Monday 13 June 2022 10:57 AM IST

‘ഇതുപോലൊരാളെ മോൾക്ക് കിട്ടിയെങ്കിൽ എന്നു ചിന്തിച്ചുവത്രേ, ദൈവം അമ്മയുടെ ആ പ്രാർഥന കേട്ടുകാണും’

Roopa Thayabji

Sub Editor

mythili-vanitha

ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നുന്ന മുഖമാണ് മൈഥിലിക്ക്. പതിഞ്ഞ ശബ്ദത്തിൽ വർത്തമാനം പറഞ്ഞും ഉറക്കെ ചിരിച്ചും ഹൃദയം കവരുന്ന കൗതുകക്കണ്ണുള്ള പെൺകുട്ടി. പക്ഷേ, ആരോപണങ്ങളെയും തരംതാഴ്ത്തലുകളെയും ചങ്കൂറ്റത്തോടെ നേരി ട്ട ധീരമുഖം കൂടിയുണ്ട് മൈഥിലിക്ക്. ആ തിളക്കമുള്ള പെരുമാറ്റമാണ് സമ്പത്തിന്റെ മനസ്സു കീഴടക്കിയത്. ഏതു വേവിലും നോവാത്ത പക്വതയും.

ബെംഗളൂരുവിലെ ബിസിനസ് ചർച്ച കഴിഞ്ഞ് കൊച്ചിയിൽ എത്തിയതേയുള്ളൂ മൈഥിലിയും സമ്പത്തും. മഴച്ചാറ്റലിന്റെ തണുപ്പിൽ സമ്പത്തിനെ ചേ ർന്നുനിന്ന മൈഥിലിയുടെ കണ്ണിൽ നിറയെ സ്മൈലികൾ പൂത്തു നിൽക്കും പോലെ.

അഭിമുഖത്തിനിരിക്കുമ്പോൾ സമ്പത്തിന്റെ ക യ്യിൽ മുറുകെ പിടിച്ചു മൈഥിലി. ‘‘ജീവിതം പലപ്പോഴും ഭാഗ്യം തട്ടിക്കളഞ്ഞിട്ടുണ്ട്. സമ്പത്തും ഞാനും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നെയാണ് പ്രണയത്തിലായത്. ആ നിമിഷം തന്നെ തീരുമാനിച്ചു, ഇത്രയും സ്നേഹിക്കുന്നൊരാളെ ഒരിക്കലും വിട്ടുകളയില്ല.’’ ആ തോളിലേക്കു ചാഞ്ഞ് ഓർമകളുടെ ഫ്ലാഷ്ബാക്കിലേക്ക് ഇരുവരും പോയി.

പറയൂ, എവിടെ വച്ചാണ് നിങ്ങൾ ആദ്യം കണ്ടത് ?

മൈഥിലി: അതൊരു മരത്തിന്റെ മുകളിൽ വച്ചാണ്. നഗരത്തിരക്കിൽ നിന്നു മാറി ജീവിക്കാൻ കുറച്ചു സ്ഥലം വാങ്ങണമെന്നാണ് മോഹിച്ചാണ് രണ്ടു വർഷം മുൻപ് കൊടൈക്കനാലിലേക്കു പോയത്. അവിടുത്തെ മുൻസിഫ് ലോയർ ഞങ്ങളുടെ മെന്റർ കൂടിയാണ്. ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ തോട്ടത്തിൽ ട്രീഹൗസിന്റെ പണി നടക്കുന്നു. വലിയൊരു കുന്നു കയറി വേണം അവിടെയെത്താൻ. ചെന്നപ്പോൾ അതാ, സുന്ദരനായ ഒരു ചെറുപ്പക്കാരൻ.

സമ്പത്ത്: കോഴിക്കോടാണ് എന്റെ സ്വദേശം, അച്ഛൻ വസന്തകുമാർ, അമ്മ സബിത. മെക്കാനിക്കൽ എൻജിനിയറിങ്ങും ബിഎസ്‌സി ഇന്റീരിയർ ഡിസൈനിങ്ങുമൊക്കെയാണ് പഠിച്ചത്. കൊടൈക്കനാലിലെ എലിഫന്റ് വാലിയിൽ 150 ഏക്കറോളം പരന്നുകിടക്കുന്ന തോട്ടത്തിലാണ് രണ്ടു ട്രീഹൗസ് ഉള്ള ആ പ്രോജക്ട്. ആ മലമുകളിൽ വച്ചാണ് ബ്രൈറ്റിയെ (മൈഥിലി) ആദ്യമായി കണ്ടത്.

mythili

എന്നിട്ടു സ്ഥലം വാങ്ങിയോ ?

