Wednesday 04 December 2019 06:19 PM IST

‘സിനിമാനടന്റെ മോനാണെന്ന ഗമയൊന്നും വേണ്ട, ഇതിനൊക്കെ അപ്പനെ പറഞ്ഞാൽ മതിയല്ലോ’; താടി വിനയായ കഥ പറഞ്ഞ് അർജുൻ!

Roopa Thayabji

Sub Editor

_C2R1741 ഫോട്ടോ: ശ്യാംബാബു

ഹൃദയത്തിൽ നിന്ന് കണ്ണിലേക്കും ചുണ്ടിലേക്കും പടരുന്ന നിറഞ്ഞ ചിരിയാണ് അർജുൻ അശോകന്റെ പ്രത്യേകത. ആദ്യകാഴ്ചയിൽ തന്നെ ഒരുപാട് കാലം പരിചയമുള്ള ഒരാൾ എന്നൊരു തോന്നലുണ്ടാക്കും. അച്ഛൻ ഹരിശ്രീ അശോകന്റെ വഴിയേ സിനിമയിലെത്തിയ അർജുനെ നമ്മുടെ ഹൃദയത്തിൽ എത്തിച്ചതും ആ ചിരി തന്നെ.

‘പറവ’യിലും ‘വരത്തനി’ലും സൈഡ് റോളിൽ ഒതുങ്ങിയെങ്കിലും ‘ബിടെക്കി’ലെയും ‘ഉണ്ട’യിലെയും മുഴുനീള കഥാപാത്രങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും ഇത് നമ്മുടെ ഹരിശ്രീയുടെ മകനല്ലെയെന്ന് ജനം ചോദിച്ചു തുടങ്ങി.

ഇപ്പോൾ ഇതാ, പുതിയ ചിത്രത്തിൽ നായകനാകുന്ന സന്തോഷത്തിലാണ് അർജുൻ. ‘ആദ്യം ചെയ്ത രണ്ടു സിനിമകളും പരാജയപ്പെട്ടെങ്കിലും വിഷമിച്ചിരിക്കാൻ എന്നെ കിട്ടില്ല. പരാജയ കാരണം കണ്ടെത്തി പരിഹരിച്ചു മുന്നോട്ടു പോകുമ്പോഴല്ലേ വിജയത്തിന്റെ മധുരം തേടി വരിക?’ ചിരിച്ചുകൊണ്ട് അർജുൻ അരികിലിരുന്ന ഭാര്യ നികിതയെ നോക്കി.

ആ പരാജയങ്ങളായിരുന്നോ കരിയറിലെയും ജീവിതത്തിലെയും  പ്രധാന ട്വിസ്റ്റ് ?

പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണ് ‘ഓർക്കുട്ട് ഒരു ഓർമക്കൂട്ടി’ൽ അഭിനയിക്കുന്നത്. പിന്നെ അഭിനയിച്ചത് ‘അമ്പാടി ടാക്കീസ് വിൽപനയ്ക്ക്’ എന്ന ചിത്രം. രണ്ടും വിജയം നേടാതെ വന്നപ്പോൾ ബ്രേക്കെടുത്തു. സിനിമ മതിയെന്ന് തീരുമാനിച്ച കാലത്തേ അച്ഛൻ  പറഞ്ഞിരുന്നു, മനസ്സിനിഷ്ടപ്പെട്ട റോളുകൾ വന്നാൽ മാത്രം ചെയ്താൽ മതിയെന്ന്. അപ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ കരിയറിന്റെ ബോണസ് എന്ന്.

