Thursday 07 July 2022 11:15 AM IST

‘ആകെ പോയത് ഒരു പെണ്ണുകാണൽ ചടങ്ങിനു മാത്രം, ആ പെൺകുട്ടിയെ തന്നെ വിവാഹവും കഴിച്ചു’: ജീവിതകഥ പറഞ്ഞ് വി.ഡി

Vijeesh Gopinath

Senior Sub Editor

vd-satheeshan-vanitha ഭാര്യ ലക്ഷ്മിപ്രിയയ്ക്കും മകൾ ഉണ്ണിമായയ്ക്കും ഒപ്പം.

നെട്ടൂരിലെ വീട്ടിൽ നിന്ന് നാലു കിലോമീറ്റർ നടന്നാണ് വി.ഡി. സതീശൻ പനങ്ങാട് ഹൈസ്ക്കൂളിലേക്ക് പോയിരുന്നത്. സ്കൂളിലേക്കുള്ള വഴിയുടെ ഇ രുവശവും ആകാശം തൊട്ട് നിൽക്കുന്ന നല്ല മൂവാണ്ടൻ മാവുകളുണ്ട്. ഉന്നത്തിൽ എന്നും സതീശനായിരുന്നു ‘ഫസ്റ്റ് റാങ്ക്’. തുഞ്ചത്തുള്ള ഏതു മാങ്ങയും എറിഞ്ഞിടുന്ന ‘കൈ’ക്കരുത്ത്.

ഉന്നം ഇന്നും വി.ഡി സതീശൻ മറന്നിട്ടില്ല. വാക്കിന്റെ ഉന്നം പിടി ച്ചുള്ള ഏറു കൊണ്ട് വോട്ട് െപട്ടിയിൽ വീണത് തൃക്കാക്കരയിൽ ക ണ്ടതാണല്ലോ. എതിരാളികളുടെ മനസ്സിലേക്കുള്ള വാക്കിന്റെ കല്ലേറ് അത്ര വേഗം മായാത്ത പാടുകളുണ്ടാക്കിയിട്ടുമുണ്ട്.

സ്വർണവും സ്വപ്നയും വാർ‌ത്തകളുടെ ഉമിയിൽ നീറിക്കൊണ്ടിരുന്ന ദിവസങ്ങളിലൊന്ന്. ഞായറാഴ്ചയാണ്. പ്രതിപക്ഷനേതാവ് സ്വന്തം മണ്ഡലമായ പറവൂരിലാണ്. രാവിലെ കുറച്ചു നേരം ഒാഫിസിലുണ്ടാകും. അവിടെ വച്ചു കാണാനായി പറവൂരിലെത്തിയപ്പോഴേക്കും കറുത്ത മാസ്കും കറുത്ത ഉടുപ്പും വഴിതടയലും പിപ്പിടിയുമെല്ലാം കത്തിപ്പടർന്നു. അതോടെ പെട്ടെന്ന് പത്ര സമ്മേളനത്തിനായി കൊച്ചിയിലേക്ക്.

അത് കഴിഞ്ഞ് തിരികെ പറവൂരിലേക്ക്. പ്രതീക്ഷകളും പരാതികളുമായി ഒരുപാടു പേർ ഒാഫിസിൽ കാത്തുനിൽക്കുന്നു. ‘ഇന്നലെ കണ്ടതു പോലെ’ എ ല്ലാവരോടും സതീശൻ സംസാരിക്കുന്നു. എല്ലാം ശ്രദ്ധയോടെ കുറിച്ചെടുക്കുന്നു,

vdsatheeshan-opposition-leader-cover

ഇവരെയെല്ലാം പരിചയമുണ്ടോ? പേരെടുത്തു വിളിക്കുന്നതിൽ എന്തെങ്കിലും തന്ത്രമുണ്ടോ?