മൈഥിലി: ആനകളും മാനുകളുമുള്ള കാട്ടുപ്രദേശമാണ്. പല സ്ഥലത്തും ചെന്നാൽ തിരിച്ചു വരാൻ തോന്നില്ല. കാട്ടിനുള്ളിൽ ഒരു അരുവിയുണ്ട്. ഒരു ദിവസം വെറുതേ നടക്കാൻ പോയ എന്നെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ തിരക്കി ആളുവന്നു. അരുവിയിലേക്ക് കാലും നീട്ടി സ്വപ്നം കണ്ടിരിക്കുകയായിരുന്നു ഞാൻ. സ്വർഗം പോലെയുള്ള അവിടെ വച്ചല്ലേ ഞങ്ങളുടെ പ്രണയം തുടങ്ങിയതും, പിന്നെ സ്ഥലം വാങ്ങാതിരിക്കുമോ.

അവിടെ നിന്ന് ഒന്നര കിലോമീറ്റർ കൂടി ദൂരമുണ്ട് ഞാൻ വാങ്ങിയ തോട്ടത്തിലേക്ക്. കാപ്പിയും കുരുമുളകും അവക്കാഡോയും ഒക്കെയാണ് ഇപ്പോഴവിടെ കൃഷി ചെയ്യുന്നത്. സമ്പത്തു കൂടി ജീവിതത്തിലേക്ക് വന്നതോടെ ഫാം ടൂറിസം പ്രോജക്ട് പോലെ ഗസ്റ്റ് ഹൗസും ട്രീഹൗസുമൊക്കെ പണിയണമെന്നാണ് മോഹം.

mythili-2

ആരാണ് ഇഷ്ടം ആദ്യം തുറന്നു പറഞ്ഞത് ?

മൈഥിലി: സ്ഥലം നോക്കാൻ പോയപ്പോൾ സമ്പത്താണ് ഞങ്ങളുടെ കൂടെ വന്നത്. ആ യാത്രകൾക്കിടെ സംസാരിച്ച് പരസ്പരം ഇഷ്ടം വന്നിരുന്നു. ഒരു ദിവസം പെട്ടെന്ന് സമ്പത്ത് ചോദിച്ചു, നമുക്ക് കല്യാണം കഴിച്ചാലോ എന്ന്.

അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ കിട്ടിയ മറുപടി കേട്ട് ഞാൻ ഞെട്ടി. ആദ്യം കണ്ടപ്പോൾ തന്നെ ഇതുപോലൊരാളെ മോൾക്ക് കിട്ടിയെങ്കിൽ എന്നു ചിന്തിച്ചുവത്രേ. ദൈവം അമ്മയുടെ ആ പ്രാർഥന കേട്ടുകാണും, അനുഗ്രഹം പോലെയാണ് സമ്പത്ത് എന്റെ ജീവിതത്തിലേക്കു വ ന്നത്.

സമ്പത്ത്: ആ യാത്രകളും ഹംസമായി വന്ന ‘പെപ്പറു’മാണ് ഞങ്ങളുടെ പ്രണയത്തിനു പാലമിട്ടത്.

പെപ്പറോ, അതാരാ ?

മൈഥിലി: ഞങ്ങളുടെ പെറ്റ് ഡോഗാണ്. സ്ഥലം റജിസ്റ്റർ ചെയ്യുന്നതിന്റെ തലേദിവസം ഞങ്ങൾ പീത്‌സ കഴിക്കാൻ പോയി. വിവേക് അങ്കിളിന്റെ റസ്റ്ററന്റാണത്. അങ്കിളിന് പല ബ്രീഡുകളിലുള്ള പട്ടികളുണ്ട്. നായ്ക്കളോടുള്ള എ ന്റെ ഇഷ്ടം കണ്ട് ഒന്നിനെ അഡോപ്റ്റ് ചെയ്യുന്നോ എന്ന് അങ്കിൾ ചോദിച്ചു, അപ്പോൾ തന്നെ ഞാൻ സമ്മതിച്ചു.

