻ ഒരുങ്ങുന്നേയുള്ളൂ. അശോകൻ അപ്പോഴേക്കും പത്മരാജന്റെ രണ്ടു സിനിമകൾക്കു ശേഷം കെ.ജി. ജോർജിന്റെ യവനികയിലേക്ക് എത്തിക്കഴിഞ്ഞു. ആരും കൊതിക്കുന്ന തുടക്കം, വേഗം.
‘യവനിക’യുെട ലൊക്കേഷൻ. മമ്മൂട്ടിയും അശോകനും ഒരേ ഹോട്ടലിലെ അടുത്തടുത്ത മുറികളിലാണു താമസം. ഒരു ദിവസം ലൊക്കേഷനിലേക്കു പോകാനായി വാതിൽ തുറന്ന് ഇറങ്ങിയ അശോകൻ കണ്ടത് വരാന്തയിൽ നിൽക്കുന്ന മമ്മൂട്ടിയെ ആണ്. കള്ളിമുണ്ട് മടക്കിക്കുത്തിയിട്ടുണ്ട്. മമ്മൂട്ടി ചോദിച്ചു, ‘തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നതു മോഹൻ ആണല്ലേ?’
അശോകൻ അതറിഞ്ഞിരുന്നില്ല. ഇടവേള എന്ന ആ സിനിമയുടെ തിരക്കഥാകൃത്ത് പത്മരാജനായിരുന്നു. അശോകൻ ഉടൻ അദ്ദേഹത്തെ വിളിക്കുന്നു. സംഭവം ശരിയാണ്. പക്ഷേ, രണ്ടു ദിവസത്തിനുള്ളിൽ എത്തണം. ആ കാര്യം കെ.ജി. ജോർജിനോടു പത്മരാജൻ വിളിച്ചു പറയുന്നു. അദ്ദേഹം അശോകന്റെ രംഗങ്ങൾ പെട്ടെന്നു ചിത്രീകരിച്ച് ‘ഇടവേള’യുടെ ലൊക്കേഷനിലേക്ക് അയയ്ക്കുന്നു...
ഒരു തുടക്കക്കാരന് ഇത്ര പരിഗണനയും സ്നേഹവുമൊക്കെ അന്നു കിട്ടുന്നതു കണ്ടാകാം, യാത്ര പറയാൻ നേരം അശോകന്റെ കൈപിടിച്ചു മമ്മൂട്ടി പറഞ്ഞു. ‘എടോ, താൻ ഭാഗ്യവാനായ നടനാണ്. തുടക്കത്തിൽ തന്നെ പ്രഗൽഭരുടെ സിനിമയിൽ അഭിനയിക്കാനാകുന്നതു വലിയ കാര്യമാണ്.’
‘‘അതാണ് മമ്മൂക്ക. അന്നും ഇന്നും മനസ്സു തുറന്ന് അഭിനന്ദിക്കാനും അംഗീകരിക്കാനും മടിയില്ല. സിനിമയോടുള്ള അടങ്ങാത്ത മോഹം, ഇ പ്പോഴും അതൊരു തരി പോലും കുറഞ്ഞിട്ടുമില്ല. പപ്പേട്ടന്റെ തിരക്കഥയിൽ ഞാൻ വീണ്ടും അഭിനയിക്കുന്നു എന്ന വാർത്ത എനിക്കു മുന്നേ മമ്മൂക്ക അറിഞ്ഞു.‘നൻപകൽ നേരത്ത്’ അഭിനയിക്കുമ്പോഴും ആ മനസ്സിന് ഒരു മാറ്റവുമില്ലെന്നു തിരിച്ചറിഞ്ഞു.’’പകൽ മയങ്ങിയ നേരത്തു ചെന്നൈയിലെ ഫ്ലാറ്റിലിരുന്ന് അശോകൻ ഒാർമക്കടലിലേക്കു കൊച്ചുവള്ളവും എടുത്തിറങ്ങി.
പതിവു പോലെ ‘നൻപകൽ നേരത്തു മയക്ക’ത്തിലെ റേഷൻകടക്കാരനിലേക്കും എത്തിപ്പെടുകയായിരുന്നില്ലേ?
44 വർഷം. സിനിമയുടെ ഒാരത്ത് ഇങ്ങനെയെങ്കിലും നിൽക്കാനായല്ലോ. അതൊരു ഭാഗ്യമല്ലേ. പല കഥാപാത്രങ്ങളും എനിക്കു വേണ്ടി എഴുതിയതായിരുന്നില്ല. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് അതിലേക്ക് എത്തിപ്പെടുകയായിരുന്നു. ഒരു നടന്റെ നിയോഗമാണത്.