ബ്രേക് എടുത്ത് വെറുതെയിരിക്കുകയായിരുന്നില്ല. സംവിധായകരെ നേരിട്ടുകണ്ടു, പോർട്ട്ഫോളിയോ അയച്ചു, കാസ്റ്റിങ് കോളുകൾ കണ്ട് വിളിച്ചു. നല്ല വേഷം മാത്രേ ചെയ്യൂ എന്ന് ഉറപ്പിച്ചിരുന്നു. സൗബിക്ക (സൗബിൻ ഷഹീർ) സിനിമ എടുക്കുന്നു എന്നറിഞ്ഞ് സംവിധാനത്തിൽ അസിസ്റ്റ് ചെയ്യാൻ ചാൻസ് ചോദിച്ചാണ് വിളിച്ചത്. അപ്പോഴാണ് ‘ഒരു റോളുണ്ട്, താടി വളർത്തിക്കോ’ എന്നു പറഞ്ഞത്. പണ്ടേ താടി വ ളർത്തുന്നയാളാണ് ഞാൻ. പിന്നെ ഒരു വർഷം നന്നായി താടി വളർത്തി, അങ്ങനെ ‘പറവ’യിൽ എത്തി.

താടി അപ്പോൾ ഭാഗ്യമായി ?

താടി കൊണ്ട് ഗുണം മാത്രമല്ല, ദോഷവും ഉണ്ടായിട്ടുണ്ട്. ബികോമിന് അഡ്മിഷൻ എടുക്കാൻ ഒരു കോളജിൽ പോയി. അവിടെ ഫോർമൽ ഡ്രസ് വേണമെന്നൊക്കെ നിയമമുണ്ടെന്ന് നമുക്കറിയില്ലല്ലോ. ടീഷർട്ടും ജീൻസുമൊക്കെയിട്ടു പോയ എന്നെ കണ്ട പാടേ പ്രിൻസിപ്പൽ വിളിച്ചു ഫയർ ചെയ്തു. ‘സിനിമാനടന്റെ മോനാണെന്ന ഗമയൊന്നും വേണ്ട, നിന്റെയൊക്കെ അപ്പനെ പറഞ്ഞാൽ മതിയല്ലോ...’ അവിടെ അഡ്മിഷൻ വേണ്ടെന്നു വച്ച് അപ്പോൾ തന്നെ ഇറങ്ങിപ്പോന്നു.

പഠിച്ച കോളജിലും ചെറിയൊരു സംഭവം നടന്നു. ‘അമ്പാടി ടാക്കീസി’നു വേണ്ടി താടി വളർത്തിയത് അച്ചടക്കപ്രശ്നമായി. ഇന്റേണൽ പരീക്ഷ എഴുതുന്നതിനു വരെ താടി തടസ്സമായി. ഇക്കഴിഞ്ഞ വർഷം അതേ കോളജിലെ കോളജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായി വിളിച്ചു. ‘ഇപ്പോഴും താടിയുണ്ട്, വന്നാൽ പ്രശ്നമാകുമോ’ എന്നുചോദിച്ച് ഞാൻ ട്രോളി. എങ്കിലും സന്തോഷത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്.

_C2R1648

അഭിനയം എങ്ങനെയാണ് സ്വപ്നത്തിൽ കയറിയത് ? 

‘പാർവതീ പരിണയ’ത്തിലെ അച്ഛന്റെ കഥാപാത്രം കണ്ട് ത്രില്ലടിച്ച കൂട്ടുകാർ അച്ഛനെ പരിചയപ്പെടാനായി വീട്ടിൽ വന്നു. പക്ഷേ,  അച്ഛൻ വലിയ സീരിയസായി കട്ടിക്കണ്ണടയൊക്കെ വച്ചിരിക്കുകയാണ്. അച്ഛന്റെ കോമഡിയൊക്കെ സിനിമയിലേയുള്ളൂ, വീട്ടിൽ പട്ടാളക്കാരെക്കാൾ സ്ട്രിക്ടാ.

അച്ഛന്റെ ഹിറ്റ് സിനിമകൾ, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, പുലിവാൽ കല്യാണം, പാണ്ടിപ്പട... ഇവയുടെയെല്ലാം ലൊക്കേഷനിൽ ഞാനും പോയിട്ടുണ്ട്. ഷൂട്ടിങ്ങിനു വരുന്ന താരങ്ങളെ കാണാൻ.