പക്ഷേ, പിറ്റേന്നു തന്നെ എനിക്ക് നാട്ടിലേക്ക് വരേണ്ടി വന്നു. സമ്പത്താണ് അപ്പോൾ ‘പെപ്പറി’നെ നോക്കിയത്. അവന്റെ വിശേഷം ചോദിക്കാൻ ഞാൻ പതിവായി വിളിക്കും. അവനെ കാണാനെന്ന മട്ടിൽ ഇടയ്ക്കു കൊടൈക്കനാലിലേക്കും പോകും.

നടി ആയ മൈഥിലിയെ പരിചയമുണ്ടായിരുന്നോ ?

സമ്പത്ത്: നടിയെന്ന നിലയിൽ മൈഥിലിയെ എനിക്ക് അത്ര പരിചയമില്ല. കാണുമ്പോൾ പെട്ടെന്ന് ഇഷ്ടം തോന്നുന്ന, വളരെ ബ്രൈറ്റ് ആയ ബ്രൈറ്റി എന്ന പെൺകുട്ടിയെയാണ് പരിചയം. മൈഥിലിയുടെ ‘പാലേരിമാണിക്യവും’ ‘സോൾട്ട് ആൻഡ് പെപ്പറും’ ‘ഈ അടുത്ത കാലത്തു’മൊക്കെയേ കണ്ടിട്ടുള്ളൂ. സിനിമക്കാരെ കുറിച്ചും കേട്ടറിവേ ഉള്ളൂ.

ഞങ്ങളുടെ ഇഷ്ടം വീട്ടിൽ അവതരിപ്പിക്കുമ്പോൾ പ ക്ഷേ, ഒട്ടും ആശങ്ക തോന്നിയില്ല. പപ്പയും അമ്മയുമൊക്കെ നിറഞ്ഞ മനസ്സോടെ സപ്പോർട് ചെയ്തു. ഇപ്പോൾ ബ്രൈറ്റിയാണ് അവരുടെ ഇഷ്ടക്കുട്ടി.

കൊടൈക്കനാലിൽ വച്ച് ഡെസ്റ്റിനേഷൻ വെഡിങ് നടത്താനായിരുന്നു ഞങ്ങളുടെ പ്ലാൻ. അതിനു വേണ്ടി ആറു മാസം കൊണ്ട് ഫാംഹൗസ് തയാറാക്കാനും ഒരുങ്ങി. പക്ഷേ, നല്ല കാര്യങ്ങൾ എന്തിനാ നീട്ടിവയ്ക്കുന്നത് എന്നാണ് അച്ഛനും അമ്മയും ചോദിച്ചത്. അങ്ങനെയാണ് ബ്രൈറ്റിയുടെ സഹോദരനും കുടുംബവുമൊക്കെ അ മേരിക്കയിൽ നിന്നു വരുന്ന സമയം നോക്കി ഈ ഏപ്രി ൽ 28നു വിവാഹം നടത്തിയത്.

ഗുരുവായൂരിൽ കല്യാണം നടത്തണമെന്ന് രണ്ടു വീട്ടുകാരുടെയും മോഹമായിരുന്നു. കല്യാണം കഴിഞ്ഞ് കോഴിക്കോട് ബന്ധുക്കളുടെ അടുത്ത് പോയി. അടുത്ത ട്രിപ് അമേരിക്കയിലേക്കാണ്, ബ്രൈറ്റിയുടെ ചേട്ടൻ ബിപിന്റെ കുടുംബത്തിനൊപ്പം കുറച്ചുദിവസം നിൽക്കണം. അവൾക്ക് അച്ഛന്റെ സ്ഥാനത്താണ് ചേട്ടൻ.

രൂപാ ദയാബ്ജി

ഫോട്ടോ: ബേസിൽ പൗലോ

ലൊക്കേഷൻ: Port Muziris, നെടുമ്പാശേരി