‘ഒരിടത്ത് ഒരു ഫയൽവാനിൽ’ തവളപിടുത്തക്കാരന്റെ റോളായിരുന്നു. പക്ഷേ, കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ട നടന് എത്താനായില്ല. അങ്ങനെ പ്രാധാന്യമുള്ള റോളിലേക്കു ഞാൻ എത്തി. ‘അമരം’ മറ്റൊരു ഉദാഹരമാണ്. വൈശാലിയിൽ അഭിനയിച്ച സഞ്ജയ് മിത്രയാണ് അമരത്തിലെ രാഘവനെ അവതരിപ്പിക്കേണ്ടിയിരുന്നത്. സഞ്ജയ് മഞ്ഞപ്പിത്തം ബാധിച്ചു കിടപ്പിലായി. നിർമാതാവ് ബാബു തിരുവല്ലയും സംവിധായകൻ ജോർജ് കിത്തുവും ആണ് എന്റെ പേര് നിർദേശിച്ചത്. അന്നു ഞാൻ ‘ഇൻ ഹരിഹർ നഗറിന്റെ’ ലൊക്കേഷനിലാണ്. ഭരതൻസർ വിളിച്ചു പറഞ്ഞു, ‘നമുക്ക് ഇവിടൊരു കളിയുണ്ട്. അതു ക ഴിഞ്ഞ് നേരെ ഇങ്ങോട്ടു പോര്...’
‘നൽപകൻ നേരത്ത് മയക്കം’ എനിക്കായി എഴുതപ്പെട്ട കഥാപാത്രമാണ്. കോവിഡിന് ഒരുവർഷം മുൻപു ലിജോ ജോസ് പെല്ലിശേരി ബുൾഡോസർ എന്ന സിനിമയുടെ ക ഥയാണു പറഞ്ഞത്. ആ സിനിമ നടന്നില്ല. പിന്നീടാണു നൻപകലിലെ റേഷൻകടക്കാരനിലേക്ക് എത്തുന്നത്.
ഇപ്പോഴും സിനിമയോടു നോ പറയാറുണ്ടോ?
മുൻപു സിനിമയോടുള്ള മോഹം കൊണ്ടു തിരഞ്ഞെടുപ്പില്ലാതെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോൾ വേണ്ടെന്നു വ യ്ക്കുന്ന ഒരുപാടു കഥാപാത്രങ്ങളുണ്ട്. ഞാൻ ഒരു ഇമേജ് ഉണ്ടാക്കിയിട്ടുണ്ട്. അതു മനസ്സിലാക്കിയവർ വിളിക്കുമ്പോഴേ പോകാനാകൂ. കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പമല്ല. അതുമായി കണക്ട് ചെയ്യാനാകണം.
ഹലോ എന്ന സിനിമയിലേക്കു പ്രൊഡക്ഷൻ മാനേജ ർ വിളിച്ചു. ഒറ്റ സീനേ ഉള്ളൂ എന്നു പറഞ്ഞപ്പോൾ ആദ്യം പറ്റില്ലെന്നാണു പറഞ്ഞത്. വർഷങ്ങളായി അറിയുന്ന റാഫിയും മെക്കാർട്ടിനും ഈ ഒറ്റ സീനിലേക്കു വിളിച്ചല്ലോ എന്ന വിഷമവും തോന്നി. പക്ഷേ, റാഫി വിളിച്ച് ആ റോൾ എഴുതുമ്പോഴേ എന്റെ മുഖമായിരുന്നു മനസ്സിലെന്നു പറഞ്ഞു. തിയറ്ററിൽ കയ്യടി നേടുമെന്നും പറഞ്ഞു. അതോടെ ഞാനെന്തിന് ആ വേഷം ചെയ്യണമെന്നതിന് ഉത്തരം കിട്ടി.
ഇപ്പോഴും സിനിമയിൽ അങ്ങിങ്ങു മുഖം കാണിച്ചു നിൽക്കുന്നത്, ആദ്യകാല സിനിമകളെന്ന സമ്പാദ്യത്തിന്റെ പലിശയാണ്. പത്തു വർഷത്തോളം അഭിനയിക്കാതെ ഇരുന്നിട്ടുണ്ട്. വലിയ ഇടവേളയാണത്. എന്നിട്ടും ഞാൻ സിനിമയിലുണ്ടെന്നു പലർക്കും തോന്നിയിരുന്നു. സിനിമയില്ലാത്തപ്പോൾ വരുമാനം കുറയും. ദൈവം സഹായിച്ചു ജീവിച്ചു പോകാനുള്ള കാര്യങ്ങൾ വീട്ടിലുണ്ടായിരുന്നു.