ഇതിലൊന്നും രാഷ്ട്രീയം കാണരുത്. ഇവരെല്ലാം കാൽനൂറ്റാണ്ടായി ഹൃദയത്തിനടുത്തു നി ൽക്കുന്നവരാണ്. തുടർച്ചയായി അഞ്ചാം വട്ടമാണ് ഞാൻ ഈ മണ്ഡലത്തിൽ നിന്നു ജ യിച്ചത്. രാഷ്ട്രീയവും സാമൂഹികപ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനവും എല്ലാം ഒന്നാണ്. ജനങ്ങൾക്ക് വേണ്ടിയാണ്.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറായി ഒരമ്മയുടെയും കുഞ്ഞിന്റെയും മുഖം എന്റെ മനസ്സിലുണ്ട്. അവരുടെ ഭർത്താവ് രോഗിയാണ്. ചികിത്സയ്ക്ക് പണമില്ല. വീട്ടിലും പട്ടിണി. അവരുടെയൊക്കെ കണ്ണീരു കാണുമ്പോൾ ജീവിതത്തെ കുറിച്ച് തിരിച്ചറിവുണ്ടാകും.

ഇതൊക്കെ വോട്ടായി മാറും എന്ന് ഒാർക്കാറേയില്ല. എന്റെ ഉത്തരവാദിത്തമാണ്, കടപ്പാടാണ്. 1996 ലാണ് ആ ദ്യമായി പറവൂരിൽ മത്സരിക്കാൻ വരുന്നത്. അന്ന് വെറും പതിനാലു ദിവസമേ ഇവിടെ പ്രവർത്തിക്കാനായുള്ളൂ. എ ന്നിട്ടും സിറ്റിങ് എംഎൽഎയോട് വെറും 1016 വോട്ടിനാണ് തോറ്റത്. തോറ്റിട്ടും പറവൂർ വിട്ടു പോയില്ല. ഇവർക്കൊപ്പം നിന്നു. അന്നുമുതൽ ഇവരുടെ സന്തോഷത്തിലും കണ്ണീരിലും ഞാനുണ്ട്. ജനങ്ങളുടെ സ്നേഹം മായില്ല. അവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ മനസ്സ് വിതുമ്പും.

പൊതുപ്രവർത്തകൻ കരയുന്നതു പോലും വോട്ടിനു വേണ്ടിയാണെന്നു ചിന്തിക്കുന്നവരില്ലേ?

ആർദ്രത എന്നൊരു വികാരം മനസ്സിലുണ്ടാകണം. അത് വറ്റിക്കഴിഞ്ഞാൽ‌ പൊതുപ്രവർത്തകന്, രാഷ്ട്രീയക്കാരന് പിന്നെ ജനങ്ങൾക്കിടയിൽ നിൽക്കാനാകില്ല എന്നാണ് എന്റെ വിശ്വാസം, ഒപ്പമുള്ളവരോട് ഞാൻ പറയും, സങ്കടങ്ങൾ കേൾക്കാനുള്ള മനസ്സാണ് ആദ്യം വേണ്ടത്. ആ വിഷമങ്ങള്‍ കേട്ടാൽ നമ്മുടെ കണ്ണു നിറയണം. കണ്ണു നിറഞ്ഞില്ലെങ്കിൽ‌ നിങ്ങൾക്കുള്ളിലെ പൊതുപ്രവർത്തകന് എ ന്തോ സംഭവിച്ചു എന്ന് തിരിച്ചറിയാനാകണം.

ജനങ്ങളുടെ സങ്കടങ്ങൾ കണ്ട് കുറ്റബോധം തോന്നിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്. നമ്മുടെ തീരപ്രദേശങ്ങളിൽ പരിതാപകരമായ ജീവിതാവസ്ഥയാണ്. മത്സ്യസമ്പത്തു കുറഞ്ഞു, തീരം കടലെടുത്തുകൊണ്ടേയിരിക്കുന്നു. പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർ...

ഒരു പുനരധിവാസ ക്യാംപിൽ ചെന്നു, കുഞ്ഞു മുറി. നിറയെ ആൾക്കാർ. എല്ലാവരും വീട് നഷ്ടപ്പെട്ടവർ. അവരിൽ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെയുണ്ട്. വീടു കടലെടുത്തു പോയതറിയാതെ കുട്ടികൾ കളിക്കുന്നുണ്ട്. ഉണ്ടാക്കി വച്ച ഭക്ഷണത്തിൽ ഈച്ചയാർക്കുന്നു.