‘പുലിവാല്‍ കല്യാണ’ത്തിന്റെ സെറ്റിൽ വച്ച് ഒരു ദിവസം ക്യാമറാമാനായ സുകുമാർ അങ്കിൾ എന്നെ ക്രെയിനിൽ കയറ്റി ക്യാമറയിലൂടെ നോക്കിപ്പിച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമയാണത്. അഭിനയമോഹത്തെ കുറിച്ച് ആദ്യം പറഞ്ഞത് കൂട്ടുകാരോടാണ്. അവരാണ് പോർട്ഫോളിയോ ചെയ്യാനൊക്കെ പ്രോത്സാഹിപ്പിച്ചത്. പിന്നെ ഒരു സിനിമയിലേക്ക് കാസ്റ്റിങ് കോൾ കണ്ടപ്പോൾ ‘ഒന്നു വിളിക്കാമോ’ എന്ന് അച്ഛനോട് ചോദിച്ചു.

‘വരത്തനി’ൽ വില്ലൻമാരുടെ ഒപ്പമായിരുന്നല്ലോ ?

അമലേട്ടന്റെ (അമൽ നീരദ്) സിനിമയിലേക്ക് മുൻപ് പോർട്ഫോളിയോ ഒക്കെ അയച്ചിരുന്നു, പക്ഷേ, ആ പ്രോജക്ട് നടന്നില്ല. ‘പറവ’ കഴിഞ്ഞ സമയത്താണ് പിന്നീട് അമലേട്ടൻ വിളിക്കുന്നത്. ആ സമയത്ത് കാർ വാഷ് ബിസിനസുണ്ട് എനിക്ക്. സാധാരണ അതിന്റെ കാര്യം പറയാനാണ് വിളിക്കാറ്. വീട്ടിലേക്കു ചെല്ലാൻ പറഞ്ഞപ്പോൾ എന്തെങ്കിലും പ്രശ്നമാണോ എന്നറിയാൻ സൗബിക്കയെ വിളിച്ചു. ‘അമലേട്ടന് എന്തോ പറയാനുണ്ടെന്നും പെട്ടെന്ന് ചെല്ലാനും’ സൗബിക്ക പറഞ്ഞു. അങ്ങനെ ചെന്നപ്പോഴാണ് ‘വരത്ത’ന്റെ കഥ പറയുന്നത്. വില്ലൻ കഥാപാത്രമാണെന്നും താൽപര്യമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതിയെന്നും അമലേട്ടൻ പറഞ്ഞു. പക്ഷേ, ആ കഥാപാത്രം ഏറ്റെടുക്കുന്നതിനെ പറ്റി രണ്ടാമതൊന്ന് ആലോചിച്ചില്ല. സിനിമ കണ്ടിട്ട് ചിലർ മെസേജ് അയച്ചു, ‘നിന്നെ കയ്യിൽ കിട്ടിയാൽ തല അടിച്ചുപൊട്ടിക്കുമെന്ന്.’

ലാലേട്ടന്റെ അഭിനയത്തെ കുറിച്ച് വലിയ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്, കഥാപാത്രത്തിന്റെ ഐക്യു ലെവൽ വരെ കണക്കുകൂട്ടിയിട്ടാണ് അദ്ദേഹം അഭിനയിക്കുന്നതെന്ന്. അങ്ങനെ കഥാപാത്രമായി മാറാനൊന്നും നമുക്ക് പറ്റില്ലെങ്കിലും കിട്ടുന്ന വെറൈറ്റി റോളുകളൊക്കെ ചെയ്യണമെന്നാണ് മോഹം.

പഠിത്തത്തിനും സിനിമയ്ക്കുമിടയിൽ ബിസിനസും?

