Thursday 16 February 2023 12:48 PM IST

‘ഷൂട്ടിങ് കാണാൻ വന്ന സ്ത്രീ പേടിപ്പിച്ചു, പുലിയുള്ള കാടാണത്രേ...’: കാട്ടിലെ ഫൈറ്റ് സീൻ: മാളികപ്പുറത്തിലെ തഗ് ബഡ്ഡീസ്

Roopa Thayabji

Sub Editor

malikappuram-kids

നാലാം ക്ലാസ്സിലെ കലപിലയാണു മുന്നിൽ. ഏതോ എൽപി സ്കൂളാണെന്നു കരുതല്ലേ. വനിതയുടെ കൊച്ചി സ്റ്റുഡിയോയാണു രംഗം. മുന്നിലുള്ളതു മാളികപ്പുറം സിനിമയിലൂടെ മലയാളികളുടെ കണ്ണിലുണ്ണികളായ ‘തഗ്ഗ്’ ശ്രീപതും ‘ക്യൂട്ട് ബേബി’ ദേവനന്ദയും. കുസൃതി കാട്ടിയും പരസ്പരം കൗണ്ടറുകളെറിഞ്ഞും ക്യാമറയ്ക്കു മുന്നിൽ കുറുമ്പു നിറച്ച ഇവരുടെ വിശേഷങ്ങൾ കേൾക്കാൻ ‘പ്രസന്റ് ടീച്ചർ...’ പറഞ്ഞു വന്നോളൂ.

അറ്റൻഡൻസ് പ്ലീസ്

ശ്രീ: കണ്ണൂർ ആണ് എന്റെ സ്വന്തം നാട്. പയ്യന്നൂർ ജിഎൽപിഎസ്, മാതമംഗലത്തിൽ നാലാം ക്ലാസ്സിലാണു പഠിക്കുന്നത്. ഈ സിനിമ റിലീസായപ്പോൾ മുതൽ പ്രമോഷനും തിയറ്റർ വിസിറ്റുമൊക്കെയായി കൊച്ചിയിൽ തന്നെയുണ്ട്. കൃത്യമായി പറഞ്ഞാൽ ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞു സ്കൂളിലേക്കു പോയിട്ടേയില്ല.

ദേവു: കൊച്ചിക്കാരിയാണു ഞാൻ. കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ നാലാം ക്ലാസിലാണു പഠിക്കുന്നത്. ഇതെന്റെ പന്ത്രണ്ടാമത്തെ സിനിമയാണ്.

പാഠം 1 : ആദ്യ ചാൻസ്

ശ്രീ: അച്ഛന് അഭിനയിക്കാനൊക്കെ വലിയ ഇ ഷ്ടമാണ്. ഞാൻ ചെയ്ത ഒരു ടിക്ടോക് വിഡിയോ അച്ഛൻ സോഷ്യൽമീഡിയയിലിട്ടു. അതിനു നല്ല അഭിപ്രായം കിട്ടി. അങ്ങനെ‘ബ്ലൂടൂത്ത്’ എന്ന മ്യൂസിക് ആൽബത്തിൽ അവസരം കിട്ടി.

അതിനു ശേഷമാണ് ‘ത തവളയുടെ ത’ ഓഡിഷനു പോയത്. കുട്ടികളുടെ സിനിമയാണത്, പ്രധാനവേഷം ചെയ്യുന്ന മൂന്നുനാലു പേരിൽ ഒരാളായി അഭിനയിച്ചു. പിന്നെയാണു ‘കുമാരി.’ അതിലെ ചൊക്കൻ എന്ന കഥാപാത്രത്തിനു നല്ല റീച്ച് കിട്ടി.

ദേവു: അപ്പോൾ ചാത്തനെ പേടിയില്ലേ ?

ശ്രീ: ‘മൈ ഡിയർ കുട്ടിച്ചാത്ത’നൊക്കെ കണ്ടപ്പോൾ ഞാൻ കരുതിയതു ചാത്തൻ കൂട്ടുകൂടുന്ന കുട്ടിയാണെന്നാ. പിന്നെ, ‘കുമാരി’ റിലീസായപ്പോഴാണ് ആ ളു ഡെയ്ഞ്ചറാണെന്നു മനസ്സിലായത്. പക്ഷേ, ചാത്തനെ പേടിയില്ല, സത്യം.

ദേവു: അച്ഛന്റെ ഫെയ്സ്ബുക്കിൽ, ഞാൻ കുഞ്ഞായിരുന്നപ്പോഴുള്ള ഫോട്ടോ കണ്ടിട്ടാണ് ആദ്യത്തെ ഷോർട് ഫിലിമിൽ അവസരം കിട്ടിയത്. അതിനു പിന്നാലെ കുട്ടികളുടെ ഫാഷൻ ഷോയിൽ മത്സരിച്ചു വിജയിച്ചു. ആ പോസ്റ്ററുകളിൽ കണ്ടാണു‘തൊട്ടപ്പ’ന്റെ സംവിധായകൻ വിളിച്ചത്. അതിൽ നായികയുടെ കുട്ടിക്കാലം അഭിനയിക്കാൻ.

പിന്നെയാണു 2018. ആ സിനിമ കോവിഡും ലോ ക് ഡൗണുമൊക്കെയായി കുറേക്കാലം നീണ്ടു. ഇതിനിടയിൽ അഭിനയിച്ച മൈ സാന്റാ, മിന്നൽ മുരളി, ആറാട്ട്, ഹെവൻ, ടീച്ചർ ഒക്കെ റിലീസായി. ഇനി വ രാനുള്ളത് ‘നെയ്മറും’ ‘സോമന്റെ കൃതാവു’മാണ്.