പുതിയ സിനിമകളിലേക്കെത്തുമ്പോൾ അശോകൻ എന്ന നടനു വന്ന മാറ്റങ്ങൾ എന്തെല്ലാമാണ്?
സിനിമ മാറിയതു പോലെ കാലത്തിനനുസരിച്ചു ഞാനും മാറി. ഇപ്പോൾ ജോലി ചെയ്യുന്നതു ന്യൂ ജനറേഷനൊപ്പമാണ്. എന്നെ ആ കഥാപാത്രങ്ങളിലേക്കു വിളിക്കുമ്പോൾ എ ന്തുകൊണ്ടു വിളിച്ചെന്നതിനുത്തരം അവർക്കുണ്ട്. പെരുവഴിയമ്പലവും പ്രണാമവുമൊക്കെ അവർ കണ്ടിട്ടുണ്ട്. അതിറങ്ങിയ സമയത്ത് അവരിൽ പലരും ജനിച്ചിട്ടു പോലും ഇല്ല. എന്നിട്ടും ആ സിനിമകളെക്കുറിച്ചു സംസാരിക്കുമ്പോൾ എ നിക്കു കിട്ടുന്ന വലിയ അംഗീകാരമല്ലേ?
ഖത്തർ ജയിലിൽ കിടന്നെന്ന വാർത്ത വൈറലായിരുന്നല്ലോ?
1988ൽ നടന്ന സംഭവമാണ്. അതൊരു ചതിയായിരുന്നു. പ്രണാമം എന്ന സിനിമയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന കഥാപാത്രമായാണ് അഭിനയിച്ചത്. അതിന്റെ പേപ്പർ കട്ടിങ് എടുത്തു ഞാൻ മയക്കുമരുന്നുമായി ഖത്തറിൽ വരുന്നുണ്ടെന്നു പൊലീസിനെ ആരോ ധരിപ്പിച്ചു.
കൂട്ടുകാരെ കണ്ടു ഹോട്ടലിൽ എത്തിയപ്പോഴേക്കും മു റി പൊലീസ് സെർച്ച് ചെയ്തിരുന്നു. കൂടുതൽ അന്വേഷണത്തിനായി എന്നെ ജയിലിലേക്കു കൊണ്ടു പോയി. ഒരു കുഞ്ഞു സെൽ. കൊടും ചൂട്. സഹതടവുകാർ രണ്ടു പാക്കിസ്ഥാൻകാരാണ്. ഇനി പുറംലോകം കാണുമോ എന്നു പോലും പേടിയായി. കരച്ചിൽ അടക്കാൻ പറ്റിയില്ല. കുറച്ചു കഴിഞ്ഞു വരാന്തയിൽ ആരോ മലയാളത്തിൽ സംസാരിക്കുന്നതു കേട്ടു. ആ ശബ്ദം അടുത്തടുത്തു വരുന്നു. സമാധാനവും നാണക്കേടും ഒരുമിച്ചു വന്നു. അശോകൻ ഖത്തർ ജയിലിൽ കിടന്നെന്ന വാർത്ത പുറംലോകം അറിഞ്ഞാൽ...
മുഖം കാണാതിരിക്കാനായി ഞാൻ തിരിഞ്ഞിരുന്നു. മൂന്നു നാലു പ്രാവശ്യം അയാൾ വിളിച്ചപ്പോൾ തിരിഞ്ഞു നോക്കേണ്ടി വന്നു. എന്നെ കണ്ടതും ഞെട്ടി അയാള്‍ ചോദിച്ചു. ‘അശോകൻ ചേട്ടനല്ലേ? എന്താണ് സംഭവിച്ചത്?’
ജയിലിൽ ഭക്ഷണവിതരണം നടത്തുന്ന ഒറ്റപ്പാലത്തുകാരന്‍ അസീസ് ആയിരുന്നു അത്. അദ്ദേഹം സമാധാനിപ്പിച്ചു. രാത്രി ഒരുവിധം തള്ളി നീക്കി. പിറ്റേന്ന് ഉച്ചയായപ്പോഴേക്കും പൊലീസുകാർ വന്നു സൗഹൃദഭാവത്തിൽ ചിരിച്ചു.
സ്പോൺസറെത്തി പൊലീസിനോടു കാര്യങ്ങൾ വിശദീകരിച്ചു. ഞാൻ അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകൾ കാണിച്ചു.