ഡിഗ്രി പരീക്ഷ കഴിഞ്ഞപ്പോൾ മൂന്നു സപ്ലി ബാക്കിയുണ്ട്. പക്ഷേ, അച്ഛനോട് പറയാൻ പറ്റില്ല. ബികോം കഴിഞ്ഞ് ഒരു വർഷം ബ്രേക്കെടുത്തു. ഇത്രയും വർഷം പഠിച്ച് ക്ഷീണിച്ചതു കൊണ്ടാണെന്നേ വീട്ടിൽ പറഞ്ഞുള്ളൂ. എംബിഎ ചെയ്യുന്നതിനെ കുറിച്ച് വീട്ടിൽ സംസാരം വന്നപ്പോൾ ‘എന്നെ പഠിപ്പിക്കാനുള്ള പൈസ തന്നാൽ ബിസിനസ് ചെയ്തു ലാഭം തരാ’മെന്നു കണ്ണുമടച്ചു പറഞ്ഞതു മാത്രമേ ഓർമയുള്ളൂ, അച്ഛൻ കട്ട സപ്പോർട്ട്. അങ്ങനെ ഞാനും മറ്റു രണ്ടുപേരും ചേർന്ന് ‘കാർ ബാത്’ എന്ന കാർവാഷ് സ്ഥാപനം തുടങ്ങി. ആദ്യ ബിസിനസിലെ ലാഭം വച്ച് ‘സെഡാർ’ എന്ന കൺസ്ട്രക്‌ഷൻ കമ്പനിയും ‘പേസ്ട്രി’ എന്ന പാക്ക്ഡ് ഫൂഡ് ബിസിനസും തുടങ്ങി. മൂന്നും ഇപ്പോൾ നന്നായി പോകുന്നുണ്ട്.

എനിക്ക് 18 വയസ്സ് തികഞ്ഞപ്പോൾ ഐ20 കാർ സമ്മാനിച്ച ആളാണ് അച്ഛൻ. എന്നോടു കാണിച്ച വിശ്വാസം ഇന്നുവരെ ഞാനും കാത്തു. ഇക്കഴിഞ്ഞ സെപ്റ്റംബർ 16ന് അച്ഛന്റെ അറുപതാം പിറന്നാൾ ആയിരുന്നു. ഞാൻ സർപ്രൈസ് ഗിഫ്റ്റ് ആയി കൊടുത്തത് ഒരു പുത്തൻ ഇന്നോവ.  

_C2R1572

‘ഉണ്ട’യിൽ മമ്മൂക്കയ്ക്കൊപ്പം തകർത്തല്ലോ ?

ആ എക്സൈറ്റ്മെന്റ് ഇപ്പോഴും തീർന്നിട്ടില്ല. മുൻപ് പനമ്പിള്ളി നഗറിലൂടെ പോകുമ്പോൾ വണ്ടി ചുമ്മാ മമ്മൂക്കയുടെ വീടിനു ചുറ്റും വലംവയ്ക്കുമായിരുന്നു. അത്ര കട്ട മമ്മൂക്ക ഫാനാണ്. ‘പോക്കിരിരാജ’ റിലീസായ സമയത്ത് ഞാൻ പത്താംക്ലാസിലാ. റിലീസിനു മമ്മൂട്ടി ഫാൻസ് നടത്തിയ റാലിയുടെ പിന്നാലെ സ്കൂൾ യൂണിഫോമിൽ ഞാനും പോയിട്ടുണ്ട്. തിയറ്ററിലെ ബെല്ലാരി രാജ എഫക്ടിൽ വലിച്ചുകീറി പറത്തിയെറിഞ്ഞത് മോഡൽ പരീക്ഷയുടെ ഉത്തരക്കടലാസായിരുന്നു.