ഞങ്ങളെ കണ്ടതും മുതിർന്നവർ കൂട്ടക്കരച്ചിലായി. പ്രതിപക്ഷത്താണ് ഞങ്ങൾ, ചെയ്യുന്നതിൽ പരിധിയുണ്ട്. എ ന്നാലും ഞങ്ങളും ജനപ്രതിനിധികളല്ലേ? ആ കുറ്റബോധം മനസ്സിലുണ്ടായി. നാലു വർ‌ഷമായി ആ പാവങ്ങൾ അവിടെ നരകിക്കുകയാണ്. കഷ്ടപ്പാടിൽ നിന്ന് രക്ഷിക്കാൻ ഇ നിയും എത്ര ദിവസം എടുക്കും എന്നോർത്തപ്പോൾ വല്ലാത്ത വിഷമമായി.

ഒരു ഫോൺ കോളിൽ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാം എന്നൊക്കെ തോന്നും. പക്ഷേ, ജനപ്രതിനിധിയാ ണെങ്കിലും പലതും പരിഹരിക്കപ്പെടാനാകാതെ നിസ്സഹായനായ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഈ പ്രശ്നം നിയമസഭയിൽ അവതരിപ്പിച്ചപ്പോഴും കണ്ണുകൾ നിറഞ്ഞു.

നെട്ടൂരാണ് ജനിച്ചതെങ്കിലും പറവൂരാണ് മണ്ഡലമെങ്കിലും വി.ഡി. സതീശൻ ജീവിക്കുന്നത് ആലുവ ദേശത്ത്. വീട്ടിലേക്ക് കാര്‍ പായുമ്പോൾ സ്കൂളിലേക്കുള്ള യാത്രകളെക്കുറിച്ചാണ് വി.ഡി. സതീശൻ പറഞ്ഞു കൊണ്ടിരുന്നത്.

രാഷ്ട്രീയക്കൊടി എന്നാണ് മനസ്സിൽ നാട്ടിയത്?

വലിയ കുടുംബമായിരുന്നു ഞങ്ങളുടേത്. ആറുമക്കൾ. അ ച്ഛൻ ദാമോദര മേനോൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്നു. അമ്മ വിലാസിനിയമ്മ. ഇടത്തരം കുടുംബമായിരുന്നു. പക്ഷേ, ആഗ്രഹിച്ചതെല്ലാം കയ്യിൽ കിട്ടിയ കുട്ടിക്കാലമൊന്നുമല്ല.

രാവിലെ അമ്മ മുറ്റത്തേക്കിറങ്ങും. തിരിച്ചു വരുമ്പോൾ ഒരു കറിക്കുള്ള വിഭവം കയ്യിലുണ്ടാകും. ചക്ക, മാങ്ങ, ചേമ്പ്, ചേന, വാഴക്കൂമ്പ്... അങ്ങനെ എന്തും കറിയാകും. ഇ ന്നും മുന്നിൽ‌ ഒരുപാടു വിഭവങ്ങൾ നിരന്നാൽ കഴിക്കാൻ ബുദ്ധിമുട്ടാണ്.

ആറാം ക്ലാസ്സ് വരെ നെട്ടൂർ എസ്.‌വി.‌ യു.പി. സ്കൂളിലാണ് പഠിച്ചത്. പിന്നെ, പനങ്ങാട് ഹൈസ്ക്കൂളിൽ. കൂട്ടുകാരുമൊത്ത് ജാഥയായാണ് പോകുന്നത്. ദിവസം എട്ടു കിലോമീറ്റർ നടത്തം. ചെരിപ്പൊന്നും ഇല്ല. അതൊക്കെ അന്ന് ആർഭാടമാണ്.

കുട്ടിക്കാലം മുതൽക്കേ പത്രം വായിക്കും. വീട്ടിൽ എല്ലാവർക്കും പത്രം കിട്ടുമ്പോൾ തന്നെ വായിക്കണം. അങ്ങനെ രണ്ടു പേജുള്ള ഷീറ്റ് ഒാരോ പേജുകളായി കീറും. എന്നിട്ട് ഒാരോരുത്തരായി വായിക്കും. അങ്ങനെ കുട്ടിക്കാലത്തേ രാഷ്ട്രീയ ബോധത്തോടെയാണ് വളർന്നത്. സ്കൂൾ ലീഡറായിരുന്നു. പക്ഷേ, രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് തേവര എസ്എച്ച് കോളജിൽ വച്ചാണ്.