പാഠം 2 : സ്റ്റാർട്ട്... ആക്‌ഷൻ

ശ്രീ: ‘കുമാരി’യിൽ വെള്ളത്തിൽ വീഴുന്ന സീൻ ഉ ണ്ടെന്നു കേട്ടപ്പോൾ അച്ഛനും അച്ചച്ചനും കൂടി നാട്ടിലെ ഒരു കുളത്തിൽ നീന്തൽ പഠിപ്പിച്ചു. അതുകൊണ്ട് ആ സീനൊക്കെ ഈസിയായി ചെയ്തു.

പക്ഷേ, അബദ്ധം പറ്റിയതു തിയറ്ററിൽ സിനിമ കണ്ടപ്പോഴാണ്. ‘എന്റെ ഏട്ടനെ കൊല്ലുന്നേ’ എന്നു പറഞ്ഞ് അനിയത്തിവാവ അലറിക്കരഞ്ഞു. അതോടെ ഇറങ്ങി പോരേണ്ടി വന്നു.

ദേവു: അപ്പോൾ പിന്നെ സിനിമ കണ്ടില്ലേ ?

ശ്രീ: പിന്നില്ലാതെ. അവളെ കൂട്ടാതെ പോയി നാലുവട്ടം കണ്ടു. ഹി, ഹി. ‘മാളികപ്പുറം’ അവൾക്കൊപ്പമാണു കാണാൻ പോയത്. അതിൽ കൂട്ടുകാരിയെ പിടിച്ച് ഓടുന്ന സീൻ അവൾക്കു വലിയ ഇഷ്ടമായി. അത് എത്ര ടേക്കെടുത്തിട്ടാണ് ഓക്കെയാക്കിയത് എന്നു നമുക്കല്ലേ അറിയൂ.

ദേവു: കൂടുതൽ ടേക്കെടുത്ത കാര്യം പറഞ്ഞാൽ ഓർമ വരുന്നത് ‘മൈ സാന്റ’യാണ്. അതിലെ ക്ലാസ്മുറിയിൽ വീഴുന്ന സീനിൽ ആദ്യം വീണപ്പോൾ തന്നെ ശരിക്കും വേദനിച്ചു. അതോടെ പേടിയായി. എട്ടാമത്തെ വീഴ്ചയ്ക്കു മുൻപു സംവിധായകൻ ഒരു ഓഫർ വ ച്ചു, നന്നായി വീഴുകയാണെങ്കിൽ എല്ലാവരും കയ്യടിക്കും. ആ ക്ലാപ്സ് പ്രതീക്ഷിച്ചുള്ള അടുത്ത ടേക് ഓക്കെ. ആ ഐഡിയ നേരത്തേ തോന്നിയില്ലല്ലോ.

ശ്രീ: എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നല്ലേ...

പാഠം 3 : മാളികപ്പുറം

ശ്രീ: ശബരിമലയിൽ പോണമെന്ന ആഗ്രഹം അച്ഛനോടു പറഞ്ഞതിന്റെ പിറ്റേന്നാണു കോൾ വന്നത്, ഈ സിനിമയിലേക്കുള്ള ഓഫർ. കഴിഞ്ഞ സെപ്റ്റംബറിലാണു ഷൂട്ടിങ് തുടങ്ങിയത്. ആ 50 ദിവസവും വ്രതമെടുത്തു.

ഷൂട്ടിങ്ങിനിടെ കന്നിമാസ പൂജയ്ക്കായി നടതുറന്നപ്പോൾ ഞങ്ങൾ രണ്ടും മലചവിട്ടി. പിന്നെ, തുലാമാസത്തിലും അയ്യപ്പസ്വാമിയെ കണ്ടു.

ദേവു: സീസൺ അല്ലെങ്കിലും എന്തൊരു തിരക്കാണെന്നോ ശബരിമലയിൽ. നെയ്യഭിഷേകത്തിന്റെ സമയത്താണു ഞങ്ങൾ ചെല്ലുന്നത്. ഞങ്ങളെ രണ്ടുപേരെയും നേരേ മുന്നിൽ കൊണ്ടു നിർത്തി. കുറേ സമയം തൊഴുതു.

ശ്രീ: കല്ലേലി ഫോറസ്റ്റിലാണ് ഫൈറ്റ് സീൻ എടുത്തത്. പത്തനംതിട്ടയിൽ എവിടെ പാമ്പിനെ പിടിച്ചാലും കൊണ്ടു വിടുന്നത് അവിടെയാണ്. പക്ഷേ, ഷൂട്ടിങ്ങിനിടെ ഒറ്റ പാ മ്പിനെ പോലും കണ്ടില്ല.

ഒരു ദിവസം ഷൂട്ടിങ് കാണാൻ വന്ന സ്ത്രീ പേടിപ്പിച്ചു, പുലിയുള്ള കാടാണ്, ആന പോകുന്ന വഴിയുമാണ്, സൂക്ഷിക്കണം. അവസാന ദിവസം ഷൂട്ട് കഴിഞ്ഞ് എല്ലാവരും തിരിച്ചിറങ്ങിയതിനു പിന്നാലെ ആന വന്നു, ഭക്ഷണപാത്രങ്ങളും ഷീറ്റുമൊക്കെ തട്ടി തെറിപ്പിച്ചു.

ദേവു: സിനിമ റിലീസായ പിറകേ പന്തളം കൊട്ടാരത്തിൽ വച്ചു സ്വീകരണം കിട്ടി. പൂജാമുറിയിലെ അയ്യപ്പവിഗ്രഹവും തിരുവാഭരണങ്ങളുമൊക്കെ കാണിച്ചു തന്നു.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