ചേച്ചിയുടെ കല്യാണം ക്ഷണിക്കാൻ വേണ്ടിയാണ് ആദ്യമായി അച്ഛനൊപ്പം മമ്മൂക്കയുടെ വീട്ടിൽ പോയത്. പിന്നീട് കാർ വാഷ് ബിസിനസ് തുടങ്ങിയപ്പോൾ ലോഗോ ലോഞ്ച് ചെയ്തത് മമ്മൂക്കയാണ്. ‘പറവ’ ചെയ്യുന്ന സമയത്ത് ദുൽഖറുമായും നല്ല കമ്പനിയായി. ‘ഉണ്ട’യിൽ എന്റെ രംഗങ്ങളെല്ലാം മമ്മൂക്കയ്ക്കൊപ്പമായിരുന്നു. ഡയലോഗ് പറയുമ്പോൾ ടൈമിങ് നന്നാക്കണമെന്നു മമ്മൂക്കയാണ് പറഞ്ഞുതന്നത്. സിനിമയിൽ ‘എന്റെ പിള്ളേർ’ എന്നു മമ്മൂക്കയുടെ കഥാപാത്രം പറയുന്ന രംഗത്തിൽ എനിക്കു മാത്രമല്ല, കൂടെയുള്ളവർക്കും ആ ഫീൽ കിട്ടിക്കാണും. മോഡൽ പരീക്ഷാ പേപ്പർ കീറിയെറിഞ്ഞ അതേ തിയറ്ററിലിരുന്നാണ് ഞാൻ ‘ഉണ്ട’ കണ്ടത്.

വരാനിരിക്കുന്ന രാജീവ് രവിയുടെ ‘തുറമുഖ’ത്തിലും അൻവർ റഷീദിന്റെ ‘ട്രാൻസി’ലുമൊക്കെ നല്ല റോളാണ്. നടൻ ദിലീപേട്ടൻ നിർമിച്ച് അനിയനായ അനൂപേട്ടൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ആണ് നായകനാകുന്നത്.

സിനിമയിൽ പാടുകയും ചെയ്തല്ലോ ?

അച്ഛൻ സംവിധാനം ചെയ്ത ‘ഒരു ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി’യിലാണ് പാടിയത്. സിനിമയുടെ പണികൾ നടക്കുന്നതിനിടെയാണ്, ‘ഒരു പാട്ടുണ്ട്, നീ പാടുന്നോ’ എന്ന് അച്ഛൻ ചോദിച്ചത്. പാടാം എന്നു പറഞ്ഞ ശേഷമാണ് ടെൻഷൻ വന്നത്. വലിയ സംഗതികളൊന്നും ഇല്ലാത്തതു കൊണ്ട് കൂളായി റെക്കോർഡിങ് കഴിഞ്ഞു. ചെറുപ്പത്തിൽ പാട്ട് പഠിച്ചിട്ടുണ്ടെങ്കിലും അതൊന്നും സീരിയസായിരുന്നില്ല. പാട്ടായാലും ക്യാമറയായാലും സംവിധാനമായാലും എല്ലാമൊന്നു ശ്രമിച്ചു നോക്കാമെന്ന മനസ്സുണ്ട്, അത്രമാത്രം. പാട്ടു കേട്ടിട്ട് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.

ഒൻപതു വർഷത്തെ പ്രണയമാണ് നികിതയുമായി ?

വടുതല ചിന്മയ വിദ്യാലയത്തിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് നികിതയെ ആദ്യം കാണുന്നത്, അന്നവൾ പത്താം ക്ലാസിലാ. സ്കൂളിലെ വൈസ് ക്യാപ്റ്റനാണ് ഞാനന്ന്. അടുത്ത വർഷം ക്യാപ്റ്റനാകേണ്ടതുകൊണ്ട് ആറുമാസം ഇഷ്ടം പറയാതെ മനസ്സിൽ വച്ചു.

