Saturday 03 September 2022 02:30 PM IST

‘നിങ്ങളുടെ ഭാര്യയാണ് അന്യപുരുഷനെ ചുംബിച്ചതെങ്കിലോ’: ലിപ് ലോക്ക് വിവാദം... ദുർഗയും അർജുനും മറുപടി പറയുന്നു

Roopa Thayabji

Sub Editor

durga-cover

ദുർഗ കൃഷ്ണ സിനിമയിലെത്തിയിട്ട് അഞ്ചുവർഷമേ ആയുള്ളൂ. പക്ഷേ, ഒരു ലിപ് ലോക്കിന്റെ ചൂടു മാറും മുൻപേ സിനിമയിലെ കിടപ്പറരംഗം കൂടി ‘ബിറ്റു’കളായി പ്രചരിച്ച് ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. ‘‘സിനിമ സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന എനിക്ക് ആദ്യമൊക്കെ ഇമേജ് പേടിയായിരുന്നു. സ്ലീവ്‌ലെസ് വേഷമിടാൻ മടിച്ച് ഡയലോഗടിച്ചതിന്റെ പേരിൽ വരെ ട്രോൾ കിട്ടി. ഒരുപാട് ആഗ്രഹിച്ചോ, കഷ്ടപ്പെട്ടോ അല്ല സിനിമയിലെത്തിയത്. പക്ഷേ, അഞ്ചുവർഷം കൊണ്ട് സിനിമ എന്നെ മാറ്റി. ഇപ്പോൾ കഥാപാത്രത്തെ മികച്ചതാക്കാൻ എത്ര പരിശ്രമിക്കാനും മടിയില്ല. അതിന്റെ പേരിൽ വരുന്ന ഗോസിപ്പുകളെ പേടിയുമില്ല.’’ ഭർത്താവ് അർജുൻ രവീന്ദ്രന്റെ കൈപിടിച്ച് ദുർഗ പറഞ്ഞു.

ഒരേ നിറമുള്ള കോസ്റ്റ്യൂമിൽ അർജുനൊപ്പം ചിരിച്ച് ദുർഗ ഫ്രെയിമുകളിൽ നിറഞ്ഞു. വിവാഹ ശേഷം ഒന്നിച്ചുള്ള ആദ്യ ഫോട്ടോഷൂട്ടിന്റെ സ ന്തോഷമായിരുന്നു രണ്ടുപേർക്കും. മറുപടികളിലേക്ക് ആ ചിരി നീണ്ടു.

വിവാഹം കഴിഞ്ഞുള്ള ആദ്യ ഫോട്ടോഷൂട്ടാണെന്നോ ?

ദുർഗ: ഒരുപാടു വട്ടം ഫോണിലും മറ്റും ഫോട്ടോയെടുത്തിട്ടുണ്ട്. പക്ഷേ, ഇങ്ങനെ പ്രത്യേകം കോസ്റ്റ്യൂമിൽ മേക്കപ് ചെയ്ത് വരുന്ന ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ ത്രില്ലിലാണ് ‍ഞാൻ. ഇന്നലെ തൊടുപുഴയിൽ നിന്ന് ‍ഡ്രൈവ് ചെയ്തു വരുമ്പോൾ ഉണ്ണിയേട്ടൻ ചോദിച്ചു, ‘കുട്ടിയേ, നമ്മുടെ കല്യാണം കഴിഞ്ഞല്ലേ...’

കല്യാണം കഴിഞ്ഞെന്നു ഞങ്ങൾ രണ്ടുപേർക്കും തോന്നുന്നേയില്ല. അഞ്ചുവർഷത്തെ പ്രണയകാലത്തിന്റെ തുടർച്ച പോലെയാണ് ഇപ്പോഴും. എന്നെ കുഞ്ഞുങ്ങളെ പോലെയാണ് കൊണ്ടുനടക്കുന്നത്. ചിലപ്പോൾ കാലിൽ കയറ്റിനിർത്തി നടത്തിക്കും. മൂന്നു പപ്പീസ് ഉണ്ട് എനിക്ക്, ബെബു, സിരി, റിച്ചി. കൂട്ടത്തിലൊരാൾ ഇപ്പോൾ പ്രഗ്‌നന്റാണ്. എന്നെയും അവരെയും പൊന്നുപോലെയാണ് ഏട്ടൻ നോക്കുന്നത്.

‘കുടുക്ക്’ വിവാദങ്ങളുടെ കുടുക്കായല്ലോ ?

ദുർഗ: പാട്ട് റിലീസായപ്പോൾ തന്നെ വിവാദങ്ങളും ചീത്തവിളിയും കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായ സിനിമയാണ് കുടുക്ക് 2025. വീട്ടുകാരെ വരെ ചിലർ മോശം കമന്റ് ചെയ്തു. അതു കണ്ട് ‘കുടുക്ക്’ ടീമിനെ ഗ്രൂപ് കോൾ ചെയ്തു വഴക്കുണ്ടാക്കി. ‘സിനിമ ചെയ്തതിന്റെ പേരിൽ ഞാൻ നേരിടുന്ന ടെൻഷൻ മാനേജ് ചെയ്യാൻ നിങ്ങൾക്കും ഉത്തരവാദിത്തമില്ലേ...’ തൊട്ടു പിന്നാലെ ഓരോരുത്തരായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു.

‘ലിപ്‌ലോക്കിൽ ഒന്നിച്ചഭിനയിച്ച ഞാൻ സന്തോഷത്തോടെ കുട്ടിയെയും കളിപ്പിച്ച് വീട്ടിലിരിക്കുന്നു. കൂടെ അഭിനയിച്ച പെൺകുട്ടി ഇപ്പോഴും വിമർശനങ്ങൾക്ക് മറുപടി പറയുന്നു’ എന്ന കൃഷ്ണശങ്കറിന്റെ പോസ്റ്റ് വൈറലായി. അതിനു താഴെ ഒരാൾ വന്നു ചോദിച്ചത്, ‘നിങ്ങളുടെ ഭാര്യയാണ് അന്യപുരുഷനെ ചുംബിച്ചതെങ്കിലോ’ എന്നാണ്. അപ്പോൾ പ്രശ്നം ഉമ്മയല്ല, സ്ത്രീയാണ്. ഏതു കാര്യവും പെണ്ണ് ചെയ്താലാണ് കുറ്റമാകുന്നത്. അതിനു പിന്നിലെ ചിന്ത എന്താണെന്നു മനസ്സിലാകുന്നില്ല.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ഓഗസ്റ്റ് അവസാന ലക്കത്തിൽ

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