രാഷ്ട്രീയക്കാരന് അന്ന് ‘പെണ്ണു കിട്ടാൻ’ പ്രയാസമായിരുന്നില്ലേ?

ഞാൻ അന്ന് രാഷ്ട്രീയക്കാരന്‍ മാത്രമല്ല ഹൈക്കോടതി വക്കീൽ കൂടിയാണല്ലോ. ആകെ പോയത് ഒരു െപണ്ണുകാണൽ ചടങ്ങിനു മാത്രമാണ്. ആ പെൺകുട്ടിയെ തന്നെ വിവാഹവും കഴിച്ചു, ആലുവക്കാരിയായ ലക്ഷ്മിപ്രിയ.

ഇലക്ഷനിൽ പരാജയപ്പെട്ട ഉടനെ ആയിരുന്നു വിവാഹം. അഞ്ചു വർഷം ഒരുപാടു പ്രതിസന്ധികളുണ്ടായി. പരാജയപ്പെട്ടെങ്കിലും പറവൂരിൽ തന്നെയായിരുന്നു. നാട്ടുകാർക്കു വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. അന്ന് അത്യാവശ്യം ഫീസൊക്കെ കിട്ടുന്ന തിരക്കുള്ള വക്കീലായിരുന്നു. ജനസേവനവും വക്കീൽ ജോലിയും ഒന്നിച്ചു കൊണ്ടു പോകാനായില്ല. വിവാഹം കഴിഞ്ഞിട്ടേ ഉള്ളൂ. ആവശ്യങ്ങൾ ഒരുപാടുണ്ട്. വരുമാനം വലിയ പ്രശ്നമാണ്.

എങ്കിലും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങി. അടുത്ത തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ സ്ഥാനാർഥിയായി നിൽക്കാനാകും എന്ന് ഒരുറപ്പും ഇല്ല. കോൺഗ്രസ് സംഘടനയിൽ അങ്ങനെ ഒരുറപ്പും പറയാനാകില്ല. ഇലക്ഷനിൽ മറ്റൊരു സ്ഥാനാർഥിയെ നിർത്തിയാൽ പറവൂരിൽ ഞാൻ ആരുമല്ലാതെ ആയേക്കാം. കരിയറും പോകും, പക്ഷേ, വക്കീൽ ജോലി വിട്ട് പറവൂരിലെ ജനങ്ങൾ‌ക്കിടയിൽ നിൽക്കാൻ തീരുമാനിച്ചു.

വീട്ടിലെ പ്രതിപക്ഷനേതാവ് ആരാണ്?

ഉണ്ണിമായ: അച്ഛനെ വിമർശിക്കാറുണ്ട്. നന്നായി വായി ക്കുന്ന ആളാണ് അച്ഛൻ. പുതിയ പുസ്തകങ്ങളെക്കുറിച്ചും സിനിമകളെ കുറിച്ചും ഞാൻ പറഞ്ഞു കൊടുക്കും. മിസ് ചെയ്യരുതാത്ത സിനിമകൾ നിർബന്ധിച്ചു കാണിക്കും.

പുതിയ തലമുറയോടു സംസാരിക്കുമ്പോള്‍ ജനറേഷൻ ഗാപ് അച്ഛനില്ല. പ്രായം നോക്കാതെ എല്ലാവരെയും ഒരുപോലെ കാണും. ‘നിന്നെക്കാളും ഒരുപാട് ഒാണം ഞാൻ കൂടുതൽ ഉണ്ടിട്ടുണ്ട്’ എന്ന ഡയലോഗ് ഒന്നും അ ച്ഛൻ പറയാറില്ല. നല്ല തർക്കങ്ങൾ ഉണ്ടാകും. അതിനിടയിൽ എനിക്ക് ദേഷ്യവും കരച്ചിലും വരും.

പൂർണരൂപം വനിത ജൂൺ–ജൂലൈ ലക്കത്തിൽ

വിജീഷ് ഗോപിനാഥ്

ശ്രീകാന്ത് കളരിക്കൽ