അമീൻ എന്ന കൂട്ടുകാരനാണ് നികിതയ്ക്ക് എന്നോടും ഇഷ്ടമുണ്ടെന്നു കണ്ടുപിടിച്ചത്. അതറിഞ്ഞതിന്റെ പിറ്റേന്ന് തന്നെ പ്രപ്പോസ് ചെയ്തു. പ്രണയം തുടങ്ങിയ കാലത്ത് അമ്മയ്ക്ക് നികിതയുടെ ഫോട്ടോ കാണിച്ചുകൊടുത്തിട്ട് ‘ഇതാണ് ഭാവി മരുമകൾ’ എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ, ഞങ്ങളൊന്നിച്ചുളള ഫോട്ടോ ഫെയ്സ്ബുക്കിൽ കണ്ടിട്ട് അവളുടെ വീട്ടിൽ പ്രശ്നമായി. തിരുവല്ലക്കാരാണ് നികിതയുടെ കുടുംബം. അച്ഛൻ ഗണേശിന് ജ്വല്ലറി ബിസിനസാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊച്ചിയിലേക്കു വന്ന നികിതയ്ക്ക് നാടിനെ കുറിച്ച് വലിയ ‘നൊസ്റ്റു’ ആയിരുന്നു. തിരുവല്ലയിൽ ഫ്ലാറ്റ് വാങ്ങി കൊടുക്കാമെന്ന് അന്നു വാക്കു കൊടുത്തിരുന്നു, പക്ഷേ, ഇതുവരെ പാലിച്ചിട്ടില്ല.

കല്യാണം ഇത്തിരി നേരത്തേ ആയില്ലേ ?

നികിതയുടെ അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടേണ്ടി വരുമെന്ന് ചിന്തിച്ചിരിക്കുകയായിരുന്നു. 25 വയസ്സിനുള്ളിൽ കല്യാണം കഴിഞ്ഞില്ലെങ്കിൽ പിന്നെ 32 വയസ്സ് കഴിഞ്ഞേ പറ്റൂവെന്ന് എന്റെ ജാതകത്തിലുമുണ്ട്. ‘ബിടെക്കി’ന്റെ ഷൂട്ടിങ് കഴിഞ്ഞ് ബെംഗളൂരുവിൽ നിന്നു വരുമ്പോഴാണ് അവളുടെ കോൾ, കല്യാണം ഉറപ്പിച്ചെന്ന്. ‘ആരുമായിട്ട്, ആരോടു ചോദിച്ചിട്ട്...’ ഞാൻ ചൂടായി. പ്രണയിക്കുന്ന കാലത്തും ഇപ്പോഴും നികിതയ്ക്ക് ഒട്ടും ഇഷ്ടമില്ലാത്തത് എന്റെയീ ദേഷ്യമാണ്. ചെറിയ കാര്യത്തിനു പോലും പെട്ടെന്നു ദേഷ്യം വരും, പക്ഷേ, അതൊക്കെ അവളോടു മാത്രമേയുള്ളൂ.

‘നിങ്ങളുമായിട്ട് തന്നെ, വേഗം വീട്ടിലേക്ക് വാ...’ എന്നു അവൾ പറഞ്ഞിട്ടും വിശ്വാസം വന്നില്ല. നേരിട്ടു ചെന്നപ്പോൾ സംഗതി സത്യമാണ്. അങ്ങനെ കഴിഞ്ഞ ഡിസംബർ രണ്ടിന് വിവാഹം നടന്നു. ഇൻഫോപാർക്കിലെ ജോലി രാജി വച്ച് ബിസിനസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് നികിതയിപ്പോൾ.

നികിത അർജുന്റെ പാട്ടിന്റെ ഫാനാണോ, അഭിനയത്തിന്റെ ഫാനാണോ ?

അർജുന്റെ ഫാനാണ്.

ഫാൻ ലിസ്റ്റിലേക്ക് അടുത്തയാൾ എപ്പോൾ വരും ?

ഞങ്ങൾ പ്രത്യേകിച്ച് പ്ലാൻ ചെയ്തിട്ടൊന്നുമില്ല. ദൈവം തരുമ്പോൾ ആ കുഞ്ഞുഫാൻ ഇങ്ങു വരും.

Tags:
  • Celebrity Interview
  • Movies