അവർക്കറിയാവുന്ന ഒരേയൊരു നടൻ അമിതാഭ് ബച്ചനാണ്. ബച്ചന്റെ ഫ്രണ്ടാണോ എന്നു ചോദിച്ചു. കണ്ടിട്ടു പോലും ഇല്ലെങ്കിലും ഭയങ്കര ഫ്രണ്ട്സാണെന്നു പറഞ്ഞു. ഒടുവിൽ സത്യം അവര്‍ തിരിച്ചറിഞ്ഞു ക്ഷമ ചോദിച്ചു. അവരുടെ അതിഥിയായി രണ്ടു ദിവസം താമസിക്കണമെന്നു പറഞ്ഞെങ്കിലും ജീവനും കൊണ്ടു ഞാൻ രക്ഷപ്പെട്ടു.
ചുമരുകളിലെ പെയ്ന്റിങുകളിൽ ശ്രീജയുടെ പേരുകാണുന്നുണ്ടല്ലോ. ചിത്രകാരിയാണോ?
ശ്രീജ: വലിയ ചിത്രകാരിയൊന്നും അല്ല. വടപളനിയിൽ ആർട് സെന്റർ ഉണ്ട്. ഒഴിവുസമയം ചെലവഴിക്കാന്‍ പഠിച്ചതാണെങ്കിലും വരച്ചു വന്നപ്പോൾ നല്ലതായി തോന്നി. അ ങ്ങനെ ഫ്രെയിം ചെയ്തു വച്ചു.
അശോകൻ: കുടുംബത്തിന്റെ പിന്തുണയില്ലെങ്കിൽ ഒരു ജോലിയിലും പിടിച്ചു നിൽക്കാനാവില്ല. അഭിനയത്തിൽ പ്രത്യേകിച്ചും. വീട്ടിലെ കുഞ്ഞു കാര്യങ്ങൾ പറഞ്ഞു ശ്രീജയും മകളും എന്നെ കുഴപ്പിക്കാറില്ല.
ശ്രീജ: ഞങ്ങളുടെ കല്യാണത്തിനും പത്മരാജനമ്മാവനുമായി കണക്‌ഷനുണ്ട്. എന്റെ ബന്ധുവായിരുന്നു അദ്ദേഹം. പയ്യൻ സിനിമയിൽ ആയതുകൊണ്ടു വിവാഹം കഴിച്ചു കൊടുക്കുന്നതിനോടു പേടിയുണ്ടായിരുന്നു വീട്ടിൽ.
അപ്പോൾ പത്മരാജനമ്മാവന്റെ അമ്മ പറഞ്ഞു, ‘മോളേ നീ വിഷമിക്കേണ്ട. അവൻ നമ്മുടെ കൊച്ചനാണ്.’ സിനിമയിലും ജീവിതത്തിലും ആ പേര് അത്രയ്ക്ക് അടുത്തു നിൽക്കുന്നത് ഒരു നിയോഗമായി തോന്നാറുണ്ട്.
ഇത്ര മുതിർന്ന മകളുടെ അച്ഛനാണെന്നു തോന്നുകയില്ല..
അശോകന്‍: ആ പക്വത ഇല്ലെന്നാണോ ഉദ്ദേശിച്ചത്. ഇത്രയും മുതിർന്ന മകളുണ്ടോ എന്നു ചിലർ ചോദിക്കാറുണ്ട്. അതു കേൾക്കുമ്പോൾ ഒരു രസമൊക്കെയുണ്ട്.
മകൾ കാർത്യായനി െഎടി മേഖലയിലാണു ജോലി ചെയ്യുന്നത്. അവൾ സിനിമയുടെ ഏതെങ്കിലും മേഖലയിലേക്കെത്തുമോ എന്നു പലരും ചോദിക്കാറുണ്ട്. യാതൊരു സാധ്യതയുമില്ല എന്നാണ് അവളുെട എപ്പോഴത്തേയും ഉത്തരം.
അശോകൻ എന്ന വാക്കിന് ശോകമില്ലാത്തവന്‍ എന്നാണ് അ ർഥം, ജീവിതത്തിലോ?
കണ്ണുകളുടെ പ്രത്യേകതയെ കുറിച്ചു പലരും പറഞ്ഞിട്ടുണ്ട്. കണ്ണിൽ പലപ്പോഴും ദുഃഖമാണല്ലോ എന്നും ചോദിച്ചിട്ടുമുണ്ട്. പക്ഷേ, മനസ്സിൽ അതില്ല, അധികം ആഗ്രഹങ്ങളില്ലാത്തതു കൊണ്ടാകാം. നാൽപ്പത്തിനാലു വർഷം സിനിമയുടെ കരയിൽ നിൽക്കാനായതു പൂർവികരുടെ പുണ്യം കൊണ്ടാണ്. ദൈവത്തിന്റെ കടാക്ഷമാണ്.
വിജീഷ് ഗോപിനാഥ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